പി. കുഞ്ഞിരാമൻ നായർ

P. Kunhiraman nair, പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ – ചിത്രം: വിജയകുമാർ ബ്ലാത്തൂർ

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ – നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ‘ഭക്തകവി’ ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു…

വിവാഹങ്ങൾ പലതു കഴിഞ്ഞിരുന്നു. കുടുംബജീവിതം എന്നു പ്രശ്നസങ്കീർണമായിരുന്നു. കുടുംബജീവിതത്തെ പറ്റിയുള്ള പലതരം കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കവിതയെന്ന നിത്യകന്യകയെ തേടിയുള്ള അലച്ചിലിൽ രസം തുളുമ്പിയ വ്യക്തിയായിരുന്നു പി. കവിതകൾ, നാടകങ്ങൾ, കഥകൾ, വിവർത്തനങ്ങൾ ഒക്കെയായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.

ഇവൻ മേഘരൂപൻ

കവിയുടെ ജീവിതത്തെ മുന്നിൽ നിർത്തി ഇവൻ മേഘരൂപൻ എന്നൊരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചത് ഈ സിനിമയ്ക്കായിരുന്നു. ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്. പി. കുഞ്ഞിരാമൻ നായർരെന്ന കവിയെ കുറിച്ച് ഏത് കാലത്തും അദ്ദേഹത്തെ അറിയാവുന്നവർ എഴുതിയ നിരവധി അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കവിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പുത്രൻ എഴുതിയ മതൃഭൂമി ബുക്സിന്റെ പുസ്തകമാണു കവിയച്ഛൻ. 2015 ഇൽ ആണിതു പ്രകാശനം ചെയ്തത്.

കാല്പനികത

കവിത ഭ്രാന്തമായൊരു ആവേശമായിരുന്നു പി. കുഞ്ഞിരാമൻ നായർക്ക്. സ്നേഹത്തിന്റേയും ഐക്യഭാവനയുടേയും നിർമ്മലപ്രണയത്തിന്റേയും അനശ്വരഗാഥകളാണു കവിയുടെ കവിത്വസൃഷ്ടികളൊക്കെയും. മലയാള ക്വിതയിൽ കാല്പനികതയുടെ വസന്തം കൊണ്ടുവന്ന് കാവ്യലോകത്ത് മുടിചൂടാമന്നനായി വാണിരുന്നത് ചങ്ങമ്പുഴയായിരുന്നു. കൂടെ ചേരുവാനായി തുടർന്നു വന്നവരും സമകാലികരും സിമ്പലിസവും റിയലിസവും ഒക്കെ കൊണ്ടുവന്ന് ഏറെ കഷ്ടപ്പെട്ടിട്ടാണു ചങ്ങമ്പുഴയുടെ കവിത്വത്തിന്റെ അതിരിൽ തൊടാനായത് എന്നു വേണം കരുതുവാൻ. ചങ്ങമ്പുഴയോടൊപ്പം ഏർത്തുവായിക്കാവുന്ന ഏകകവി കുഞ്ഞിരാമൻ നായർ മാത്രമാണെന്നു പറയാം. കാവ്യ ജീവിതവും വ്യക്തിജീവിതവും ഒത്തുനോക്കിയാൽ കുഞ്ഞിരാമൻ നായറും ചങ്ങമ്പുഴയും ഏറെ സാദൃശ്യമുള്ളതായി കാണുന്നുമുണ്ട്. കാല്പനിക ലോകത്തെ രണ്ടേരണ്ട് ഗന്ധർവ്വന്മാരാണിവർ രണ്ടുപേർ. പ്രവാസദുഃഖം ആദ്യമായി നിറഞ്ഞു നിന്ന കവിത്വം പിയുടേതായിരുന്നു. ചങ്ങമ്പുഴയിൽ നിന്നും പിയെ വ്യത്യസ്ഥനാക്കുന്നതും ഇതുതന്നെയാവുന്നു. ചങ്ങമ്പുഴയുടെ ആത്മവിലാപത്തിൽ നിന്നും കൊടിയ വിഷാദത്തിൽ നിന്നും ഭിന്നമായ തലമാണ് പിയുടെ ഗൃഹാതുരത്വം. പിയുടെ കവിതയിലെ തീഷ്ണവും ആവർത്തനപ്രവനവും മൗലീകവുമായ പ്രവാസദുഃഖം മറ്റെവിടേയും കാണാനാവുന്നില്ല. പിയുടെ സ്ഥായിഭാവമായിരുന്നു ഇത്. തന്റെ ശൈശവവും മഹാബലിയുടെ സുവർണകാലവും രാമരാജ്യവും സ്വാതന്ത്ര്യസമരകാലവും ഗ്രാമസൗന്ദര്യങ്ങളും നാടിന്റെ ഋതുവിലാസങ്ങളും ആർഷഭാരതത്തിന്റെ അനശ്വരസ്മൃതികളും ഒക്കെ നിറഞ്ഞുകവിയുന്ന മായികാപ്രപഞ്ചമാണ് പിയുടെ കവിത്വമാകെയും.

“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.

തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.

“ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)

ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
“ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
“ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് ”
(മാഞ്ഞുപോയ മഴവില്ല്)

“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.

കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.
http://epathram.com/keralanews-2010/05/26/235510-p-kunjiraman-nair-great-poet-in-malayalam.html

പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ

ജീവിത വഴി

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌.വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.കവിത,നാടകം,ജീവചരിത്രം,പ്രബന്ധം,ആത്മകത,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം,1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്,1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
കടപ്പാട്:http://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ

കവിതകൾ
……………………………………………………………………………………

സൗന്ദര്യ ദേവത
…………………………….
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ..?
http://malayalamkeralam.blogspot.com/p/blog-page_23.html

കവിത : കവിയെവിടെ…?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാ‍ായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാ‍തെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം… രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..

പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ…?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാ‍ണാൻ കഴിയും.

കവിയെവിടെ….?
**************************

വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-
ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,
ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,
ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,
ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍
പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു –
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ ,
പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,
കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,
പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,
കാവിന്‍നടകളിലാണ്ടുതോറും
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍
വെച്ച കെടാവിളക്കെങ്ങു പോയി?
നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍
ചൂഴുമഴകൊളിയെങ്ങു പോയി?
അംബര നീലിമയല്ല ,കണ്ണില്‍
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?
കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?
പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?
ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍;
മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.
മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.
ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു
ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍
മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?
ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?
മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?
പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!
കോടിനിലാവും കരിനിഴലും
മൂടി വിരിച്ച വഴിയില്‍ കൂടി,
പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍
കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി
പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി
പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,
മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍
നിത്യമനന്തഫണിതല്പത്തില്‍
പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.
ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?
ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?
കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ –
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!
നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം
തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.
തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.
ഉഷ്ണനീരാവികള്‍ പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി
മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!
ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.
ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !
മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം
ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,
പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!
എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,
ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,
ബിംബം പുഴക്കിയ കാവിനുള്ളില്‍
പൊന്‍മലനാടിന്‍ നിനവു പേറി
ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ
അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍.
ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം
ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ –
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !
മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി;
“എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ!
പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ ”
http://kaavyaanjali-seetha.blogspot.com/2016/06/blog-post.html

മധുസൂദനൻ നായരുടെ കവിതകൾ


കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച കവിയും അദ്ധ്യാപകനുമാണ് മധുസൂദനൻ നായർ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം. ഇദ്ദേഹം മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാ കസെറ്റുകളുടെ വരവോടെ മധുസൂദനൻ നായരുടെ കവിതാ പുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.

‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾ തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്ര ഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം.

മധുസൂദനൻ നായർ ആലപിച്ച കവിതകൾ…

കുമാരനാശാൻ

ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ്‌ കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.

കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.

മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.

Kumaran Asan with guru, കുമാരനാശാനും നാരാണ ഗുരുവും
കുമാരനാശാനും നാരാണഗുരുവും
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.

കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

Kumaranasan handwriting from notebooks kept at Thonnakkal museum
ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ

തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ

ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.

കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.

ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.

അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.

പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.

കുഞ്ഞുണ്ണിമാഷ്

kunjunnimash, malayalam, കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണിമാഷ്

ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…

“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂

ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.

ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.

kunjunnimash malayalam language

ചില കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…

സത്യമേ ചൊല്ലാവൂ, ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ, വേണ്ടതേ വാങ്ങാവൂ…

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ, ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ, മരണം ചീത്തയാകയാൽ

ഉടുത്ത മുണ്ടഴിച്ചിട്ടു, പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം.

ഞാനെന്റെ മീശ ചുമന്നതിന്റെ, കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ, ഞാനെന്നെ തല്ലുവാൻ വന്നു…

പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു…

എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ…

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം.

മഴ മേലോട്ട് പെയ്താലേ, വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ

കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ, ഞാനുമില്ലാതാകുന്നു

പൊക്കമില്ലാത്തതാണെന്റെ പൊക്കം

മന്ത്രിയായാൽ മന്ദനാകും മഹാ മാർക്സിസ്റ്റുമീമഹാ ഭാരതഭൂമിയിൽ

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം…

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു, മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി!

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം

ആറുമലയാളിക്കു നൂറുമലയാളം, അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല…

കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം…

അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം, ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാളം!


കൂടുതൽ കവിതകൾ ഇവിടെ വിക്കിയിൽ…
മലയാളം വിക്കിപീഡീയയിൽ കുഞ്ഞുണ്ണിമാഷെ കുറിച്ച്