Skip to main content

ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

Pullikkarimkali mugathezhuthu makeup chayilyam, ,manayola, chenchalyam
പുള്ളിക്കരിങ്കാളി മുഖത്തെഴുത്ത്. ചിത്രം: ഷാജി മുള്ളൂർ

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം.

Muthappan theyyan makeup kasaragod,chayilyam ,manayola, chenchalyam
തെയ്യാട്ടത്തിനൊരുങ്ങുന്ന മുത്തപ്പൻ തെയ്യം വെള്ളാട്ടം

ചായില്യം
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്.

മനയോല
കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല.

Mughathezhuthu vettakkorumakan theyyam, chayilyam,manayola, chenchalyam
മുഖത്തെഴുത്ത് വേട്ടയ്ക്കൊരുമകൻ തെയ്യം. ചിത്രം: ബാബുരാജ് പി എം

ചെഞ്ചല്യം
മരങ്ങളിൽ ഔഷുധഗുണമുണ്ടെന്നു കരുതുന്ന ഒരു വന്മരമാണ് മരുത്. തൊട്ടാൽ പൊള്ളൽ വീഴുന്ന ചേരൽ മരത്തിന്റെ കറയെങ്ങാനും അറീയാതെ ദേഹത്തായാൽ ഒരു പദ്യശകലം ചൊല്ലി മരുതുമരത്തിന്റെ വലം വെയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു കാസർഗോഡ് മലയോരങ്ങളിൽ. അതിൽ ശ്രദ്ധിക്കപ്പെട്ടത് തന്നിമരമായിരുന്നു. “ചേരലും മാമനെ തൊട്ടെന്നാൽ; താന്നിമാമന്റെ കുമ്പിടണം“ എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു അവിടങ്ങളിൽ. വിഷയം മാറ്റുന്നില്ല – വൃക്ഷാരാധനയും വൃക്ഷപൂജയും ഒന്നും പണ്ട് വല്യ കാര്യാമായിരുന്നില്ലല്ലോ, ഇതിനായി കാവുകൾ വരെ നിലനിർത്തിയ സമൂഹമല്ലേ നമ്മുടേത് 🙂

മരുതു മരത്തിന്റെ പശയാണ് ചെഞ്ചല്യം എന്നത്. ചായില്യത്തോടും മനയോലയോടും ഇത് വേണ്ടവിധത്തിൽ ചേർത്താണ് മുഖത്തെഴുത്ത് നടത്തി വന്നിരുന്നത്. ചായില്യത്തോടുള്ള സാമ്യം പേരിലേ ഉള്ളൂ; എങ്കിലും മുഖത്തെഴുത്തിൽ പ്രധാനി തന്നെ. അലറിവിളിച്ച് ഉറഞ്ഞാടുകയും തീകൂട്ടിയുള്ള നിരുപ്പിൽ തുള്ളുകയും ചെയ്യുന്ന തെയ്യത്തിന്റെ മുഖത്തെഴുത്ത് വിയർപ്പിലും ചൂടിലും ഒന്നും ഇളകി പോവരുതല്ലോ. ഈ പശ, അതാത് നിറങ്ങൾക്ക് നല്ല തിളക്കം നൽകാനും ഉപകരിക്കുന്നു. ചായില്യവും മനയോലയും പകരമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമൊക്കെ മുഖചർമ്മത്തിനു ചിലപ്പോൾ കേടുപാടുകൾ വരുത്തിയേക്കാം. അതിൽ നിന്നുമുള്ളൊരു സുരക്ഷ കൂടിയാണിതിന്റെ ഉപയോഗം എന്നു കരുതിവരുന്നു. സംസ്കൃതത്തിൽ ഇതിനെ അഗ്നിവല്ലഭ എന്നാണറിയപ്പെടുന്നത്.

Muthappan theyyam parashinikkadavu vellattam
വേഷമണിച്ച മുത്തപ്പൻ തെയ്യം വെള്ളാട്ടം

വടക്കേ മലബാറിലെ മലയോരങ്ങളിൽ കണ്ടുവന്നിരുന്ന ചില കാര്യങ്ങളെ പറ്റിയും ഇടയിൽ പറഞ്ഞുപോയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയങ്ങു പോകുന്നുണ്ടെങ്കിലും കെമിക്കലുകൾ വന്ന് മിക്ക സാധനങ്ങൾക്കും പകരം വെച്ചു തുടങ്ങിയത് കണേണ്ടതാണ്. പഴമയുടെ തനിമ പോകുന്നു എന്നുപറയാമെങ്കിലും ഇവയുടെ ലഭ്യതകുറവും, അവ കണ്ടെത്താൻ ആൾക്കാർക്ക് സമയമില്ലാത്ത തെരക്കുപിടിച്ച ജീവിതരീതിയും ഒക്കെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഴയ അനുഷ്ടാനങ്ങളോ ആചാരങ്ങളോ ഒക്കെ ആയിരുന്നവയാണ് തെയ്യമൊക്കെ. ഇന്ന് ആ നിലവിട്ട് ഒരു കലാരൂപം എന്നതിലേക്ക് മാറി വന്നുട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ, ഇതുപോലുള്ള പഴമയെ മാറ്റിയെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ തന്നെയാണിവ. അനുഷ്ടാനം എന്ന നിലവിട്ടുതന്നെ കലാരൂപം എന്ന രീതിയിൽ ഇവ അതേപടി നിലനിർത്തിക്കൊണ്ടുപോകാൻ പറ്റിയാൽ നല്ലൊരു അനുഭവം തന്നെയാവും തെയ്യങ്ങളൊക്കെയും.

കൂടെ ഒന്നുകൂടി പറയട്ടെ, ഈ സൈറ്റിന് ചായില്യം.കോം എന്ന പേരു വന്നതുതന്നെ മുകളിൽ പറഞ്ഞ പ്രകൃതിദത്ത വർണ്ണത്തിന്റെ അകമ്പടിയോടെയാണ്. ആസുരതാളമെന്നാൽ പ്രധാനമായും ചെണ്ടകൊട്ടിനെ പറയുന്നൊരു പേരാണ്. ചെണ്ട എന്നത് തെയ്യം കലാരൂപത്തിന്റെ പ്രധാന വാദ്യോപകരണം തന്നെയാണ്. ചെണ്ടകൊട്ടി പാടുന്ന തോറ്റം പാട്ടുപോലെ തന്നെ ഒരു ആമുഖക്കുറിപ്പായി തുടങ്ങിയതാണ് ഒരിക്കൽ ചായില്യം എന്ന ഈ വെബ്സൈറ്റും. തോറ്റം പാട്ടിന്റെ നാന്ദികുറിപ്പായാണ് തെയ്യം ഉറഞ്ഞു തുള്ളുന്നത്. മിക്കവെള്ളാട്ടങ്ങളുടേയും സ്വരച്ചേർച്ച കൂടിയാണ് തോറ്റം പാട്ടുകൾ. തെയ്യത്തെ ഉറഞ്ഞാടാൻ പ്രേരിപ്പിക്കുന്ന തോറ്റം പാട്ടുകൾ നല്ലൊരു ചരിത്രാഖ്യായിക കൂടിയാണ്. സവർണസംഹിതയായ കഥമാറ്റിയെഴുത്തുകൾക്ക് മിക്ക പഴഞ്ചൻ തോറ്റം പാട്ടുകളേയും തിരുത്തിയെഴുതാൻ പറ്റിയിരുന്നില്ല – കൂട്ടിച്ചേർക്കലുകൾ വളരെ കുറവാണെങ്കിലും പഴമ വിളിച്ചോതുന്ന തോറ്റം പാട്ടുകൾ അവർണ്യമായൊരു പാഠ്യവിഷയം കൂടിയാണ്. ആസുരതാളങ്ങൾക്കൊരാമുഖം എന്ന ക്യാപ്ഷൻ വെബ്സൈറ്റിൽ കൊടുത്തതുതന്നെ ഇങ്ങനെയൊരു തോറ്റം പാട്ടിനായി മാത്രമായിരുന്നു.

കൂടുതൽ തെയ്യങ്ങളെ പറ്റിയറിയാൽ ഈ പേജിലേക്ക് പോവുക

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights