Skip to main content

വിശുദ്ധൻ

lost love-love nun വിശുദ്ധനും കന്യാസ്ത്രീയും

അവള്‍ കൂടുതല്‍ നാണിച്ചു.
നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു:
“താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
“താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
:-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും


പണ്ടൊരിക്കൽ സ്കൂൾകാലത്തിന്റെ അവസാനത്തിലോ മറ്റോ ഒരു ക്രിസ്ത്യാനിപ്പെണ്ണ് എന്റെ ഓട്ടോഗ്രാഫിൽ ഇങ്ങനെയെഴുതി വെച്ചു: “താമരയിതളിൽ തേൻ തുള്ളി വീഴ്ത്തുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ ഓർക്കുക സോദരാ” എന്ന്. അറിവില്ലായ്മയുടെ മുഖപടമണിഞ്ഞ് ഞാനന്നത് ഏറെ ആഘോഷിച്ചിരുന്നു. അവളോടതിനുശേഷം എനിക്കു പ്രണയയമായിരുന്നു! ദിവാസ്വപ്നങ്ങളിലെ നിത്യസന്ദർശകയായി അവൾ മാറി; തപ്തനിശ്വാസങ്ങളിൽ വിരിയുന്ന സ്വപ്നവസന്തമായി അവൾ വിരിഞ്ഞു നിന്നു! അല്പകാലത്തേക്കായിരുന്നു അതൊക്കെയും, കാരണം അവിടം വിട്ടശേഷം ഞാനവളെ പിന്നീടു കണ്ടതേയില്ല. ഒരു പതിനഞ്ചുവയസ്സിന്റെ പ്രണയമായി എങ്ങോ മൃതിയടഞ്ഞു.

ഏറെ വർഷങ്ങൾക്കു ശേഷം ഇവിടെ ഈ നഗരത്തിരക്കിൽ ഞാനവളെ വീണ്ടും കണ്ടു. അവൾ ഒരു കന്യാസ്ത്രീയായിരിക്കുന്നു. പത്തു ദിവസത്തെ ലീവിനു നാട്ടിലേക്ക് വന്ന് തിരിച്ചു പോകും വഴിയായിരുന്നു അവൾ. ബാംഗ്ലൂർ വഴി അങ്ങനെ വരേണ്ടിവന്നു എന്നു മാത്രം. ഞാനവളോട് പഴയ ഓട്ടോഗ്രാഫിന്റെ കാര്യം വെറുതേ പറഞ്ഞുനോക്കി. ഇങ്ങനെയൊരു വേഷത്തിനു പുറകിലേക്ക് ഉൾവലിഞ്ഞത് ജനസംഖ്യാ വർദ്ധനവിലെ ഭീതിയായിരുന്നോ എന്നു ചോദിച്ചു.

അവളതൊരു കള്ളച്ചിരിയിൽ സുന്ദരമായി ഒതുക്കി; എന്റെ തലയ്ക്കൊരു കിഴുക്കുതന്നിട്ട് എന്നോട് ചേർന്നിരുന്നവൾ പറഞ്ഞു: ‘നിനക്കൊരു മാറ്റവുമില്ല അല്ലേ – ശ്രദ്ധിക്കേണ്ടതു നീയാണ്; ഇനിയങ്ങോട്ട് ശ്രദ്ധിച്ചോളൂ!! എനിക്കിത് ഇന്നു പ്രശ്നമല്ല’

അവൾ ചിരിച്ചുകൊണ്ടേയിരുന്നു… അവളുടെ ചിരിയിൽ വല്ലാത്ത വശ്യത തോന്നി; കണ്ണിൽ എന്തെന്നില്ലാത്ത പ്രത്യാശ ഉറഞ്ഞിരിക്കുന്നു! മെല്ലെമെല്ലെ ആ ചിരി മാഞ്ഞില്ലാതായി! മുട്ടിയടുത്തിരുന്നപ്പോൾ എനിക്കവളോട് പറഞ്ഞറിയിക്കാനാവാത്ത പ്രണയമായിരുന്നു എന്നത് സത്യം. ആ കണ്ണിലെ ആർദ്രത എന്തൊക്കെയോ പറയാതെ പറയുന്നതുപോലെ! അവളുടെ മനസ്സിലെന്തായിരിക്കുമെന്ന് ഊഹിക്കാനാവാതെ ഞാനുഴറി നീങ്ങി… എന്തോ എല്ലാമൊരു തോന്നലാണോ?! മസ്തിഷ്‌കമണ്ഡലത്തിലേക്ക് ഒരു മരവിപ്പ് ഇരച്ചു കയറും പോലെ തോന്നി. വാക്കുകൾ നഷ്ടപ്പെട്ട് ഞാൻ ഉഴറിനടന്നു!
ഏറെ വർഷങ്ങൾക്കു ശേഷം കണ്ടിട്ടും ഒന്നുംതന്നെ പറയാനില്ലാത്തതുപോലെ. എത്രനേരം അങ്ങനെയിരുന്നുവെന്നറിയില്ല; ഒരു ചുടുനിശ്വാസത്തിന്റെ ഇളംചൂട് എന്റെ നെഞ്ചിലേക്കു പടർന്നു കയറി.

അദമ്യമായ ഏതോ മോഹം നൽകിയ നൊമ്പരപ്പാടിൽ നിന്നും അവൾ മെല്ലെ മുക്തയായതുപോലെ തോന്നി. തെന്നിമാറിയ ശിരോവസ്ത്രം നേരെയാക്കിവെച്ചു, “ബസ്സുവരാൻ സമയമായി“ – അവൾ ഉദാസീനതയോടെ മന്ത്രിച്ചു. അല്പനേരത്തിനകം ബസ്സെത്തി. അവളെന്റെ കരം ഗ്രഹിച്ചു; എന്നിനി കാണുമെന്നറിയില്ല; പോകണം – പോയേതീരൂ… വാക്കുകൾക്കെ ഒരു നിരാശാബോധം അടയിരിക്കുന്നതുപോലെയൊരു തോന്നലുണ്ടായി.

നിർത്തിയിട്ടിരുന്ന ബസ്സിനെ ലക്ഷ്യമാക്കി അവൾ മെല്ലെ നടന്നു… ചുവടുവെപ്പുകളെ എണ്ണിയിട്ടെന്നപോലെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടേ ഇരുന്നു. വ്യഥയോടെ റ്റാറ്റ പറയാൻ മനസ്സു മന്ത്രിച്ചിരുന്നു. എങ്കിലും തിരിച്ചു നടക്കുമ്പോൾ മനസ്സിൽ നിന്നാരോ മന്ത്രിക്കുന്നുണ്ടായിരുന്നു:
ചെറ്റയാം വിടന്‍ ഞാനിനിമേലില്‍
കഷ്ടമെങ്ങനെ കണ്ണാടി നോക്കും?’

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights