ഇന്റെർനെറ്റിന്റെ ലോകത്തേക്ക് എത്തിയപ്പോൾ തന്നെ മനസ്സിൽ തങ്ങിയ ഒരു മോഹമായിരുന്നു സ്വന്തമായി ഒരു വെബ്സൈറ്റുണ്ടാക്കുക എന്നത്. 1998 ഇൽ ആണ് ആദ്യമായി ഒരു മെയിൽ ഐഡി യാഹുവിൽ ഉണ്ടാക്കുന്നത്. വർഷം ഓർത്തിരിക്കാൻ കാരണം ഉണ്ട്. ഡോ: അമർത്യാ സെന്നിന് ആ വർഷമായിരുന്നു നൊബേൽ സമ്മാനം കിട്ടിയത്. കണ്ണൂർ യൂണിവേർസിറ്റി അതിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാമത്സരത്തിൽ കോളേജിൽ നിന്നും ഞാനും സുജാത എന്ന കുട്ടിയും പങ്കെടുത്തിരുന്നു. അതിനായി ഡാറ്റ കളക്ഷൻ നടത്താൻ ഇന്റെർനെറ്റിന്റെ സഹായം തേടാൻ ടീച്ചർ പറഞ്ഞതിൻ പ്രകാരം വളരെ യാദൃശ്ചികമായി മെയിൽ ഐഡി ഉണ്ടാക്കുകയായിരുന്നു. ഒന്നുരണ്ടുപേരെ ഓൺലൈനിൽ കണ്ടുമുട്ടി, കുറഞ്ഞ ബാൻഡ് വിഡ്ത്തിലുള്ള സൗഹൃദങ്ങൾ ആരംഭിച്ചു, പിന്നീടങ്ങോട്ട് യാഹൂ ഗ്രൂപ്പുകളിൽ നിന്നും വരുന്ന ഫോർവേർഡ്സ് ഇവർക്കൊക്കെ അയച്ചുകൊടുക്കുക എന്നത് പതിവായി. ജീമെയിൽ വന്നപ്പോൾ ആരുടെയോ ഇൻവിറ്റേഷനിൽ ഒരു ജിമെയിൽ ഐഡി ഞാനും ഉണ്ടാക്കി. അതിലൂടെ അമ്പതുപേരെ ഇൻവൈറ്റ് ചെയ്യാനുള്ള സൗകര്യം എനിക്കും കിട്ടി. വളരെ അത്യാവശ്യം വേണ്ട സുഹൃത്തുക്കളെ മാത്രം ഇൻവറ്റ് ചെയുതുകൊണ്ട് ജീമെയിലിൽ പിച്ചവെച്ചു; യാഹു പിന്നെ വല്ലപ്പോഴും വിസിറ്റുചെയ്യുന്ന സൈറ്റായി മാറിയെന്നതും ചരിത്രം.
സ്വന്തമായൊരു വെബ്സൈറ്റ്!
ഇതിനിടയിൽ എന്നോ ആയിരിക്കണം സ്വന്തമായി ഒരു സൈറ്റുണ്ടാക്കണം എന്ന ആഗ്രവും മനസ്സിലുദിച്ചത്. എന്നാൽ അതിന്റെ ഫോർമാലിറ്റീസിനെ കുറിച്ചൊന്നും അന്നറിവുണ്ടായിരുന്നില്ല. എങ്കിലും വെറുതേ ബ്രൗസർ എടുത്ത് http://rajesh.com എന്നു ടൈപ്പ് ചെയ്തു നോക്കും. പേജ് കാണിക്കാനാവാതെ ബ്രൗസർ വലയുമ്പോൾ ഒരു ദീർഘനിശ്വാസം വിട്ട് ഞാനതു ക്ലോസ് ചെയ്യും. ഇടയ്ക്കെപ്പൊഴോ ബ്രൗസർ ആ പേരിലൊരു സൈറ്റു കാണിച്ചു തുടങ്ങി! ഏതോ കാനഡക്കാരൻ അതെടുത്തിരിക്കുന്നു!! rajesh.com -ഇൽ ഉള്ള പ്രതീക്ഷ അങ്ങനെ അസ്തമിച്ചപ്പോൾ http://rajesh.in – ഇൽ ആയി ശ്രദ്ധ. അന്നെനിക്ക് നെറ്റിനെ കുറിച്ചും വെബ്സൈറ്റിനെ കുറിച്ചും അവയുടെ നിർമ്മാണത്തെ കുറിച്ചും പ്രാഥമിക കാര്യങ്ങൾ അറിയാമായിരുന്നു. മാത്രമല്ല ഒരു സൈറ്റ് രജിസ്റ്റർ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി റെഡി ആയി ഇരിക്കുകയുമായിരുന്നു. പക്ഷേ, രജിസ്റ്റർ ചെയ്യാൻ ഞാൻ തീരുമാനിച്ച മാസം തന്നെ http://rajesh.in എന്ന ഡൊമൈൻ ഒരു ബോംബെക്കാരൻ സിങ് അടിച്ചെടുത്തു! പിന്നെ ചിന്തിച്ച് നിൽക്കാൻ പോയില്ല, മറ്റു ഡൊമൈൻ ഒന്നും ആലോചിച്ച് തല പുണ്ണാക്കാതെ മനസ്സിൽ തോന്നിയ ചായില്യം എന്ന പേരു രജിസ്റ്റർ ചെയ്തു. അതു കഴിഞ്ഞ് പലർക്കായി 30 ഓളം ഡൊമൈനുകൾ രജിസ്റ്റർ ചെയ്തു കൊടുക്കുകയുണ്ടായി. ചെറുതും വലുതുമായി ഏകദേശം 80 ഓളം വെബ്സൈറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. എങ്കിലും എന്റെ പേരിൽ തന്നെയുള്ള ഡൊമൈൻ കണ്ടുകണ്ടിരിക്കെ പോയതിലുള്ള സങ്കടം ഇന്നും മാറിയിട്ടില്ല. ഇടയ്ക്കൊക്കെ ആ ഡൊമൈൻസിന്റെ വിവരങ്ങൾ ഞാനെടുത്തു നോക്കും അവരെങ്ങാനും അതു പുതുക്കാൻ മറന്നുപോയാൽ ആ നിമിഷം ഞാനതു തട്ടിയെടുക്കും!!
ശരിക്കും എന്തിനാണ് ഒരു വെബ്സൈറ്റ്?
നിങ്ങൾ ഒരു സ്വന്തന്ത്രവ്യക്തിയോ കലാകാരനോ വ്യാപാര/വ്യവസായ സ്ഥാപനം നടത്തുന്ന ആളോ ജനപ്രതിനിധിയോ ഒരു പ്രൊഫഷണലോ അതുമല്ലെങ്കിൽ മറ്റുള്ളവരോട് എന്തെങ്കിലും സ്വന്താമായി പറയാനോ പങ്കുവെയ്ക്കാനോ ഉള്ള വ്യക്തിയോ ആരുമാവട്ടെ. നിങ്ങൾക്കുള്ള ഒരു ഓൺലൈൻ ഐഡന്റിറ്റിയാണ് നിങ്ങളുടെ സ്വന്തം വെബ്സൈറ്റ് എന്നത്. വെബ്സൈറ്റിന്റെ ആവശ്യമുണ്ടോ അതിന് എന്നതിന് ഒരുപാട് ഉത്തരം ഉണ്ട്. പൊതുസമൂഹവുമായി നമുക്ക് സംവദിക്കാൻ ഏറ്റവും അനിയോജ്യമായ മാർഗങ്ങളിലൊന്നാണിത്. നമ്മുടെ സർഗവാസനകളെ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ ഒരു നല്ല വെബ്സൈറ്റിനാവുന്നു. നിങ്ങളുടെ സ്ഥാപനത്തിന്റെ വിവരങ്ങൾ പൊതുജനമധ്യത്തിലേക്ക് എത്തിച്ച് കൂടുതൽ ജനകീയത കൈവരിക്കാൻ ഒരു സൈറ്റ് ഇക്കാലത്ത് അത്യാവശ്യം തന്നെ. ലോകത്തിനു മുന്നിൽ നമ്മുടെ അഭിപ്രായം തുറന്നു പറയാം, നമ്മുടെ പ്രതികരണമോ വിശദീകരണമോ അറിയിക്കാൻ വെബ്സൈറ്റിലൂടെ സാധ്യമാവുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാവട്ടെ, ജോലി ചെയ്യുന്നവരോ ജോലി തപ്പി നടക്കുന്നവരോ ആവട്ടെ, നിങ്ങളുടെ അക്കാദമിക് പ്രൊഫൈൽ, നിങ്ങളുടെ പ്രൊഫൈൽ എന്നിവ ഭംഗിയായി കാണിക്കാൻ സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കുന്നു. അതിലുപരി നിങ്ങൾ സമ്പാദിച്ച അറിവുകൾ ശേഖരിച്ചു വെയ്ക്കാനും, അതു ഷെയർ ചായാനും ഇതുവഴി സാധിക്കുന്നു – മറ്റുള്ളവർക്ക് ഏറെ ഗുണകരമായ ഒരു പ്രവൃത്തി കൂടെയാണിതെന്ന് പറയേണ്ടതില്ലല്ലോ! അറിവുറ്റ്ഹേടി നെറ്റിലെത്തുന്നവർ ഇന്നു വിദ്യാർത്ഥികൾ മാത്രമല്ല… അവരുടെ മുന്നിൽ നിങ്ങൾ ഷെയർ ചെയ്തിരിക്കുന്ന അറീവിന്റെ ജാലകം കൃത്യമായി ഇന്ന് സേർച്ച് എഞ്ചിനുകൾ തുറന്നു കാട്ടും. കെട്ടിപ്പൊതിഞ്ഞുവെച്ചിരിക്കുന്ന അറിവുകൾ കൊണ്ട് ഫലമില്ലല്ലോ അവ വിഹായസ്സിലേക്ക് തുറന്നുകാട്ടാൻ പറ്റിയ മാർഗമാണ് ഒരു വെബ്സൈറ്റ് എന്നത്.
പരസ്യങ്ങൾ വഴി സമ്പാദിക്കാം!
നിങ്ങൾ ഫോട്ടോഗ്രാഫറോ, കവിയോ കഥാകാരനോ ആവാം. നിങ്ങളുടെ സൃഷ്ടികൾ പൊതുസമക്ഷം ഒരു വെബ്സൈറ്റിലൂടെ തുറന്ന്ഉകാടൂക വഴി കിട്ടുന്ന പരിഗനന വളരെ വലിയതാണ്. വലിയ പാരമ്പര്യം അവകാശപെടുന്ന കൂട്ടുകുടുംബത്തിൽ അംഗങ്ങളെ ഒന്നിപ്പിക്കാനും ആശയങ്ങൾ കൈമാറാനും ഒരു വെബ്സൈറ്റ് എന്ന ആശയം നല്ലതല്ലേ? അതിനെക്കാളൊക്കെ ഏറെ നമ്മുടെ സൈറ്റിൽ പരസ്യം കൊടുക്കുക വഴി ചെറിയൊരു വരുമാന മാർഗം കൂടിയാക്കാവുന്നതാണ്. ഇതത്ര എളുപ്പമുള്ള കാര്യമല്ല, എങ്കിലും പരസ്യം നൽകുന്ന സേവനദാതാക്കൾ ഏറെയുണ്ട് നെറ്റിൽ അവർ മുഖാന്തിരം കിട്ടുന്ന പരസ്യങ്ങൾ കൊടുക്കുക വഴി നല്ലൊരു സമ്പാദ്യമാർഗം കൂടിയാണിത്. കച്ചവടസാദ്യതകൾ ഏറെ ഉള്ള മേഖലയാണിത്! വ്യത്യസ്തമായൊരു സംഗതിയെ ഉയർത്തിക്കൊണ്ടുവരാനായാൽ ഇവിടെ പിടിച്ചുനിൽക്കാൻ ഒരു പണിയുമില്ല. പലരും പലതരത്തിലുള്ള തട്ടിപ്പുകൾക്കായും വെബ്സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട് എന്നതും ഒന്നു പറഞ്ഞു പോവുന്നു.
2004 -ഇൽ ഫെയ്സ്ബുക്ക് എന്ന മായികാലോകത്തിന്റെ സൃഷ്ടി നടത്തിയ മാർക്ക് എലിയറ്റ് സുക്കർബർഗ് എന്ന 19 കാരൻ നാലഞ്ചുവർഷങ്ങൾകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളയത് വെബ്സൈറ്റ് എന്ന ആശയത്തിൽ അല്പം ബുദ്ധി കൂടി പ്രയോഗിച്ചതിനാലാണ്. 25 തികയാത്ത രണ്ടു പിള്ളേർ ലാറി പേജും സെർജി ബിന്നും 1998 ഇൽ ഗൂഗിൾ എന്ന സംഗതിക്കു തുടക്കമിട്ടപ്പോൾ ആരും കരുതിക്കാണില്ല ഇന്റെർനെറ്റ് എന്നതിന്റെ പര്യായപദമായി അതുമാറുമെന്ന്!! അതാണ് വെബ്‌ലോകം! വെബ്സൈറ്റ് എന്ന ആശയത്തിൽ അല്പം ഐഡിയ കൂടി നിക്ഷേപിച്ചാൽ ഒരുപക്ഷേ നാളെ നിങ്ങൾക്കുള്ളതാവാം…
സ്വന്തം പേരിലോ, ഒരാശയം നടപ്പിലാക്കാനോ ഷോപ്പിന്റെ പേരിലോ തറവാടിന്റെ അല്ലെങ്കിൽ വീട്ടുപേരിന്റെ നാമത്തിൽ ഉള്ള വെബ്സൈറ്റ് പേരുകൾ ഇനി ഒരു പക്ഷേ ലഭ്യമായി എന്നു വരില്ല! എങ്കിലും ചെറിയ മാറ്റങ്ങളോടെയോമറ്റോ അവ കിട്ടുമെങ്കിൽ രജിസ്റ്റർ ചെയ്തു വെയ്ക്കുന്നെങ്കിൽ അതു നല്ലതാവും എന്നു കരുതുന്നു. 2000 -ത്തിലും മറ്റും നമ്മൾ ഈമെയിൽ ഐഡിക്കു പുറകേ ഓടിയപോലെ ഇപ്പോൾ ഡൊമൈൻ പേരിന്റെ പുറകേ ഓടുന്നുണ്ട് പലരും. വൈകി എന്നു തോന്നുന്നുവെങ്കിൽ ഉടനെതന്നെ അതിനു തുടക്കം കുറിക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ടെ ഡൊമൈൻ നെയിം അന്യൻ കൈക്കലാക്കും മുമ്പേ തന്നെ!
http://www.hfcrajapuram.com ഞങ്ങളുടെ ഒരു എളിയ സംരഭം ആണ്.ഗൂഗിള്‍ ആഡ്‌സെന്‍സ് നു അപേക്ഷിച്ചപ്പോള്‍ “Unsupported Language” എന്നാ മറുപടി കിട്ടിയത്…?
നമ്മുടെ മലയാളം എന്താ ഈ ഗൂഗിള്‍ അംഗീകരിക്കാത്തെ….?
കൊള്ളാമല്ലോ!
കാര്യങ്ങൾ വിശദീകരിച്ച് സൈറ്റിന്റെ ലിങ്ക് ഒക്കെ ആയി ഗൂഗിളിന് ഒരു മെയിൽ അയച്ചാൽ മതി…
അവരുടെ കസ്റ്റമർ കെയർ മെയിൽ ഐഡി ആ പേജിൽ തന്നെ കാണും. ശരിയായിക്കോളും…