Skip to main content

മു അമര്‍ ഗദ്ദാഫി (1942 – 2011)

ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു മരണം വരിച്ച് വാക്ക് പാലിച്ചു.
മാതൃഭൂമിയിൽ നിന്ന്…

1942: ജൂണ്‍ 7: ജനനം
1969: സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു
1975: ഹരിത പുസ്തകം പ്രസിദ്ധീകരിച്ചു
1977: ലിബിയയെ ഇസ്‌ലാമിക സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു
1986: ഏപ്രില്‍ 15: ലിബിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം, ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ മരിച്ചു
1988: ഡിസംബര്‍ 21: ലോക്കര്‍ബി വിമാന സ്‌ഫോടനം
2003: അമേരിക്കയുമായി അനുരഞ്ജനം, ലോക്കര്‍ബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
2011: ഫിബ്രവരി: ജനാധിപത്യ പ്രക്ഷോഭത്തിനു തുടക്കം
2011: ഒക്ടോബര്‍ 20: മരണം

മുറിവേറ്റു ചോരയൊലിപ്പിച്ചു കിടക്കുന്ന കേണല്‍ ഗദ്ദാഫിയുടെ ചിത്രത്തിന് വെടിയേറ്റുവീണ സിംഹത്തിന്റെ ഛായയാണ്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ഗദ്ദാഫി ഒരു സിംഹമായിരുന്നു; പ്രായമിത്രയായിട്ടും പല്ലു കൊഴിഞ്ഞെന്നു സമ്മതിക്കാന്‍ തയ്യാറല്ലാത്ത സിംഹം. മരണത്തിനു മുന്നിലല്ലാതെ മറ്റൊന്നിനും കീഴടങ്ങാത്ത വീര്യം.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ മുഖത്ത് ഒരു വന്യമൃഗത്തിന്റെ രൂപഭാവങ്ങളുണ്ടായിരുന്നു. വന്യമായ ധീരതയോടെ, വിപ്ലവകാരിയുടെ പരിവേഷത്തോടെയാണ് അദ്ദേഹം ലിബിയയുടെ ഭരണം പിടിച്ചതും ആ നാടിനെ മാറ്റിമറിച്ചതും. ആര്‍ക്കും മെരുക്കാനാവാത്ത ധിക്കാരത്തോടെയാണയാള്‍ പതിറ്റാണ്ടുകളോളം വൈദേശികശക്തികളെ വെല്ലുവിളിച്ചത്. നാലു പതിറ്റാണ്ടുകാലം അധികാരത്തില്‍ കടിച്ചുതൂങ്ങിയപ്പോള്‍ സ്വാഭാവിക രൂപപരിണാമത്തിലൂടെ നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറിയെങ്കിലും ആര്‍ക്കു മുന്നിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.

ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ നാടുകടത്തിയ, ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ കടപുഴക്കിയ അറബ് ജനാധിപത്യപ്രക്ഷോഭം ലിബിയയില്‍ എത്തിയപ്പോഴേക്കും ചോരപ്പുഴ ഒഴുകിയത് അവിടെ അധികാരത്തിലിരുന്നത് കേണല്‍ ഗദ്ദാഫിയായിരുന്നു എന്നതുകൊണ്ടാണ്. മുബാറക്കിനെയോ ബിന്‍ അലിയെയോ പോലെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍കൊണ്ടെത്തിച്ച ഭരണാധികാരിയായിരുന്നില്ല ഗദ്ദാഫി. ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യം ഗദ്ദാഫിയുടെ കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയാണ് ചെയ്തത്.

വൈദേശികഭരണം അവസാനിപ്പിച്ച് 1951-ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ പരമദരിദ്ര രാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തി, രാജ്യം മുന്നേറിയപ്പോള്‍ സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ കുമിഞ്ഞു. അതിലൊരു പങ്ക് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം ഊറ്റിക്കൊണ്ടുപോയി. അതേച്ചൊല്ലി നാട്ടിലെ യുവാക്കളില്‍ പുകഞ്ഞ അസ്വസ്ഥതയാണ് ഗദ്ദാഫിയുടെ ഉദയത്തിനു വഴിവെച്ചത്.

സിര്‍ത്ത് മരുഭൂമിയിലെ ബെദൂയിന്‍ ഗോത്രത്തില്‍ ജനിച്ച്, ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി ഈജിപ്തിലെ നാസറിന്റെ അറബ് ദേശീയതാ സിദ്ധാന്തത്തിന്റെ ആരാധകനായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങളും ലിബിയയിലെ വൈദേശിക ഇടപെടലുകളും ഗദ്ദാഫിയിലെ അറബ് വീര്യം ജ്വലിപ്പിച്ചു. 1969-ല്‍ ഇദ്രിസ് രാജാവ് തുര്‍ക്കിയില്‍ ചികിത്സയ്ക്ക് പോയ സമയത്ത് ഏതാനും കീഴുദ്യോഗസ്ഥരുടെ സഹായത്തോടെ രക്തരഹിത പട്ടാള അട്ടിമറി നടത്തി ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചു. അപ്പോള്‍ ഇരുപത്തേഴു വയസ്സുമാത്രമാണ് കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഗദ്ദാഫിക്കു പ്രായം.

വെറുതെ നാടുഭരിക്കുകയല്ല രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫി ചെയ്തത്. സ്വന്തം തത്ത്വസംഹിതകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയഘടന അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. ക്ഷേമരാഷ്ട്രമെന്ന സോഷ്യലിസ്റ്റ് ആശയത്തെ ഇസ്‌ലാമിക നൈതികതകൊണ്ടും ജനക്കൂട്ടത്തിന്റെ ശാക്തീകരണം കൊണ്ടും പുഷ്ടിപ്പെടുത്താനദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാല്‍ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നര്‍ഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ല്‍ നിലവില്‍ വന്നു. തന്റെ തത്ത്വസംഹിതകള്‍ ‘ഹരിതപുസ്തകം’ എന്ന പേരില്‍ അദ്ദേഹം ക്രോഡീകരിച്ചു.

വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിര്‍ത്തു. വിദേശികളെ നാടുകടത്തി. ആര്‍ക്കും വഴങ്ങാത്ത തന്റേടത്തോടെ അമേരിക്കന്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോരാളി സംഘടനകളെ പരസ്യമായി സഹായിച്ച ഗദ്ദാഫിയെ അന്താരാഷ്ട്ര ഭീകരനേതാവായി അമേരിക്ക വിശേഷിപ്പിച്ചു. ലോക്കര്‍ബി വിമാനദുരന്തത്തിന്റെ ഉത്തരവാദിത്വം ഗദ്ദാഫിയുടെ ലിബിയയില്‍ ആരോപിക്കപ്പെട്ടു. ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമായിരുന്നു ഫലം. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധങ്ങളെ നേരിടുമ്പോള്‍ ഗദ്ദാഫിക്കുപിന്നില്‍ ലിബിയ ഒറ്റക്കെട്ടായുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുമായി അടുപ്പം പുലര്‍ത്തിയ ഗദ്ദാഫി അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ലോകമെങ്ങുമുള്ള അമേരിക്കന്‍ വിരോധികള്‍ അദ്ദേഹത്തെ വീരപുരുഷനായിക്കണ്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഗദ്ദാഫിക്ക് അമേരിക്കയോട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു. നാട്ടില്‍ അദ്ദേഹം വെറുമൊരു ഏകാധിപതിയായി മാറി.

മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിയന്ത്രണം വന്നതോടെ ഗദ്ദാഫി ജനങ്ങളില്‍നിന്നകന്നു. പൊതുസമൂഹത്തെയും രാഷ്ട്രീയപാരമ്പര്യത്തെയും അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തി. ഇസ്‌ലാമിക സംഘടനാപ്രവര്‍ത്തകരെ ചവിട്ടിയരച്ചു. വിമര്‍ശകരെ അടിച്ചമര്‍ത്തി. രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. 1996-ലെ കുപ്രസിദ്ധമായ ജയില്‍കലാപത്തില്‍ 1,000 തടവുകാരെയാണദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഈ ജയില്‍ കലാപത്തിനിരയായവരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന്‍ ഫാത്തി ടെര്‍ബിലിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നിരായുധരായ നാട്ടുകാര്‍ സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തെ കലാപമായി വളര്‍ത്തിയത് ഗദ്ദാഫി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം തന്നെയായിരുന്നു. ജനവികാരം എതിരാണെന്നറിഞ്ഞതോടെ ഭരണകൂടത്തിലെ ഉന്നതര്‍ പലരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ് ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നിനു പിറകെ ഒന്നായി രാജിവെച്ച് സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

എന്നിട്ടും കീഴടങ്ങാതെ ചെറുത്തുനില്‍ക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു ലിബിയയിലെ ചോരപ്പുഴ. രക്ഷയില്ലാതെ വിമതര്‍ അന്താരാഷ്ട്രസഹായം തേടി. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ നിയമവിരുദ്ധ ബലപ്രയോഗത്തിന്റെ വഴിതന്നെ സ്വീകരിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയില്‍ വ്യോമനിരോധിത മേഖല പ്രഖ്യാപിച്ചു. നാറ്റോ ആക്രമണം തുടങ്ങി. അതോടെ ജനാധിപത്യപ്രക്ഷോഭം യുദ്ധം തന്നെയായി മാറി. ആറുമാസം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി സപ്തംബറില്‍ അധികാരം പിടിച്ചു. ഗദ്ദാഫിയും കുടുംബവും ഒളിവില്‍പ്പോയി, മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടു. അപ്പോഴും കീഴടങ്ങാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വിടാനുള്ള അവസരങ്ങള്‍ക്കു നേരേ കണ്ണടച്ചു. അനുരഞ്ജനത്തിനു നേരേ മുഖം തിരിച്ചു. ഒടുവില്‍ ഒരു പോരാളിക്കു ചേര്‍ന്ന രീതിയില്‍ മരണത്തിനു കീഴടങ്ങി.

കൂടുതൽ വാർത്ത ഇവിടെ

സ്വന്തം ജനതയെ മറന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും നിങ്ങളുടെ സ്ഥാനമെന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജീവിതം ലോകത്തെ വീണ്ടും ഒാര്‍മിപ്പിക്കുന്നു. ജനപ്രിയതയുടെ കൊടുമുടിയില്‍ നിന്ന ഒരു രാഷ്ട്രത്തലവന്റെ സമാനതകളില്ലാത്ത പതനമാണു ലിബിയ ചോരകൊണ്ടെഴുതി പൂര്‍ത്തിയാക്കിയത്. സിര്‍ത്തിലും ട്രിപ്പോളിയിലും ആകാശത്തേക്കുയര്‍ന്ന ആഹ്ലാദ വെടിമുഴക്കങ്ങളില്‍ ഗദ്ദാഫിയുടെ പതനം പൂര്‍ണമാകുന്നു.

ലോകത്തിനു മുന്നില്‍ മുഅമ്മര്‍ ഗദ്ദാഫി വര്‍ണാഭമായ ഒരു ചിത്രമാണ്. ഏറ്റവും നിറപ്പകിട്ടാര്‍ന്ന പട്ടാളവേഷങ്ങളും ഏറ്റവും വിലയേറിയ സണ്‍ഗ്ലാസും അണിഞ്ഞ് തന്റെ കാപ്പിരിമുടിക്കു മീതേ കൗബോയ് തൊപ്പിയണിഞ്ഞു നില്‍ക്കുന്ന ഗദ്ദാഫി. ആഡംബര ഹോട്ടലുകളില്‍ താമസിക്കാതെ സ്വയം നിര്‍മിച്ച ടെന്റുകളില്‍ അന്തിയുറങ്ങിയ ഗദ്ദാഫി. വിദേശത്തു ഗദ്ദാഫിയെത്തിയോ എന്നറിയാന്‍ ലിബിയയുടെ സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ഒട്ടകത്തെ കെട്ടിയിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി എന്നൊരു ചൊല്ലുണ്ടായിരുന്നു. ഒട്ടകപ്പാല്‍ കുടിച്ചാണു ഗദ്ദാഫിയുടെ ദിവസം തുടങ്ങുന്നത്. ഷോമാനായിരുന്നു ഗദ്ദാഫി. തനിക്കു ചുറ്റും സുരക്ഷയ്ക്കായി ആമസോണ്‍ ഗാര്‍ഡ്സ് എന്ന പെണ്‍പടയെയാണു ഗദ്ദാഫി നിയോഗിച്ചിരുന്നത്. സ്ത്രീകള്‍ക്കു നേരെ നിറയൊഴിക്കാന്‍ അറബ് ലോകത്തെ സെനികര്‍ക്കു കെവിറയ്ക്കുമെന്നതായിരുന്നു ഗദ്ദാഫിയുടെ ന്യായം.

സഹാറാ മരുഭൂമി വിഴുങ്ങിനില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്കേ അറ്റത്തെ ലിബിയ എന്ന കൊച്ചുരാജ്യത്തിന്റെ ചരിത്രം ആധുനിക ലോകത്തിനു ഗദ്ദാഫിയുടെ ജീവിതമാണ്. നാല്‍പത്തിരണ്ടോളം വര്‍ഷമാണു ഗദ്ദാഫി ലിബിയയെ കാല്‍ക്കീഴിലാക്കി ഭരിച്ചത്. കോളനി ഭരണത്തിലായിരുന്ന ലിബിയ 1951ല്‍ ആണു സ്വതന്ത്രരാഷ്ട്രമാകുന്നത്. ഇദ്രീസ് രാജാവാണ് അന്നു ഭരണം. സ്വാതന്ത്യ്രം നേടുമ്പോള്‍ ദയനീയമായിരുന്നു ലിബിയയുടെ അവസ്ഥ. വിദേശികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ ബാക്കിയായതു പതിനാറു ബിരുദധാരികള്‍. മൂന്ന് അഭിഭാഷകര്‍. ഒരു ഡോക്ടര്‍പോലും രാജ്യത്തില്ലായിരുന്നു. 1963ല്‍ ലിബിയയുടെ ഭാഗധേയം മാറ്റിയെഴുതി എണ്ണനിക്ഷേപം കണ്ടെത്തി. ക്രമേണ രാജാവ് സുഖലോലുപതയിലേക്കു വഴുതിവീണു.

ലിബിയയിലെ ആദിമവാസികളായ ബെര്‍ബറ ഗോത്രസമൂഹത്തിലെ ബദവി കുടുംബത്തില്‍ 1942ല്‍ ആണു ഗദ്ദാഫിയുടെ ജനനം. ലിബിയയിലെ ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള എളുപ്പമാര്‍ഗമായിരുന്നു പട്ടാളസേവനം. പത്തൊന്‍പതാം വയസ്സില്‍ ഗദ്ദാഫി പട്ടാളത്തില്‍ ചേര്‍ന്നതും ആ വഴിക്കാണ്.

1967ലെ അറബ് – ഇസ്രയേല്‍ യുദ്ധം ഗദ്ദാഫിയുടെ മനസ്സില്‍ ആഴമേറിയ മുറിവായി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനു മുന്നില്‍ തകര്‍ന്ന സിറിയയെയും ജോര്‍ദാനെയും സഹായിക്കാന്‍ ലിബിയയ്ക്കു കഴിഞ്ഞില്ല. പട്ടാളത്തിനകത്തു വിപ്ലവത്തിനുള്ള രഹസ്യസം¸ത്തെ വളര്‍ത്തിയ കേണല്‍ ഗദ്ദാഫി ഇരുപത്തേഴാം വയസ്സില്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്രീസ് രാജാവ് വാഴിച്ച സയിദ് ഹസല്‍ അല്‍റിദ അല്‍മഹ്ദിയെ വീട്ടുതടങ്കലിലാക്കി അധികാരം പിടിച്ചു.

ഗദ്ദാഫി എളുപ്പം ജനപ്രിയനായി. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കയുടെ വ്യോമതാവളം അടച്ചുപൂട്ടി. മുതലാളിത്തവും കമ്യൂണിസവും ഇറക്കുമതി ചെയ്ത പ്രത്യയശാസ്ത്രങ്ങളാണെന്നു ഗദ്ദാഫി പ്രഖ്യാപിച്ചു. 1969ല്‍ ഭരണത്തിനു റവല്യൂഷനറി കമാന്‍ഡ് കൗണ്‍സിലുണ്ടാക്കി. പത്തുവര്‍ഷം അതിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു.

സഫാരി സ്യൂട്ടും സണ്‍ഗ്ലാസും അണിഞ്ഞു സാമ്രാജ്യത്വത്തിനെതിരെ പോരാടിയ പ്രതിച്ഛായയുമായി പുതിയ കാലത്തെ ചെ ഗുവേര എന്ന വിശേഷണം വരെ ഗദ്ദാഫി എടുത്തണിഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നടുവില്‍ നിന്നു. 1986ല്‍ സിംബാംബ്വെയിലെ ഹരാരെയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 33 അമേരിക്കന്‍ വിമാനങ്ങള്‍ എന്റെ വീടാക്രമിച്ചപ്പോള്‍ എവിടെയായിരുന്നു ഈ ചേരിചേരാ പ്രസ്ഥാനം എന്നു ചോദിച്ചുകൊണ്ടു സം¸ടന വിട്ടു. ഈജിപ്തില്‍ അന്‍വര്‍ സാദത്ത് അമേരിക്കയോടു ചാഞ്ഞപ്പോള്‍ ഗദ്ദാഫി കടുത്ത അമേരിക്കന്‍വിരുദ്ധ നിലപാടുമായി പ്രശസ്തി നേടി. സാദത്തിനെ സ്വന്തം പട്ടാളക്കാര്‍ വധിച്ചപ്പോള്‍ ഗദ്ദാഫി അതിനെ പുകഴ്ത്തി. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനെ വധിക്കാന്‍ ഗദ്ദാഫി ഗൂഢാലോചന നടത്തി എന്ന ആരോപണം ഈ ഘട്ടത്തിലുയര്‍ന്നു. 1986ല്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണം നടത്തി. ഗദ്ദാഫിയുടെ വളര്‍ത്തുമകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായാണു ഗദ്ദാഫി 259 പേരുടെ മരണത്തിനിടയാക്കിയ ലോക്കര്‍ബി വിമാനസ്ഫോടനം ആസൂത്രണം ചെയ്തത് എന്ന് ആരോപണം ഉണ്ടായിരുന്നു. ഉപരോധത്തില്‍ എരിപിരിക്കൊള്ളുന്ന ലിബിയയെയാണു പിന്നീടു ലോകം കണ്ടത്.

തുടര്‍ന്നു ഗദ്ദാഫി പാശ്ചാത്യ ലോകവുമായി വിട്ടുവീഴ്ചയ്ക്കു തയാറായി. രാജ്യാന്തര വേദിയിലേക്കു ലിബിയയെ മടക്കിക്കൊണ്ടുവരാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബെ്ലയര്‍ 2004ല്‍ ട്രിപ്പോളിയിലെത്തി. റൊണാള്‍ഡ് റെയ്ഗന്‍ ‘മധ്യപൂര്‍വദേശത്തെ പേപ്പട്ടി എന്നു വിളിച്ച ഗദ്ദാഫി ബ്രിട്ടനു കെകൊടുത്തു. ലോക്കര്‍ബി വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നഷ്ടപരിഹാരം നല്‍കി. ക്രമേണ അമേരിക്കയും ലിബിയയുമായി കെകോര്‍ത്തു.

രാജാവിനെ പുറത്താക്കി അധികാരത്തിലെത്തിയ ഗദ്ദാഫി പിന്നീടു രാജാക്കന്‍മാരെ തോല്‍പ്പിക്കുന്നവിധം അധികാരം ആസ്വദിച്ചു. സ്ഥാനപ്പേരുകള്‍ ഒഴിവാക്കി ഒാമനപ്പേരുകള്‍ പലതു സ്വീകരിച്ചെങ്കിലും സെന്യത്തിന്റെ കടിഞ്ഞാണ്‍ വിട്ടുകൊടുത്തില്ല. സോഷ്യലിസത്തിന്റെ മറവിലുള്ള ഏകാധിപത്യമായിരുന്നു ലിബിയയിലേത്. ഗദ്ദാഫിയുടെ മക്കള്‍ എണ്ണപ്പണത്തിന്റെ സമൃദ്ധിയില്‍ വിദേശരാജ്യങ്ങളില്‍ ആഡംബര ജീവിതം നയിച്ചു. ഭരണത്തിന്റെ മര്‍മസ്ഥാനങ്ങളിലെല്ലാം മക്കളും സ്വന്തക്കാരും കടന്നുകയറി. ഗദ്ദാഫിയുടെ കൊട്ടാരങ്ങള്‍ പിടിച്ചെടുത്ത സേന ആഡംബരത്തിന്റെ അറപ്പുരകള്‍ കണ്ട് അമ്പരന്നു. അറബ് ലോകംവിട്ട് ആഫ്രിക്കയുടെ നേതാവാകാന്‍ കൊതിച്ച ഗദ്ദാഫി സ്വന്തം ജീവനു വേണ്ടി ഒരു മാലിന്യക്കുഴലിലേക്കു നുഴഞ്ഞുകയറേണ്ട ഗതികേടും ലിബിയയും ലോകവും കണ്ടു. സഹാറാ മരുഭൂമിയിലെ ഏറ്റവും വലിയ പൊടിക്കാറ്റിനും ഈ പതനത്തെ മൂടാനാകില്ല.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights