Skip to main content

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

1

സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.

2
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.

3
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല, പോന്ന-
വിടെത്താന്‍ തനിയേയിരിപ്പതും.

4
പുളകങ്ങള്‍ കയത്തിലാമ്പലാല്‍
തെളിയിക്കും തമസാസമീരനില്‍
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.

5
വനമുല്ലയില്‍ നിന്നു വായുവിന്‍ –
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ

6
പരിശോഭകലര്‍ന്നിതപ്പൊഴാ-
പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോല്‍.

7
ഉടല്‍മൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍
വിടപങ്ങളൊടൊത്ത കൈകള്‍തന്‍
തുടമേല്‍‌വെച്ചുമിരുന്നു സുന്ദരി.

8
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകള്‍,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.

9
അലസാംഗി നിവര്‍ന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നല്‍ മാതിരി.

10
നിലയെന്നിയെ ദേവിയാള്‍ക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടല്‍
പലഭാവമണച്ചു മെല്ലെ നിര്‍-
മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.

11
ഉഴലും മനതാരടുക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.

12
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാര്‍ക്കുമേ

13
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍ ,

14
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍
അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.

15
അഴലേകിയ വേനല്‍ പോമുടന്‍
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാര്‍ന്നു പൂത്തിടും

16
അഴലിന്നു മൃഗാദി ജന്തുവില്‍
പഴുതേറീടിലു, മെത്തിയാല്‍ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താ‍ര്‍ത്തി മനുഷ്യനേ വരൂ.

17
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍;
നിഴലിന്‍‌വഴി പൈതല്‍‌പോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.

18
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടന്‍
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.

19
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങള്‍ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തില്‍ പ്രതിശബ്ദമെന്നപോല്‍.

20
ക്ഷണമാത്രവിയോഗമുള്‍ത്തടം
വ്രണമാ‍ക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.

21
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാല്‍
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കള്‍ വെടിഞ്ഞ കൂടു പോല്‍

22
ഉദയാസ്തമയങ്ങളെന്നി,യെന്‍-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിര്‍വീശി വിളങ്ങിനിന്ന വെണ്‍-
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.

23
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാല്‍
അഴല്‍‌പോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാല്‍.

24
സ്വയമന്നുടല്‍ വിട്ടിടാതെ ഞാന്‍
ദയയാല്‍ ഗര്‍ഭഭരം ചുമക്കയാല്‍
പ്രിയചേഷ്ടകളാലെനിക്കു നിഷ്‌-
ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.

25
കരളിന്നിരുള്‍ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവര്‍
നരജീവിതമായ വേദന-
യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍.

26
സ്ഫുടതാരകള്‍ കൂരിരുട്ടിലു-
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.

27
പരമിന്നതുപാര്‍ക്കിലില്ല താന്‍
സ്ഥിരവൈരം നിയതിക്കു ജന്തുവില്‍
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍.

28
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ

29
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.

30
വിനയാര്‍ന്ന സുഖം കൊതിക്കയി-
ല്ലിനിമേല്‍ ഞാന്‍ – അസുഖം വരിക്കുവന്‍;
മനമല്ലല്‍കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വ്വിധി.

31
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.

32
പിരിയാത്ത ശുഭാശുഭങ്ങളാര്‍-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തില്‍ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോല്‍

33
നിലയറ്റ സുഖാസുഖങ്ങളാ-
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പൊള്‍ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.

34
അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാല്‍
വിരവോടുന്തിവിടുന്നു തന്നെയാം.

35
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടും
കനിവാര്‍ന്നു പിടിച്ചിണക്കുവാന്‍
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.

36
സ്ഫുടമാക്കിയിതെന്നെ മന്നവന്‍
വെടിവാന്‍ നല്‍കിയൊരാജ്ഞ ലക്ഷ്മണന്‍
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാന്‍.

37
മൃതിവേണ്ടുകിലും സ്വഹത്യയാല്‍
പതിയാതായ് മതി ഗര്‍ഭചിന്തയാല്‍
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാര്‍ന്ന തഴമ്പിലേറ്റ ഞാന്‍

38
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെന്‍ –
മതിയുന്മാദവുമാര്‍ന്നതില്ല! ഞാന്‍
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാന്‍ കൊതിക്കിലും

39
ഒരുവേളയിരട്ടിയാര്‍ത്തിതാന്‍
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാര്‍ന്നു വാഴ്വിലും
മരണം നല്ലു മനുഷ്യനോര്‍ക്കുകില്‍

40
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാന്‍
വനവായുവില്‍ വിണ്ട വേണുപോല്‍
തനിയേ നിന്നു പുലമ്പുവാനുമേ.

41
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സല്‍-
ഗുരുവും, മര്‍ത്ത്യനു വേറെയില്ലതാന്‍

42
മൃതിതേടിയഘത്തില്‍ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാല്‍ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.

43
അരുതോര്‍പ്പതിനിന്നു കാര്‍നിറ-
ഞ്ഞിരുളാമെന്‍ ഹൃദയാങ്കണങ്ങളില്‍
ഉരുചിന്തകള്‍ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയല്‍ കണക്കെ മേല്‍ക്കുമേല്‍.

44
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലിപോല്‍.

45
പുരികം പുഴുപോല്‍ പിടഞ്ഞകം
ഞെരിയും തന്‍‌തല താങ്ങി കൈകളാല്‍
പിരിവാനരുതാഞ്ഞു കണ്ണുനീര്‍-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാന്‍

46
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെന്‍
ഹൃദയം വിട്ടഴല്‍ പാതി പോയിതേ.

47
വനപത്തനഭേദചിന്തവി-
ട്ടനഘന്‍ ഞങ്ങളൊടൊത്തു വാണു നീ
വിനയാര്‍ദ്രമെനിക്കു കേവലം
നിനയായ്‌വാന്‍ പണി തമ്പി! നിന്മുഖം.

48
ഗിരികാനനഭംഗി ഞങ്ങള്‍ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാള്‍
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാല്‍.

49
കടുവാക്കുകള്‍ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാന്‍ തരമായ് മറിച്ചുമേ;
കുടിലം കര്‍മ്മവിപാകമോര്‍ക്കുകില്‍.

50
കനിവാര്‍ന്നനുജാ! പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളിവാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ.

0 0 votes
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
സാനു എൻ
6 years ago

ഇതിന്റെ ബാക്കിയെന്തേ?


1
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights