2012 ജൂലൈ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. രണ്ടുവർഷം കഴിഞ്ഞുമതി കുഞ്ഞ് എന്നായിരുന്നു മഞ്ജുവിന്റെ ആഗ്രഹം. ഞാനതിനു തടസം നിൽക്കാൻ പോയില്ല. വിവാഹനിശ്ചയശേഷം തന്നെ ബാംഗ്ലൂരിൽ എത്തിയ മഞ്ജുവിന് ഇന്ദിരാനഗറിൽ ഒരു ചാർട്ടേഡ് അകൗണ്ടിങ് ഫേമിൽ ജോലിയും ലഭിച്ചു. കല്യാണശേഷം വീടുമാറിയപ്പോൾ ഇന്ദിരാനഗറിൽ പോയിവരിക എന്നത് വലിയൊരു ചടങ്ങായി മാറി – ഏകദേശം ഒമ്പതുമാസങ്ങൾക്കു ശേഷം മഞ്ജു ആ ജോലി രാജിവെച്ച് വീടിനു സമീപത്തായി വല്ലതും കിട്ടുമോ എന്നു തപ്പിത്തുടങ്ങി. രണ്ടുമാസം അലഞ്ഞിട്ടും ഒന്നും കിട്ടാതെ വീട്ടിലിരുന്നു മടുത്ത അവൾ ഒരിക്കൽ പറഞ്ഞു “എന്തിനാല്ലേ രണ്ടുവർഷമൊക്കെ കാത്തിരിക്കുന്നത്, എനിക്കുശേഷം കല്യാണം കഴിഞ്ഞ എല്ലാവരും ഇപ്പോൾ പ്രസവിക്കാറായി!!”
ഡിസംബർ 24 നു അവൾ എന്നോട് ഒരു സംശയം പറഞ്ഞു – “പണി പറ്റിയെന്നു തോന്നുന്നു”. സുഹൃത്തുക്കളായ സുജിതയുടെയും അനിലേട്ടന്റെയും നിർദ്ദേശപ്രകരം അടുത്തുള്ള മെഡിക്കലിൽ നിന്നും ഒരു pregnancy test kit 52 രൂപ കൊടുത്തു വാങ്ങിച്ചു. രാവിലെ മൂത്രം പരിശോധിക്കുന്നതാവും നല്ലത് എന്ന് സുജിത പറഞ്ഞതിൻ പ്രകാരം 25 ആം തീയതി ക്രിസ്തുമസ് ദിനത്തിൽ രാവിലെ ഞങ്ങൾ അതു വെച്ചു പരിശോധന നടത്തി. ഒരു ഗ്രാഫിലെന്നപോലെ കളർ മാറ്റം നടക്കുമ്പോൾ ആ ഉപകരണത്തിൽ ആദ്യ വര തെളിഞ്ഞു വന്നു! പക്ഷേ, അതല്ല ഗർഭത്തെ സൂചിപ്പിക്കുന്ന വര എന്നതിൽ രേഖപ്പെടുത്തി വെച്ചിരുന്നു. ഏതാനും സെക്കന്റുകൾക്കകം രണ്ടാമത്തെ വരയും തെളിയാൻ തുടങ്ങി!! അല്പം സമയത്തിനകം രണ്ടാമത്തെ വരയും ഒന്നാമത്തെ വരപോലെ ശക്തമായ സാന്നിദ്ധ്യമായി മാറി! ആത്മികയുടെ സാന്നിദ്ധ്യം ഞങ്ങളങ്ങനെ ആദ്യമായി കണ്ടറിഞ്ഞു! പിന്നീടങ്ങോട്ട് ഒരമ്മയാവാനുള്ള തയ്യാറെടുപ്പ് മഞ്ജുവിന്റെ വാക്കുകളിൽ എവിടെയൊക്കെ തെളിഞ്ഞുവന്നു തുടങ്ങി! അവളുടെ കുട്ടിത്തത്തിനും കുറുമ്പിനും പക്വതയുടെ മുഖംമൂടിയണിയാൻ ഇടയ്ക്കൊക്കെ വൃഥാ ശ്രമിക്കുമായിരുന്നു.
ഡിസംബർ അവസാനം വീട്ടിലേക്ക് പോകണമായിരുന്നു. വീട്ടിൽ പോവുമ്പോൾ കുട്ടികളായ ആരാധ്യയ്ക്കും അദ്വൈതയ്ക്കും ബാംഗ്ലൂർ സ്വീറ്റ്സ് വാങ്ങിക്കുക എന്നത് പതിവാണ്. ഇപ്രാവശ്യവും വാങ്ങിച്ചു ഒരു കിലോ ജിലേബിയും ഒന്നര കിലോ മിൽക്ക് പേഡയും. അച്ഛനു ഷുഗർ ഉള്ളതിനാൽ ഏഴാം മാസമൊക്കെയാവുമ്പോൾ എനിക്കും വരുമായിരിക്കും ഷുഗറെന്ന് മഞ്ജു ഇടയ്ക്കൊക്കെ ഭയപ്പാടോടെ പറയാറുണ്ടായിരുന്നു. പേഡ മഞ്ജുവിന്റെ ജീവനാണ്!! എന്തായാലും ആ സമയത്ത് സ്വീറ്റ് കഴിക്കാൻ പറ്റില്ല, ഞാനിപ്പോൾ കഴിക്കുന്നതിൽ കുഴപ്പമുണ്ടാവില്ല എന്നൊക്കെ സ്വയം ന്യായീകരിച്ച് വീട്ടിൽ കൊണ്ടുപോയ ഈ രണ്ടരക്കിലോ സ്വീറ്റ്സും ഇവളും രണ്ട് ഛോട്ടാസും കൂടി കൊണ്ടുപോയ ദിവസം തന്നെ തിന്നു തീർത്തു! പിറ്റേദിവസം രാവിലെ തന്നെ മഞ്ജു ബോധം കെട്ട് വീഴുകയുണ്ടായി. ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ ഷുഗർ കണ്ടമാനം കൂടിയതായിരുന്നു പ്രശ്നം! ആ വീഴ്ച മഞ്ജുവിനെ വീട്ടിൽ തന്നെ തളച്ചിടുന്നതിലേക്കെത്തിച്ചു. തിരിച്ചു ബാംഗ്ലൂരിലേക്ക് വരാം എന്നൊക്കെ പറഞ്ഞിട്ടായിരുന്നു നാട്ടിൽ പോയത്, എന്നാൽ ഷുഗർ പ്രശ്നം വന്നതോടെ രണ്ടു വീട്ടുകാരും അവളുടെ തിരിച്ചു വരവ് തടഞ്ഞു. എന്നാൽ അന്നു പോയ ഷുഗർ പ്രശ്നം പിന്നിട് ഗർഭകാലത്തൊരിക്കൽ പോലും തിരിഞ്ഞു നോക്കിയതുമില്ല!!
പങ്കിട്ടെടുത്ത ഗർഭകാലം

അവളുടെ ഗർഭകാലം എന്റേതുകൂടിയായിരുന്നു. അവൾക്കുവേണ്ട മെന്റൽ സപ്പോർട്ടിനപ്പുറം ഗർഭകാലവുമായി ബന്ധപ്പെട്ട സകല അറിവുകളും ക്രോഡീകരിച്ച് സമയാസമയങ്ങളിൽ ഞാനവളെ അറിയിച്ചുകൊണ്ടിരുന്നു. അവൾക്കുണ്ടാവുന്ന ഏതൊരു സംശയവും ആദ്യം അവൾ എന്നോടാണു ചോദിക്കുക. ഗൂഗിളിൽ തപ്പി അവയ്ക്കൊക്കെ ഉത്തരം കണ്ടെത്തി ഞാനവൾക്ക് കൊടുക്കും. നിരവധി വീഡിയോകളും ആർട്ടിക്കിൾസും ഞാൻ അവൾക്കായി ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു. പ്രസവവുമായി ബന്ധപ്പെട്ട ചില സൈറ്റുകളിലൊക്കെ രജിസ്റ്റർ ചെയ്തു. മുറിവൈദ്യന്മാരും പ്രസവത്തിൽ എക്സ്പേർട്സ് ആയ തള്ളച്ചികളും സ്വൈരവിഹാരം നടത്തുന്ന മേഖലയാണ് പ്രസവവുമായി ബന്ധപ്പെട്ടത്. ആകുലതകളും അതിലേറെ ഭയപ്പാടും നിറഞ്ഞു നിൽക്കുന്ന മനസ്സിന്റെ സമാധാനം കളയാൻ ഇവർ ഗർഭകാലം മുതൽ തന്നെ കൂടെയുണ്ടായിട്ടുണ്ട്. ഇത്തരക്കാരെ മാറ്റി നിർത്തണം എന്ന് ദിവസേന ഞാൻ വിളിച്ചു പറയാറുണ്ടായിരുന്നു. എങ്കിലും അവൾക്ക് അബദ്ധം പിണഞ്ഞിരുന്നു. “ഈ മഞ്ഞ ഗുളിക ഛർദ്ദിക്കുള്ളതാണ് – എന്റെ ഗർഭകാലത്തും ഇതുണ്ടായിരുന്നു, ഇംഗ്ലീഷ് മരുന്നുകൾ ഒന്നും ഈ സമയത്ത് അധികം കഴിക്കാൻ പാടില്ല, അതു കുഞ്ഞിനെ പ്രതികൂലമായി ബാധിക്കും, ഛർദ്ദിയൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാവുന്നതല്ലേ, ഇതൊക്കെ സഹിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നീയൊക്കെ എന്തു പെണ്ണാണ്” എന്നൊക്കെ പറഞ്ഞ് അവളെ ഗുളിക കഴിക്കുന്നതിൽ നിന്നും ഒരാൾ പിന്തിരിപ്പിച്ചു. ഞാനിക്കാര്യം അറീഞ്ഞിരുന്നുമില്ല. ഒരു മസം കഴിയുമ്പോൾ അവൾ മറ്റെന്തോ പറയുന്നതിനിടയ്ക്ക് ഇത് സൂചിപ്പിക്കുകയായിരുന്നു. ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോൾ അവൾ ഒരു മാസം കഴിക്കാതിരുന്നത് ഗർഭകാലത്ത് വളരെ അത്യാവശ്യം വേണ്ടിയിരുന്ന ഫോളീക് ആസിഡിന്റെ ഗുളികകളായിരുന്നു!
ആഗസ്റ്റ് 15 ആണ് ഡ്യൂ ഡേറ്റ് എന്നറിയാമായിരുന്നു. ഗർഭകാലത്തിന്റെ ആദ്യത്തെ 6 മാസക്കാലം കനത്ത ഛർദ്ദിയുണ്ടായിരുന്നു. ഭക്ഷണം ഒന്നും തന്നെ കഴിക്കാനാവാത്ത അവസ്ഥ.ചർദ്ദി കഴിഞ്ഞുള്ള ദിനങ്ങൾ മഞ്ജുഷ നന്നായി ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. വിഹ്വലതകൾ ഒന്നും തന്നെ അങ്ങനെ കാണപ്പെട്ടിരുന്നില്ല. ഒരു ഗർഭിണിയാണെന്ന ഓർമ്മ പോലും ഇല്ലാത്ത പെരുമാറ്റങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഭയപ്പാടുകൾ അവളിൽ നിറഞ്ഞത് അവസാന മാസമെത്തിയപ്പോൾ ആയിരുന്നു. പലരും പലതും പറഞ്ഞു പേടിപ്പിച്ചതാണു പ്രശ്നം. പ്രസവവേദനയെ പറ്റിയുള്ള നിറം പിടിച്ച കഥകൽക്ക് നാട്ടിൽ പഞ്ഞമില്ലല്ലോ. ആയിടയ്ക്ക് ജനിച്ച ചില കുഞ്ഞുങ്ങൾക്കുണ്ടായിരുന്ന അസുഖങ്ങളും അതുമായി ബന്ധപ്പെട്ട് കുഞ്ഞിനും നടത്തേണ്ടി വന്ന ശസ്ത്രക്രിയയുടെ വിവരങ്ങളും മറ്റും ഞങ്ങൾ ബോധപൂർവ്വം അവളിൽ നിന്നും മറച്ചു വെച്ചിരുന്നു. പിന്നീട് പറയാമെന്നു കരുതി. ആഗസ്ത് 15 നായിരുന്നു ഡേറ്റ് എങ്കിലും എല്ലാവരും ഒരാഴ്ച മുമ്പേ തന്നെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഡേറ്റിൽ വ്യത്യാസമൊന്നും ഉണ്ടായില്ല ആഗസ്റ്റ് 15 നും വൈകുന്നേരം തന്നെ ആത്മിക വെളിച്ചത്തിലേക്ക് അവളുടെ കുഞ്ഞിക്കണ്ണുകൾ തുറന്നു.
ഏത് ആശുപത്രിയിൽ പോകണം?
ഏതു ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന ചർച്ച നടന്നപ്പോൾ കാഞ്ഞങ്ങാടുള്ള സൺ റൈസ് ഹോസ്പിറ്റൽ തന്നെയായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ അമ്മയും അവളുടെ അമ്മയും മൻസൂർ ഹോസ്പിറ്റലിൽ പോകാം എന്ന നിലപാടെടുത്തു. അനിയത്തിക്ക് വേണ്ടി പൊടിച്ച 65000 ത്തിന്റെ ക്ഷീണമാണ് അമ്മയെ സൺറൈസിൽ നിന്നും പിന്തിരിപ്പിച്ചത് എന്നു തോന്നി. പക്ഷേ, പരിചയസമ്പന്നത കൊണ്ട് പേരുകേട്ട മൻസൂറിൽ പോയാൽ മതിയെന്ന് അമ്മയോട് പലരും ഉപദേശിച്ചിരുന്നുവത്രേ! വേണമെങ്കിൽ പിന്നീട് മാറാം എന്ന ധാരണയിൽ ഞങ്ങൾ മൻസൂർ ഹോസ്പിറ്റലിൽ തന്നെ എത്തി. ഡോക്റ്ററുടെ നല്ല പെരുമാറ്റം ശ്രദ്ധേയമായി തോന്നി, എന്നാൽ നഴ്സുമാരുടെ തികഞ്ഞ അഹങ്കാരം, വൃത്തിഹീനമായി തോന്നിയ പരിസരം ഒക്കെ ഞങ്ങളെ ഹോസ്പിറ്റൽ മാറാൻ പ്രേരിപ്പിച്ചു.
സൺറൈസിലേക്ക് തന്നെ മാറാമെന്നായി. ആയിടയ്ക്കാണ് അകന്ന ബന്ധുവായ ഒരു ചേച്ചിയോട് ഇതേ പറ്റി പറയാൻ ഇടവന്നത്. ചേച്ചി കാസർഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഹെഡ്നേഴ്സ് ആയിരുന്നു. ചേച്ചി അവിടുത്തെ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു തന്നു. രണ്ട് ഹോസ്പിറ്റലിലേയും കാര്യങ്ങളെ കൃത്യമായി തന്നെ മനസ്സിലാക്കി തന്നു. ഞാൻ മഞ്ജുവിനോട് കാര്യം പറഞ്ഞപ്പോൾ അവൾക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും വീട്ടിൽ അമ്മ സമ്മതിച്ചില്ല.
ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായിട്ട് ഭാര്യയെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കുന്നതിലെ നാണക്കേട്, മഞ്ജുവിന്റെ വീട്ടുകാരും ബന്ധുക്കളും എന്തുപറയും എന്ന വിചാരം ഒക്കെ കൂടി അമ്മയെ വല്ലാതെ അലട്ടുന്നതായി തോന്നി. ഇതേ സമയം മഞ്ജു അവളുടെ വീട്ടിലും കാര്യം അവതരിപ്പിച്ചു, അവിടെ അവളെ സഹായിക്കാൻ അടുത്തുള്ള ഹെൽത്ത് സെന്ററിലെ ജീവനക്കാരും അവളുടെ അയല്പക്കത്തുള്ള ഒരു ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു. ഗവണ്മെന്റ് ഹോസ്പിറ്റലിലെ ആശാ ഡോക്റ്ററുടെ പേരവർക്കും സുപരിചിതമായിരുന്നു. മഞ്ജുവിന്റെ വീട്ടുകാർക്ക് പ്രശ്നമില്ലെന്നറിഞ്ഞപ്പോൾ വീട്ടിൽ അമ്മ അല്പം അയഞ്ഞു. അങ്ങനെയെങ്കിൽ അവിടെ പൊയ്ക്കോ, പേവാർഡ് എടുത്താൽ മതിയെന്നായി 🙂
ചെറിയ ചെലവിൽ പ്രസവം
ചെലവുകൾ അങ്ങനെയധികം ഉണ്ടായതേ ഇല്ല. ആശാഡോക്ടറുടെ വീട്ടിൽ പോയിട്ടായിരുന്നു കൺസൾട്ടിങ്. മാസത്തിൽ ഒരിക്കൽ അവർക്ക് കൾസൾട്ടിങ് ഫീ ആയി 100 രൂപയും പിന്നെ മരുന്നിന്റെ തുച്ചമായ തുകയും മാത്രമേ പ്രസവദിവസം വരെ ചെലവുണ്ടായിരുന്നുള്ളൂ. അവസാനം അൾട്രാ ഡീലക്സ് പേവാർഡിനായി ദിവസം 160 രൂപാ വെച്ച് മൂന്നുനാലു ദിവസത്തേക്ക് കൊടുത്തതും മാത്രമേ പ്രസവവുമായി ബന്ധപ്പെട്ട് ചെലവിടേണ്ടി വന്നിട്ടുള്ളൂ. എന്നാൽ വിവിധ ചടങ്ങുകൾക്കായി നല്ലൊരു തുക ചെലവാക്കിയിട്ടുണ്ട്. സദ്യയുണ്ടാക്കലും അവളുടെ വീട്ടിലേക്ക് അരിയും സാധനങ്ങളും വാങ്ങിച്ചു കൊണ്ടുപോകലും ഉണ്ണിയപ്പമുണ്ടാക്കി അവളുടെ വയറു നിറയ്ക്കലുമൊക്കെയായി നിരവധി ചടങ്ങുകൾ! ചെറുതായിട്ടാണ് ഇവയൊക്കെ കഴിച്ചതെങ്കിൽ കൂടി ഈ ചടങ്ങുകൾ തിന്നുതീർത്ത സംഖ്യയ്ക്ക് കണക്കില്ല! ഇത്തരം അനാവശ്യ ചെലവുകളെ ഇക്കാലത്ത് തീർത്തും ഒഴിവാക്കിയേ മതിയാവൂ. പക്ഷേ, മഞ്ജുവിന്റെ വീട്ടുകാർ എന്തു കരുതുമെന്ന് എന്റെ വീട്ടുകാരും എന്റെ വീട്ടുകാരെന്തു വിചാരിക്കുമെന്ന് അവരെയും അലട്ടിക്കൊണ്ടിരുന്നു എന്നു തോന്നി. എന്തായാലും ശക്തമായി കാര്യങ്ങളിൽ ഇടപെട്ടതിനാൽ ചടങ്ങുകളൊക്കെ ചെറിയ രീതിയിൽ തീർത്തുവന്നു.
ആശുപത്രിയിലെ കൈക്കൂലി
ഡോക്ടർക്ക് കൈക്കൂലി കൊടുക്കുക എന്ന ചടങ്ങ് കാഞ്ഞങ്ങാട് ഗവന്മെന്റ് ഹോസ്പിറ്റലിൽ നടന്നു വരുന്നുണ്ടത്രേ! കൈക്കൂലിയിനത്തിൽ അഞ്ചുപൈസ കൊടുക്കരുത് എന്ന് ഞാൻ മഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. മുമ്പ് ആ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്റ്റർമാർ ആരും തന്നെ കൈക്കൂലി വാങ്ങിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഉള്ളവരൊക്കെ കൈക്കൂലിക്കാരാണെന്ന് ശ്രുതി നാട്ടിൽ പാട്ടാണ്. ഗൈനക്കോളജിസ്റ്റുകളിൽ പ്രധാനികൾ ആശാഡോക്റ്ററും ലീന ഡോക്ടറും തന്നെ. സാദാപ്രസവം ആണെങ്കിൽ 1500 – 2000 രൂപയും സിസേറിയൻ ആണെങ്കിൽ 2500 രൂപയുമാണത്രേ റേറ്റ്! ഡോക്റ്ററുടെ വീട്ടിൽ ചെന്ന് കവറിലിട്ട് അതു കൊടുക്കണം. ഞാൻ ഹോസ്പിറ്റലിൽ പരിചയപ്പെട്ട മിക്ക അമ്മമാരും 1500, 2000 രൂപ വെച്ച് ഡോക്റ്റർമാർക്ക് കൈക്കൂലി കൊടുത്തവരാണ്. അവരോട് കൂടുതൽ സംസാരിച്ചപ്പോൾ അറിയാനായത് ഇങ്ങനെയാണ്. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ സിസേറിയൻ ഇല്ലാതെ പ്രസവം നടക്കില്ല എന്ന ഗതിയാണ്, മിനിമം 45000 രൂപയാവും ഏതൊരു ഹോസ്പിറ്റലിലും. ഇവിടെ 1500 രൂപ ഡോക്റ്റർക്ക് കൊടുത്താൽ പ്രത്യേകിച്ച് റിസ്കൊന്നുമില്ല. ഡോക്റ്ററുടെ പ്രത്യേക ശ്രദ്ധ പ്രസവസമയത്ത് ലഭിക്കുന്നു. മാത്രമല്ല; കൈക്കൂലി കൊടുക്കാത്ത ചിലരെ അവസാന ഘട്ടത്തിൽ ഇവിടെ പറ്റില്ല എന്നു പറഞ്ഞിട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുകളഞ്ഞത്രേ ഈ ഡോക്റ്റർമാർ!!! ചിലരെയൊക്കെ വേദന അധികരിച്ചാലും പ്രസവറൂമിലേക്ക് മാറ്റാതെ വാർഡിൽ തന്നെ അശ്രദ്ധമായി കിടത്താറുണ്ടത്രേ!! കടം വാങ്ങിവന്ന് കൈക്കൂലി കൊടുത്ത ഒരമ്മയുടെ കണ്ണുനീർ എന്നെ വല്ലാതെ അലട്ടിയിരുന്നു. RSS പ്രവർത്തകർ ഉച്ചയ്ക്ക് ആശുപത്രിക്കു പുറത്ത് ഫ്രീയായി വിതരണം ചെയ്യുന്ന കഞ്ഞി അവർ രണ്ടുപേർ വെവ്വേറെ പോയി വാങ്ങിച്ചുകൊണ്ടുവരുമായിരുന്നു. രണ്ടു കുട്ടികൾ അടക്കം അവർ മൂന്നുനാലുപേർ അവിടെ ഉണ്ടായിരുന്നു. കൈക്കൂലി കൊടുക്കാൻ കടം വാങ്ങേണ്ടിവരുന്ന ഗതികേട് എത്ര ഭീകരമാണ്.
കഥകളധികവും അബദ്ധധരണകാളാവാനേ വഴിയുള്ളൂ എന്നു തോന്നി. എങ്കിലും കൈക്കൂലി എന്നത് ഒരു നഗ്നസത്യം തന്നെയാണ്. ആശാ ഡോക്റ്ററിനു 2000 കൊടുക്കണം എന്ന് അമ്മയ്ക്ക് വല്യ നിർബന്ധമായിരുന്നു. അവരുടെ വീട്ടിൽ പോകാൻ തുടങ്ങിയ അന്നുമുതൽ അമ്മയത് പറഞ്ഞുകൊണ്ടിരുന്നു. അളിയനും ഇതു പറയുമായിരുന്നു. അളിയന്റെ അനിയത്തിയും മരുമകളും പ്രസവിച്ചപ്പോൾ ഇങ്ങനെ പണം കവറിലിട്ടു നൽകിയിരുന്നു. എന്തോ അതൊരു നിയമം പോലെ ആശുപത്രിയുമായി നിരന്തരസമ്പർക്കം പുലർത്തുന്ന ഇവരുടെ ഉള്ളിൽ രൂഢമൂലമായിപ്പോയി. ആൾക്കാരുടെ ഇത്തരം പിടിവാശികളാണ് ഏതൊരു നല്ല ഡോക്ടറിനേയും അത്യാർത്തിയുടെ കൊടുമുടിയിൽ കൊണ്ടുചെന്നെത്തിക്കുന്നത്. കൈക്കൂലി കൊടുക്കാൻ എന്തോ മനസ്സനുവദിക്കുന്നില്ല – എനിക്കതിനു സാധിക്കുമായിരുന്നില്ല. മഞ്ജുവിന്റെ വീട്ടുകാരും ഒരു ജീവൻ വെച്ച് റിസ്കെടുക്കാൻ പറ്റില്ല എന്ന നിലപാടായിരുന്നു, ഞാൻ പക്ഷേ, മുറുകെ പിടിച്ചു. കൈക്കൂലി കൊടുത്താൽ ഞാൻ വിജിലൻസിനെ കൊണ്ട് പിടിപ്പിക്കും എന്നു പറഞ്ഞു.

നല്ല ഡോക്റ്റർ ആയിരുന്നു ആശ! ഒരു ഡോക്റ്ററുടെ ജാഡയോ അഹന്തയോ ഒന്നുമുണ്ടായിരുന്നില്ല. ഒരിക്കൽ മഞ്ജു അവരുടെ അമ്മയെ രാത്രി വിളിച്ച് അല്പം ചൂടായിരുന്നു; അവരത് ലേബർ റൂമിൽ വെച്ച് പറഞ്ഞ് മഞ്ജുവിനെ കളിയാക്കിയിരുന്നു; ഇവളെ മര്യാദയ്ക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രാത്രി വീട്ടിൽ വിളിച്ച് അമ്മയെ വരെ തെറി വിളിക്കും എന്നു പറഞ്ഞത്രേ. ഏവർക്കും ഇഷ്ടമായിരുന്നു ആ ഡോക്ടറെ. ലീന ഡോക്ടറും അവിടെ വെച്ച് മഞ്ജുവിനെ പരിശോധിച്ചിരുന്നു; അവളെ സമാധാനിപ്പിച്ചിരുന്നു. അവരുടെയൊക്കെ പെരുമാറ്റത്തിൽ കാണാൻ സാധിച്ചത് തികഞ്ഞ സ്നേഹവും പരിരക്ഷയുമായിരുന്നു. ഇവരൊക്കെ കൈക്കൂലി വാങ്ങിച്ചിട്ടാണോ ഇങ്ങനെ പെരുമാറുന്നത് – എന്തോ എനിക്കങ്ങനെയൊന്നും കാണാൻ കഴിയുമായിരുന്നില്ല. കൈക്കൂലി കൊടുത്തിട്ടില്ല എന്നാണ് മഞ്ജുവിന്റെ അച്ഛനുമമ്മയും പറഞ്ഞത്. പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്നൊരു സംശയം എനിക്കുണ്ടായിട്ടുണ്ട്; എന്നോടെന്തോ ഒളിക്കുന്നതായൊരു തോന്നൽ.
പ്രസവശുശ്രൂഷ നടത്തിയ രണ്ട് നേഴ്സുമാർക്ക് ഏറെ കഷ്ടപ്പെട്ടതായി ശ്രദ്ധിച്ചിരുന്നു. അവർക്കെന്തെങ്കിലും കൊടുക്കണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു. അമ്മയോടു പറയുകയും ചെയ്തു. പ്രസവ ശേഷം കൊടുക്കുന്നത് കൈക്കൂലിയാവില്ല; സമ്മാനമേ ആവുകയുള്ളൂ എന്ന സമാധാനം ഉള്ളിലുണ്ട്. അമ്മ എന്റെ കൈയിൽ നിന്നും അല്പം കാശുമായി ഉള്ളിലേക്ക് പോയി. പോയ വേഗത്തിൽ തന്നെ തിരിച്ചു വന്നു – അവർ അതു സ്വീകരിച്ചില്ല; “ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമല്ലേ, ശമ്പളം സർക്കാർ തരുന്നുണ്ട് – നിങ്ങൾ പിന്നീട് സ്വീറ്റ്സ് തന്നാൽ മതി” അതുകേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയിരുന്നു. ഡോക്ടർമാർ ചെയ്യുന്നതുപോലെ പ്രൈവറ്റ് പ്രാക്ടീസോ അവർക്കു കിട്ടുന്ന ശമ്പളമോ ഒന്നും ഇവർക്കില്ല, എന്നിട്ടും അവർ കാണിച്ച ആ പൗരബോധം ഏറെ സന്തോഷിപ്പിച്ചിരുന്നു. പേരോർമ്മയില്ലാത്ത ആ രണ്ടു മാലാഖമാരേയും സ്നേഹത്തോടെ മാത്രമേ ഓർക്കാനാവൂ…
ഗവൺമെന്റ് ആശുപത്രികൾ തന്നെ തെരഞ്ഞെടുക്കുക
പ്രൈവറ്റ് ആശുപത്രികളുടെ ബ്ലേഡിൻ തല്യ്ക്കൽ തലവെച്ചു കൊടൂക്കാതെ നമ്മുടെ ഒരു അവകാശമെന്ന രീതിയിൽ ഗവണ്മെന്റ് സേവനങ്ങളെ തന്നെ ഇക്കാര്യത്തിൽ ഏവരും സ്വീകരിക്കട്ടെ. അവിടെ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നു കാട്ടി തിരുത്തി മുന്നേറാനും അതുവഴി എല്ലാവർക്കും നല്ല ചികിത്സ ലഭ്യമാക്കാനും പറ്റണം. മാറി നിന്നു കുറ്റം പറയുന്നതിൽ അല്ല കാര്യം; ഒന്നിച്ചു ചേർന്നു തിരുത്താൻ ശ്രമിക്കുന്നതിൽ തന്നെയാണ്. എന്തായാലും നല്ല പരിചരണമായിരുന്നു ഗവൺമെന്റാശുപത്രിയിൽ മഞ്ജുവിനെ കാത്തിരുന്നത്. അഡ്മിറ്റ് ചെയ്ത അന്നുമുതൽ ജീവനക്കാരുടെ നല്ല പെരുമാറ്റം കണ്ടറിയാനും എനിക്കായി. ഞാൻ കൂടെ തന്നെയുണ്ടായിരുന്നു. നല്ല വൃത്തുയും വെടിപ്പുമുള്ള ആശുപത്രിയും പരിസരവും ആയിരുന്നു. 15 ആം തീയതി രാവിലെ മഞ്ജുവിന്റെ വയറുക്ലീൻ ചെയ്ത് റെഡിയാക്കി. 14 ആം തീയതി രാത്രിയോടെ ചെറിയ നടുവേദന ആരംഭിച്ചിരുന്നു. ഇടയ്ക്കിടെ വന്നുപോകുന്ന ആ വേദനയെ അങ്ങനെ കാര്യമാക്കി എടുത്തിരുന്നില്ല. ഉച്ചയോടെ തന്നെ സുഖപ്രസവിത്തിനായിട്ടെന്നും പറഞ്ഞ് ഗ്ലൂക്കോസ് പോലുള്ള ഒരു മരുന്ന് കൊടുത്തു തുടങ്ങി. അതു കാൽഭാഗം ആകുമ്പോൾ തന്നെ മഞ്ജു വേദനകൊണ്ടു പുളയാൻ തുടങ്ങി. അമ്മയും അനിയത്തിയും അടുത്തു തന്നെയിരുന്നു പുറത്ത് തടവുന്നുണ്ടായിരുന്നു. വൈകുന്നേരം 4:5 ആയപ്പോൾ അവളെ ലേബർ റൂമിലേക്ക് മാറ്റി. അല്പ സമയത്തിനകം അമ്മ വന്നു പറഞ്ഞു മഞ്ജു പ്രസവിച്ചു – കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് എന്ന്. ആ സമയത്ത് വേറെ ഗർഭിണികളൊന്നും ലേബർ റൂമിൽ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ ഒരു നേഴ്സ് വന്ന് കുഞ്ഞിനെ അമ്മയുടെ കൈയിൽ ഏല്പിച്ചു-പെൺകുഞ്ഞ്! 4:11 നായിരുന്നു ആത്മിക പുറം ലോകത്തേക്ക് കണ്ണു തുറന്നത്!
— കൂട്ടിച്ചേർക്കൽ—
ആശാ ഡോക്ടറും മരിച്ചു. തിരുപ്പതി ക്ഷേത്ര ദർശനത്തിനു പോയ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നീലേശ്വരം സ്വദേശിനി ഡോ: പി. എം ആശ (42), ഭർത്താവ് പത്തനംതിട്ട റാന്നി സ്വദേശിയും ഇടുക്കി ജില്ലാ ആർസിഎച്ച് ഓഫീസറുമായ ഡോ ടി. സന്തോഷ്(48), മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സി.എം.ഐ ക്രൈസ്റ്റ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. ഇതേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അശ്വിൻ. 2015 ഏപ്രിൽ 12, ഞായറാഴ്ച പുലർച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ആയിരുന്നു അപകടം.
March 1, 2017
Congratulation.
പണി പറ്റിച്ചു അല്ലെ .
ആത്മിക പെണ്ണായിപ്പോയി അല്ലേ.
ആഗസ്റ്റ് 15 4.11 പി. എം 2013 ഞാൻ ഒരു ജാതക ആയചുതരാം
ഫിലിപ്
🙂 അപ്പച്ചാ അതേ, അനിഴം നക്ഷത്രം 😉
ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായിട്ട് ഭാര്യയെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിക്കുന്നതിലെ നാണക്കേട്,
🙂
രണ്ടു കാര്യങ്ങൾക്കു് പ്രത്യേക അഭിനന്ദനങ്ങൾ:
1. സർക്കാർ ആശുപത്രിയിൽ തന്നെ പോയതിനു്.
സ്വകാര്യ ആശുപത്രികളിൽ പോയാലേ നമ്മുടെ സ്വാസ്ഥ്യവും സുരക്ഷിതത്വവും ഉറപ്പാക്കാനാവൂ എന്നു നമ്മെ പഠിപ്പിച്ചതു നാം തന്നെയാണു്. വാസ്തവത്തിൽ അത്രയ്ക്കൊന്നും ഗംഭീരമല്ല അവറ്റകളുടെ അവസ്ഥയും. സർക്കാർ ആശുപത്രികളേയും (സർക്കാർ വക മറ്റു പല സേവനങ്ങളേയും) ഇത്രമേൽ അരോചകമാക്കിയതിനും ഉത്തരവാദികൾ നാം തന്നെയാണു്. ചോദിക്കാനും പറയാനും അറിവും കഴിവും ഉള്ള ഇടത്തരക്കാർ തന്നെ അവയെ ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ ബാക്കി വരുന്നതു് വേറെ ഗതിയില്ലാത്തതുകൊണ്ടുമാത്രം നിസ്സഹായമായി അവയെ ആശ്രയിക്കുന്ന തനിപ്പാവങ്ങളാണു്.
സർക്കാർ ആശുപത്രികളിലേ പോകൂ, അവിടത്തെ പോരായ്മകൾ കണ്ടറിഞ്ഞ് അവ പരിഹരിക്കാൻ തക്കവിധത്തിൽ ബലമായി, പൌരൻ എന്ന നിലയ്ക്കുള്ള അവകാശങ്ങൾ പിടിച്ചുവാങ്ങുകതന്നെ ചെയ്യും, അവിടത്തെ കൊള്ളരുതായ്മകൾക്കെതിരെ ചോദ്യം ചെയ്യുകതന്നെ ചെയ്യും എന്നു പ്രതിജ്ഞ ചെയ്ത ഒരു ജനക്കൂട്ടമായി മാറണം നാം.
പൊതുയാത്രാസൌകര്യങ്ങൾ, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇവയെയെല്ലാം രക്ഷിക്കാൻ ഇതേ പോംവഴിയുള്ളൂ.
2. എന്തുവന്നാലും കൈക്കൂലി കൊടുക്കില്ലെന്നു ശപഥം ചെയ്തതിനു്. എല്ലാരും തന്നെ സ്വന്തംകാര്യംനോക്കികളായ ഒരു സമൂഹത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയാൽ തന്നെയും, ആത്മികയ്ക്കു് ആത്മാഭിമാനത്തോടെ പറഞ്ഞുകൊടുക്കൂ, ഒഴികഴിവുകൾക്കും ഒതുങ്ങിപ്പോവലുകൾക്കും വഴിപ്പെടാതെയായിരുന്നു അവളുടെ ജന്മം പോലുമെന്നു്.
ജനങ്ങൾ തന്നെയാണ് നല്ല ഉദ്യോഗസ്ഥരെ പോലും ചീത്തയാക്കുന്നത്. കാശു വാങ്ങിച്ച് പ്രത്യേക പരിരക്ഷയും കാശുകൊടുക്കാത്തവരോട് അനീതി കാണിക്കുന്നതിനെ പറ്റിയും നിരവധി കഥകൾ കാഞ്ഞങ്ങാട് ഗവണ്മെന്റ് ആശുപത്രിയെ ചുറ്റിപ്പറ്റി കേൾക്കാൻ സാധിച്ചു. സത്യമേതെന്ന് അറീയാൻ പറ്റിയില്ല. മറ്റു പല കഥകളും കെട്ടിച്ചമച്ചതായി തോന്നിയിരുന്നു, അതുപോലെ ആവട്ടെ ഇവയും എന്നാശിച്ചു.
പ്രസവസമയത്തുണ്ടായിരുന്ന രണ്ട് നഴ്സിനെ പറ്റി മഞ്ജു പറയുകയുണ്ടായി. അവർക്ക് അല്പം കാശുകൊടുക്കാൻ പിന്നീട് അമ്മ ശ്രമിച്ചിരുന്നു. പക്ഷേ, അവരത് വാങ്ങിച്ചില്ല! ഇതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമല്ലേ സ്വീറ്റ്സ് ഉണ്ടെങ്കിൽ കൊണ്ടുവാ എന്നായിരുന്നുവത്രേ പറഞ്ഞത്!! ശരിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയ നിമിഷം അതായിരുന്നു.
ഓർമ്മയിൽ അറിഞ്ഞുകൊണ്ട് കൈക്കൂലി കൊടുത്തത് പൊലീസ് സ്റ്റേഷനിൽ മാത്രമാണ്. 2004 ഇൽ – രാജപുരം പൊലീസ് സ്റ്റേഷനിൽ 50 രൂപ!! പാസ്പോർട്ട് വേരിഫിക്കേഷനു വേണ്ടിയായിരുന്നുവത്. അതവിടെ നിർബന്ധമായിരുന്നു. ഇന്നും തുടരുന്നുണ്ടാവും ചിലപ്പോൾ.
വില്ലാജാഫീസർ ഒരിക്കൽ കൈക്കൂലിക്കു വേണ്ടി എന്നെ 9 പ്രാവശ്യം ഓഫീസിൽ കയറ്റി ഇറക്കിയിട്ടുണ്ട്. പ്യൂൺ ആദ്യദിവസം തന്നെ പറഞ്ഞു 150 രൂപ കൊടുത്താൽ ഇന്നുതന്നെ ശരിയാക്കി തരും എന്ന്. കൊടുത്തില്ല. സകല ഡോകുമെന്റ്സും ആയി പോയി ഒമ്പതാം ദിവസം, മൂന്നാഴ്ചയ്ക്കു ശേഷം എനിക്കു വേണ്ടിവന്ന സർട്ടിഫിക്കേറ്റ് ഞാൻ സ്വന്തമാക്കി. പ്യൂണിനോട് നാല് ഡയലോഗും കാച്ചിയിരുന്നു. അന്നും ഓഫീസറോട് നേരിട്ട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് ഗവണ്മെന്റുമായിട്ടുള്ള ഇടപാടുകൾ അങ്ങനെ ഉണ്ടായിട്ടില്ല.
http://sajanpattazhi.blogspot.in/2008/09/blog-post.html
ഒരു കൈക്കൂലിക്കഥ….
ഈ പ്രസവവിശേഷത്തിൽ യദൃശ്ചയാ വന്ന ഡോക്റ്റർ ലീന ഇന്നലെ വൈകുന്നേരം മരിച്ചു. ആത്മഹത്യയായിരുന്നു. ഡോക്റ്ററുടെ പേരിൽ നിരവധി കിംവദന്തികൾ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്തായാലും ആ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ… 🙁
ഈ സംഭവത്തിൽ പറയുന്ന ഡോക്‌ടർ ആശയാണോ ഇന്ന് തിരുപ്പതിയ്ക്കടുത്ത് കാറപകടത്തിൽ മരിച്ച ഡോക്‌ടർ കുടുംബം. അവരുടെ ഭർത്താവും മൂത്തമകനും അപകടത്തിൽ മരിച്ചു. രണ്ടാമത്തെ മകൻ സാരമായ പരിക്കുകളോടെ ചികിത്സയിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ, ഇവർ തന്നെയാ… ലേഖനത്തിൽ അതു കൂടെ ചേർക്കുന്നു… 🙁