തകര്‍ന്ന സ്വപ്നത്തോടെ
വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍
പടര്‍ന്ന നിഴലുകളോടെ
ഗൌതമമുനിയുടെ മുന്നില്‍ വാടിയ
കൈതപ്പൂവിതള്‍ പോലെ
അഹല്യ നിന്നൂ പിടയും കരളില്‍
പാപച്ചുമടുകളോടെ.
സുരലോകത്തില്‍ സുന്ദരിമാരുടെ
മടിയിലുറങ്ങിയ ദേവന്‍
പൂവന്‍ കോഴി ചമഞ്ഞീയാശ്രമ-
വാടിയിലെങ്ങോ കൂവി.
കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി-
ക്കുളിച്ചു കയറാനായി
മുനിപോയതു കണ്ടപ്പോള്‍ വന്നൂ
തനിയേ നീയെന്‍ ചാരെ.
നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍
മന്മഥ! ഞാനും നീയും
മായിക വൃന്ദാവനസീമകളില്‍
രധാമാധവമാടി.
തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി-
ക്കഴിഞ്ഞു നീ പോകുമ്പോള്‍
വരുന്നു മുന്നില്‍ക്കുലപതിയെല്ലാ-
മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു.
മുനികോപത്താല്‍ വന്നു കിടപ്പൂ
ശിലയായ് ഞാനീക്കാട്ടില്‍.
കണ്ടാലറിയാതെന്നെ മറന്നൂ
പ്രഭാതസന്ധ്യകള്‍ പോലും.
പ്രപഞ്ചസത്യാന്വേഷികള്‍ താപസ-
രലഞ്ഞ താഴ്വരയിങ്കല്‍
ഒരിറ്റുദാഹജലത്തിനുവേണ്ടി
കൊതിച്ചതെന്‍ പിഴയായി.
മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍
കരളിന്‍ ചെപ്പിലെ ദുഃഖം.
എവിടെപ്പോയ് നീയെന്നത്മാവില്‍
തിരികള്‍ കൊളുത്തിയ ദേവ!
ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ-
ന്നൊടുവില്‍ ത്തന്നൂ മോക്ഷം:
ദശരഥരാജകുമാരന്‍ രാമന്‍
നിനക്കു നല്കും ജീവന്‍.
വശ്വാമിത്രനുമൊത്തീവഴിയവ-
നെത്തുമയോദ്ധ്യയില്‍ നിന്നും.
യുഗങ്ങളായ് ഞാനീവനഭൂമിയില്‍
ഹൃദയമിടിപ്പുമൊതുക്കി
അകലത്തെങ്ങോ പതിയും നിന്‍ പദ-
പതനം കാത്തു കിടക്കേ
കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍
നീന്തി വരുന്നൂ വീണ്ടും:
മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ
വനത്തില്‍ വാഴും കാലം
ചിലങ്ക കെട്ടിയ മേനക വന്നു
തപസ്സിളക്കാനായി.
അടഞ്ഞ മിഴികള്‍ തുറന്നു; താപസ-
കരവലയത്തിലൊതുങ്ങി
മണ്ണും വിണ്ണും മറന്നു മേനക
തളര്‍ന്നു മടിയില്‍ വീണു.
വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി-
ലലിഞ്ഞു കുങ്കുമഗോപി.
അവളുടെ മാറില്‍ തംബുരു മീട്ടി
മഹര്‍ഷിയിങ്ങനെ പാടി:
തപസ്സെനിക്കിനി നാളേ; നമ്മള്‍
പകുത്തെടുക്കുക സ്വര്‍ഗ്ഗം.
ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി-
ക്കരിഞ്ഞടങ്ങിയ കാലം.
നരച്ച മാറില്‍ വിരലുകളോടി-
ച്ചൊരു ചെറു പുഞ്ചിരിയോടെ
പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു
കനിഞ്ഞനുഗ്രഹമേകൂ.
തീയായ് മാറീ കണ്ണൂകള്‍; മാമുനി
കോപം കൊണ്ടു വിറച്ചു.
പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ
തപസ്സിളക്കിയ പെണ്ണേ!
കടന്നു പോകൂ വെണ്ണീറായി-
ക്കരിഞ്ഞു വീഴേണ്ടെങ്കില്‍.
ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി
മഹര്‍ഷി നില്പ്പതു കാണ്‍കേ
കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍
തനിയേ വിട്ടവള്‍ പോയി.
ചമതക്കെട്ടുകള്‍ തേടി
വിശ്വാമിത്രന്‍ പോയി; മാലിനി
പിന്നെയുമൊഴുകിപ്പോയി.
ശകുന്തവൃന്ദം തേനും പഴവും
നിനക്കു തന്നു വളര്‍ത്തി.
അച്ഛനുമമ്മയുമില്ലാതേ മുനി-
കന്യകയായ് നീ വാണു.
കണ്വനു നീ പ്രിയ മാനസപുത്രി
കണ്‍മണിയായി വളര്‍ന്നു.
കാനന വള്ളിക്കുടിലില്‍, വല്ക്കല-
മൂരിയ മാറിന്‍ ചൂടില്‍
തുളുമ്പുമാ യുവസൌന്ദര്യത്തില്‍
അലിഞ്ഞു പാടീ ദുഷ്യന്തന്‍:
വലിച്ചു ദൂരേയ്ക്കെറിയാം ഞാനെന്‍
മണിക്കിരീടം പോലും.
എനിക്കു വേണ്ടിത്തരുമോ നീയീ
മധുരം മുന്തിരിയധരം?
അവളെപ്പോലും ദര്‍വസാവെ-
ന്നൊരു മുനി വന്നു ശപിച്ചു.
ഇവര്‍ക്കു ശാപം കളിയാണത്രേ
ജപിച്ചു നല്‍കും മോക്ഷം!
പിരിഞ്ഞു പോകാനറിയാതവിടെ
നിറഞ്ഞ കണ്ണുകളോടെ
തളര്‍ന്നു നീ വനജ്യോത്സ്നയെ നോക്കി
തിരിഞ്ഞു നിന്നൂ വീണ്ടും.
അരികേ വന്നൂ ദീര്‍ഘാപാംഗന്‍
ഉല്‍ക്കണ്ഠാകുലനായി
എവിടേയ്‌ക്കാണെന്നറിയാതങ്ങിനെ
മുട്ടിയുരുമ്മിക്കൊണ്ടേ.
ഓര്‍മ്മകള്‍ നീറിപ്പടരേ, നിന്‍പ്രിയ-
തോഴികള്‍ വിങ്ങിപ്പോകെ
കണ്വന്‍ നന്മകള്‍ നേര്‍ന്നു നിനക്കായ്
ഗദ്ഗദ കണ്ഠത്തോടെ.
കൊട്ടാരത്തിന്‍ ഗോപുര വാതില്‍
കൊട്ടിയടച്ചതു നേരം
കണ്ണീരൊപ്പാന്‍, മകളെക്കാണാന്‍
വന്നതു മേനക മാത്രം.
ശകുന്തളേ! ഞാനറിയും നിന്നെ
നമുക്കു ദുഃഖം തുല്യം
മഹര്‍ഷിമാരുടെ ശാപം മൂലം
നമുക്കു ദുഃഖം സത്യം
ജന്മാന്തരപാപത്താലാണോ
നമുക്കു ദുഃഖം നിത്യം?
ഇവിടെക്കാണും പനിനീരലരുകള്‍
വിടര്‍ന്നു വാടിപ്പോയി.
മധുരം നുള്ളിത്തന്നൊരു സ്വപ്ന-
സ്മരണകള്‍ മാഞ്ഞേ പോയി.
എങ്കിലുമിന്നും രാജകുമാരാ!
നിന്നാഗമനം നോക്കി
മനസ്സിനുള്ളില്‍, പൂജാമുറിയില്‍
കൊളുത്തി ഞാനീ ദീപം.
നിന്‍ പദതാരുകള്‍ പതിയുമ്പോളീ-
ത്തണുത്ത ശിലയില്‍ നിന്നും
അഹല്യ വീണ്ടുമുയര്‍ത്തെഴുനേല്ക്കും
പുതിയൊരു ജന്മം നേടും.
കവിളില്‍ ശോണിമ കാണും, എന്‍കട-
മിഴിയില്‍ സ്വപ്നം കാണും.
മുനിയാരൂപം കണ്ടുനുണഞ്ഞൊളി-
കണ്ണുകളാലേ പാടും:
നിനക്കു മംഗളമോതുന്നൂ ഞാന്‍
നമുക്കു വീണ്ടും കാണാം.
കണ്ടിട്ടുണ്ടേ ഞനീക്കാവി-
പ്പുതപ്പുകാരെപ്പണ്ടേ.
കേട്ടിട്ടുണ്ടേ പുരികക്കൊടി തന്‍
ഞാണൊലി കാട്ടില്‍ പ്പണ്ടേ.
മനുഷ്യഗന്ധക്കൊതി തീരാതെ
വിശന്ന കണ്ണുകളോടെ
നരച്ച താടി തലോടിക്കൊണ്ടാ-
മുനി നില്‍ക്കുന്നതു കാണ്‍കേ
അറിയാതിങ്ങ്നെ ഞാന്‍ ചോദിക്കും:
മകള്‍ക്കു സുഖമാണല്ലോ?
ഇവര്‍ക്കു ചൂടും കുളിരും പകരാന്‍
എനിക്കു നല്‍കും ജന്മം
തിരിച്ചെടുക്കൂ; ശിലയായെന്‍ സുഖ-
സുഷുപ്തിയില്‍ ഞാന്‍ കഴിയാം.
ആലാപനം: “