വെള്ളിമിന്നൽ ചിലമ്പോടെ, കണ്ണിലാളും അഗ്നിയോടെ
തുള്ളിവന്നീത്തുറയിലെത്തി തുടി മുഴക്കുക കണ്ണകി
കാളിമേഘക്കൂന്തലാട്ടി ചാട്ടൊളിക്കൺകോണിനാലേ
അധർമ്മമിനിയും മധുര തന്നിൽ ആടിയെത്തുക കണ്ണകി
ധർമ്മമാകും കോവലന്റെ പ്രാണനൊരു വെൺമേഘമായി
വ്യോമവീഥിയിലലയവേ നീ ഉറഞ്ഞാടുക കണ്ണകി
തുടുതുടുത്തൊരു മാറിടത്തിനെ പിഴുതെറിഞ്ഞിനി അലറിയെത്തി
പതിതവീഥിയിലുദയമാർന്നൊരു പുളകമേകുക കണ്ണകി
നീതിശാസ്ത്രപ്പൊരുളിലറിയാം ആയമേകി പരിലസിക്കും
പാപികൾക്കുടവാളിനാലേ പകരമേകുക കണ്ണകി
നിസ്സഹായക്കണ്ണുനീരിൽ അവനിമുങ്ങും യാമമൊന്നിൽ
ധർമ്മകർമ്മക്കവിത പാടി വരിക വീണ്ടും കണ്ണകി
നിദ്ര പോലും നീ മറന്നീ നിർദയാവനി തേടിയെത്താൻ
ചന്ദ്രതാരം വഴിവിളക്കായ് കയ്യിലേന്തുക കണ്ണകി
ആര്യരെന്നവകാശമോതി നേരു മായ്ക്കും മാന്യരോടായ്
വീര്യമോടിനിയേറ്റു നില്ക്കാൻ സൂര്യയാകുക കണ്ണകി
മൂകഹൃദയം പാടുവാനായ് മുഗ്ദ്ധസത്യം ഏകി വീണ്ടും
മുളകൊടിക്കും അധമരാവിൻ മുനയൊടിക്കുക കണ്ണകി
വേദനിക്കും മാനവന്റെ നാദമറിയാവേദമെല്ലാം
തൂലികപ്പൂനാവിനാലേ നീ തീരുത്തുക കണ്ണകി
പൊരുതി നേടും പുലരി തന്നിൽ കാതലിത്തിരിയന്യമാകും
പതിതരിൽ പുതുപടയണിയ്ക്കൊരു പുളിനമേകുക കണ്ണകി
തെരുവിലവിഹിതഗർഭമേന്തും ഭഗിനിമാരുടെ തേങ്ങലകലാൻ
പാപികൾ പകൽമാന്യരെ ഇനി പിഴുതെടുക്കുക കണ്ണകി
കരൾ പിളർക്കും നോവുമായി കരയുമായിരമമ്മമാരുടെ
മിഴിമഴയ്ക്കൊരു തോർചയേകാൻ വഴി തെളിക്കുക കണ്ണകി
അട്ടഹാസത്തുടി മുഴക്കുക അഗ്നിപാറും മിഴി വിടർത്തുക
അവനി നിന്നെ കാത്തിരിക്കുകയാണു വീണ്ടും കണ്ണകി