പുരാതന ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന രാജവംശങ്ങളിൽ ഒന്നായിരുന്നു ചേരന്മാർ. ചോളന്മാരും പാണ്ഡ്യരുമായിരുന്നു മറ്റു രണ്ടുപേർ. ഇന്നത്തെ കേരള സംസ്ഥാനത്തിന്റെയും തമിഴ്നാടിന്റെ ചില ഭാഗങ്ങളുടെയും ഭരണം ചേരന്മാരുടെ കീഴിലായിരുന്നു. കേരളപുത്രന്മാർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ടുമുതൽ എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഇവരുടെ സാമ്രാജ്യം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇവർക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
ഉത്ഭവവും പശ്ചാത്തലവും
ദ്രാവിഡ വംശജരായ ചേരന്മാർ സംഘകാലഘട്ടത്തിലാണ് ഉയർന്നുവന്നത്. മലബാർ തീരത്തെ തന്ത്രപ്രധാനമായ സ്ഥാനം ഇവർക്ക് വലിയ രീതിയിൽ സഹായകമായി. ഇത് റോമാസാമ്രാജ്യം, മധ്യേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുമായി സമുദ്രവ്യാപാരം നടത്തുന്നതിന് വഴിയൊരുക്കി. കിഴക്കൻ തമിഴ്നാടിനെയും മലബാർ തീരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതകളായ പാലക്കാട് ചുരവും നോയൽ നദീതടവും ഇവരുടെ നിയന്ത്രണത്തിലായിരുന്നു.
സ്ഥാപകരും പ്രധാന ഭരണാധികാരികളും
ചേരസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഭരണാധികാരികൾ താഴെ പറയുന്നവരാണ്. ചേരരാജാക്കന്മാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവരുടെ കാലഘട്ടം സഹിതം താഴെ നൽകുന്നു. ചേരന്മാരുടെ ഭരണകാലത്തെ പൊതുവെ രണ്ട് ഘട്ടങ്ങളായി തിരിക്കാം: ആദ്യകാല ചേരന്മാർ (സംഘകാലം), പிൻകാല ചേരന്മാർ (കുലശേഖരന്മാർ). സംഘകാലത്തെ ഏറ്റവും പ്രമുഖരായ രാജാക്കന്മാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. ഇതിൽ ആദ്യകാല രാജാക്കന്മാരെക്കുറിച്ചുള്ള അറിവുകളുടെ പ്രധാന ഉറവിടം സംഘകാല സാഹിത്യ കൃതികളായ പതിറ്റുപത്ത്, പുറനാനൂറ്, അകനാനൂറ് എന്നിവയാണ്.
ആദ്യകാല ചേരന്മാർ (സംഘകാലഘട്ടം)
ബി.സി. നാലാം നൂറ്റാണ്ട് മുതൽ എ.ഡി. അഞ്ചാം നൂറ്റാണ്ട് വരെയായിരുന്നു ഇവരുടെ ഭരണകാലം.
-
ഉതിയൻ ചേരലാതൻ (Uthiyan Cheralathan – ബി.സി. മൂന്നാം നൂറ്റാണ്ട്): സംഘകാലത്തിലെ ആദ്യത്തെ ചേരരാജാവായി ഉതിയൻ ചേരലാതനെയാണ് കണക്കാക്കുന്നത്. ആദ്യത്തെ ചേരരാജാവായി സംഘസാഹിത്യ കൃതികളിൽ ഇദ്ദേഹത്തെ പരാമർശിക്കുന്നുണ്ട്. തന്റെ സൈനികർക്കും പ്രജകൾക്കും ഭക്ഷണം നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് “പെരുംചോറ്റുതിയൻ” എന്ന പേരുണ്ടായിരുന്നു. ചേരവംശ സ്ഥാപകനായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. ഇദ്ദേഹത്തെക്കുറിച്ച് ‘പതിറ്റുപത്തി’ലെ നഷ്ടപ്പെട്ടുപോയ ഒന്നാം പത്തിൽ പ്രതിപാദിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. എങ്കിലും, പുറനാനൂറ്, അകനാനൂറ് തുടങ്ങിയ കൃതികളിൽ ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്.
പെരും ചോറ്റു തിയൻ എന്നത് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ വിശേഷണമാണിത്. “വലിയ സദ്യ നൽകിയ ഉതിയൻ” എന്നാണ് ഇതിനർത്ഥം. മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവരുടെയും കൗരവരുടെയും സൈന്യങ്ങൾക്ക് ഒരുപോലെ ഭക്ഷണം നൽകി സൽക്കരിച്ചതുകൊണ്ടാണ് ഈ പേര് ലഭിച്ചത് എന്ന് സംഘകാല കവികൾ പുകഴ്ത്തിപ്പാടുന്നു. എന്നാൽ, ഇത് രാജാവിന്റെ പ്രതാപത്തെയും ഉദാരതയെയും വർണ്ണിക്കാനുള്ള ഒരു കാവ്യാത്മകമായ അതിശയോക്തിയാണെന്നും, അദ്ദേഹത്തെ പുരാണങ്ങളുമായി ബന്ധിപ്പിച്ച് മഹത്വം നൽകാനുള്ള ശ്രമമാണെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.
കുട്ടനാട്ടിലെ കുഴുമൂർ (ഇന്നത്തെ കുട്ടനാടിന്റെ ഭാഗം) ആയിരുന്നു ഉതിയൻ ചേരലാതന്റെ തലസ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്നു. “ആകാശം അതിരായുള്ളവൻ” എന്ന് അർത്ഥം വരുന്ന ‘വാനവരമ്പൻ‘ എന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ അധികാരത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. പ്രശസ്തനായ ചോളരാജാവ്, കരികാല ചോളനുമായി നടന്ന വെണ്ണിപ്പറന്തലൈ എന്ന യുദ്ധത്തിൽ ഉതിയൻ ചേരലാതന് പുറത്ത് മുറിവേറ്റു. പുറത്ത് മുറിവേൽക്കുന്നത് ഒരു യോദ്ധാവിന് വലിയ അപമാനമായി കണക്കാക്കിയിരുന്നതിനാൽ, അദ്ദേഹം ലജ്ജ സഹിക്കാനാവാതെ ‘വടക്കിരുന്ന്‘ (മരണം വരെ ഉപവാസമനുഷ്ഠിക്കുക) ആത്മഹത്യ ചെയ്തു എന്നാണ് പുറനാനൂറ് പറയുന്നത്.
-
ഇമയവരമ്പൻ നെടുഞ്ചേരലാതൻ (Imayavaramban Nedunchezhiyan – എ.ഡി. ഒന്നാം നൂറ്റാണ്ട്): ഉതിയൻ ചേരലാതന്റെ മകനായ ഇദ്ദേഹം ചേരസാമ്രാജ്യം വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സാമ്രാജ്യം വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ഹിമാലയം വരെ പടയോട്ടം നടത്തി എന്ന് വിശ്വസിക്കപ്പെടുന്നതുകൊണ്ടാണ് ഇദ്ദേഹത്തിന് “ഇമയവരമ്പൻ” (ഹിമാലയം അതിർത്തിയാക്കിയവൻ) എന്ന പേര് ലഭിച്ചത്. ഏഴ് കിരീടധാരികളായ രാജാക്കന്മാരെ പരാജയപ്പെടുത്തി “അധിരാജ” എന്ന പദവി നേടി. ഇദ്ദേഹം 58 വർഷം ഭരിച്ചതായി പറയപ്പെടുന്നു. പതിറ്റുപത്തിലെ രണ്ടാം പത്ത് പൂർണ്ണമായും ഇദ്ദേഹത്തെക്കുറിച്ചാണ്. കുമട്ടൂർ കണ്ണനാർ എന്ന കവിയാണ് ഈ പത്ത് കവിതകൾ രചിച്ചത്. നിരവധി ശത്രുക്കളെ അദ്ദേഹം പരാജയപ്പെടുത്തി. കടൽക്കൊള്ളക്കാരായിരുന്ന കടമ്പന്മാരെ അമർച്ച ചെയ്തത് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികളായ ‘യവനരെ‘ (ഗ്രീക്കുകാർ/റോമാക്കാർ) അദ്ദേഹം യുദ്ധത്തിൽ തടവുകാരായി പിടിക്കുകയും, അവരെക്കൊണ്ട് രാജ്യത്ത് ജോലികൾ ചെയ്യിക്കുകയും ചെയ്തതായി സംഘകാല കൃതികളിൽ പരാമർശമുണ്ട്. ഇത് അദ്ദേഹത്തിന്റെ സൈനിക ശക്തിയെ കാണിക്കുന്നു. തന്നെക്കുറിച്ച് പാടിയ കുമട്ടൂർ കണ്ണനാർക്ക് ഉമ്പർക്കാട് എന്ന പ്രദേശം ദാനമായി നൽകുകയും, അദ്ദേഹത്തെ തന്റെ സദസ്സിലെ പ്രധാന അംഗമാക്കുകയും ചെയ്തു. ഉതിയൻ ചേരലാതനും വേളിയൻ വെൺമാൾ നല്ലിനിയുമായിരുന്നു മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ സഹോദരനാണ് മറ്റൊരു പ്രശസ്ത ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ.
-
ചേരൻ ചെങ്കുട്ടുവൻ (എ.ഡി. രണ്ടാം നൂറ്റാണ്ട്): ചേരരാജാക്കന്മാരിൽ ഏറ്റവും പ്രമുഖനായി കണക്കാക്കപ്പെടുന്നത് ചെങ്കുട്ടുവനാണ്. “നല്ല ചേരൻ” അല്ലെങ്കിൽ “ചുവന്ന ചേരൻ” എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കണ്ണകിയെ ആരാധിക്കുന്ന ‘പത്തിനി‘ ആരാധനാരീതി തമിഴ്നാട്ടിൽ ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതിനായി ഹിമാലയത്തിൽ നിന്ന് കല്ല് കൊണ്ടുവന്നു എന്നും പറയപ്പെടുന്നു. വടക്കേ ഇന്ത്യയിലെ പല രാജാക്കന്മാരെയും പരാജയപ്പെടുത്തിയതായി സംഘകാല കൃതികൾ സാക്ഷ്യപ്പെടുത്തുന്നു. വടക്കേ ഇന്ത്യയിലെ പല രാജാക്കന്മാരെയും പരാജയപ്പെടുത്തി ഹിമാലയം വരെ പടനയിച്ചതായി പറയപ്പെടുന്നു. ചേരൻ ചെങ്കുട്ടുവന്റെ (Cheran Chenguttuvan) മറ്റൊരു പേരാണ് കടൽ പിറകോട്ടിയ വേൽ കെഴുകുട്ടുവൻ (Kadal Pirakottiya Vel Kezhu Kuttuvan): “വേൽ എറിഞ്ഞ് കടലിനെ പിന്നോട്ട് പായിച്ചവൻ” എന്നാണ് ഈ പേരിനർത്ഥം. പ്രശസ്തമായ മുസിരിസ് തുറമുഖ നഗരം നിർമ്മിച്ചത് ഇദ്ദേഹമാണെന്ന് പറയപ്പെടുന്നു. പതിറ്റുപത്തിലെ അഞ്ചാം പത്ത്. ഇത് പാടിയത് പ്രശസ്ത കവിയായ കാപ്പിയനാർ ആണ്. ഇതുകൂടാതെ, ഇളങ്കോവടികളുടെ ചിലപ്പതികാരം എന്ന ഇതിഹാസത്തിലെ നായകനും ചെങ്കുട്ടുവനാണ്.
കടലിനെ ജയിച്ചവൻ: അദ്ദേഹത്തിന് ശക്തമായ ഒരു നാവികസേനയുണ്ടായിരുന്നു. കടൽക്കൊള്ളക്കാരെ അമർച്ച ചെയ്ത് പടിഞ്ഞാറൻ തീരത്ത് ആധിപത്യം സ്ഥാപിച്ചതിനാലാവാം ഈ പേര് ലഭിച്ചത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. കടൽക്ഷോഭത്തിൽ നിന്ന് തീരത്തെ രക്ഷിക്കാൻ അദ്ദേഹം തന്റെ വേൽ കടലിലേക്ക് എറിഞ്ഞ് കടലിനെ ശാന്തമാക്കി എന്നൊരു ഐതിഹ്യവുമുണ്ട്. ഹിമാലയൻ യാത്ര: കണ്ണകിയുടെ (ചിലപ്പതികാരത്തിലെ നായിക) പ്രതിഷ്ഠയ്ക്കായി വിഗ്രഹം നിർമ്മിക്കാൻ, ഹിമാലയത്തിൽ നിന്ന് കല്ല് കൊണ്ടുവരാനായി അദ്ദേഹം ഒരു പടയോട്ടം നടത്തി. ഈ യാത്രയിൽ അദ്ദേഹം നിരവധി ഉത്തരേന്ത്യൻ രാജാക്കന്മാരെ പരാജയപ്പെടുത്തി എന്ന് ചിലപ്പതികാരത്തിൽ വർണ്ണിക്കുന്നു. പത്തിനി ദൈവം: കണ്ണകിയെ ഒരു ദേവതയായി ആരാധിക്കുന്ന ‘പത്തിനി’ ആരാധനാരീതി തമിഴകത്ത് ആരംഭിച്ചത് ചെങ്കുട്ടുവനാണ്. മുസിരിസ് (മുചിരി): കൊടുങ്ങല്ലൂരിന് സമീപമുള്ള ലോകപ്രശസ്തമായ മുസിരിസ് തുറമുഖം അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏറ്റവും പ്രതാപത്തിൽ എത്തിയിരുന്നു. സംഘകാലത്തെ ഏറ്റവും ശക്തനും പ്രഗത്ഭനുമായ ചേരരാജാവായി ചെങ്കുട്ടുവൻ കണക്കാക്കപ്പെടുന്നു.
-
നാർമുടി ചേരൽ – Narmudi Cheral (എ.ഡി. മൂന്നാം നൂറ്റാണ്ട്): സംഘകാലഘട്ടത്തിലെ മറ്റൊരു പ്രമുഖനായ ചേരരാജാവായിരുന്നു നാർമുടി ചേരൽ. തന്റെ സൈനിക വിജയങ്ങളുടെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇദ്ദേഹം 25 വർഷം നാടു ഭരിച്ചിരുന്നു. ശത്രുവിനോട് തോറ്റ തന്റെ കിരീടം വീണ്ടെടുക്കും വരെ, നാരു കൊണ്ടുള്ള കിരീടം (നാർമുടി) ധരിച്ച് ഭരണം നടത്തിയവൻ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടു. പതിറ്റുപത്തിലെ നാലാം പത്ത് ഇതേക്കുറിച്ചു പറയുന്നു. ഇത് പാടിയത് കാപ്പിയനാർ എന്ന കവിയാണ്.
ഏഴിമല ഭരിച്ചിരുന്ന നന്നൻ എന്ന ശക്തനായ ഒരു നാടുവാഴിയായിരുന്നു നാർമുടി ചേരലിന്റെ പ്രധാന ശത്രു. നന്നനുമായുള്ള യുദ്ധത്തിൽ ചേരലിന്റെ കിരീടം നഷ്ടമായി. നന്നനെ പരാജയപ്പെടുത്തി തന്റെ യഥാർത്ഥ കിരീടം തിരിച്ചുപിടിക്കും വരെ താൻ സ്വർണ്ണക്കിരീടം ധരിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. അതിനു പകരമായി പനനാര് കൊണ്ട് ഒരു കിരീടം ഉണ്ടാക്കി ധരിച്ചു. അതിനാലാണ് അദ്ദേഹത്തിന് “നാർമുടി ചേരൽ” എന്ന പേര് വന്നത്. പിന്നീട് നടന്ന യുദ്ധത്തിൽ അദ്ദേഹം നന്നനെ പരാജയപ്പെടുത്തുകയും ‘വാകൈ’ എന്ന പ്രസിദ്ധമായ തുറമുഖം പിടിച്ചെടുക്കുകയും ചെയ്തു. കവികളെയും കലാകാരന്മാരെയും ഉദാരമായി പ്രോത്സാഹിപ്പിച്ചിരുന്ന ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. തന്നെക്കുറിച്ച് പാടിയ കാപ്പിയനാർക്ക് നാൽപ്പതിനായിരം സ്വർണ്ണനാണയങ്ങളും രാജ്യത്തിന്റെ ഒരു ഭാഗവും ദാനം നൽകി എന്ന് പതിറ്റുപത്തിൽ പറയുന്നു.
-
കൂടക്കോ ഇളഞ്ചേരൽ ഇരുംപൊറൈ (Kudakko Ilanjeral Irumporai): ആദ്യകാല ചേരന്മാരിലെ അവസാനത്തെ പ്രമുഖ രാജാക്കന്മാരിൽ ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ചേരന്മാരുടെ ഒരു പ്രധാന ശാഖയായ ‘ഇരുംപൊറൈ’ വംശത്തിലെ ശക്തനായ രാജാവ് ഇദ്ദേഹമായിരുന്നു. ചോള-പാണ്ഡ്യ സഖ്യത്തെ ഒറ്റയ്ക്ക് പരാജയപ്പെടുത്തിയവൻ എന്നറിയപ്പെടുന്നു. പതിറ്റുപത്തിലെ ഒമ്പതാം പത്തിൽ കിഴാർ എന്ന കവിയാണ് ഇദ്ദേഹത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത്. കൂടക്കോ, “പടിഞ്ഞാറൻ നാടിന്റെ (കുടനാട്) രാജാവ്” എന്നാണ് ഈ വാക്കിനർത്ഥം. അന്നത്തെ മറ്റ് രണ്ട് മഹാശക്തികളായ ചോളന്മാരെയും പാണ്ഡ്യന്മാരെയും അവരുടെ സഖ്യകക്ഷികളെയും ഒരുമിച്ച് ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തി എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക നേട്ടമാണ്. നിരവധി കോട്ടകൾ പിടിച്ചെടുക്കുകയും, ‘ഒരി’ എന്ന നാടുവാഴിയെ തോൽപ്പിച്ച് കൊല്ലിമല പോലുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ ചേര സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. ജനക്ഷേമത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുകയും കവികളെയും മറ്റും ഉദാരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്തതായും വേദപരമായ യാഗങ്ങൾ നടത്തിയതായും പതിറ്റുപത്തിൽ പറയുന്നുണ്ട്.
ഉതിയൻ ചേരലാതൻ വംശത്തിന് അടിത്തറയിട്ടപ്പോൾ, അദ്ദേഹത്തിന്റെ മകനായ ഇമയവരമ്പൻ നെടുഞ്ചേരലാതൻ സൈനിക വിജയങ്ങളിലൂടെ സാമ്രാജ്യത്തിന്റെ പ്രശസ്തി ഹിമാലയം വരെ എത്തിച്ചു എന്ന് സംഘകാല കവികൾ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ സൈനിക ശക്തികൊണ്ടും, ഉദാരതകൊണ്ടും, മികച്ച ഭരണതന്ത്രം കൊണ്ടും സംഘകാല കേരളത്തിന്റെ ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഈ രാജാക്കന്മാർ.
പിൻകാല ചേരന്മാർ (കുലശേഖരന്മാർ – എ.ഡി. 8 മുതൽ 12 വരെ നൂറ്റാണ്ട്)
കളഭ്രരുടെ മുന്നേറ്റത്തെ തുടർന്ന് തകർന്ന ചേരസാമ്രാജ്യം വീണ്ടും ശക്തിപ്രാപിച്ചത് കുലശേഖരന്മാരുടെ കാലത്താണ്. മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു ഇവരുടെ തലസ്ഥാനം. മധ്യകാല കേരളം ഭരിച്ച മഹോദയപുരത്തെ (ഇന്നത്തെ കൊടുങ്ങല്ലൂർ) കുലശേഖര രാജവംശത്തിലെ പ്രധാന ഭരണാധികാരികളെക്കുറിച്ചുള്ള വിശദമായ വിവരണവും അവരുടെ പ്രധാന നേട്ടങ്ങളും താഴെ നൽകുന്നു. സംഘകാല ചേരന്മാരിൽ നിന്ന് വ്യത്യസ്തമായി, ഈ കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് പ്രധാനമായും ലഭിക്കുന്നത് ക്ഷേത്രങ്ങളിലെ ശിലാശാസനങ്ങളിൽ നിന്നും ചെപ്പേടുകളിൽ (Copper Plates) നിന്നുമാണ്.
-
കുലശേഖര ആഴ്‌വാർ (Kulasekhara Alvar, എ.ഡി. 800–820): കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ഭക്തിപ്രസ്ഥാനത്തിലെ പ്രമുഖനായ ഒരു ആഴ്‌വാർ കൂടിയായിരുന്നു അദ്ദേഹം. മഹോദയപുരത്തെ കുലശേഖര രാജവംശത്തിന്റെ സ്ഥാപകൻ. ഭക്തിപ്രസ്ഥാനത്തിലെ പ്രമുഖനായ വൈഷ്ണവ വിശുദ്ധൻ ആയരുന്നു ഇദ്ദേഹം. ചേരരാജ്യം ഒന്നിപ്പിച്ച് മഹോദയപുരം ആസ്ഥാനമാക്കി ഭരണം ആരംഭിച്ചത് ഇദ്ദേഹമാണ്. ഒരു രാജാവ് എന്നതിലുപരി, അദ്ദേഹം ഒരു വലിയ ഭക്തകവിയായിരുന്നു. 12 വൈഷ്ണവ ആഴ്‌വാർമാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. തമിഴിൽ ‘പെരുമാൾ തിരുമൊഴി‘ എന്ന പ്രസിദ്ധമായ ഭക്തികാവ്യവും, സംസ്കൃതത്തിൽ ‘മുകുന്ദമാല‘ എന്ന സ്തോത്രവും രചിച്ചത് കുലശേഖര ആഴ്‌വാർ ആണ്. ഇദ്ദേഹത്തിന്റെ ഭരണം കേരളത്തിൽ വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന് വലിയ പ്രചാരം നൽകി. ഒരു ‘വിശുദ്ധ-രാജാവ്‘ (Saint-King) ആയിട്ടാണ് ഇദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.
-
രാജശേഖര വർമ്മൻ (Rajasekhara Varman, എ.ഡി. 820–844): ചേരമാൻ പെരുമാൾ നായനാർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. അദ്വൈത ദർശനത്തിന്റെ ആചാര്യനായിരുന്ന ആദിശങ്കരൻ ഇദ്ദേഹത്തിന്റെ സമകാലികനായിരുന്നു. കേരളത്തിന്റെ തനത് കാലഗണനാ സംവത്സരമായ കൊല്ലവർഷം (Kollam Era) എ.ഡി. 825-ൽ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. ശക്തനായ ഒരു ശൈവഭക്തനായിരുന്നു രാജശേഖര വർമ്മൻ. 63 ശൈവനായനാർമാരിൽ ഒരാളായ ചേരമാൻ പെരുമാൾ നായനാർ ഇദ്ദേഹമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രശസ്ത ശൈവ കവിയായ സുന്ദരമൂർത്തി നായനാരുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കാലത്തെ വാഴപ്പള്ളി ശാസനം മലയാള ലിപിയുടെ ആദിമരൂപത്തിലുള്ള ഏറ്റവും പഴയ രേഖകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത് ക്ഷേത്രത്തിലെ നിവേദ്യവുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തെക്കുറിച്ചാണ്.
-
സ്ഥാണു രവി വർമ്മൻ (Sthanu Ravi Varman, എ.ഡി. 844–885): ഇദ്ദേഹത്തിന്റെ ഭരണകാലം ശാസ്ത്രീയ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും പേരുകേട്ടതായിരുന്നു. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ശങ്കരനാരായണൻ ഇദ്ദേഹത്തിന്റെ രാജസദസ്സിലെ അംഗമായിരുന്നു. ചോളന്മാരുമായി സമാധാനപരമായ ബന്ധം നിലനിർത്തിയിരുന്നു. അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾക്കും മതസഹിഷ്ണുതയ്ക്കും നൽകിയ പ്രോത്സാഹനം ഏറെ പ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖയാണ് എ.ഡി. 849-ലെ തരിസാപ്പള്ളി ചെപ്പേടുകൾ (Tarisappalli Copper Plates). ഈ ചെപ്പേടുകൾ വഴി, കൊല്ലം നഗരത്തിൽ ഒരു പള്ളി പണിയാനും കച്ചവടം നടത്താനും സിറിയൻ ക്രിസ്ത്യൻ വ്യാപാരിയായ മാർ സാപിർ ഈശോയ്ക്ക് വിപുലമായ അവകാശങ്ങളും അധികാരങ്ങളും അദ്ദേഹം നൽകി. ഇത് അദ്ദേഹത്തിന്റെ മതപരമായ സഹിഷ്ണുതയുടെയും കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ചോളരാജാവായ ആദിത്യ ചോളൻ ഒന്നാമനുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
-
രാമവർമ്മ കുലശേഖരൻ (Rama Varma Kulasekhara, എ.ഡി. 885–917): സ്ഥാണു രവി വർമ്മന് ശേഷം ഇദ്ദേഹം ഭരണം ഏറ്റെടുത്തു. സ്ഥാണു രവിയുടെ കാലത്തെ സ്ഥിരതയും നയതന്ത്ര ബന്ധങ്ങളും ഇദ്ദേഹം നിലനിർത്തിപ്പോന്നു. സ്ഥാണു രവി വർമ്മന്റെ മരുമകനായിരുന്നു ഇദ്ദേഹം. ‘ഗോദവർമ്മ‘ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലം പൊതുവെ സമാധാനപരമായിരുന്നു. ചോള സാമ്രാജ്യം ശക്തി പ്രാപിച്ചുവരുന്ന കാലമായിരുന്നെങ്കിലും, ചേരരാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമായി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
-
ഗോദ രവി വർമ്മൻ (Goda Ravi Varman, എ.ഡി. 917–944): കുലശേഖര പരമ്പരയിലെ മറ്റൊരു പ്രധാന ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാലത്തുള്ള നിരവധി ശിലാശാസനങ്ങൾ അന്നത്തെ ഭരണരീതിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നു. തൃപ്രങ്ങോട്ട്, അവിട്ടത്തൂർ, നെടുമ്പുറം തളി എന്നിവിടങ്ങളിൽ നിന്ന് ഇദ്ദേഹത്തിന്റെ ശാസനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ചോളന്മാരുടെയും രാഷ്ട്രകൂടന്മാരുടെയും ആക്രമണ ഭീഷണി വർധിച്ചു. എങ്കിലും, അദ്ദേഹം ചേരരാജ്യത്തെ വിജയകരമായി പ്രതിരോധിച്ചു. ക്ഷേത്ര ഭരണസമിതികളായ ‘ഊരാളർ‘, പ്രാദേശിക സഭകളായ ‘നാട്ടാർ‘ എന്നിവർക്ക് ഭരണത്തിൽ കാര്യമായ പങ്കുണ്ടായിരുന്നു എന്ന് ഇദ്ദേഹത്തിന്റെ ശാസനങ്ങൾ തെളിയിക്കുന്നു.
-
ഇന്ദു കോത വർമ്മൻ (Indu Kotha Varman, എ.ഡി. 944–962): ഇദ്ദേഹം ഗോദ രവി വർമ്മന്റെ പിൻഗാമിയായി ഭരിച്ചിരുന്നു. വർധിച്ചുവരുന്ന ചോള ഭീഷണിക്ക് നടുവിലും രാജ്യത്തിന്റെ സുസ്ഥിരത നിലനിർത്തി. സുന്ദര ചോളന്റെ നേതൃത്വത്തിൽ ചോളന്മാർ കൂടുതൽ ശക്തരായ കാലഘട്ടമായിരുന്നു ഇത്. ഇദ്ദേഹം തൃക്കൊടിത്താനം, തിരുനെല്ലി തുടങ്ങിയ ക്ഷേത്രങ്ങൾക്ക് ദാനങ്ങൾ നൽകിയതായി രേഖകളുണ്ട്. ഇദ്ദേഹത്തിന്റെ ഭരണം, പിന്നീട് വരാനിരിക്കുന്ന വലിയ ചേര-ചോള യുദ്ധങ്ങൾക്ക് മുൻപുള്ള ഒരു സമാധാനപരമായ കാലഘട്ടമായിരുന്നു.
-
ഭാസ്കര രവി വർമ്മൻ I (Bhaskara Ravi Varman I, എ.ഡി. 962–1019): കുലശേഖരന്മാരിലെ ശക്തനായ ഒരു രാജാവായിരുന്നു ഇദ്ദേഹം. എ.ഡി. 1000-ൽ ജൂത വ്യാപാരികൾക്ക് നൽകിയ ജൂത ചെപ്പേടുകൾ (Jewish Copper Plates). ചോളന്മാരുമായുള്ള “നൂറ്റാണ്ട് യുദ്ധ“ത്തിന്റെ തുടക്കം. മഹോദയപുരത്തെ ജൂത പ്രമാണിയായ ജോസഫ് റബ്ബാന് 72 പദവികളും വ്യാപാര അവകാശങ്ങളും നൽകിക്കൊണ്ടുള്ളതാണ് ജൂത ചെപ്പേടുകൾ. മതസഹിഷ്ണുതയുടെ മറ്റൊരു വലിയ ഉദാഹരണമാണിത്. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന കാലത്താണ് പ്രശസ്ത ചോളചക്രവർത്തിയായ രാജരാജ ചോളൻ ഒന്നാമൻ ചേരരാജ്യം ആക്രമിച്ചത്.
തെക്കൻ കേരളത്തിലെ കാന്തളൂർ ശാല എന്ന സൈനിക-വിദ്യാഭ്യാസ കേന്ദ്രം ചോളന്മാർ ആക്രമിച്ച് നശിപ്പിച്ചു. ഇത് ചേര-ചോള യുദ്ധങ്ങളുടെ തുടക്കമായിരുന്നു. ഭാസ്കര രവിവർമ്മൻ ഒന്നാമൻ സ്ഥാപിച്ച ശാസനമാണ് കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തായി കൊടവലം വാമനക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന കൊടവലം ശാസനം. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. 1969-ൽ ചരിത്രകാരൻ ഡോ. എം. ജി. എസ്. നാരായണൻ കൊടവലം ക്ഷേത്രത്തിലെത്തുകയും ഈ ശിലാശാസനം വായിച്ചെടുക്കുകയും ചെയ്തിരുന്നു. ക്രിസ്തുവർഷം 962-ൽ സ്ഥാനാരോഹണം ചെയ്ത ഭാസ്‌കര രവിവർമൻ ഒന്നാമന്റെത് തന്നെയാണ് ഈ കൽപനയെന്ന് വ്യക്തമായതായും എം. ജി. എസ്. നാരായണൻ വ്യക്തമാക്കിയിരുന്നു.
ശാസനം അർത്ഥമാക്കുന്നത്:
സ്വസ്തി ശ്രീ ഭാസ്‌കര രവിവർമനായ മനുകുലാദിത്യദേവൻ ഭരിക്കുന്ന അമ്പത്തെട്ടാം വർഷത്തിൽ വ്യാഴം കർക്കിടകരാശിയിൽ നിൽക്കെ വാർഷിക നികുതിയിനത്തിൽ നിന്ന് മൂന്ന് കഴഞ്ച് പൊന്ന് കൊടുക്കാൻ ഏർപ്പാട് ചെയ്തിരിക്കുന്നു.കല്പനയനുസരിച്ച് കൊടവലത്ത് ഊരാളർ ഇതു കല്ലിൽ എഴുതി നാട്ടിയിരിക്കുന്നു.
-
രാമവർമ്മ കുലശേഖരൻ (Rama Varma Kulasekhara, എ.ഡി. 1090–1102): അവസാനത്തെ ചേരരാജാവായി കണക്കാക്കപ്പെടുന്നു, കുലശേഖര വംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരി എന്നും അറിയപ്പെടുന്നു. ചോളന്മാർക്കെതിരെ വീരോചിതമായിത്തന്നെ ചെറുത്തുനിൽപ്പ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലം ആഭ്യന്തര കലഹങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. ചോളന്മാരുമായുള്ള നിരന്തര യുദ്ധങ്ങൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായി.ഇദ്ദേഹത്തിന്റെ മരണത്തോടെ ചേരസാമ്രാജ്യം ശിഥിലമാവുകയും നാട്ടുരാജ്യങ്ങൾ ഉയർന്നുവരുകയും ചെയ്തു. ഇദ്ദേഹം ഭരിക്കുന്ന കാലമായപ്പോഴേക്കും, നിരന്തരമായ ചോള ആക്രമണങ്ങൾ കാരണം മഹോദയപുരത്തിന്റെ പ്രതാപം നശിച്ചിരുന്നു. തലസ്ഥാനം തെക്ക് കൊല്ലത്തേക്ക് മാറ്റിയാണ് അദ്ദേഹം ഭരണം നടത്തിയത്. ചോള സൈന്യത്തെ നേരിടാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ചാവേർ പടയെ (Suicide Squads) ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്.അദ്ദേഹത്തിന്റെ വീരോചിതമായ പ്രതിരോധം കാരണം ചോളന്മാർക്ക് കേരളം പൂർണ്ണമായി കീഴടക്കാൻ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ ഭരണത്തോടെ, മഹോദയപുരത്തെ ഏകീകൃത കുലശേഖര സാമ്രാജ്യം അവസാനിച്ചു. പിന്നീട് കേരളം വേണാട്, കോഴിക്കോട്, കൊച്ചി തുടങ്ങിയ നിരവധി ചെറിയ നാട്ടുരാജ്യങ്ങളായി (സ്വരൂപങ്ങൾ) വിഭജിക്കപ്പെട്ടു.
സാമ്രാജ്യത്തിന്റെ വികാസം
സൈനിക മുന്നേറ്റങ്ങളിലൂടെയും നയതന്ത്രപരമായ സഖ്യങ്ങളിലൂടെയുമാണ് ചേരന്മാർ തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചത്. അയൽരാജ്യങ്ങളായ ചോളന്മാരുമായും പാണ്ഡ്യരുമായും ഇവർ നിരന്തരം യുദ്ധം ചെയ്യുകയും വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ചേരന്മാരുടെ സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും പ്രധാന കാരണം സമുദ്രവ്യാപാരമായിരുന്നു. കുരുമുളക്, ആനക്കൊമ്പ്, വിലയേറിയ തടികൾ തുടങ്ങിയവയായിരുന്നു പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂർ), തൊണ്ടി തുടങ്ങിയവ ഇവരുടെ പ്രധാന തുറമുഖങ്ങളായിരുന്നു. ഈ വ്യാപാരബന്ധങ്ങൾ സാമ്പത്തിക അഭിവൃദ്ധിക്ക് പുറമെ സാംസ്കാരിക കൈമാറ്റങ്ങൾക്കും വഴിവെച്ചു.
ചേരസാമ്രാജ്യത്തിന്റെ പ്രത്യേകതകൾ
-
ഭരണം: കേന്ദ്രീകൃത അധികാരവും പ്രാദേശിക ഭരണവും ചേർന്ന ഒരു സങ്കീർണ്ണമായ ഭരണസംവിധാനമായിരുന്നു ചേരന്മാർക്കുണ്ടായിരുന്നത്. ഇത് സാമ്രാജ്യത്തിൽ സ്ഥിരതയും ഐക്യവും നിലനിർത്താൻ സഹായിച്ചു.
-
സമ്പദ്വ്യവസ്ഥ: റോമാസാമ്രാജ്യം ഉൾപ്പെടെയുള്ള വിദേശ ശക്തികളുമായി വിപുലമായ വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് ചേരന്മാർ സാമ്പത്തികമായി വളരെ മുന്നിട്ടുനിന്നു.
-
സാംസ്കാരിക സംഭാവനകൾ: സാഹിത്യത്തെയും കലകളെയും ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. സംഘസാഹിത്യത്തിന്റെ വികാസത്തിൽ ചേരരാജാക്കന്മാർക്ക് പ്രധാന പങ്കുണ്ട്.
ദൈവവിശ്വാസവും സാമൂഹിക ഘടനയും
ചേരന്മാർക്കിടയിൽ പലതരം വിശ്വാസങ്ങൾ നിലനിന്നിരുന്നു. പൂർവികരെ ആരാധിക്കുന്ന രീതി വ്യാപകമായിരുന്നു. തുടക്കത്തിൽ ബ്രാഹ്മണമതത്തിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. അക്കാലത്ത് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു.
ഹിന്ദുമതം, ജൈനമതം, ബുദ്ധമതം എന്നിവയെല്ലാം ഒരുമിച്ച് നിലനിന്നിരുന്ന ഒരു ബഹുസ്വര സമൂഹം അവർ വളർത്തിയെടുത്തു. യുദ്ധദേവതയായ ‘കൊട്ടവൈ’യെ ആരാധിച്ചിരുന്നുവെങ്കിലും അവർക്കായി ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നില്ല. പിന്നീട് ബ്രാഹ്മണരുടെ വരവോടെയാണ് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.
ആധുനിക കേരളവുമായുള്ള ബന്ധം
ചേരന്മാരുടെ ഭരണം ഇന്നത്തെ കേരളത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തും പശ്ചിമഘട്ടത്തിലുമുള്ള വിവിധ പ്രദേശങ്ങളെ ഒരുമിപ്പിച്ചത് ചേരന്മാരാണ്. “കേരളപുത്രന്മാർ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, കേരളത്തിന്റെ ചരിത്രവും സംസ്കാരവുമായി ചേരസാമ്രാജ്യത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഇവരുടെ തലസ്ഥാനങ്ങളിലൊന്നായിരുന്ന മഹോദയപുരം ഇന്നത്തെ കൊടുങ്ങല്ലൂരാണെന്ന് കരുതപ്പെടുന്നു. ചേരന്മാരുടെ പാരമ്പര്യം കേരളത്തിലെ ഉത്സവങ്ങളിലും പാരമ്പര്യങ്ങളിലും ഇന്നും കാണാൻ സാധിക്കും.
ദ്രാവിഡ പാരമ്പര്യം
ആദ്യകാല ചേരന്മാർ (സംഘകാലം) പൂർണ്ണമായും ദ്രാവിഡ പാരമ്പര്യമാണ് പിന്തുടർന്നിരുന്നത്.
-
ഭാഷയും സാഹിത്യവും: അവരുടെ ഭരണത്തിലും സാഹിത്യത്തിലും പ്രധാന ഭാഷ തമിഴായിരുന്നു. സംഘകാല കൃതികൾ ഇതിന് മികച്ച ഉദാഹരണമാണ് .
-
ആരാധന: പൂർവികരെ ആരാധിക്കുന്ന രീതിയും, കൊറ്റവൈ പോലുള്ള പ്രാദേശിക ദ്രാവിഡ ദൈവങ്ങളെ ആരാധിക്കുന്ന പാരമ്പര്യവുമാണ് അവർക്കുണ്ടായിരുന്നത്.
-
സാമൂഹിക ഘടന: അക്കാലത്ത് സമൂഹം ഗോത്ര സ്വഭാവമുള്ളതായിരുന്നു, കർക്കശമായ ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല.
മാറ്റത്തിന്റെ ഘട്ടങ്ങൾ: ആര്യൻ സ്വാധീനം
ഉത്തരേന്ത്യയിൽ നിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണ് ആര്യൻ സംസ്കാരത്തിന്റെ സ്വാധീനം ദക്ഷിണേന്ത്യയിൽ ആരംഭിക്കുന്നത്. ഈ പ്രക്രിയയെ “ആര്യവൽക്കരണം” എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഇത് പല ഘട്ടങ്ങളിലായാണ് ചേരസാമ്രാജ്യത്തിൽ വേരൂന്നിയത്. ഈ മാറ്റം പ്രധാനമായും പ്രകടമായത് രണ്ടാം ചേരസാമ്രാജ്യമായ കുലശേഖരന്മാരുടെ (എ.ഡി. 9-ാം നൂറ്റാണ്ട് മുതൽ) കാലഘട്ടത്തിലാണ്
1. സമാധാനപരമായ കുടിയേറ്റം:
ആര്യൻ സംസ്കാരത്തിന്റെ വ്യാപനം സൈനിക നടപടികളിലൂടെ ആയിരുന്നില്ല, മറിച്ച് സമാധാനപരമായ കുടിയേറ്റത്തിലൂടെയും ആശയപരമായ പ്രചാരണത്തിലൂടെയുമായിരുന്നു അവർ ദ്രാവിഡബിംബങ്ങളെ മാറ്റിയെടുത്തത്. ബി.സി. അഞ്ചാം നൂറ്റാണ്ടോടെ തന്നെ പല ആശയങ്ങളുമായി ജൈന-ബുദ്ധ മതക്കാരും ബ്രാഹ്മണരും കേരളത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു . ചേരനാട്ടിലെ ഗോത്രത്തലവന്മാർ ഇവരെ സ്വാഗതം ചെയ്തു .
2. രാജകീയ അധികാരത്തിന് ദൈവികപരിവേഷം:
ബ്രാഹ്മണരുടെ വൈദികജ്ഞാനം ചേരരാജാക്കന്മാർക്ക് തങ്ങളുടെ അധികാരം ഉറപ്പിക്കാൻ ആവശ്യമായി വരുന്ന നിലയിലേക്ക് മാറ്റുവാർ ആര്യർക്കു കഴിഞ്ഞു.
-
പുതിയ പദവി: യാഗങ്ങളിലൂടെയും പൂജകളിലൂടെയും നാടുവാഴികളായിരുന്ന ചേരരാജാക്കന്മാർക്ക് ബ്രാഹ്മണർ ക്ഷത്രിയ പദവി നൽകി. ഇത് അവരുടെ ഭരണത്തിന് ഒരു ദൈവിക പരിവേഷം നൽകി .
ബ്രാഹ്മണർക്ക് വേദങ്ങളിലും പുരാണങ്ങളിലുമുള്ള അറിവ്, രാജാക്കന്മാർക്ക് അവരുടെ അധികാരം ഉറപ്പിക്കാൻ ആവശ്യമായിരുന്നു.
വംശാവലി: രാജാക്കന്മാരുടെ വംശപരമ്പരയെ പുരാണങ്ങളിലെ ഇതിഹാസ നായകന്മാരുമായി ബന്ധിപ്പിച്ചു. ഇത് ജനങ്ങൾക്കിടയിൽ രാജാവിൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിന് സഹായിച്ചു.
-
വംശാവലി: രാജാക്കന്മാരുടെ വംശാവലിയെ പുരാണങ്ങളിലെ സൂര്യ-ചന്ദ്ര വംശങ്ങളുമായി ബന്ധിപ്പിച്ചു. ഇത് ജനങ്ങളുടെ ഇടയിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
3. സാമൂഹിക ഘടനയിലെ മാറ്റം:
ബ്രാഹ്മണരുടെ വരവോടെ ചാതുർവർണ്യം അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക ഘടന രൂപപ്പെട്ടു. ഇത് പഴയ ഗോത്ര വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഭരണാധികാരികളും ബ്രാഹ്മണരും ഈ പുതിയ സാമൂഹിക ക്രമത്തിന്റെ തലപ്പത്ത് നിലയുറപ്പിച്ചു. ദ്രാവിഡ ഭാഷ സംസാരിക്കുന്ന തദ്ദേശീയർ ക്രമേണ ഇൻഡോ-ആര്യൻ ഭാഷകളും സംസ്കാരവും സ്വീകരിക്കാൻ തുടങ്ങി .
4. മതത്തിലും ആരാധനയിലുമുള്ള മാറ്റം:
-
ദ്രാവിഡ ദൈവങ്ങൾക്ക് പകരം വൈദിക ദേവന്മാരായ വിഷ്ണു, ശിവൻ തുടങ്ങിയവർക്ക് പ്രാധാന്യം ലഭിച്ചു. പല ദ്രാവിഡ ബിംബങ്ങളും ആര്യദേവതകളുടെ അവതാരങ്ങളോ ബന്ധമുള്ളവരോ ആായി മാറി.
-
പ്രാദേശിക ആരാധനാലയങ്ങൾ ക്ഷേത്രങ്ങളായി മാറുകയും ബ്രാഹ്മണർക്ക് ഭൂമി ദാനമായി (ബ്രഹ്മസ്വം) നൽകുകയും ചെയ്തു.
-
സംഘകാലത്ത് ഇല്ലാതിരുന്ന വിപുലമായ ക്ഷേത്ര നിർമ്മാണ രീതികൾ കുലശേഖര കാലഘട്ടത്തിൽ വ്യാപകമായി .
5. ഭാഷയുടെ സംയോജനം:
പ്രാദേശിക ദ്രാവിഡ ഭാഷയിൽ (പഴയ തമിഴ്) സംസ്കൃതത്തിന്റെ സ്വാധീനം വർദ്ധിച്ചു. ഇത് പിന്നീട് മലയാള ഭാഷയുടെ പരിണാമത്തിന് കാരണമായി. ഭരണം, മതം, വിദ്യാഭ്യാസം എന്നിവയുടെ ഭാഷയായി സംസ്കൃതം മാറി .
ചുരുക്കത്തിൽ, ചേരസാമ്രാജ്യത്തിലെ ദ്രാവിഡ-ആര്യൻ സങ്കലനം ഒരു സംസ്കാരത്തെ മറ്റൊന്ന് കീഴടക്കുന്നതിന് പകരം, പരസ്പരം സ്വാധീനിച്ച് ഒരു പുതിയ സംയുക്ത സംസ്കാരം രൂപപ്പെടുത്തുകയായിരുന്നു . ദ്രാവിഡ പാരമ്പര്യത്തിലെ പല ഘടകങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ ആര്യൻ ആശയങ്ങളും സാമൂഹിക ഘടനകളും സ്വീകരിക്കപ്പെട്ടു. ഇത് കേരളത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം നൽകി.
സാംസ്കാരിക മാറ്റങ്ങൾ ഭരണവ്യവസ്ഥയെ എങ്ങനെ ബാധിച്ചു
കുലശേഖര കാലഘട്ടത്തിൽ ബ്രാഹ്മണർക്ക് സമൂഹത്തിൽ ലഭിച്ച അമിത പ്രാധാന്യം അധികാര ഘടനയിൽ മാറ്റങ്ങൾ വരുത്തി. ബ്രാഹ്മണർക്ക് ഭൂമി ദാനമായി നൽകിയതിലൂടെ അവർ വലിയ ഭൂവുടമകളായി മാറി. ഇത് രാജാവിന്റെ അധികാരത്തെ പരോക്ഷമായി ദുർബലപ്പെടുത്തുകയും സാമൂഹിക ഘടനയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
ചുരുക്കത്തിൽ, ചോളന്മാരുമായുള്ള നിരന്തര യുദ്ധങ്ങൾ ചേരസാമ്രാജ്യത്തിന്റെ പതനത്തിന് ആക്കം കൂട്ടിയെങ്കിലും, ആഭ്യന്തരമായ ഭിന്നത, സാമ്പത്തിക തകർച്ച, മറ്റ് അയൽരാജ്യങ്ങളുടെ ആക്രമണം, നാടുവാഴികളുടെ വളർച്ച തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ തകർച്ചയ്ക്ക് പിന്നിലുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേന്ദ്രീകൃതമായ ചേരഭരണം പൂർണ്ണമായി അവസാനിക്കുകയും കേരളം നിരവധി ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.
1. രാജകീയ അധികാരത്തിന്റെ സ്വഭാവമാറ്റം
-
ദൈവിക പരിവേഷം: ആര്യൻ സംസ്കാരത്തിന്റെ വരവിന് മുൻപ്, ചേരരാജാക്കന്മാർ ഗോത്രത്തലവന്മാരായിരുന്നു. അവരുടെ അധികാരം സൈനിക ശക്തിയെയും വംശപരമ്പരയെയും ആശ്രയിച്ചിരുന്നു. എന്നാൽ, ബ്രാഹ്മണരുടെ സ്വാധീനത്തോടെ രാജാവിന്റെ അധികാരത്തിന് ദൈവികമായ അംഗീകാരം ലഭിച്ചു. യാഗങ്ങളും “ഹിരണ്യഗർഭം” പോലുള്ള ചടങ്ങുകളും നടത്തി ബ്രാഹ്മണർ രാജാവിന് ക്ഷത്രിയ പദവി നൽകി. ഇത് രാജാവിനെ ജനങ്ങളുടെ മുന്നിൽ ദൈവത്തിന്റെ പ്രതിപുരുഷനായി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
2. പുതിയ അധികാര കേന്ദ്രങ്ങളുടെ ഉദയം
-
ഭൂമിദാനം: രാജാക്കന്മാർ ബ്രാഹ്മണർക്ക് വൻതോതിൽ ഭൂമി ദാനമായി നൽകി. ബ്രഹ്മസ്വം (ബ്രാഹ്മണർക്ക് നൽകിയത്), ദേവസ്വം (ക്ഷേത്രങ്ങൾക്ക് നൽകിയത്) എന്നിങ്ങനെ അറിയപ്പെട്ട ഈ ഭൂമിക്ക് നികുതി നൽകേണ്ടിയിരുന്നില്ല. ഇത് ബ്രാഹ്മണരെയും ക്ഷേത്രങ്ങളെയും സാമ്പത്തികമായി ശക്തരും സ്വയംഭരണാധികാരമുള്ളവരുമാക്കി മാറ്റി.
-
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഭരണം: ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ അല്ലാതായി മാറി. അവ വലിയ ഭൂവുടമകളും, സാമ്പത്തിക കേന്ദ്രങ്ങളും, പ്രാദേശിക ഭരണകേന്ദ്രങ്ങളുമായി വളർന്നു. ക്ഷേത്രഭരണം നടത്തിയിരുന്ന ഊരാളന്മാർ (പ്രധാനമായും ബ്രാഹ്മണർ) തങ്ങളുടെ പ്രദേശത്തെ പ്രധാന അധികാര കേന്ദ്രങ്ങളായി മാറി.
3. കേന്ദ്രീകൃത ഭരണത്തിന്റെ തകർച്ച
-
അധികാര വികേന്ദ്രീകരണം: ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും നൽകിയ ഭൂമിയിൽ രാജാവിന് നേരിട്ടുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഇത് കേന്ദ്രീകൃതമായ ഭരണ സംവിധാനത്തെ ദുർബലപ്പെടുത്തി. അധികാരം രാജാവിൽ കേന്ദ്രീകരിക്കുന്നതിന് പകരം, പ്രാദേശിക ഭൂവുടമകളിലേക്കും (നാടുവാഴികൾ) ക്ഷേത്ര ഭരണസമിതികളിലേക്കും വിഭജിക്കപ്പെട്ടു.
-
സാമ്പത്തിക നഷ്ടം: നികുതിയിളവുള്ള ഭൂമി വർധിച്ചത് രാജ്യത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. ഇത് സൈന്യത്തെ പരിപാലിക്കുന്നതിനും ഭരണപരമായ ആവശ്യങ്ങൾക്കും പണം കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കി.
4. സാമൂഹിക ഘടനയും ഭരണവും
-
ജാതി വ്യവസ്ഥയുടെ സ്വാധീനം: ചാതുർവർണ്യത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വ്യവസ്ഥ ഭരണത്തിലും നിയമവ്യവസ്ഥയിലും പ്രതിഫലിച്ചു. ഓരോ ജാതിക്കും പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമങ്ങളും നിലവിൽ വന്നു. ഇത് പഴയ ഗോത്രവർഗ സമത്വത്തിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തെ ഇല്ലാതാക്കി.
-
ബ്രാഹ്മണ ഉപദേശക സമിതികൾ: രാജാവിന്റെ ഭരണപരമായ തീരുമാനങ്ങളിൽ ബ്രാഹ്മണ പണ്ഡിതന്മാരുടെ ഉപദേശങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചു. രാജസദസ്സിലെ ഉപദേശക സമിതികളിൽ അവർ നിർണായക സ്വാധീനം ചെലുത്തി.
ചുരുക്കത്തിൽ, സാംസ്കാരിക മാറ്റങ്ങൾ ചേരരാജാവിന് ദൈവികമായ പദവി നൽകിയെങ്കിലും, അദ്ദേഹത്തിന്റെ യഥാർത്ഥ ഭരണ, സാമ്പത്തിക അധികാരങ്ങളെ ദുർബലപ്പെടുത്തി. അധികാരം പല കേന്ദ്രങ്ങളിലായി വിഭജിക്കപ്പെടുകയും ഇത് ഒരുതരം ഫ്യൂഡൽ ഭരണസംവിധാനത്തിന് വഴിവെക്കുകയും ചെയ്തു. ഈ അധികാര വികേന്ദ്രീകരണം പിന്നീട് ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ ആഭ്യന്തര പ്രശ്നങ്ങൾക്ക് ആക്കം കൂട്ടി. അങ്ങനെ 12 ആം നൂറ്റാണ്ടോടുകൂടി ചേരസംസ്കൃതി അസ്തമിച്ചു.