വെട്ടേറ്റ നായ!

വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും… ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും.

വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ… ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു – അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ!

മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല 🙁 മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!