Skip to main content

ചിത്രങ്ങൾ കോപ്പിയെടുക്കുമ്പോൾ…

കേരളത്തിൽ ഏതൊരു പ്രശസ്തൻ മരിച്ചാലും പത്രക്കാർ ആദ്യം നോക്കുന്നത് മലയാളം വിക്കീപീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് ലേഖനം ഉണ്ടോ എന്നാണ്. ലേഖനം ഉണ്ടെങ്കിൽ അത് അതേപടിയോ അല്പം മാറ്റം വരുത്തിയോ ഒക്കെ പത്രങ്ങളിൽ അച്ചടിച്ചുവരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ അങ്ങനെ ആർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈസൻസിൽ കിട്ടുന്നതാണെങ്കിൽ പോലും അതിനും ആവശ്യമായ കടപ്പാട് രേഖപ്പെടുത്തണം എന്നുണ്ട്…

വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് എന്നാൽ മറ്റൊരു പ്രശ്നമുണ്ട്. ലേഖനത്തിലെ ടെക്സ്റ്റ് കണ്ടന്റിനെ ആപേക്ഷിച്ച് വ്യത്യസ്ഥങ്ങളായ ലൈസൻസിലാണു ചിത്രങ്ങൾ പബ്ലിക്കിനു കിട്ടുക. ആ ചിത്രങ്ങളിൽ പലതും ഉപയോഗിക്കുമ്പോൾ ചിത്രം എടുത്ത വ്യക്തിയ്‌ക്കോ വിക്കിപീഡിയയ്ക്കോ അതിന്റെ ക്രഡിറ്റ് നൽകണം എന്ന് വ്യക്തമായിതന്നെ അതിൽ കൊടുത്തിരിക്കും. അങ്ങനെ കൊടുക്കുന്നതുകൊണ്ട് പത്രക്കാർക്കോ മറ്റുള്ളവർക്കോ നഷ്ടമൊന്നും വരില്ലെന്നിരിക്കേ അതു കൊടുക്കണമായിരുന്നു. അത് വിക്കീപീഡിയയ്ക്ക് ചിലപ്പോൾ നല്ലൊരു മുതൽക്കൂട്ടാവുകയും ചെയ്തേക്കാം. വിക്കിപീഡിയ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ ഇതുമൂലം ഇടവരും.

ഇന്ന് അന്തരിച്ച കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതു കാണുക. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്താൽ മതി അത് വിക്കിപീഡിയയിൽ കാണാം. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം കൂടി നോക്കുക. സംഘടനകളും പാർട്ടിയും വിക്കിപീഡിയയിലെ അതേ ചിത്രം ഉപയോഗിച്ച് പോസ്റ്ററുകൾ ഉണ്ടാക്കിയിരിക്കുന്നു.

ഇങ്ങനെ കൊടുക്കുമ്പോൾ അതിന്റെ മൂലയിൽ എവിടെയെങ്കിലുമായി ആ ചിത്രം എടുത്തത് വിക്കിപീഡിയയിൽ നിന്നാണെന്നു പറഞ്ഞാൽ വിക്കിപീഡിയ്‌ക്കു കിട്ടുന്ന ഒരു ബഹുമതിതന്നെയാവില്ലേ അത്..!!

മുകളിലെ രണ്ട് ചിത്രങ്ങളിലും ഒരു രസം ഒളിഞ്ഞിരിപ്പുണ്ട് 🙂 ശ്രീ.കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിലേക്ക് അപ്പ്ലോഡ് ചെയ്തത് കണ്ണൻ മാഷാണ്. പിന്നീട്, ആ ചിത്രം അദ്ദേഹത്തിനു കടപ്പാട് കൊടുക്കാതെ എടുത്ത് വിവിധ പോസ്റ്റുകളാക്കി വഴിയോരങ്ങളിൽ സ്ഥാപിച്ചതിന്റേയും ഫോട്ടോ എടുത്ത് അത് വിക്കിപ്പീഡിയയിലേക്ക് അപ്ലോഡ് ചെയ്തതും കണ്ണൻ മാഷ് തന്നെ!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights