വനിത – വനിതകളുടെ വഴികാട്ടി!!


വനിത – വനിതകളുടെ വഴികാട്ടിയെന്നു പരസ്യത്തിൽ പറയുന്നു! പക്ഷേ, ഇവർ കാണിച്ചുകൊടുക്കുന്ന വഴി എങ്ങോട്ട് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ആദ്യമായൊരു വനിത വാങ്ങിച്ചതിന്റെ ചൊരുക്ക് എത്രതന്നെയായാലും തീരുന്നില്ല.

ഇന്നലെ ഓഫീസിൽ നിന്നും വീട്ടിലേക്കു പോകും വഴി മഞ്ജു വിളിച്ചിട്ട് ഒരു വനിത വാങ്ങിക്കുമോ എന്നു ചോദിച്ചു. ജോലി തപ്പി മടുത്ത മഞ്ജു വീട്ടിലിരുന്ന് ഒരുവിധം മുഷിഞ്ഞതുകൊണ്ടാവും എന്തെങ്കിലും വായിക്കാമല്ലോ എന്നു കരുതി വനിത വാങ്ങിക്കാൻ പറഞ്ഞത്. എവിടെയോ കെട്ടിപ്പൂട്ടിവെച്ച സഞ്ജയകൃതികൾ മുഴുവൻ ഉണ്ട് വീട്ടിൽ, പോയിട്ട് എടുത്തുകൊടുക്കാം എന്നൊക്കെ കരുതി നടക്കുമ്പോൾ വഴിവക്കിൽ തന്നെ നിറയെ മലയാളം വാരികകളും മറ്റും വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. വനിതയും ഉണ്ട് അക്കൂട്ടത്തിൽ. ഏതായലും ഒന്നു വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു. 20 രൂപ.

വീട്ടിലെത്തി അതൊന്നു മറിച്ചുനോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി! മുഴുവൻ പരസ്യം! ആകെ 140 പേജുകൾ ആണുള്ളത്. അതിൽ 70 പേജ് ഫുൾസൈസ് പരസ്യങ്ങൾ! നേരെ പകുതി തന്നെ. അതുകൂടാതെ പകുതി പേജായും ഒരു പേജിന്റെ സൈഡ് ബാറിൽ മുകളിൽ നിന്നും താഴെവരെ ആയും പേജിന്റെ 1/4, 1/8 എന്നീ അളവുകളിലൊക്കെയായി നിരവധി പരസ്യങ്ങൾ നിരന്നിരിക്കുന്നു. ഫുൾ പേജ് സൈസിലുള്ള പരസ്യങ്ങൾ മാത്രം എണ്ണിയെടുത്തു…

ഇനിയതിലെ ഉള്ളടക്കമാണെങ്കിലോ! ഒന്നുരണ്ടു നടന്മാരുമായുള്ള മുഖാമുഖം, പിന്നെ മുഴുവൻ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുറേ ചോദ്യോത്തര പരിപാടികളും! 20 രൂപ മാസാമാസം കൊടുത്ത് ഈ പരസ്യങ്ങൾ വാങ്ങുന്ന വീട്ടമ്മമാരെ നമിക്കണം!

പറയാതെ പറയുന്നതെന്താണ്‌?

മനോരമയിലെ ഇന്നത്തെ ഒരു വാര്‍ത്തയില്‍ പറയുന്നു അമ്പതില്‍ അധികം മൊത്തവ്യാപാരികള്‍ രാഷ്ട്രീയക്കാരുടെ ബിനാമികളാണ്‌ എന്ന്. ഇവര്‍ ഒന്നിച്ച് അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി അരിക്ക് നാല്പത്തിയഞ്ച് രൂപയാക്കാനുള്ള നീക്കവും  നടത്തുന്നുവെന്ന്. ഈ മൊത്തവ്യാപാരികളുടെ പേരുവിവരവും അതിന്റെ പുറകിലെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ കൂടി വാര്‍ത്തയോടൊപ്പം നല്‍കിയാലല്ലേ വാര്‍ത്ത പൂര്‍ത്തിയാവുകയുള്ളൂ. വര്‍ത്ത കൊടുത്ത പത്രപ്രവര്‍ത്തകന്‌ ഇവരെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമല്ലോ! അല്ലാതെ അങ്ങനെയൊരു വാര്‍ത്ത കൊടുക്കാമോ? ഇങ്ങനെ അവ്യക്തമായി കാര്യങ്ങള്‍ പറയണം എന്ന് എന്തോ നിര്‍ബന്ധമുള്ളതുപോലെയാണ്‌ പല വാര്‍ത്തകളും കാണുമ്പോള്‍ തോന്നുന്നത്.

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്…

വാർത്താ ലിങ്ക്: http://goo.gl/H9JTv

NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!