Skip to main content

ഊഞ്ഞാലില്‍

[ca_audio url=”https://chayilyam.com/stories/poem/Oonjaalil-Vailoppilli.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ-
ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2)

മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ
മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക!
മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍
നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം!
മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത-
മുഗ്ദധയാം പൊന്നാതിരവരും പോലെ.

ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന പുലരി വരുവോളം?

ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം ചിന്തവിട്ടുറങ്ങട്ടെ…

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം,
മാങ്കനികളില്‍ നിന്നു മാമ്പൂവിലെത്തിച്ചേരാന്‍…

വീശുമീ നിലാവിന്‍റെ വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍ തോന്നുന്നൂ, മുന്നേപ്പോലെ,
വന്നിരുന്നാലും നീയീയുഴിഞ്ഞാല്‍പ്പടിയില്‍, ഞാന്‍
മന്ദമായ്ക്കല്ലോലത്തെ തെന്നല്‍ പോലാട്ടാം നിന്നെ…

ചിരിക്കുന്നുവോ? കൊള്ളാം, യൗവനത്തിന്‍റേതായ്,
കയ്യിരിപ്പുണ്ടിന്നും നിനക്കാ മനോഹരസ്മിതം!

അങ്ങനെയിരുന്നാലും,
അങ്ങനെയിരുന്നാലും, ഈയൂഞ്ഞാല്പടിയിന്മേല്‍
ത്തങ്ങിന ചെറുവെളളിത്താലിപോലിരുന്നാലും! (2)

കൃശമെന്‍ കൈകള്‍ക്കു നിന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.

നമ്മുടെ മകളിപ്പോള്‍ നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍ വാഴ്കിലും സ്വപ്നം കാണാം…
ആതിരപ്പെണ്ണിന്നാടാനമ്പിളിവിളക്കേന്തു-
മായിരം കാല്‍മണ്ഡപമാകുമീ നാട്ടിന്‍പുറം!
ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്‍റ
വേരുറപ്പിവിടേപ്പോല്‍ക്കാണുമോ മറ്റെങ്ങാനും?

പാഴ്മഞ്ഞാല്‍ച്ചുളീടിലും, പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു, കേള്‍പ്പീലേ നീ? പാവങ്ങളയല്‍സ്ത്രീകൾ? (2)

പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിന്‍വേട്ട-
പ്പക്ഷിപോലതാ പാഞ്ഞുപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ, മെന്നാല്‍
ത്തിരുവാതിരത്താരത്തീക്കട്ടയെന്നും മിന്നും,

മാവുകള്‍ പൂക്കും, മാനത്തമ്പിളി വികസിക്കും,
മാനുഷര്‍ പരസ്പരം സ്നേഹിക്കും, വിഹരിക്കും… (2)

ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം? (2)

പടുക നീയുമതിനാല്‍ മനം നൃത്യ
ലോലമാക്കുമാഗ്ഗാനം, കല്യാണി… കളവാണീ…

പണ്ടുനാളെപ്പോലെന്നെപ്പുളകം കൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണതന്ത്രികള്‍ തുടിക്കവേ…
മെല്ലവേ നീളും പാട്ടിന്നീരടികള്‍ തന്നൂഞ്ഞാല്‍,
വള്ളിയിലങ്ങോട്ടിങ്ങോട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവളല്ല നീയെന്‍ കണ്ണിന്നു
‘കണ്വമാമുനിയുടെ കന്യ’യാമാരോമലാള്‍,
പൂനിലാവണിമുറ്റമല്ലിതു, ഹിമാചല-
സാനുവിന്‍ മനോഹര മാലിനീ നദീതീരം,
വ്യോമമല്ലിതു സോമതാരകാകീര്‍ണ്ണം, നിന്‍റെ,
യോമനവനജ്യോത്സ്ന പൂത്തുനില്‍ക്കുവതല്ലൊ.

നിഴലല്ലിതു നീളെപ്പുള്ളിയായ് മാഞ്ചോട്ടില്‍, നി-
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍ വിശ്രമിക്കുകയത്രേ!

പാടുക, ജീവിതത്തെ സര്‍വ്വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാന്‍ പഠിച്ചോരീ നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുമ്പിൽപ്പൊതിഞ്ഞു സൂക്ഷിക്കുമീ-
യപ്സരോവധു, തീരുവാതിര, തിരിക്കവേ…

നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍-
വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ? (2)

എന്തിന്? മര്‍ത്ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല മാത്രകള്‍ മാത്രം. (2)

ആയതില്‍ ചിലതെല്ലാമാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടിപ്പാടിനിര്‍ത്തുക, പോകാം. (2)

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights