കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?
അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.
ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
എന്തിനു ‘മൈരെ’ ഷേണി ആവണം??
നാലാമിടത്തിലെ വാർത്തയിലേക്ക്…