എന്താണു സൈബറിടം? പേപ്പറും അച്ചടിമഷിയും ഇല്ലാതെ തങ്ങൾക്കു പറയാനുള്ളത് തുറന്നു പറയുകയും കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പുതുയുഗത്തിന്റെ മാധ്യമമായ ഇന്റെർനെറ്റിലെ സോഷ്യൽ സ്ഥലങ്ങളാണിത്. വിക്കിപീഡിയ, ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ്, ബ്ലോഗർ തുടങ്ങിയ സോഷ്യൽ വെബ്സൈറ്റുകളൊക്കെ അതിൽ പെടുന്നു. നിരവധി ചർച്ചകൾക്ക് നിത്യേന വേദിയാവുന്നുണ്ട് ഇത്തരം സൈബറിടങ്ങൾ. സൈബർ എഴുത്തുകളെ പറ്റി നിരവധി ആക്ഷേപങ്ങൾ നിലവിലുണ്ടെങ്കിൽ അത്തരം ആക്ഷേപങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്നതാണ് ഇതിലെ വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശത്തിന്റെ പിന്നണിപ്രവർത്തകരുടെ കൂട്ടായ്മ.
എന്താണു വിക്കിപീഡിയ? മലയാളത്തിൽ ഇതിനെന്താണു പ്രസക്തി? അതേ, വിക്കിപീഡിയ എന്തെന്ന് പലർക്കും ഇന്നുമറിയില്ല. വേണ്ടത്ര മാധ്യമശ്രദ്ധ വിക്കിപീഡിയയുടെ വളർച്ചയ്ക്ക് കിട്ടിയിട്ടുമില്ല. ലോകത്തിലെ 280 ഭാഷകളിലായി രണ്ടുകോടിയിലധികം വിജ്ഞാനപ്രദമായ ലേഖനങ്ങളുള്ള ഓൺലൈൻ സർവ്വവിജ്ഞാന കോശമാണു വിക്കിപീഡിയ. 40 ലക്ഷത്തോളം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണു മുന്നിൽ. ഓരോ നിമിഷത്തിലും ഇത് തിരുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും ഇരുന്ന് വിക്കിപീഡിയർ ഇതിൽ പുതിയ പുതിയ അറിവുകൾ തുന്നിച്ചേർക്കുന്നു. തികച്ചും സ്വതന്ത്രമായി വിജ്ഞാനം കൈമാറുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സുമനസ്സുകൾ തങ്ങളുടെ സൈബർ സമയങ്ങളെ ഇതിനുവേണ്ടി വിനിയോഗിക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ഓർഗൈനൈസേഷൻ ആണ് എല്ലാ വിക്കിപീഡിയകളേയും സാധ്യമാക്കുന്നത്. ഇതി മലയാളത്തിന് ഗണ്യമായ ഒരു സ്ഥാനമുണ്ട്.ലേഖനങ്ങളുടെ ഗുണനിലവാരമാനദണ്ഡങ്ങൾ എടുത്തുനോക്കിയാൽ ഇന്ത്യൻ വിക്കിപീഡിയകളിൽ ഏറ്റവും മുന്നിൽ നമ്മുടെ കൊച്ചുമലയാളമാണ്. ഏറ്റവും കൂടുതൽ സജീവ വിക്കിപീഡിയർ ഉള്ളതും മലയാളത്തിൽ തന്നെ. ഒരു ലേഖനത്തിന്റെ ഗുണനിലവാരം തീരുമാനിക്കുന്നത് അതിലടങ്ങിയിരിക്കുന്ന വസ്തുതകളുടെ ധാരാളിത്തം നോക്കിയാണ്. 28000 ത്തോളം ലേഖങ്ങൾ ഉള്ള മലയാളം വിക്കിപീഡിയ (http://ml.wikipedia.org) മറ്റ് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾക്ക് മാതൃകയാവുകയാണ്.
വിക്കിപീഡിയ സഹോദരസംരഭങ്ങളായ വിക്കി ഗ്രന്ഥശാല (http://ml.wikisource.org), വിക്കി ചൊല്ലുകൾ (http://ml.wikiquote.org), വിക്കി നിഘണ്ടു (http://ml.wiktionary.org) എന്നിവയും മലയാളത്തിൽ സജീവമാണ്. ഇതിൽ വിക്കിഗ്രന്ഥശാലയിലേക്ക് കേരളത്തിലെ വിവിധ സ്കൂൾ വിദ്യാലയങ്ങളിലെ കുട്ടികളുടെ സംഭാവന എടുത്തു പറയേണ്ടതാണ്. പകർപ്പവകാശമുക്തമായ പുസ്തകങ്ങളുടെ ഡിജിറ്റൈലൈസേഷനും ശേഖരനവുമാണ് വിക്കിഗ്രന്ഥശാലയിലൂടെ നടന്നു വരുന്നത്. കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ പെട്ട 15 ഹൈസ്കൂളിലുകളിലായി പഠിക്കുന്ന കുട്ടികളാണ് മലയാളത്തിലെ ആദ്യമഹാകാവ്യമായ രാമചന്ദ്രവിലാസം വിക്കി ഗ്രന്ഥശാലയ്ക്കു സമ്മാനിച്ചത്. വയനാട് ജില്ലയിലെ കബനിഗിരി നിർമ്മല ഹൈസ്കൂളിലെ കുട്ടികളാണ് മലയാളത്തിലെ ആദ്യനോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിയിലെത്തിച്ചത്. ഒരു കൂട്ടം പ്രൈമറി വിദ്യാർത്ഥികളാണ് കെ. സി. കേശവപ്പിള്ളയുടെ കേശവീയം വിക്കിഗ്രന്ഥശാലയിൽ എത്തിച്ചത്. ആശാന്റെ കാവ്യങ്ങൾ, ചങ്ങമ്പുഴകൃതികൾ, മലയാളം ബൈബിൾ, ഐതിഹ്യമാല തുടങ്ങി നിരവധി കൃതികൾ വിക്കി ഗ്രന്ഥശാലയിലുണ്ട്
ഡിസംബർ 21 ന് മലയാളം വിക്കിപീഡിയ അതിന്റെ പത്തുവർഷങ്ങൾ തികയ്ക്കുകയാണ്. വളരെ പതുക്കെയായിരുന്നു വിക്കിപീഡിയയുടെ വളർച്ച. പരസ്യങ്ങളോ മറ്റ് പ്രചാരണ സംവിധാനങ്ങളോ ഒന്നുമില്ലാതെ തന്നെ വിക്കിപീഡിയ ഇന്ന് ലേകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ എത്തിച്ചേരുന്ന ആദ്യത്തെ അഞ്ചു സൈറ്റുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഇന്റർനെറ്റിൽ വിഹരിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഒരിക്കലെങ്കിലും ഇവിടെ എത്തിച്ചേർന്നിരിക്കും. കഴിഞ്ഞ മൂന്നു നാലു വർഷങ്ങളായി കേരളത്തിലും വിക്കിപീഡിയ തരംഗം അലയടിച്ചു തുടങ്ങി. പ്രായഭേദമില്ലാതെ നിരവധിപ്പേർ ഈ സൈബറിടത്തെ തങ്ങളുടെ സ്വകാര്യസ്വത്തെന്നപോലെ കരുതി പരിപാലിക്കാൻ എത്തി. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സായ് ഷണ്മുഖം മുതൽ പട്ടാളത്തിൽ നിന്നും വിരമിച്ച് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ജി. ബാലചന്ദ്രൻ എന്ന ബാബുജി വരെ നീളുന്നുണ്ട് മലയാളം വിക്കിപീഡിയരുടെ വൈവിധ്യത.
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇവരൊക്കെ ഓരോസ്ഥലങ്ങളിലായി ഒന്നിക്കുകയാണ്. പരസ്പരം കാണാതെയും സംസാരിക്കാതെയും വിക്കിപീഡിയ എന്ന വൈജ്ഞാനിക മന്ത്രം മാത്രമുരുവിട്ടു നിന്നിരുന്ന ഇക്കൂട്ടർ പത്താം വാർഷികാഘോഷം വേദിയായി കണ്ട് ഒരുമിക്കുകയാണ്. അങ്ങനെയൊരു കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം പാലയത്തുവയൽ ഗവണ്മെന്റ് സ്കൂളിൽ നടന്നത്. ബാങ്കുദ്യോഗസ്ഥനായ വിനയ് രാജ്, സ്കൂൾ അദ്ധ്യാപരായ ഗഫൂർ മാസ്റ്റർ, പാലയത്തുവയൽ സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ജയരാജൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിക്കിപീയരുടെ സംഗമം. തിരുവനന്തപുരം, മംഗലാപുരം തൃശ്ശൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നൊക്കെയായി വിക്കിപീഡിയർ എത്തിചച്ചേർന്നു. എട്ടാം തീയതി പഴശ്ശിരാജാവിന്റെ സ്മരണകളുറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ നടത്തിയ വിജ്ഞാനയാത്രയും 9 ആം തീയതി കുറിച്യകോളനികളിലൂടെ നടത്തിയ വനയാത്രയും ശ്രദ്ധേയമായിരുന്നു. വനയാത്രയിൽ പ്രമുഖ സസ്യശാസ്ത്ര-ശലഭ പണ്ഡിതനായ ബാലകൃഷ്ണന്‍ വി.സി. നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന മാത്യു സാർ തുടങ്ങിയവരുടെ സാന്നിധ്യം വിക്കിപീഡിയർക്ക് ഏറെ ഗുണം ചെയ്തു. കുറിച്യരുടെ മൂപ്പനായ തെനിയാടൻ കേളപ്പനുമായി വിക്കിപീഡിയർ സംവദിച്ചു.
പത്താം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്, തൃശ്ശൂർ, എണണാകുളം, കൊല്ലം, ബാഗ്ലൂർ എന്നിവിടങ്ങളും വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നുണ്ട്. മലയാളത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാവുകയാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനകുതുകികളായ ഒരു കുട്ടം സുമനസ്സുകളുടെ പ്രയത്നം പുതുതലമുറയ്ക്ക് ഒരു വാഗ്ദാനമായി മാറുകയാണ്.