വടക്കേ മലബാറിൽ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങളിൽ പ്രദാനപ്പെട്ടൊരു തെയ്യമാണു ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണു ഗളിഞ്ചൻ തെയ്യം. കാസർഗോഡ് ജില്ലയിൽ ഈ സമുദായക്കാർ ഉള്ള സ്ഥലങ്ങളിലും, കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നുണ്ട്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർത്ഥ സമുദായപ്പേര്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കിടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.
നളിക്കത്തായക്കാരുടെ ഗളിഞ്ചൻ തെയ്യം ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു. പൊതുവേ, കർക്കിടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ഇറങ്ങിത്തുടങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ തോറ്റം പാട്ടുമായി ചെണ്ടയും കൊട്ടി കൂടെ കാണും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ മുറ്റങ്ങളിൽ ഉറഞ്ഞാടുകയാണു പതിവ്. അപ്പോൾ, വീട്ടിലുള്ള മുതിർന്ന സ്ത്രീ ഗുരിശി ഉഴിയുന്നു. വേടൻ എന്ന കർക്കിടക തെയ്യം കെട്ടുന്നത് മലയ സമുദായക്കാരും വേടത്തിത്തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ തെയ്യം നളിക്കത്തായക്കാരുടേതും ആണ്.
ഗളിഞ്ചൻ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ നളിക്കത്തായ സമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.
ഐതിഹ്യം
പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കിടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം.
വണ്ണാൻ സമുദായക്കാരുടെ വേടത്തി ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം നടത്തണമെന്നായിരുന്നു വിശ്വാസം. നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നും പറയുന്നുണ്ട്. തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു. ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം. മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.
മലയൻ സമുദായക്കാരുടെ ആടിവേടൻ തെയ്യവും (ശിവൻ), വണ്ണാൻ സമുദായക്കാരുടെ വേടത്തി (പാർവതി), കോപ്പാളസമുദായക്കാരുടെ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമായാണ് ഇവിടങ്ങളിലെ പ്രധാന കർക്കിടകതെയ്യങ്ങൾ. ഗ്രാമവഴികളിലൂടെ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തന്നെയാണു തെയ്യക്കോലമണിയുന്നത്. വീട്ടുകാരുടെ അനുവാദംതേടിയ ശേഷമാണ് തെയ്യം ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുക.
ഗുരിശി
തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. തളികയിലുള്ള വെള്ളത്തെ ‘ഗുരിശി’ എന്നറിയപ്പെടുന്നു. കർക്കിടകത്തെയ്യങ്ങൾക്കൊക്കെയും വ്യത്യസ്തമായ ഗുരിശിയാണ് വേണ്ടത്. എല്ലാവരും ഇപ്പോൾ ഗുരിശി ഉഴിഞ്ഞു മറിക്കുന്ന രീതി ചെയ്യുന്നില്ല. പഴമ്മക്കാരുള്ള വീട്ടിൽ ഓർമ്മയോടു കൂടി അവരതു ചെയ്യാറുണ്ട്. മലയസമുദായ തെയ്യമെത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായതെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായതെയ്യമെത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കിടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം. ഇക്കുറി കനത്തമഴയില്‍ പാടവും തോടുമെല്ലാം നിറഞ്ഞതോടെ മുതിര്‍ന്നവരുടെ തോളിലേറിയാണ് പലപ്പോഴും തെയ്യക്കോലമണിയുന്ന കുട്ടിയുടെ യാത്ര.
ആചാരം ഇന്ന്
ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചടങ്ങുകളാണ് ഇവ. ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നുണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ടുതിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾതോറും, ചെണ്ട കൊട്ടിയുള്ള കർക്കിടകത്തെയ്യങ്ങളുടെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു. പഴമക്കാർ വീടു വിട്ടിറങ്ങിയതോടെ ഗുരുശിയും വിസ്മൃതിയിലേക്ക് മറയുന്നു. കുഞ്ഞുങ്ങൾക്ക് കണ്ണുതട്ടിയുള്ള ദോഷം മാറ്റാനും ഗുരുശിയുഴിഞ്ഞു മറിക്കുന്ന ചടങ്ങുകൾ മലബാറിൽ പലയിടങ്ങളിലും ഇന്നും കണ്ടു വരുന്നുണ്ട്.
കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ കർക്കിടകതെയ്യങ്ങൾ ഓരോ പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപം കൂടിയാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.
കർക്കിടകമാസം വീടുകൾതോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും ഗളിഞ്ചനും മറ്റും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ കോപ്പാളന്മാരും കർക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.