Skip to main content

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.”

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

“ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!”
*************************************************************

മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.
0 0 votes
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Thankaraj
Thankaraj
5 years ago

എത്ര മനോഹരം.
കോളേജ് കാലത്തു പഠിച്ച വരികൾ ഇന്നും സുഗന്ധം പരത്തുന്ന ഓർമ്മ യായി മനസ്സിൽ മാങ്ങാ തെ നിൽക്കുന്നു


1
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights