Skip to main content

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും

 

 

Verified by MonsterInsights