Skip to main content

വിക്കി പഠനശിബിരം‌ – ഒരു റിപ്പോര്‍‌ട്ട്‌

മലയാളം‌ വിക്കിപീഡിയ പഠനശിബിരം‌ 2

Malayalam Wikipediaമലയാളം‌ വിക്കിപീഡിയ സം‌രം‌ഭങ്ങളെകുറിച്ചുള്ള അവബോധം‌ കൂടുതല്‍‌ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം‌ വിക്കിപീഡിയ പഠനശിബരം‌ 2010 ജൂണ്‍ 6-നു് വൈകുന്നേരം 4 മുതല്‍ 6.30 വരെ ബാം‌ഗ്ലൂരില്‍‌ വെച്ചു നടക്കുകയുണ്ടായി. ബാം‌ഗ്ലൂരില്‍‌ നടത്തുന്ന രണ്ടാമതു പഠനശിബിരമാണിത്‌. ആദ്യ പഠനശിബിരം‌ 2010 മാര്‍ച്ച് 21-നായിരുന്നു നടന്നത്. പതിഞ്ചിലധികം‌‌ പങ്കെടുത്ത ഈ പഠനശിബിരത്തില്‍‌ ഒരു വനിതയടക്കം‌ ഒമ്പതുപേര്‍ പുതുമുഖങ്ങളായിരുന്നു.

പഠനശിബിരത്തില്‍‌ പങ്കെടുത്തവര്‍‌



ഏകദേശം‌ 4:15 ഓടുകൂടി തുടങ്ങിയ പഠനശിബിരത്തിലേക്ക്‌ സ്വാഗതമാശം‌സിച്ചു സം‌സാരിച്ചത്‌ രമേശ് എന്‍.ജി ആയിരുന്നു. തുടര്‍‌ന്ന്‌ അം‌ഗങ്ങള്‍‌ പരസ്പരം‌ പരിചയപ്പെടുത്തി. പിന്നീട്‌, വിക്കിപീഡിയയുടെ പ്രസക്തിയെക്കുറിച്ചും‌ വിക്കിപീഡിയയുടെ സഹോദരസം‌രം‌ഭങ്ങളേയും കുറിച്ചു വിവരിച്ചുകൊണ്ട്‌ ഷിജു അലക്സ്‌ സം‌സാരിക്കുകയുണ്ടായി. ഇതില്‍‌ പ്രധാനമായും‌ വിവരിക്കപ്പെട്ട കാര്യങ്ങള്‍‌ താഴെ കൊടുത്തിരിക്കുന്നു:

  • എന്താണ്‌ വിക്കി, വിക്കിപീഡിയ?
  • ആരാണു് വിക്കിപീഡിയ പദ്ധതികള്‍ നടത്തുന്നതു്?
  • വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യം
  • മലയാളം വിക്കിപീഡിയ, മലയാളം വിക്കിപീഡിയയുടെ ചരിത്രം,
  • മലയാളം വിക്കിപീഡിയയും മറ്റു ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയകളുമായുള്ള താരതമ്യം,
  • മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങള്‍.

ഉപയോക്താക്കളുടെ സംശയങ്ങള്‍ അപ്പപ്പോള്‍‌ തന്നെ ദൂരികരിച്ചുകൊണ്ടുള്ള ഈ ക്ലാസിനു ശേഷം‌ ഷിജു അലക്സ്‌ തന്നെ വിക്കിപീഡിയയുടെ സമ്പര്‍ക്കമുഖത്തെ പരിചയപ്പെടുത്തിക്കൊണ്ടു സം‌സാരിക്കുകയുണ്ടായി. ഇതില്‍ പ്രധാനമായും മലയാളം വിക്കിപീഡിയയുടെ പ്രധാനതാളിലെ തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനങ്ങള്‍, തിരഞ്ഞെടുത്ത ചിത്രങ്ങള്‍, ചരിത്രരേഖ എന്നീ വിഭാഗങ്ങള്‍ പുതുമുഖങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. തുടര്‍‌ന്ന്‌ എന്താണ്‌ വിക്കി ലേഖനം എന്നും , വിക്കി താളിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണു് എന്നും വിവരിക്കുകയുണ്ടായി. ഒരു വായനക്കാരന്‍ എന്ന നിലയില്‍ മലയാളം വിക്കിയെ സമീപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചും‌ ഇവിടെ വിവരിക്കപ്പെട്ടു (ഉദാ: ഒരു പ്രത്യേക ലേഖനം വിക്കിയില്‍ കണ്ടെത്തുന്നതു് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍‌).

തുടര്‍‌ന്ന്‌ അനൂപ്‌, വിക്കിപീഡിയയില്‍‌ എങ്ങനെ എഡിറ്റിം‌ങ്‌ നടത്താം‌ എന്നതിനെക്കുറിച്ച്‌ വളരെ വിശദമായി തന്നെ വിവരിക്കുകയുണ്ടായി. ലേഖനം തിരുത്തിയെഴുതന്നെങ്ങനെ, മലയാളം വിക്കിപീഡിയയില്‍ എങ്ങനെയാണു് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത്, ലേഖനത്തിന്റെ ഫോര്‍മാറ്റിംങ്‌ രീതികള്‍, അവക്കുള്ള വിവരണം, എഡിറ്റിം‌ങിനുള്ള സഹായം എങ്ങനെ ലഭിക്കും, പുതിയ ഉപയോക്തൃനാമം എങ്ങനെ സൃഷ്ടിക്കാം തുടങ്ങി ഒട്ടവവധി കാര്യങ്ങളെ ഓണ്‍‌ലൈനായി കാണിച്ചു തന്നെ അനൂപ്‌ വിവരിക്കുകയുണ്ടായി.

തുടര്‍‌ന്ന്‌ ഇടവേളയായിരുന്നു. ഇടവേളയ്‌ക്കു ശേഷം‌ അനൂപ്‌ തന്നെ ക്ലാസ്‌ തുടരുകയായിരുന്നു. പുതിയ ലേഖനം‌ സൃഷ്‌ടിക്കുന്നതങ്ങെനെ, അതിനെ എങ്ങനെയൊക്കെ ഫോര്‍‌മാറ്റ്‌ ചെയ്യാം‌ എന്നു എച്ച്.എ.എല്‍. വിമാനത്താവളം എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിവരിക്കുകയുണ്ടായി. ഇതിനിടയില്‍‌ വിചാരം‌ എന്ന വിക്കിയൂസര്‍‌ ഇതേ ലേഖനത്തില്‍‌ മറ്റൊരു സ്ഥലത്തുനിന്നു മാറ്റങ്ങള്‍‌ വരുത്തിയത്‌ കൗതുകമുണര്‍‌ത്തിച്ചു. ഇത്‌, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ ഒരു ലേഖനം‌ എങ്ങനെയൊക്കെ നന്നയിവരുന്നു എന്നത് നേരിട്ട് മനസ്സിലാക്കാന്‍ പുതുമുഖങ്ങള്‍ക്ക് സഹായമായി.

അതുകഴിഞ്ഞ്‌ പൊതു ചര്‍ച്ചയായിരുന്നു. ഇതില്‍ മലയാളം വിക്കിപീഡിയയുടെ ഇതരവിഷയങ്ങളെക്കുറിച്ചും, പുതിയ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍‌കുകയുണ്ടായി. പങ്കെടുത്തവര്‍ കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍‌ ചോദിച്ച് പഠനശിബിരത്തെ സജീവമാക്കി എന്നതായിരുന്നു ഇപ്രാവശ്യത്തെ പഠനശിബിരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏഴരയോടെയാണ് പഠനശിബിരം‌ അവസാനിപ്പിക്കാനായത്‌. ശിബിരത്തില്‍‌ പങ്കെടുത്ത പുതുമുഖങ്ങള്‍‌ക്കെല്ലാം‌ മലയാളം‌ വിക്കിപീഡിയയില്‍‌ നിന്നും‌ തെരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സമാഹാരമായ ഒരു സീഡിയും‌ വിക്കിപീഡിയയെ പരിചയപ്പെടുത്തുന്ന പുസ്തകവും‌ നല്‍‌കുകയുണ്ടായി.

വിക്കിപീഡിയ പഠനശിബിരം‌‌ നിങ്ങളുടെ സ്ഥലങ്ങളിലും‌

Malayalam Wikipedia Academy in your placeഇതുവരെ ബാംഗ്ലൂരില്‍ മാത്രമേ മലയാളം വിക്കിപഠനശിബിരം നടന്നിട്ടുള്ളൂ. അതു് മറ്റുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടു്. കേരളത്തില്‍‌ സ്കൂളുകളും‌ കോളേജുകളും‌ ഈ പദ്ധതിയോട്‌ സഹകരികരിക്കുകയാണെങ്കില്‍‌ ഇതൊരു വന്‍‌വിജയമായിമാറുമെന്നു തന്നെ പ്രതീക്ഷിക്കാം‌. കേരളത്തിനകത്ത് ജില്ലകള്‍ തോറും വിക്കിപഠനശിബിരങ്ങള്‍ നടത്തുന്നതിനു് പുറമേ ലോകത്ത് മലയാളികളുള്ള സ്ഥലങ്ങളില്‍ ഒക്കെ മലയാളം വിക്കിപഠനശിബിരങ്ങള്‍ നടത്തി വിക്കിസംരംഭങ്ങളെ കുറിച്ചുള്ള അറിവു് എല്ലാ മലയാളികളിലേക്കും എത്തിക്കേണ്ടതു് വളരെ ആവശ്യമാണു്. അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മലയാളം വിക്കിപീഡിയയില്‍ ഒരു താള്‍ തുടങ്ങിയിട്ടുണ്ടു്. അതു് ഇവിടെ കാണാം.

നിങ്ങളുടെ സ്ഥലത്ത് മലയാളം വിക്കിപഠനശിബിരം നടത്തണമെങ്കില്‍ ക്ലാസ്സ് നടത്താനുള്ള സൗകര്യങ്ങള്‍ (പ്രൊജക്റ്റര്‍, ബ്രോഡ്‌ബാന്‍‌ഡ്, കമ്പ്യൂട്ടര്‍) ഒരുക്കി മലയാളം വിക്കിപ്രവര്‍ത്തകരുമായി ബന്ധപ്പെടുക. mlwikimeetup@gmail.com ഈ മെയില്‍‌ അഡ്രസ്സിലേക്ക്‌ മെയില്‍‌ അയച്ചുകൊണ്ടും‌ വിക്കിപ്രവര്‍‌ത്തകരുമായി ബന്ധപ്പെടാവുന്നതാണ്. മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടേയും‌ സഹകരണം‌ പ്രതീക്ഷിക്കുന്നു.

അധിക വായനയ്‌ക്ക്‌

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights