ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു (2)

ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ..
ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെ
ഉയിരില്‍ അമൃതം തളിച്ച പോലെ
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…)

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…)

ഇന്നു ഞാന്‍, നാളെ നീ


“ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ”
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-
നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-
രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-
യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി “ണാം-ണാം”മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-
മേകമുഖമാം കുരിശിനെ മുത്തുവാന്‍
`ആരാലിറങ്ങി വരും ചില “മാലാഖ”-
മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം, “ഇന്നു ഞാന്‍, നാളെ നീ.”
ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!

മഹാകവി ജി. ശങ്കരക്കുറുപ്പ്‌

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ;

ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തതശൂന്യത,വിമൂകത.

കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും;

ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍-
ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍

പാവനമധുരമാമൊരു തീവ്രവേദന
പാരിന്റെയുപബോധം തഴുകിയൊഴുകുന്നു!

സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ

ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച
ലോലനും കഠിനനുമാകിന പുരുഷന്റെ

മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍

നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ!

By : ജി. ശങ്കരക്കുറുപ്പ്‌

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

1

സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.

2
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.

3
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല, പോന്ന-
വിടെത്താന്‍ തനിയേയിരിപ്പതും.

4
പുളകങ്ങള്‍ കയത്തിലാമ്പലാല്‍
തെളിയിക്കും തമസാസമീരനില്‍
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.

5
വനമുല്ലയില്‍ നിന്നു വായുവിന്‍ –
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ

6
പരിശോഭകലര്‍ന്നിതപ്പൊഴാ-
പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോല്‍.

7
ഉടല്‍മൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍
വിടപങ്ങളൊടൊത്ത കൈകള്‍തന്‍
തുടമേല്‍‌വെച്ചുമിരുന്നു സുന്ദരി.

8
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകള്‍,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.

9
അലസാംഗി നിവര്‍ന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നല്‍ മാതിരി.

10
നിലയെന്നിയെ ദേവിയാള്‍ക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടല്‍
പലഭാവമണച്ചു മെല്ലെ നിര്‍-
മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.

11
ഉഴലും മനതാരടുക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.

12
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാര്‍ക്കുമേ

13
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍ ,

14
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍
അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.

15
അഴലേകിയ വേനല്‍ പോമുടന്‍
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാര്‍ന്നു പൂത്തിടും

16
അഴലിന്നു മൃഗാദി ജന്തുവില്‍
പഴുതേറീടിലു, മെത്തിയാല്‍ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താ‍ര്‍ത്തി മനുഷ്യനേ വരൂ.

17
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍;
നിഴലിന്‍‌വഴി പൈതല്‍‌പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.

18
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടന്‍
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.

19
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങള്‍ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തില്‍ പ്രതിശബ്ദമെന്നപോല്‍.

20
ക്ഷണമാത്രവിയോഗമുള്‍ത്തടം
വ്രണമാ‍ക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.

21
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാല്‍
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കള്‍ വെടിഞ്ഞ കൂടു പോല്‍

22
ഉദയാസ്തമയങ്ങളെന്നി,യെന്‍-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിര്‍വീശി വിളങ്ങിനിന്ന വെണ്‍-
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.

23
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാല്‍
അഴല്‍‌പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാല്‍.

24
സ്വയമന്നുടല്‍ വിട്ടിടാതെ ഞാന്‍
ദയയാല്‍ ഗര്‍ഭഭരം ചുമക്കയാല്‍
പ്രിയചേഷ്ടകളാലെനിക്കു നിഷ്‌-
ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.

25
കരളിന്നിരുള്‍ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവര്‍
നരജീവിതമായ വേദന-
യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍.

26
സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.

27
പരമിന്നതുപാര്‍ക്കിലില്ല താന്‍
സ്ഥിരവൈരം നിയതിക്കു ജന്തുവില്‍
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍.

28
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ

29
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.

30
വിനയാര്‍ന്ന സുഖം കൊതിക്കയി-
ല്ലിനിമേല്‍ ഞാന്‍ – അസുഖം വരിക്കുവന്‍;
മനമല്ലല്‍കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വ്വിധി.

31
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.

32
പിരിയാത്ത ശുഭാശുഭങ്ങളാര്‍-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തില്‍ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോല്‍

33
നിലയറ്റ സുഖാസുഖങ്ങളാ-
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പൊള്‍ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.

34
അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാല്‍
വിരവോടുന്തിവിടുന്നു തന്നെയാം.

35
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടും
കനിവാര്‍ന്നു പിടിച്ചിണക്കുവാന്‍
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.

36
സ്ഫുടമാക്കിയിതെന്നെ മന്നവന്‍
വെടിവാന്‍ നല്‍കിയൊരാജ്ഞ ലക്ഷ്മണന്‍
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാന്‍.

37
മൃതിവേണ്ടുകിലും സ്വഹത്യയാല്‍
പതിയാതായ് മതി ഗര്‍ഭചിന്തയാല്‍
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാര്‍ന്ന തഴമ്പിലേറ്റ ഞാന്‍

38
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെന്‍ –
മതിയുന്മാദവുമാര്‍ന്നതില്ല! ഞാന്‍
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാന്‍ കൊതിക്കിലും

39
ഒരുവേളയിരട്ടിയാര്‍ത്തിതാന്‍
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാര്‍ന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോര്‍ക്കുകില്‍

40
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാന്‍
വനവായുവില്‍ വിണ്ട വേണുപോല്‍
തനിയേ നിന്നു പുലമ്പുവാനുമേ.

41
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സല്‍-
ഗുരുവും, മര്‍ത്ത്യനു വേറെയില്ലതാന്‍

42
മൃതിതേടിയഘത്തില്‍ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാല്‍ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.

43
അരുതോര്‍പ്പതിനിന്നു കാര്‍നിറ-
ഞ്ഞിരുളാമെന്‍ ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയല്‍ കണക്കെ മേല്‍ക്കുമേല്‍.

44
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലിപോല്‍.

45
പുരികം പുഴുപോല്‍ പിടഞ്ഞകം
ഞെരിയും തന്‍‌തല താങ്ങി കൈകളാല്‍
പിരിവാനരുതാഞ്ഞു കണ്ണുനീര്‍-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാന്‍

46
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെന്‍
ഹൃദയം വിട്ടഴല്‍ പാതി പോയിതേ.

47
വനപത്തനഭേദചിന്തവി-
ട്ടനഘന്‍ ഞങ്ങളൊടൊത്തു വാണു നീ
വിനയാര്‍ദ്രമെനിക്കു കേവലം
നിനയായ്‌വാന്‍ പണി തമ്പി! നിന്മുഖം.

48
ഗിരികാനനഭംഗി ഞങ്ങള്‍ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാള്‍
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാല്‍.

49
കടുവാക്കുകള്‍ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാന്‍ തരമായ് മറിച്ചുമേ;
കുടിലം കര്‍മ്മവിപാകമോര്‍ക്കുകില്‍.

50
കനിവാര്‍ന്നനുജാ! പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളിവാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ.

മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

മോഹം

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍ മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍
കഴിയുമോ രാക്കിളിക്കൂട്ടുകാരീ…
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ…
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ പാടുമോ കൂട്ടുകാരീ…
നഷ്ടമോഹങ്ങള്‍‌ക്കുമേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ
മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ ഈ ജന്‍‌മമേകുന്നു ഞാന്‍

അഗസ്ത്യഹൃദയം

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനല്ക്കാടു താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍‌ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളിലെത്താൻ.

ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…?
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..? രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെ
നീർക്കണിക തേടി ഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൗഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള്‍‌ പെറ്റ മക്കള്‍‌ക്കു നീ കവചമിട്ടു
അന്യോന്യമെയ്യുവാന്‍‌ അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ടു മേനിക‌ള്‍‌ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍‌ മെനഞ്ഞു
രാമന്നു ജയമെന്നു പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില്‍‌ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌‌ ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില്‍‌ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന്‍‌ ഒരുക്കി ക്കൊടുത്തു

ആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു –
മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൗരസൗമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..?

Poem By: V.Madhusoodanan Nair