ഭാരത ഭാഗ്യവിധാതാ മുഴുവനായിട്ട്:
ജനഗണമന ഉപകരണസംഗീതം:
രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ. ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. . സാഹിത്യത്തിന് നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി പ്രാർത്ഥനാഗാനമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജനഗണമന‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന.
ചരണം 1
ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!
പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 2
അഹ രഹ തവ ആഹ്വാന പ്രചാരിത, ശുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ ശിഖ ജൈന പാരസിക മുസലമാന ഖ്റിസ്ടാനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാശെ
പ്രേമഹാര ഹയ ഗാഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 3
പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാഥാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയഹേ!
പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 4
ഘോര തിമിര നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗള നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ചരണം 5
രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരന് നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത് മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!
പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!