കാക്കനാടന് ബാഷ്‌പാഞ്ജലി

വിക്കിപീഡിയൻ കണ്ണൻന്മാഷെടുത്ത ചിത്രം

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ)  അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.

കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.

വിക്കിയിലേക്ക്…