Skip to main content

ദാസനും വിജയനും കോഴിക്കോട്

“എന്താടാ വിജയാ നീ നന്നാകാത്തത്?”
“നിന്റെ കൂടെയല്ലേ താമസം. പിന്നെങ്ങനെനന്നാകാനാടാ”
”എടാ കാലമാടാ, നിന്നോട് വേഷം മാറി റെഡിയാകാന്‍ പറഞ്ഞിട്ട് ഒരു മണിക്കൂറായി. എനിക്കു പോണം “
“പിന്നെ, ഇത്ര അത്യാവശ്യമായി പോകാന്‍ നിന്റെ ഭാര്യ അവിടെ പ്രസവിച്ചുകിടക്കുകയല്ലേ? “
“എടാ ഭാര്യ പ്രസവിച്ചുകിടന്നാല്‍പ്പോലും ഞാന്‍ ഇത്ര ധൃതി കാണിക്കില്ല “
“പിന്നെ ആരു പ്രസവിച്ചുകിടന്നാല്‍ കാണിക്കും? “
“വിജയാ, ഇന്നു മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട്. എന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് “
“എന്നെ ക്ഷണിച്ചില്ലല്ലോ “
“എടാ നിന്നെക്കൂടെ കൊണ്ടുവരണമെന്ന് പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് “
“ആരാ ഈ പുള്ളി?”
“എടാ വ്യവസായ മന്ത്രിയാ. നാലു മണിക്കാ പരിപാടി. ഇപ്പോള്‍ സമയം മൂന്നേമുക്കാലായി. നീ റെഡിയാകുന്നുണ്ടോ? “
“മന്ത്രി വിളിച്ചതല്ലേ. റെഡിയായിക്കളയാം. നീ വെയ്റ്റ് ചെയ്യ്. ഞാനിപ്പോ വരാം”
“ശരി. ഒന്നു പെട്ടെന്നു വാ…”
ദാസന്‍ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയനെത്തി.
“ഞാന്‍ റെഡി. പോകാം”
“ഓ സാറെഴുന്നള്ളിയോ. വാ പോകാം “
ഗസ്റ്റ്ഹൗസില്‍ നിന്ന് ഔദ്യോഗിക വണ്ടിയില്‍ ദാസനും വിജയനും തിരിച്ചു. വണ്ടി നേരേ ഗാന്ധിറോഡിലെത്തി. കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയഷന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ്. ദാസനേയും വിജയനേയും കണ്ടയുടന്‍ സംഘാട കരിലൊരാള്‍ ഓടിയെത്തി.
“രണ്ടു പേരുമുണ്ടല്ലോ. വരൂ വരൂ”
“സോറി. ഞങ്ങളല്‍പ്പം വൈകി. മന്ത്രി കാത്തിരി ക്കുകയായിരിക്കുമല്ലേ?”
ദാസന്റെ ക്ഷമാപണം.
“ഏയ് മന്ത്രി എത്തിയിട്ടില്ല കേട്ടോ. ഇപ്പോ വരും”
“സാരമില്ല ഞങ്ങള്‍ കാത്തിരിക്കാം”
ദാസനും വിജയനും കസേരയിലിരുന്നു. അപ്പോഴേക്കും ചായയെത്തി. ദാസന്‍ ചായ വാങ്ങി. വിജയന്‍ വാങ്ങിയില്ല.
“എന്താടാ നീ ചായ വാങ്ങാത്തത്? “
“ചായ കുടിച്ചാല്‍ കറുത്തു പോകും “
“നീ ഇനിയും കറുക്കാനോ “
“എടാ അഞ്ചു വയസു മുതല്‍ ഞാന്‍ ചായ കുടിച്ചു തുടങ്ങിയതാ. അതിനു മുന്‍പ് ഞാന്‍ എത്ര വെളുപ്പായിരുന്നെന്നോ”
“ഓഹോ. എടാ ഞാനും അഞ്ചു വയസു മുതല്‍ ചായ കുടിച്ചു തുടങ്ങിയതാണല്ലോ. എന്നിട്ടു ഞാന്‍ കറുത്തില്ലല്ലോ”
“എടാ പലരെയും പല രീതിയിലാ ചായകുടി ബാധിക്കുന്നത്. ചിലര്‍ കറുത്തു പോകും. ചിലരുടെ തോള്‍ഒരു വശം ചരിഞ്ഞു പോകും”
“ആക്കിയതാണല്ലേ?”
“എടാ ദാസാ. നാലു മണിക്കു തുടങ്ങുമെന്നു പറഞ്ഞ പരിപാടിയാ. ഇപ്പോള്‍ സമയം അഞ്ച്. നിന്റെ മന്ത്രി ഇന്നു തന്നെ വരുമോ?”
“എടാ മന്ത്രിമാരല്ലേ. തിരക്കു കാണും. നീ ഇരിക്ക് പുള്ളിയെ കണ്ടിട്ടു പോകാം”
സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. അഞ്ചരയായി. പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞ് വീണ്ടും ഒന്നര മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. വിജയന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.
“എന്താടാ വിജയാ നീ എഴുന്നേറ്റത്. ഇരിക്കെടാ”
“എടാ സിഐഡികള്‍ക്ക് ഒരു നിലയും വിലയുമൊക്കെ യുണ്ട്. ഈ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഇത്രത്തോളം സമയമൊന്നും കാത്തിരിക്കാന്‍ എന്നെ കിട്ടില്ല. ഞാന്‍ പോകുന്നു “
ദാസന്‍ തടഞ്ഞു.
“എടാ ഒരു പത്തു മിനിറ്റു കൂടി. മന്ത്രി ഇപ്പം വരുമായിരിക്കും”
“വരുമെന്നു നിനക്കെന്താ ഉറപ്പ് “
“എടാ ഞാന്‍ ആ ചാനലുകാരോടു ചോദിച്ചു. മന്ത്രി പാര്‍ട്ടി യോഗം കഴിഞ്ഞ് ഉടന്‍ ഇറങ്ങുമെന്നു പറഞ്ഞു.”
“മണ്ണാങ്കട്ട. എടാ ദാസാ. കോഴിക്കോട്ടെ സംഗതികളൊന്നും നിനക്ക് അറിയാഞ്ഞിട്ടാ. എടാ ഇവിടെ ഒരുപരിപാടി പത്തു മണിക്ക് തുടങ്ങാന്‍ സംഘാടകര്‍ തീരുമാനിച്ചാല്‍ നോട്ടീസില്‍ ഒന്‍പതു മണിയെന്ന് അച്ചടിക്കും. ജനം പത്തു മണിക്കു വരും. പരിപാടി 11മണിക്കു തുടങ്ങും. ഈ നോട്ടീസില്‍ കാണുന്ന സമയം വിശ്വസിച്ച് എത്തിയാല്‍ പെട്ടതു തന്നെ”
“വിജയാ, എല്ലാപേരെയും കുറിച്ച് അങ്ങനെ പറയരുത്. നമ്മുടെ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ നിനക്ക് അറിയില്ലേ?”
“പിന്നല്ലാതെ. രവിയേട്ടന്‍”
“അദ്ദേഹം തന്നെ. എടാ പുള്ളിയെ ഒരു ചടങ്ങിനു വിളിച്ചാല്‍ പത്തു മിനിറ്റു നേരത്തേയെത്തും”
“നേരത്തേയെത്തി എന്തെടുക്കാനാ?”
“നീ കേള്‍ക്ക്. അദ്ദേഹം പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞു 10 മിനിറ്റു കൂടി കാത്തിരിക്കും. അപ്പോഴും പരിപാടി തുടങ്ങിയില്ലെങ്കില്‍ സ്ഥലംവിടും.”
“കൊള്ളാം കൊള്ളാം. അപ്പോള്‍ അദ്ദേഹത്തിന് ഇവിടെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലല്ലോ”
അപ്പോഴേക്കും മൈക്കിലൂടെ അറിയിപ്പു വന്നു. ”മന്ത്രി ഉടന്‍ എത്തുന്നതാണ്. ചടങ്ങ് ഇതാ ആരംഭിക്കുന്നു. മേയറും എംഎല്‍എയും സ്റ്റേജിലേക്കു കയറി. പോകാനായി എഴുന്നേറ്റ വിജയന്‍ ഇരുന്നു. ദാസനും. സമയം ആറര. ചടങ്ങ് ആരംഭിച്ചു. സ്വാഗത പ്രസംഗകന്‍ പരമാവധി സമയം പ്രസംഗിച്ചു. പിന്നാലെ മേയറും എംഎല്‍എയും പ്രസംഗിച്ചു തകര്‍ത്തു. മന്ത്രി വരുന്നില്ല. സംഘാടകര്‍ മുന്‍ ഭാരവാഹികളെ ആദരിക്കുന്നതിലേക്കു കടന്നു. സദസ്യര്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ഭക്ഷണ പായ്ക്കറ്റ് വന്നു. വിജയന്‍ ഒരു പായ്ക്കറ്റ് വാങ്ങി. കാത്തിരുന്നു മുഷിഞ്ഞ ദാസന്‍ എഴുന്നേറ്റു.
“ദാസാ എനിക്കും മടുത്തെടാ. വാ നമുക്കു പോകാം”
“വേണ്ടെടാ. എന്തായാലും ഇവിടെ എത്തിയതല്ലേ. മന്ത്രിയെ കണ്ടിട്ടു പോകാം”
“പൊതി കിട്ടിയപ്പോള്‍ നിന്റെ ധൃതി തീര്‍ന്നല്ലേ?”
“എടാ അതല്ല. മന്ത്രി വരും മുന്‍പ് സിഐഡികള്‍ സ്ഥലംവിടുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. നിനക്കറിയില്ലേ “
“ആഹാരം കണ്ടാല്‍ ആക്രാന്തം കാട്ടുന്നതും പ്രോട്ടോക്കോള്‍ ലംഘനമാണ് ”
“ആണോ. എന്നാല്‍ നീ പായ്ക്കറ്റ് വാങ്ങണ്ട”
സമയം ഏഴര. മന്ത്രിയെ കാണാനില്ല. ദാസന്‍ ഭക്ഷണം കഴിച്ചു തീര്‍ന്നു.
“വാടാ ദാസാ ഇനി കാത്തിരിക്കണ്ട. നമുക്കു പോകാം.”
“ഉം വാ പോകാം”
ഇരുവരും കാറിനടുത്തേക്കു നടക്കുമ്പോള്‍ വീണ്ടും മൈക്കിലൂടെ അറിയിപ്പ്. ”ചടങ്ങ് അവസാനിക്കാറായി. മന്ത്രി ഉടന്‍ എത്തും…
മനോരമയിൽ നിന്നും…
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights