ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. ‘സി’ പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി (70) അന്തരിച്ചു..
ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സപ്തംബര്‍ 9 ന് ജനിച്ച ഡെന്നിസ് മാക്അലിസ്റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ് വളര്‍ന്നത്. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിങ് സിസ്റ്റംസ് എന്‍ജിനിയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്. 1963 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് റിച്ചി ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക് അവസരം ലഭിച്ചത്. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക് 1 (Univac 1) നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്. അത് റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.
പിന്നീട് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്, അക്കാലത്ത് ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത് തോംപ്‌സണ്‍ അന്ന് ബെല്‍ ലാബ്‌സിലുണ്ട്. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.