Skip to main content

ചെമ്പിലോട്ടുഭൂതം

 Chembilottu Bhootham
Chembilottu Bhootham

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്. കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാനു ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണു ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്. ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.

ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ. ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോപിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.

പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി. മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും. പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.

വള്ളിപ്പടർപ്പുകളും ചെറുമരങ്ങളുംതണല്വിരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക. ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും. അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും. നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.

കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്. അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു.

നെൽക്കറ്റകൾകൈയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്നു കിടക്കും. നീരൊഴുക്ക് നിർത്തിവെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷിനശിപ്പിക്കാനുംവേണ്ടിയാണിത് ചെയ്യുന്നതെന്നാണു വിശ്വാസം. വൈതൽകോൻ എന്ന കുടകുരാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയരാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.

പൊലി പൊലിക ദൈവമേ താൻ ദൈവമായോൻ എന്നുള്ള പൊലിച്ചു പാടൽ മാത്രമാണു തെയ്യത്തിനു തോറ്റം പാട്ടായുള്ളത്. പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.

തെയ്യത്തിനായി വ്രതം നോറ്റിരിക്കുന്നവരെ അരിക്കാർ എന്നാണു വിളിക്കുക. ഏഴുദിവസത്തെ വ്രതം ചെമ്പിലോട്ടുഭൂതം കെട്ടാൻ ആവശ്യമാണ്. കളത്തിൽതിറതുടങ്ങിയാൽ പിന്നെ വ്രതം നോറ്റവർ മറ്റാരേയും തൊടാനോ മറ്റുവീടുകളിൽ പോകാനോ അവിടങ്ങളിൽ നിന്നും ജലപാനം പോലും നടത്താനോ പാടില്ല. തെയ്യക്കളം വിട്ടു പുറത്തു പോകാൻ പാടില്ല എന്നർത്ഥം. തെയ്യക്കളത്തിൽ ഉണ്ടാക്കുന്ന തിനക്കഞ്ഞി മാത്രമാണിവർക്കു ഭക്ഷണം. അവലും മലരും മദ്യവും മറ്റു നൈവേദ്യങ്ങളും കളത്തിൽതന്നെ ഉണ്ടാക്കിയതാവണം. തൊട്ടടുത്തചന്തകളിൽ നിന്നും വാങ്ങിക്കുന്നവ പോലും കളത്തിൽ കയറ്റാറില്ല.

തെയ്യത്തിനു ചായില്യം, മനയോല എന്നിവ കൊണ്ടാണ് മുഖത്തെഴുത്ത്. കണ്ണിൽ വട്ടത്തിൽ തിരിമഷി. വെളുത്ത താടി, കാലിൽ ചിലമ്പ്, ശിരസ്സിൽ തലപ്പാളി, അലക്കുവട്ടം, തലയ്ക്കു പിന്നിൽ ബഞ്ചിക്കെട്ട്, ഓലക്കാത്, കൈകളിൽ കൈവള, ചൂടകം, കഴകം, വെളുമ്പ്യൻ ഉടുപ്പ്, അരയിൽ മിന്നുന്ന വൈവിദ്ധ്യമാർന്ന അണിയലകൾ, കൂടാതെ, നെഞ്ചിലും വയറ്റിലും മഞ്ഞൾ അരച്ചു തേയ്ക്കുന്നു.

തെയ്യത്തിന്റെ അനുഷ്ഠാനകർമ്മങ്ങൾ ഒക്കെയും നടത്തുന്നത് കരിമ്പാലൻ മൂപ്പനാണ്. വണ്ണാൻ മലയൻ എന്നീ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ചെമ്പിലോട്ടു വീരൻ, അന്തിത്തിറ, ചാമുണ്ഡി, ഉതിരാളിപ്പോതി, കരിങ്കാളിപ്പോതി, എന്നീ തെയ്യങ്ങളും അപ്പോൾ കെട്ടിയാടാറുണ്ട്. നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണു തെയ്യംകെട്ടിനു നേതൃത്വം നൽകുന്നത്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights