ഒക്ടോബര്‍ 9 -നാണ് ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നത്. അന്തർദേശീയ തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്. നീണ്ട ഒരു ചരിത്രമുണ്ട് നമ്മുടെ തപാൽ സംവിധാനത്തിന്. ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നുവെന്നു കാണാനാവും. ഉച്ചത്തിൽ വിളിച്ചുപറഞ്ഞും പെരുമ്പറകൾ കൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയ ഒരു കാലമുണ്ട് നമുക്ക്! അതിനും മുമ്പ് തിരക്കുള്ള ശിലാഫലകങ്ങളായും ചെപ്പേടുകളായും എഴുതിവെച്ച കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ തന്നെ തിരുശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നു!! പക്ഷികളേയും മൃഗങ്ങളേയും ഈ രംഗത്ത് ഉപയോഗിച്ചിരുന്നു നമ്മുടെ പൂർവികർ. അഞ്ചലോട്ടക്കാരന്റെ മണിയടി കേട്ടുണർന്ന നാട്ടിൻപുറങ്ങൾ നമുക്കുണ്ട്. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്.
തപാല്‍ സര്‍വീസ് ലോകത്ത് ആരംഭിച്ചത് ബി.സി. 1580-ാമാണ്ടിനടുത്ത് പ്രാചീന ഈജിപ്തിലാണ്. എഴുത്ത്, വ്യാപാരം എന്നി വയുടെ വികാസവും നഗരങ്ങള്‍, സാമ്രാജ്യങ്ങള്‍ എന്നിവയുടെ രൂപീകരണവുമാണ് പ്രാചീനകാലത്ത് തപാല്‍ സര്‍വീസിന് പ്രേരകമായത്. സന്ദേശവാഹകരെ ഉപയോഗിച്ചുകൊണ്ടുള്ള തപാല്‍ സംവിധാനമാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത്. നഗരങ്ങളുടെ വ്യാപാര-വാണിജ്യ സാമഗ്രികളും സാമ്രാജ്യങ്ങളുടെ ഭരണപരവും സൈനികവുമായ വിവരങ്ങളും കൈമാറുന്നതിനുള്ള സങ്കേതമെന്ന നിലയ്ക്കാണ് സന്ദേശവാഹക സംഘങ്ങള്‍ക്കു രൂപം നല്കിയത്.
ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള തപാല്‍ സര്‍വീസ്
പ്രാചീനകാലത്തെ ഏറ്റവും സംഘടിതമായ തപാല്‍ സംവിധാനത്തിനു രൂപം നല്കിയത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയസ് ആയിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രം മുതല്‍ ഇന്ത്യവരെ വ്യാപിച്ചു കിടന്ന ഈ സാമ്രാജ്യത്തില്‍, സൈനികരേയും പടക്കുതിരകളേയും വിവിധ കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്തിക്കുന്ന തിനുവേണ്ടി സംഭരണകേന്ദ്രങ്ങളും പാളയങ്ങളും സ്ഥാപിച്ചിരുന്നു. പേര്‍ഷ്യന്‍ സന്ദേശവാഹകരുടെ അദ്ഭുതകരമായ സഞ്ചാരവേഗത്തെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് സൂചിപ്പിച്ചിട്ടുണ്ട്. റോമാസാമ്രാജ്യത്തിന്റെ ഭരണകാലത്ത് ഈ പേര്‍ഷ്യന്‍ വാര്‍ത്താവിനിമയ സമ്പ്രദായത്തില്‍ ഒട്ടേറെ നവീകരണങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. തപാലുരുപ്പടികളുടെ കൈമാറ്റം സുഗമമാക്കുന്നതിനുവേണ്ടി റോമാക്കാരാണ് ‘പോസ്റ്റു’കള്‍ സ്ഥാപിച്ചത്. ഇടത്താവളം എന്നർത്ഥം വരുന്ന പോസിറ്റസ് എന്ന പദത്തില്‍ നിന്നാണ് പോസ്റ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. യൂറോപ്പിലെ തപാല്‍ സര്‍വീസിന്റെ ചരിത്രം, യൂറോപ്യന്‍ സംസ്കാരങ്ങളുടേയും സാമ്രാജ്യങ്ങളുടേയും വൃദ്ധിക്ഷയങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന്, യൂറോപ്യന്‍ തപാല്‍ സര്‍വീസ് ക്ഷയിക്കുകയാണുണ്ടായത്.
ഏഷ്യയിലെ തപാല്‍ സര്‍വീസിന്റെ ചരിത്രത്തില്‍ പ്രഥമഗണ നീയമായിട്ടുള്ള രാജ്യം ചൈനയാണ്. 30,000 കുതിരകളുള്ള ഒരു സന്ദേശവാഹന സംവിധാനം കുബ്ളാഖാനുണ്ടായിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്. 25-30 മൈലുകള്‍ ഇടവിട്ട് ഇടത്താവളങ്ങളും നിര്‍മിച്ചിരുന്നു. 14 ആം ശതകത്തില്‍ യൂറോപ്പില്‍ നവോത്ഥാനമുണ്ടായതിനെത്തുടര്‍ന്ന് കൂടുതല്‍ കാര്യക്ഷമമായ വാര്‍ത്താവിനിമയ സംവിധാനം ആവശ്യമായിത്തീര്‍ന്നു. ക്രൈസ്തവാശ്രമങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയൊക്കെ സ്വന്തം തപാല്‍ സംവിധാനങ്ങള്‍ക്കു രൂപം നല്കി. പാരിസ് സര്‍വകലാശാലയും ഹന്‍സിയാറ്റിക് ലീഗ് ഒഫ് മര്‍ച്ചന്റ്സും 13 ആം ശതകത്തില്‍ത്തന്നെ തപാല്‍ സംവിധാനത്തിനു രൂപം നല്കിയിരുന്നു. സ്വകാര്യ തപാല്‍ സര്‍വീസുകളില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്നതും കാര്യക്ഷമതയേറിയതും വോണ്‍ടാക്സിസ് കുടുംബത്തിന്റേതാണ്. 15 ആം ശതകത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ തപാല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള അനുവാദം ഈ കുടുംബം റോമാസാമ്രാജ്യത്തില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. 1860-കളില്‍ ജര്‍മന്‍ ഏകീകരണ പ്രസ്ഥാനത്തിന്റെ കാലം വരെയും യൂറോപ്പിലാകമാനം തപാല്‍ സര്‍വീസുകള്‍ ഈ കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂറോപ്പില്‍ ദേശീയതയുടെ ആവിര്‍ഭാവത്തോടെ സ്വകാര്യ തപാല്‍ സര്‍വീസുകള്‍ ക്ഷയിച്ചു. പുതിയ ദേശീയ രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ സ്വകാര്യ തപാല്‍ സര്‍വീസുകളെ അവിശ്വസിച്ചു. അങ്ങനെയാണ്, ദേശീയ രാഷ്ട്രങ്ങള്‍ ഗവണ്‍മെന്റുടമസ്ഥതയില്‍ത്തന്നെ തപാല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. ചുരുക്കത്തില്‍, ദേശീയ രാഷ്ട്രങ്ങളുടെ പിറവിയോടെയാണ് ആധുനിക തപാല്‍ സര്‍വീസ് ആരംഭിച്ചതെന്നു പറയാം.
ഇന്ത്യയിൽ
1764-ൽ ലോർഡ് ക്ലവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു.1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട് നിലവിൽ വന്നത്.1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര ‘സിന്ധ് ഡാക്ക’ എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ് ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു.ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.
സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ് 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്.ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.
അഞ്ചൽ
സ്വാതന്ത്ര്യാനന്തരഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു. കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികൾ നൽകിയിരുന്നു. തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.ഭാരതത്തിൽ പൊതുവായി തപാൽ സംവിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.
തപാലുരുപ്പടികളുമായി പോകുന്നയാളാണ് അഞ്ചലോട്ടക്കാരൻ. ഒരഗ്രം മുനവാർത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണികെട്ടിയ അരപ്പെട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ഓടണമെന്നാണ് ഉത്തരവ്. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരൻറെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തൂക്കിയാണ് തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. ഇദ്ദേഹം ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടിയിരുന്നു.
ഉത്രം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സർക്കാരിലേക്കയക്കുന്ന ഹരജികളും സർക്കാർ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചൽ വഴി അയക്കാൻ ഉത്തരവായി. പൊതുജനങ്ങൾ കൂടെ അഞ്ചൽ സേവനം ഉപയോഗിച്ചു തുടങ്ങിയതോടെ അഞ്ചൽക്കാരൻ അഞ്ചൽ പിള്ളയായി. 1857-ൽ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറിൽ ആരംഭിച്ചു. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാൻ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്.