Skip to main content

ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്

  •  നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും………പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ.
  • ചേകവൻ കണക്കു തീർക്കുന്നതു പണമെറിഞ്ഞല്ല.ചുരികത്തലപ്പ് കൊണ്ടാണ്.
  • പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സു മുതൽ പടർന്നു കയറിയ ഉന്മാദം.അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാർച്ചയുടെ വിവാഹ ഘോഷയാത്ര അകലെ നിന്ന് കണ്ട് കൊണ്ട്]
  • ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങി പോ.
  • ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു.
  • അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങി പോ.
  • ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ? പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ?
  • നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ.

വിക്കിപീഡിയ സംരംഭമായ മലയാളം വിക്കിക്വോട്‌സിൽ നിന്നും..

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights