Skip to main content

ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

കവിത കേൾക്കുക
രചന ഓ. എൻ. വി. കുറുപ്പ്
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights