Skip to main content

മണിനാദം – ഇടപ്പള്ളി

1936 ജൂലൈ 5 ന് തന്റെ 27 ആം വയസ്സിൽ ആത്മഹത്യ ചെയ്ത ഒരു കാല്പനികകവിയാണ് ഇടപ്പള്ളി രാഘവപ്പിള്ള (1909 ജൂൺ 30 – 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. തന്റെ ഉറ്റ സുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എഴുതിയ രമണൻ എന്ന കവിത ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് കേരളത്തിലെ കോളേജുകളിൽ അങ്ങോളമിങ്ങോളം ആർത്തിരമ്പിയ ആ കവിതയ്ക്ക് തുടക്കം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയായിരുന്നു. മരിച്ചതിന്റെ പിറ്റേദിവസം തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരികയും ചെയ്തു. പ്രനയിക്കാനും ആശിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഒരു കാല്പനിക ദേഹത്തിന്റെ വിയോഗക്കുറിപ്പുതന്നെയായി മണിനാദം എന്ന കവിത മാറുകയായിരുന്നു. ഇനിയുമേറെ പാടുവാനുണ്ടെനിക്ക്, പക്ഷേ എന്റെ മുരളിക തകർന്നുപോയി എന്നാണ് മരണപത്രത്തിൽ ഇടപ്പള്ളി കുറിച്ചിട്ടത്. തകർന്ന മുരളി എന്നൊരു വിലാപകാവ്യം തന്നെ ചങ്ങമ്പുഴ എഴുതിയിരുന്നു. പക്ഷേ പിന്നീടു വന്ന രമണൻ ആണു പ്രസിദ്ധമായത്. ഇവിടെ മണിനാദം എന്ന കവിത കൊടുത്തിരിക്കുന്നു.

കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മണിനാദം’ അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി!
മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!
പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്
പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!
തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!
ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!
ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?
മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;
ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

-സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍,

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്.

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?

(മാതൃഭൂമി ആഴ്ചപ്പതിപ്പ് – 1936 ജൂലായ് 6)

ഒരു യുവകവിയുടെ വിഷാദാത്മകത്വം അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നു.

“മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാൻ!”
എന്ന് കഴിഞ്ഞ ലക്കം ആഴ്ചപതിപ്പിൽ ഉഴറിപ്പാടി വിടചോദിച്ച ശ്രീ ഇടപ്പള്ളി രാഘവൻപിള്ള കെട്ടിഞാന്ന് ജീവനൊടുക്കിയിരിക്കുന്നു. ഒരു പ്രത്യേക മനോഭാവത്തോടുകൂടി നോക്കുമ്പോൾ ഈ ലോകത്തിൽ ദുഃഖിക്കാനും നിരാശപ്പെടാനുമുള്ള സംഗതികൾ മാത്രമേ കാണുകയുള്ളൂ എന്നതു വാസ്തവമാണ്. അനീതികളുടേയും അസമത്വങ്ങളുടെയും വിളനിലമായിത്തീർന്നിരിക്കുന്നു നമ്മുടെ സമുദായം. എങ്കിൽ കൂടി മനുഷ്യന്റെ കർമക്ഷമത ഈ അസമത്വങ്ങളുടെയും അഴിമതികളുടെയും മുന്നിൽ തലകുനിച്ച് അവയ്ക്കു വഴിയരുളുകയോ? ദാരിദ്ര്യവും മഹാവ്യാധിയും ഞെക്കിഞെരുക്കുന്നവർ, ജീവിതത്തിൽ യാതൊരുദ്ദേശ്യവുമില്ലാത്തവർ, മനോദാർഢ്യമില്ലാത്തവർ ആത്മഹത്യ വരിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരവാദിത്വം അവരേക്കാൾ അധികം സമുദായം തന്നെ വഹിക്കണമെന്നു സമ്മതിക്കാം. പക്ഷേ കവിയുടെ നില ഒരു സന്ദേശവാഹകന്റേതാണ്. കവിയുടെ സങ്കല്പലോകം പലരും ആദർശമായെടുത്തേയ്ക്കാം. അങ്ങനെയിരിക്കെ “മരണമാണ് ജീവിതത്തിന്റെ വമ്പിച്ച സമ്മാനം” എന്ന് ഒരു കവി ഉൽഘോഷിക്കുകയാണെങ്കിൽ, അതിന്നനുസരിച്ച് ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ. അത് അപക്വമതികളെ വഴി തെറ്റിപ്പിക്കുകയല്ലേ ചെയ്യുക. ശ്രീ രാഘവൻപിള്ളയുടെ ദാരുണമായ ഈ വേർപാട് അത്യന്തം പരിതാപകരമായിരിക്കുന്നു.

പത്രാധിപർ
മാതൃഭൂമി ആഴ്ചപതിപ്പ്
1936 ജൂലൈ 11

4.7 3 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights