പണ്ടുണ്ടായിരുന്നൊരു ആചാരവും ഇന്ന് അനുഷ്ഠാനത്തിനും ആഘോഷത്തിനും ഇടയിൽ പെട്ട് ശ്വാസം കിട്ടതെ വലയുകയും ചെയ്യുന്നൊരു കലാരൂപമാണു തെയ്യം. ഒരു വേർതിരിവിന്റെ കാലമെന്നു പറയാം. പഴമക്കാർ ഇന്നും കൂപ്പുകൈയ്യോടെ തെയ്യത്തെ കാണുമ്പോൾ പുതുതലമുറ മൊബൈൽ ക്യാമറയുമായി നേരിടുന്ന കാലം. വിദൂരസന്ദർശകർക്ക് ഫോട്ടോഗ്രാഫിയിൽ തന്റെ വൈദഗ്ധ്യം കാണിക്കാനുള്ള നല്ലൊരു അവസരം കൂടിയാണു തെയ്യം കെട്ട്. നെരിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ തീകനൽക്കൂനയും അരയ്ക്കു ചുറ്റും കെട്ടിയ തീപ്പന്തങ്ങളും വളർന്നിരിക്കുന്ന കൂറ്റൻ തിരുമുടിയും ഒക്കെയായി തികഞ്ഞ അഭ്യാസപ്രകടനങ്ങളിൽ മുഴുകിയ കലാകാരനും കാഴ്ച്ചക്കാരനെ ഏറെ ഇഷ്ടത്തിലാക്കുന്നുണ്ട്.
അനുഷ്ഠാനരൂപമായ ഈ കലാരൂപം സാഹസികത കാണിക്കാനുള്ള മാർഗമായി കണ്ട് പുതുമുഖകലാകാരന്മാർ അഴിഞ്ഞാടാറുണ്ട് – പലസ്ഥലത്തും ഇതൊരു കുരുതിക്കളം തന്നെയാവുന്നുമുണ്ട് എന്നത് വേദനാജനകം തന്നെ. കൃത്യമായൊരു ബോധവത്കരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സമുദായങ്ങളെ ഒന്നിപ്പിച്ച് കൊടുക്കേണ്ട കാലം കൂടെയാണിത്. ഗോവിന്ദ ഗോവിന്ദ വിളി നിറഞ്ഞു കേൾക്കുന്ന ക്ഷേത്ര പറമ്പിലൂടെ ഓടുന്ന തെയ്യം ഓരോ തെങ്ങും നോക്കി ചൂട്ടു പിടിച്ച ഭക്തജനങ്ങളെ കൂടെ ഓടി നടക്കുകയും, വിവിധ തെങ്ങ് നോക്കി കയറി തേങ്ങയും ഓലയും അടർത്തിയിട്ടതിനു ശേഷം ബപ്പിരിയൻ തെയ്യം ചില സാഹസികതകളൊക്കെ കാണിക്കാറുണ്ട്. ഈയിടെ കേട്ട അപകടം അങ്ങനെയൊരു സാഹിസികതയിൽ നിന്നും ഉണ്ടായതുഹന്നെയാണ്.
കപ്പലിൽ ഉയർന്നു നിൽക്കുന്ന പാമരത്തിനു മുകളേറി കരഭാഗം എത്താറയോ എന്ന് ആകാംഷയോടെ നോക്കുന്ന മുസ്ലീമതവിശ്വാസിയുമായി ബന്ധപ്പെട്ട തെയ്യമാണ് ബപ്പിരിയൻ തെയ്യം. ഉമ്മച്ചിത്തെയ്യം, ആലിത്തെയ്യം, മാപ്പിളത്തെയ്യം, മാപ്പിള ചാമുണ്ഡി, മുക്രിത്തെയ്യം, ബപ്പിരിയൻ തെയ്യം ഇങ്ങനെ പലതാണു മാപ്പിള തെയ്യങ്ങൾ. സീതയെ അന്വേഷിക്കാൻ പുറപ്പെട്ട ഹനുമാനായാണ് ഈ തെയ്യത്തിന്റെ ഐതീഹ്യം എന്ന പേരിൽ സവർണഹിന്ദൂയിസം കഥകൾ മെനയാൻ വന്നിരുന്നെവെങ്കിലും പഴങ്കഥയെ മാറ്റാൻ പറ്റിയിട്ടില്ലായിരുന്നു. ആര്യവർഗത്തിനും ഏത്രയോ പൂർവ്വികമാണു നമ്മുടെ തെയ്യവിശ്വാസങ്ങൾ. പരശുരാമന്‍ കേരളം മഴുവെറിഞ്ഞ് കണ്ടെടുത്തതാണെന്നല്ലേ ആര്യവിശ്വാസം, പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം കൊടുത്ത കലയാണു തെയ്യം എന്നും കഥകൾ ഉണ്ട്. ആര്യന്‍മാർക്കു മുമ്പേ ഉള്ള കലായിട്ടും, ബ്രാഹ്മണർക്ക് ഇതിനെ തകര്‍ക്കാനോ, നന്നായിട്ട് ഇതിലേക്ക് ഇടപെടാനോപറ്റിയിട്ടില്ല, കാരണങ്ങൾ പലതുണ്ടാവാം, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ മുതല്‍, ചോര, കള്ളടങ്ങിയ മദ്യം, ഇറച്ചി വരെ എത്തി നില്കുന്നുന്ന അല്പം കടന്ന രൂപമായതു കൊണ്ട് ആവാം ബ്രാഹ്മണ്യത്തിനകറ്റി നിർത്തേണ്ടി വന്നതുതന്നെ. നെല്ലു കുത്താന്‍ വന്ന മുസ്ലീം സ്ത്രീ തവിട് തിന്നുന്നത് കണ്ടിട്ട് തല്ലി കൊല്ലുകയും പിന്നീടവർ ഉമ്മച്ചി തെയ്യമായി പുനർജനിക്കുകയും ചെയ്ത കഥയുണ്ട്. മാപ്പിള തെയ്യമായ മമ്മദ്. മുസ്ലീം പണ്ഡിതനായ “ആലിത്തെയ്യം”. നാട്ടുകാരുടെ ഹീറോ, സുപ്രസിദ്ധ കച്ചവടകാരനായ, കടലില്‍ വെച്ച് ശത്രുകളോട് ഏറ്റുമുട്ടി മരണമടഞ്ഞ ബപ്പിരിയൻ തെയ്യം തുടങ്ങി മുതാളിത്തത്തിന്‍റെ ഇരയായ സാധാ സ്ത്രീ മുതല്‍, പണ്ഡിതന്‍, നായകൻ, വില്ലന്‍ തുടങ്ങി പല പല മുസ്ളിം തെയ്യങ്ങളും വടക്കന്‍ മലബാറില്‍ സാധാരണം ആണ്. ഒരു വെറൈറ്റിക്ക് പൊലീസ് തെയ്യം വരെ ഉള്ള നാടാണിത്.
ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. ബപ്പിരിയൻ തെയ്യം അതിൽ പെട്ട ഒന്നാണ്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളൻ ദൈവം, വടക്കേൻ കോടിവീരൻ, പൂമാരുതൻ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ ‘മരക്കല ദേവത’മാരിൽപ്പെടുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. ‘തുളുവേല’ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. ബപ്പിരിയൻ തെയ്യവും ഇതിൽ പെട്ടൊരു തെയ്യം തന്നെ. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും ഇവരുടെ വേലത്തികൾകൂടി പങ്കുകൊള്ളുന്ന പതിവുണ്ട്.
അനുഷ്ഠാനങ്ങളൊക്കെ സാഹികപ്രകടനങ്ങൾ കൂടിയാവുമ്പോൾ അപകടം പതിയിരുക്കുന്നു എന്നതിനുള്ള തെളിവാണ് ഈയിടെ ഉണ്ടായ ബപ്പിരിയൻ തെയ്യത്തിനു പറ്റിയത്. കാണികൾ അമിതമായി കാണിക്കുന്ന പ്രകോപനവും കലാകാരന്മാരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ടാവണം. കുറച്ചുകാലം മുമ്പ് ഘണ്ഠാകർണൻ തെയ്യത്തിന് അഗ്നിബാധയേറ്റ് മരിക്കാനിടയായിരുന്നു; ഇങ്ങനെ മരിച്ചുവീണ പലതെയ്യങ്ങളുണ്ട്; കോലവേഷത്തിൽ മരിച്ചുവീണ കലാകാരനെ പുകഴ്ത്തി എഴുതിക്കൊണ്ട് വിവിധ മാധ്യമങ്ങളിൽ വാർത്തയും വന്നിട്ടുണ്ട്. പെരുവണ്ണാൻ തെയ്യവേഷത്തിൽ മരണമടഞ്ഞാൽ സായൂജ്യം നേടുമെന്ന് പറയുന്നത് കേവലം വിവരക്കേണ്ടുമാത്രമാണ്. ബപ്പിരിയൻ തെയ്യം ഒരു മുസ്ലീം കപ്പിത്താനായിരുന്നു. മൂപ്പർ പാമരത്തിൽ കയറിയത് ഓർമ്മിപ്പിക്കാനായിരിക്കണം തെയ്യത്തിന്റെ തെങ്ങിന്മേൽ കയറ്റം!
ഭയത്തിലൂടെ ഭക്തി പകരുന്ന തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രസകരമായ സംഭാഷണങ്ങളും ചേഷ്ടകളുമാണ് ബപ്പീരന്‍ ദൈവത്തിനുള്ളത്. തെയ്യം തുടങ്ങിക്കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആട്ടം നിര്‍ത്തുന്ന തെയ്യം, ചെണ്ട കൊട്ടിന് ശബ്ദം പോരാ എന്ന പരാതിയുമായി മേളക്കാരുടെ അടുത്ത് എത്തുന്നു. കാണികളെ നോക്കിയും ‘കേള്‍ക്കുന്നേയില്ലാ’ എന്ന പരാതി ആവര്‍ത്തിച്ചു. എങ്കില്‍ കാണിച്ചുതന്നിട്ടു തന്നെ ബാക്കികാര്യമെന്ന ഭാവത്തില്‍ കൊട്ടിന്റെ വേഗം വര്‍ധിപ്പിച്ച് മേളക്കാരും. ഇരട്ടി ആവേശത്തോടെ തെയ്യം ആടാന്‍ തുടങ്ങി. മേളക്കാരുടെ ആവേശം ചോരാതിരിക്കാന്‍ അടിക്കടി പരാതിപറച്ചിലും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കാഴ്ച്ചക്കാരോടും രസകരമായ രീതിയിൽ തെയ്യം സംസാരത്തിൽ മുഴുകാറുണ്ട്. നന്നായി എല്ലാവരോടും സംസാരിച്ച് അവരിൽ ഒരാളാവുന്ന തനിമയാണു ബപ്പീരിയൻ തെയ്യം നടത്തുന്നത്.
ബപ്പിരിയന്‍, ബപ്പീരിയൻ, ബപ്പരാന്‍, ബപ്പീരന്‍ എന്നീ പേരുകളിലും ബപ്പിരിയന്‍ തെയ്യം അറിയപ്പെടുന്നു. കപ്പിത്താന്‍ എന്ന വാക്കിന്റെ പഴയ രൂപമായ ബപ്പൂരനില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത് എന്നു പറയപ്പെടുന്നു. ആര്യത്തുനാട്ടില്‍ പിറന്ന ഭഗവതി കോലത്തുനാട്ടിലേക്ക് സഞ്ചരിച്ച കപ്പലിന്റെ കപ്പിത്താനായിരുന്നു ബപ്പീരനെന്നാണ് വിശ്വാസം. വിശ്വകര്‍മ്മാവ് നിര്‍മിച്ച നാല്പത്തിയൊന്ന് അറയുള്ള കപ്പലില്‍, മധ്യത്തിലുള്ള അറയിലിരുന്ന് ഭഗവതി എഴുന്നള്ളി എന്നാണ് സങ്കല്പം. മറ്റ് അറകളില്‍ അകമ്പടിയായി പരിചാരകരും. കേരളത്തില്‍ ഇന്നുകാണുന്ന എല്ലാ ജാതി സമ്പ്രദായത്തിന്റെ പ്രതിനിധികളും ഈ കപ്പലിലുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു. അതെന്തോ ആവട്ടെ… ചിലയിടങ്ങളില്‍ മാപ്പിള തെയ്യമായും മറ്റുചിലയിടങ്ങളില്‍ ഹനുമാനായും ബപ്പീരന്‍ തെയ്യം അവതരിപ്പിക്കുന്നു. ഹനുമാൻ കഥ മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. കഥകളിക്ക് സമാനമായി വട്ടമുടിയാണ് ഹനുമാന്‍ ധരിക്കുക. ഭഗവതി തെയ്യം കപ്പലിന്റെ ആകൃതിയിലുള്ള മുടിയും. കടലില്‍ വെച്ച് കൊള്ളക്കാര്‍ കപ്പല്‍ തടഞ്ഞപ്പോള്‍ താന്‍ ചെയ്ത വീരകൃത്യങ്ങളാണ് ബപ്പീരന്‍ തെയ്യം ഭക്തജനങ്ങളോട് വിവരിക്കുക. പ്രാചീന മലയാളത്തിനോട് അടുത്തുനില്‍ക്കുന്ന വാച്ചാല് ശൈലിയിലുള്ള ഭാഷയാണ് തെയ്യം ഉപയോഗിക്കുന്നത്. ഏറെ രസകരമാണ് ബപ്പീരിയന്റെ സംസാരം തന്നെ.