ഒത്തിരി രാഷ്ട്രീയപ്പാര്‍ട്ടികള്‍ നമുക്കുണ്ട്. ജാതിയുടേയും മതത്തിന്റേയും പേരില്‍ അവര്‍ സംഘടിക്കുന്നു. തങ്ങളുടെ ജനസംഖ്യയുടെ എണ്ണം പറഞ്ഞവര്‍ അധികാരം പിടിച്ചു വാങ്ങുന്നു. ഞങ്ങളുടെ പ്രമാണങ്ങളെ ചോദ്യം ചെയ്യാന്‍ ഗവണ്‍മെന്റിന് അധികാരമില്ല എന്നുവരെ പറഞ്ഞുവെക്കുന്നു ചിലര്‍. കേരളത്തെയും ഇന്ത്യയെയും സംശുദ്ധമാക്കാന്‍ ആദ്യമായി വേണ്ടത് നിലവാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെ പുറത്താകുക എന്നതാണ്. അത് നാം തന്നെ ചെയ്യണം. അതിനുള്ള അധികാരവും നമുക്കുണ്ട്. നമ്മള്‍ക്കെ ഉള്ളൂ
മുന്നണി നോക്കി വോട്ട് ചെയാതെ പകുതി സീറ്റിലെങ്കിലും മല്‍സരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമ്മേ ഇപ്രാവശ്യം വോട്ട് ചെയ്യൂ എന്ന് വെറും 10 ശതമാനം പേര്‍ തീരുമാനിച്ചാല്‍ എല്ലാ രാഷ്ട്രീയ കുതിരകച്ചവടങ്ങളും നമുക്കവസാനിപ്പിക്കാം.
ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിയാണു ഭരിക്കുക എന്നു പറയാറുണ്ട്. ഭൂരിപക്ഷം എന്നത് വോട്ടു ചെയ്ത സംഖ്യയുടെ ഭൂരിപക്ഷമാണ്. ലോകത്തിലെ മൊത്തം മലയാളികളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആകെ വോട്ടുചെയ്യുന്നവര്‍ തന്നെ അമ്പതുശതമാനത്തിനു താഴെയാണത്രേ. വോട്ടു ചെയ്യുന്നവരേക്കാള്‍ വോട്ടു ചെയ്യാത്തവരാണു കൂടുതല്‍! അങ്ങനെയുള്ള ആ ന്യൂനപക്ഷത്തില്‍ തന്നെ കമ്യൂണിസ്റ്റായും കോണ്‍ഗ്രസ്സായും ബിജെപിയായും കൃസ്ത്യന്‍ കോണ്‍ഗ്രസ്സുകളായും ഒക്കെ ചിതറിത്തിരിഞ്ഞു പോയവരിലെ ഭൂരിപക്ഷമാണു ഭരിക്കുക…!! ഇതാണോ ശരിക്കും ഭൂരിപക്ഷം?
അങ്ങനെ കിട്ടുന്ന അധികാരത്തിലേക്കൊന്നു കേറിയിരിക്കാന്‍, മന്ത്രിസഭയുണ്ടാക്കാന്‍ ഒന്നോ രണ്ടോ എംപിമാരുടെയോ എമെല്ലെമാരുടെയോ ആവശ്യം വന്നാല്‍ അവരുടെ വില കോടികളാണെന്നു കഴിഞ്ഞ പ്രാവശ്യം പത്രമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. കോടികള്‍ അട്ടിയട്ടിയായി വാങ്ങിച്ച ആ നേതാക്കള്‍ക്കെന്തു സംഭവിച്ചു? അവരെ ജയിലടച്ചോ? അയോഗ്യരാക്കിയോ? മറ്റുകഷിക്കാര്‍ അതിനെതിരെ പ്രതികരിച്ചോ? ഒന്നുമില്ല… അവരാരും പ്രതികരിക്കില്ല, കാരണം നാളെ അവര്‍ക്കും ഇതൊക്കെ നടത്താനുള്ളതാണ്.
പലപ്പോഴും ആര്‍ക്കെങ്കിലും വോട്ടുചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. മറ്റൊരു സംവിധാനം അതിലില്ലാത്തതുകോണ്ടോ എന്തോ? നില്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയേയും വിശ്വാസമില്ലെങ്കില്‍ നമുക്കെന്തു ചെയ്യാനാവും? വോട്ടു ചെയ്യാതിരിക്കുക! വോട്ടു ചെയ്യാതിരിക്കുക എന്നതു ഭരണഘടനാ ലംഘനമെന്നും പറഞ്ഞ് ഒരു കുട്ടിസഖാവ് എന്നോട് പണ്ട് ഗുസ്തിക്കു വന്നിരുന്നു. അതിനെപ്പറ്റിയൊന്നും കാര്യമായ അറിവില്ലാത്ത ഞാന്‍ അന്നു മിണ്ടാതിരുന്നു. എന്നിട്ടും പക്ഷേ വോട്ടു ചെയ്യാന്‍ പോയില്ല. അതു കഴിഞ്ഞ് ഒരു സുഹൃത്തു വഴികാട്ടിയതനുസരിച്ച് ഗൂഗിളില്‍ നിന്നും എനിക്ക് THE CONDUCT OF ELECTIONS RULES, 1961 എന്നൊരു സംഭവം കിട്ടുകയുണ്ടായി. അതില്‍ റൂള്‍ നമ്പര്‍ 49-O -ല്‍ പറയുന്നതു നോക്കുക [ ആ പേജ് തുറന്നിട്ട് ctrl + f press ചെയ്തിട്ട് 49-O എന്ന നമ്പര്‍ സേര്‍ച്ചു ചെയ്താല്‍ കിട്ടും]:
അതായത് നമ്മുടെ വോട്ട് പാഴായി പോകുന്നില്ല; ഭരണഘടനയ്ക്കെതിരുമാവുന്നില്ല. നമുക്കിഷ്ടമില്ലാത്ത ഈ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി നമ്മള്‍ വോട്ടുചെയ്യുന്നു. ഇതിനായി ചെയ്യേണ്ടത് പ്രിസൈഡിംങ് ഓഫീസറോട് ഫോം 49-O വാങ്ങിച്ചു ഫില്‍ ചെയ്യുക എന്നതു മാത്രമാണ്. രഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞാടുന്ന കണ്ണൂരൊന്നും പോയി ചെയ്തേക്കരുതു കേട്ടോ; തലയില്ലാതെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല 🙂
രാഷ്ട്രീയ പാര്‍ടികള്‍ക്കതീതമായി ചിന്തിച്ചുതിടങ്ങിയ ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടികള്‍ നന്നാവും എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അതുകൊണ്ടുതന്നെ ആ തലമുറയുടെ വിശ്വാസം പിടിച്ചെടുക്കാന്‍ ഉതകുന്ന ഒരു ബദല്‍ സംവിധാനം ഉടന്‍ ശക്തി പ്രാപിച്ചേ മതിയാവൂ. ഇല്ലെങ്കില്‍ ഒന്നും ചെയ്യാനില്ലാത്ത ആ തലമുറ തീവ്രവാദപ്രവര്‍ത്തകരുടെ വലയിലോ സിനിമാ നടന്‍മാര്‍ക്കു ജയ് വിളിച്ചോ ഐ.പി.എല്‍ മോഡീശ്വരന്‍മാര്‍ക്ക് സിന്താബാദുവിളിച്ചോ ഒന്നിനും കൊള്ളാതെ ഒടുങ്ങും.
യുവജനപ്രസ്ഥാനങ്ങളെയൊക്കെ ഓരോ പാര്‍ട്ടിക്കാര്‍ വിഴുങ്ങിയപ്പോള്‍ ഇല്ലാതായത് ചിന്താശേഷിയുള്ള ഒരു തലമുറയെയാണ്. കൈയില്‍ നിറയെ പണവും കോര്‍പ്പറേറ്റ് വിദ്യാഭ്യാസവും ഒക്കെയുണ്ടെങ്കിലും പലര്‍ക്കും മാനുഷികത നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണസംവിധാനത്തില്‍ ഇതിനൊക്കെയൊരു പരിഹാരം തേടുകയെന്നത് മണ്ടത്തരമാണ്. എന്റെ ആശങ്കകളില്‍ കഴമ്പുണ്ടോ? നിങ്ങളെന്തു പറയുന്നു?
പരമാര്‍ത്ഥം! പക്ഷെ ഇങ്ങനെ ഒരു സംഗതി ഇപ്പോള്‍ ഉണ്ടോ എന്നാ കാര്യത്തില്‍ സംശയമുണ്ട്. ഇനി ഒരവസരം കിട്ടുമ്പോള്‍ ചെയ്തു നോക്കണം. ഇലക്ഷന്‍ അടുക്കുമ്പോ രാഷ്ട്രീയ പാര്‍ട്ടികള്‍ campaign നടത്തുന്ന പോലെ ആ സമയത്ത് ഇതിനെക്കുറിച്ചും ഒരു ബോധവല്‍ക്കരണം നല്ലതാണ്. twitter ഒരു നല്ല മാധ്യമമായിരിക്കും!
നന്നായിട്ടുണ്ട്. എനിക്കൊരനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടുകൂടി ഞങ്ങളുടെ വില്ലേജാഫീസര്‍ വരുമാനസര്‍ട്ടിഫിക്കേറ്റ് തന്നില്ല. മൂന്നുനാലുപ്രാവശ്യം നടക്കേണ്ടിവന്നു. അവസാനം 250 രൂപകൊണ്ടുക്കേണ്ടി വന്നു. അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റും കിട്ടി. ആദ്യമേ അതു കൊടുക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കേട്ടില്ല. കൈക്കൂലി കൊടുക്കാതെ കിട്ടുമോവോ എന്ന് നോക്കട്ടെ എന്നു പറഞ്ഞു. പിന്നെയും അദികനാള്‍ എനിക്കതിനു വേണ്ടി wait ചെയ്യാന്‍ പട്ടാത്തതുകൊണ്ട് പൈസ കൊടുക്കേണ്ടി വന്നു. അയാളുടെ മുന്നില്‍ തോറ്റുമടങ്ങൈയതിന്റെ ദേഷ്യം ഇന്നും മാറിയിട്ടില്ല.