ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ് കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് – മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു.
കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. ‘പ്രതിഭ‘ എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു.
മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ് രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.
കുമാരനാശാന്റെ താൽപ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ-തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണ് കുമാരനാശാൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്നോത്രങ്ങൾ ഇക്കാലത്ത് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി. 1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായിരുന്നു അന്ന് ഭാനുമതി അമ്മ. 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.
കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ, കുമാരനാശാൻ അസുഖം മൂലം ശയ്യാവലംബിയായി കിടപ്പിലായിരുന്നു. അതുകണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്ന് നിർദ്ദേശിച്ചു. അങ്ങനെയാണ് ആശാൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.
തിരിയും രസബിന്ദുപോലെയും, പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ ,
– ചിന്താവിഷ്ടയായ സീത – ചിത്രം: വിനയരാജ്, വിക്കിപീഡിയ
ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവേതന്നെ കാവ്യ-സാഹിതീയ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്മതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം. 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി ആശാനെ ബാംഗ്ലർക്ക് വിട്ടു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി – “ചിന്നസ്വാമി“ എന്ന്. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് – ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം എടുത്ത് പഠിച്ചത്. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. എങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരിപഠനത്തി പോവുകയുണ്ടായി. ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898 -ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്.
കൽക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. 1909-ൽ ആശാന്റെ ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻകൈയെടുത്ത് 1903 ജൂൺ 4-ന് എസ്. എൻ. ഡി. പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു.
ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം“ തുടങ്ങിയവ ഭക്തിരസപ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേട് എന്ന സ്ഥലത്ത് തങ്ങവെ 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.
അടുത്തതായിറങ്ങിയ “പ്രരോദനം“ സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജ വർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഡകാവ്യങ്ങളായ ‘നളിനി’, ‘ലീല’, ‘കരുണ’, ‘ചണ്ഡാലഭിക്ഷുകി’, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത“യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. ‘ബുദ്ധചരിതം’ ആണ് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ“ എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്.
പിൽക്കാലങ്ങളിൽ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു. കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടിൽ (റിഡീമർ -rideemer- ബോട്ട്) യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി. കുമാരനാശാൻ വിടപറഞ്ഞത് അങ്ങനെയായിരുന്നു.