മുഹമ്മദ് നബിയുടെ മരുമകനായിരുന്ന ഹസ്രത്ത് അലിയുടെ സ്മരണയ്ക്കായി ആസിഫ് ജാഹിസ് (ഖത്താബ് ഷാഹിസ്) നിർമ്മിച്ചതാണിത്. 400 ഓളം പടികൾ കയറിവേണം ദർഗയിൽ എത്താൻ. എന്നിരുന്നാലും, കുന്നിൻ മുകളിലേക്ക് പോകുന്ന നീളമുള്ള ഗോവണി ഉള്ളതിനാൽ മലകയറ്റമെന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നു. വിക്കിപീഡിയയിൽ കൊടുത്തിരുക്കുന്ന ചിത്രങ്ങൾ ഇവിടെ കാണാം.
ഹസ്രത്ത് അലിക്കായി സമർപ്പിതമായ മൗല അലി(Moula Ali) ദർഗയിൽ ആയിരുന്നു ഒരു അവധിദിനം ഞാൻ. മുമ്പൊരിക്കൽ ഒരു തെലുങ്കൻ ഫ്രണ്ടിനോടൊപ്പം ഞാനവിടെ പോയിരുന്നു. ആ ഓർമ്മയിൽതന്നെയാണു വീണ്ടും ഇവിടേക്ക്പോന്നത്. ഖുത്ബ് ഷാഹി ഭരണാധികാരികളുടെ കാലഘട്ടത്തിൽ നിർമ്മിച്ചതാണി ദർഗ. ഹൈദ്രാബാദിന്റെ ഒരു പ്രാന്തപ്രദേശം, സെക്കന്ദ്രാബാദിൽ നിന്നും പതിനഞ്ചു കിലോമീറ്ററിനുള്ളിൽ വരുമെന്നു തോന്നുന്നു. സെക്കന്ദ്രാബാദിൽനിന്നും മെട്രോ ട്രൈനിൽ കയറിയാൽ മേട്ടുഗുഡ കഴിഞ്ഞുള്ള രണ്ടാം സ്റ്റോപ്പ് താർണക്കയിൽ ഇറങ്ങി ഓട്ടോയ്ക്ക് പോയാൽ മതിയാവും. മേച്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ മൽക്കാജ്ഗിരി മണ്ഡലിൽ ഉള്ള സ്ഥലമാണു മൗല അലി. ഒന്നു രണ്ടു കുന്നുകൾക്കു മുകളിലായി നൂറ്റാണ്ടുകളുടെ കാലടിപ്പാതകൾ പതിഞ്ഞ ദർഗകൾ ഉണ്ടവിടെ. “ഖദ്-ഇ-റസൂൽ” എന്നറിയപ്പെടുന്ന കുന്നാണു രണ്ടാമത്തേത്. ആസാഫ് ജാഹിയുടെ സേവകനായ മുഹമ്മദ് ഷക്രുള്ള റെഹാനാണ് പ്രവാചകന്റെ വിശുദ്ധ തിരുശേഷിപ്പുകൾ നിക്ഷേപിച്ചത്. കുന്നെന്നുപറയുമ്പോൾ മണ്ണൊക്കെയുള്ള വൻ മലയൊന്നുമല്ലിത്. ഒറ്റക്കല്ലാണു സംഗതി. മുകളിൽ പൊട്ടിച്ചിതറിയ തരത്തിൽ നിരവധി ചെറുപാറ കഷ്ണങ്ങളും ഏറെയുണ്ട്. Heritage Conservation Committee വേർതിരിച്ചെടുത്ത 11 പൈതൃക സ്ഥലങ്ങളിൽ ഒന്നാണ് മൗല അലി ദർഗ.
പാറയുടെ മുകളിലെ മൗല അലി ദർഗയും മൗല അലി കമാനവും ഖുത്ബ് ഷാഹി കാലം മുതൽ നിലവിൽ വന്നിരുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാർലിംപിളിന്റെ വിവരണമനുസരിച്ച്, ഖുത്ബ് ഷായുടെ കൊട്ടാരത്തിൽ യാക്കൂത്ത് ഉറങ്ങുകയായിരുന്നു, അപ്പോൾ, പച്ച വസ്ത്രം ധരിച്ച ഒരാൾ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും മൗല അലി (ഫാത്തിമയുടെ ഭർത്താവ്, ബഹുമാനപ്പെട്ട മുഹമ്മദ് നബിയുടെ മകൾ) എന്ന് സ്വയം വെളിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്ന് ഒരു വലിയ കുന്നിന്നടുത്തുവരെ യാക്കൂത്ത് അവനെ പിന്തുടർന്നു, അവിടെ തന്റെ വലതു കരം പാറമേൽ കുത്തിവെച്ച് മൗല അലി വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിനു മുമ്പിൽ ഇദ്ദേഹം വീണു നമസ്കരിച്ചു. പക്ഷേ, എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ യാക്കൂത്ത് തന്റെ സ്വപനത്തിൽ നിന്നും ഞെട്ടുയുണർന്നത്രേ! യാക്കൂത്ത് പക്ഷേ വിട്ടില്ല…
ആ വിശുദ്ധ കുന്നിനെ തേടി ഗൊൽക്കൊണ്ടയിൽ നിന്നും അദ്ദേഹം യാത്ര പുറപ്പെട്ടു, ഒടുവിൽ പാറയിൽ മുദ്രകുത്തിയ പോലെയുള്ള മൗല അലിയുടെ കൈയ്യടയാളത്തിന്റെ അദ്ദേഹം ഇവിടെ കണ്ടെത്തി. അവിടെ അയാൾ ഒരു കമാനം പണിതത്രേ… വളരെയധികം ബഹുമാനിക്കപ്പെടുന്നതും ജനപ്രിയവുമായ ഷിയ സൈറ്റ് ഷിയ മുസ്‌ലിംകളുടെ ഭക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, യാകൂത്തിന്റെ സ്വപ്നത്തെ അനുസ്മരിപ്പിക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഖുത്ബ് ഷാഹി പാരമ്പര്യവും സുന്നി ആസാഫ്-ജാഹി നിസാമുകൾ തുടർന്നു വരുന്നു. മെഗാലിത്തിക്ക് കാലം മുതൽ മൗല-അലി ജനിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മൗല-അലിയിൽ ഇരുമ്പുയുഗത്തിന്റെ ശ്മശാന സ്ഥലങ്ങൾ കണ്ടെത്തി. 1935 ൽ അന്നത്തെ ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റ് ഓഫ് നിസാമിന്റെ ആധിപത്യമാണ് ആദ്യ ഖനനം നടത്തിയത്. നിസാം കാലഘട്ടത്തിൽ, മൗല-അലി വളരെ പ്രധാനപ്പെട്ട ഒരു പ്രദേശമായിരുന്നു, ഹൈദരാബാദ് റേസ് ക്ലബ് പോലുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്. പിന്നീട് 1886 ൽ ഇത് മലക്പേട്ടിലേക്ക് മാറ്റി.
—————-
നല്ലൊരു ചിക്കൻ ബിരിയാണി അവിടെ നിന്നും ലഭിച്ചു. ഞാൻ അവിടെ എത്തുമ്പോൾ ഒരു ഫാമിലി കൂടെ വന്നിരുന്നു അവിടെ. ആയിഷ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായി. 1984 മാത്തമാറ്റിക്സിൽ ബി എസ്സി കഴിഞ്ഞവരാണവർ. മകൻ ആഷിക്കിന്റെ കുഞ്ഞുമോന്റെ അമീറിന്റെ ആദ്യത്തെ മുടിവെട്ട് അവിടെ നടത്തുകയാണിന്ന്. ആഷിക്കിനെ കൂടാതെ ഒരു ദത്തു പുത്രികൂടെ ഉണ്ടവർക്ക്. ആഷിക്കിനേക്കാൾ മൂത്തവളാണവൾ, വിവാഹം കഴിഞ്ഞ് വിശാഖപട്ടണത്താണിപ്പോൾ. ആ കൂട്ടി തന്നെ ഒരു പേരാണു മക്കൾക്കും മക്കളുടെ മക്കൾക്കും എല്ലാം. ഞാനും പറഞ്ഞു എനിക്കും രണ്ടുണ്ട്… ആത്മികയും ആത്മേയയും എന്ന്.
ദർഗയിൽ കയറി ഫോട്ടോ എടുക്കാമോന്ന് ഞാനവിടുത്തുകാരോട് ചോദിച്ചപ്പോൾ അവർ തെലുങ്കിൽ എന്തോ പറഞ്ഞു. അപ്പോൾ തന്നെ ഈ അമ്മ ഇടപെട്ടു പറഞ്ഞു ഞങ്ങളുടെ കൂടെ വന്നതാണെന്ന്. അഷിക്കിനേ പോലെ തന്നെ നീയുമെനിക്ക് മകനെ പോലെ തന്നെയാ. ഉച്ചയ്ക്ക് കഴിക്കാൻ ബിരിയാണി ഒക്കെ കൊണ്ടുവന്നിട്ടുണ്ട്, ഇവിടെ നിന്നും കഴിക്കാം എന്നൊക്കെയായി അവർ…
ആയിഷ ഉമ്മയുടെ ഭർത്താവിന് മറ്റൊരു ഭാര്യയിൽ മകളുണ്ട്. അവളുടെ കല്യാണമായിരുന്നു ഇന്ന്. പുള്ളി അവിടേക്ക് പോയിരുന്നു. കല്യാണം ശേഷം ചടങ്ങുകൾ അയാൾ ലൈവായി വീഡിയോ എടുത്ത് ഈ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അതിനിടയ്ക്ക് അയാളോട് എന്നെ പരിചയപ്പെടുത്താനും മറന്നില്ല ഉമ്മ. ഞാനും ചോദിച്ചു കല്യാണംകഴിഞ്ഞോ എന്ന്…
ആയ്ഷ ഉമ്മയുടെ മുത്തച്ഛൻ നെഹ്രുവിന്റെ കാലത്ത് എംപി ഒക്കെ ആയിരുന്നു. എന്തോ ഒരു പേരു പറഞ്ഞ് അറിയുമോ എന്നു ചോദിച്ചു, അങ്ങേര് എന്തോ സംഭവം ആയിരുന്നു. ഞാനാപേരു കേട്ടിട്ടു പോലുമില്ലായിരുന്നു. ആയ്ഷ ഉമ്മയുടെ അയൽവാസി സുനിതയും ആഷിക്കും അവന്റെ ഭാര്യയും പിന്നൊരു മോളും ആയിരുന്നു മൗല അലി ദർഗയിലേക്ക് വന്നത്. ചടങ്ങുകൾ രസകരമായിരുന്നു.അയ്യപ്പനു തേങ്ങ ഉടയ്ക്കുന്നതു പോലെ തേങ്ങ ഉടക്കൽ പരിപാടിയൊക്കെ ഉണ്ടവിടെ. ഞാൻ ഫോട്ടോസ് ഒക്കെയും എടുത്തിരുന്നു.