സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട് “കേരളത്തില്‍” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍ത്താല്‍ (ഏപ്രില്‍ 27, 2010) ആരംഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍ട്ടിയിലെ മെമ്പര്‍മാര്‍ മാത്രം പണിമുടക്കി വീട്ടിലിരുന്നാല്‍ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇവര്‍ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും ഈ കക്ഷികളുടെ പോക്ഷകസംഘടനകളിലെ മെമ്പര്‍മാരും ഒക്കെ കൂടുമ്പോള്‍ തന്നെ ലക്ഷങ്ങള്‍ ആവുമല്ലോ..! അവര്‍ അവരുടെ കടകള്‍ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ മരിച്ചാല്‍ പോകാതിരിക്കട്ടെ… മറ്റു പാര്‍ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ ഏതു നിയമമാണാവോ ഇവര്‍ക്കു കൂട്ടുനിക്കുന്നത്? ഈ കാണിക്കുന്നത് ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം കണ്ട്, തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!
ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍ത്താല്‍ കൊണ്ട് നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും ആക്രമങ്ങളില്‍ പെട്ട് പല ജീവനും കൊഴിഞ്ഞുപോയിട്ടുമുണ്ട്; ലക്ഷങ്ങളുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം കഴിഞ്ഞ പ്രാവശ്യം ഏതോ പത്രത്തില്‍ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍ ഒരു സഖാവുപറഞ്ഞത് അതു കുത്തകബൂര്‍ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രംഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍. നേതാക്കളാവട്ടെ വിദേശങ്ങളില്‍പോയി പിരിവെടുത്ത കോടികള്‍ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.
ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍ എത്തേണ്ടവര്‍ ഇന്നെന്തുചെയ്യും? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി അനുഭവിക്കു മാനസിക സമ്മര്‍ദ്ദം ഏതു പാര്‍ട്ടിക്കാരന്‍ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും ആഘോഷങ്ങളും മറ്റും, മരണവീടുകളിലും മറ്റും എത്തിച്ചേരാന്‍ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…
ഇവിടെ, ബാംഗ്ലൂരിലായിട്ടുപോലും കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു പ്രാവശ്യം എനിക്കു പണി കിട്ടിയിട്ടുണ്ട്. ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമൊക്കെ.
ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ് നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍, ഓരോ ഏരിയ ഓരോ ലോക്കല്‍ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം മാറിവന്ന ബന്ദാണു ഹര്‍ത്താലെന്ന് കോടതി അറിഞ്ഞില്ല എന്നുണ്ടോ?.
വാല്‍കഷ്‌ണം
ഇന്നു നടന്ന ഹര്‍ത്താല്‍ ദിനപരിപാടികളില്‍ ചിലത്. ഫോട്ടോകള്‍ മനോരമയില്‍ നിന്നും
കോടതിയും ഹര്‍ത്താലും
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവുപ്രകാരം ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിപ്പിക്കതിരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വേണ്ടിവന്നാല്‍ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം നിലനിര്‍ത്തണമെന്നു കോടതി പറയുന്നു.കോടതി പറഞ്ഞ ചില കാര്യങ്ങള്‍
- ഹര്‍ത്താലില്‍ ഭരണഘടനാ സ്തംഭനവും മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്രമസമാധാനപാലനത്തിന് ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍ ജില്ലാഭരണകൂടത്തിനും പൊലീസ് അധികാരികള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം.
- ഹര്‍ത്താലാഹ്വാനം നല്‍കുന്നവര്‍ ആരേയും നിര്‍ബന്ധിക്കരുതെന്ന് അണികള്‍ക്കു നിര്‍ദ്ദേശം നല്‍കണം.
- പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍ ഈടാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. സ്വകാര്യവ്യക്തികളുടെ ജീവനും സ്വത്തിനും അപകടമുണ്ടായാല്‍ സര്‍ക്കാര്‍ ഉടനടി നഷ്‌ടപരിഹാരം കൊടുക്കണം. അതു കാരണക്കാരില്‍ നിന്നും, പാര്‍ട്ടി/സംഘടനകളില്‍ നിന്നും ഈടാക്കണം.
- ഹര്‍ത്താല്‍ ദിവസം ജനങ്ങള്‍ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും വാഹനമോടിക്കാനും സാഹചര്യമൊരുക്കണം. പൊതുഗതാഗതം തടസപ്പെടില്ലെന്നുറപ്പു വരുത്തണം.
- അതിക്രമം കാണിക്കുന്നവര്‍ക്കെതിരേയും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ കേസ്സെടുക്കണം.