മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.
2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.
ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.
മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്…