Skip to main content

മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

death of a person
താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക…
… …. ….
മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!!

ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!!

പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ ട്രാക്കിലേക്ക് കയറിയപ്പോൾ ഞാൻ ഭയന്നു. അവളുടെ കൈയ്യും പിടിച്ചു വലിച്ച് ഞാൻ മണൽ പരപ്പിലൂടെ ദൂരേയ്ക്ക് ഓടി!! അവൾ കിതയ്ക്കുകയായിരുന്നു… മുഖത്ത് വല്ലാത്ത വിവശത!! അവൾ തുടരുന്നു… എനിക്ക് വല്ലാത്ത കൊതിയാണ്… പുറകിൽ ട്രൈൻ വരുമ്പോൾ അതിന്റെ മുന്നിലൂടെ നടക്കണം… കണ്ണടച്ചുപിടിച്ച്… ഒരു നിമിഷത്തെ ഇടിയിൽ കഷ്ണങ്ങളായെനിക്ക് ചിതറി തെറിക്കണം എന്ന് – ഈ മണലിലൊക്കെ ചുവന്ന പൂക്കാളായി എനിക്കു പുൽകി കിടക്കണം… ഞാൻ അവളേയും കൊണ്ട് ഓടുകയായിരുന്നു, അവളുടെ കണ്ണിൽ കണ്ട ആ തിളക്കം ഒരു കൊച്ചു കുസൃതിയായി കാണാൻ ഞാൻ ശ്രമിച്ചു.

പിന്നെ ഒരു വലിയ ഗ്യാപ്പിൽ പെട്ട് ഞങ്ങൾ എവിടെയൊക്കെയോ ആയി. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞുണ്ട്; ഒരു കുടുംബമുണ്ട്. വിളിക്കുമ്പോൾ മോളെ പറ്റിയാവും സംസാരം; ഭർത്താവിനെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു ആദ്യമൊക്കെ… പലപ്പോഴും സംസാരിക്കുമ്പോൾ പുറകിൽ ഒരു ചൂളം വിളികേൾക്കാമായിരുന്നു. ഒരിക്കലവൾ പറഞ്ഞു, എടാ, നീ പണ്ട് എന്റെ കൈയ്യും പിടിച്ച് ഓടിയ മണൽ പരപ്പില്ലേ, എന്റെ വീടിപ്പോൾ ആ സ്ഥലത്താണ്… ഇതിലെ നടക്കുമ്പോൾ എന്നും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഞാൻ ചോദിച്ചിരുന്നു, ഇപ്പോഴും ട്രാക്കിൽ കേറി നടക്കാൻ തോന്നാറുണ്ടോ നിനക്കെന്ന്… നേരിയൊരു ചിരി മാത്രമായിരുന്നു മറുപടി. ഇടയ്ക്കൊക്കെ ആ ചിരി ട്രൈനിന്റെ ചൂളം വിളിക്കിടയിൽ അലിഞ്ഞ് ചേർന്നില്ലാതാവും. കള്ളത്തരങ്ങൾ ഒന്നും സഹിക്കാത്ത പ്രകൃതം ആയിരുന്നു അവളുടേത്. നന്നായി പ്രസംഗിച്ചു ഫലിപ്പിക്കാനൊക്കെ മിടുക്കിയുമായിരുന്നു. അവളുടെ ചിരികളിൽ ചിലപ്പോൾ എന്തൊക്കെയോ മറച്ചുപിടിച്ചിരിക്കണം!

അവൾ മരിച്ചു. 2014 ജൂൺമാസത്തിൽ, ഞങ്ങൾ സേലത്തേക്കുള്ള യാത്രാമധ്യേ ഒരു കസിൻ വിളിച്ചു പറഞ്ഞു പത്രത്തിൽ അവളുടെ ഫോട്ടോയുണ്ടെന്ന്. ജൂൺ 13, 2014 – വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഏറെ വർഷങ്ങൾക്കു ശേഷം അവൾ അവളുടെ മോഹം സഫലമാക്കി. ചിന്നിച്ചിതറിയിരുന്നു ശരീരം! ട്രാക്കിൽ കേറി അവൾ കണ്ണടച്ചു നടന്നിരിക്കണം. 50,000 രൂപയുടെ സാമ്പത്തിക ബാധ്യതയാണു പ്രശ്നമെന്നു പത്രക്കാർ പറയുമ്പോഴും എന്റെ ഓർമ്മയിലെത്തിയത്, അവളുടെ മനസ്സിൽ ഒരുപക്ഷേ ഉണ്ടായിരുന്നത് ചിന്നച്ചിതറി കഷണങ്ങളായി ദൂരേക്ക് തെറിക്കുന്ന അവളുടെ ശരീരമായിരിക്കണം എന്നായിരുന്നു, അതുമല്ലെങ്കിൽ സാമ്പത്തികമായി ഉണ്ടായ എന്തോ കള്ളത്തരത്തിൽ പെട്ടുലഞ്ഞ മനസ്സായിരിക്കണം – ഒരു വേള, ഒരുപക്ഷേ അവളെന്നെ ആ നിമിഷം ഓർത്തിരിക്കണം എന്നാശിക്കാനേ പറ്റുകയുള്ളൂ ആ സമയം!!

ഞാനാദ്യമായി മരണത്തിൽ ദുഃഖിക്കുകയായിരുന്നു അന്ന്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ച് പടിഞ്ഞാറ്റയിൽ കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിൽ ആരുടേയോ കൂടെ മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു… അഞ്ചു വയസായിരുന്നു അന്നെനിക്ക്. മരണം എന്തെന്നു പോലും അറിയാത്ത പ്രായം. അച്ഛന്റെ കുഴിയിലേക്ക് മണ്ണുകോരിയിടുമ്പോൾ നാളെ അച്ഛനവിടെ നിന്നും എണീറ്റു വരുമെന്ന ചിന്തയായിരുന്നു ഉള്ളിൽ… അത് മരണമാണെന്നും മരണം ഓരോ ജീവിതത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. മരണത്തെ അംഗീകരിക്കാൻ ചെറുപ്പകാലത്തു തന്നെ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപസ്ഥരോ കുടുംബക്കാരോ ആരുംതന്നെ മരിച്ചപ്പോൾ ദുഃഖം എന്നൊന്ന് ഉണ്ടായിട്ടേയില്ല.

പിന്നീട് രാഹുൽ മരിച്ചു! (ഒക്ടോബർ 18, 2014, ശനിയാഴ്ച 5 മണിക്കുശേഷം) അന്നു രാവിലെ വരെ ചാറ്റിൽ അവനുണ്ടായിരുന്നു. അവസാനചാറ്റായിരിക്കുമെന്ന് ആരറിഞ്ഞു! ഫെയ്സ്ബുക്കിലേക്ക് ഏറെ നാൾകൾക്ക് ശേഷം തിരിച്ചു വരികയായിരുന്നു ഞാൻ. മാറ്റിയ കവർ ഫോട്ടൊയ്ക്ക് അവൻ കമന്റും ഇട്ടിരുന്നു. തലേന്നു വിളിച്ചപ്പോൾ ഫോണ്ടുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ഒക്കെ ഷെയർ ചെയ്യാമെന്നവൻ പറഞ്ഞിരുന്നു. എന്റെ മെയിൽ ബോക്സിൽ എത്തേണ്ടതായിരുന്നു അവ. രാഹുലിന്റെ മരണവും ഏറെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുവരെ സംസാരിച്ചു നിന്നിരുന്ന ആൾ ഒരു നിമിഷം കൊണ്ട് മാഞ്ഞതുപോലെ. ഒരിക്കൽ പോലും മരണത്തെ പറ്റിയുള്ള ഒന്നും സംസാരിച്ചിട്ടില്ല അവൻ. “ഒരു യാത്ര പോകാൻ തോന്നുന്നു” എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോൾ അതുൾക്കൊള്ളാനാവാതെ ഇരിക്കുന്ന ഒട്ടനവധി പേരുണ്ട്… എല്ലാവരുടെ മനസ്സിലും കാണും ഇതേ ചോദ്യം… എന്തിനായിരുന്നു രാഹുൽ ഈ പണി ചെയ്തത് എന്ന്!

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം അത്രയൊക്കെ വിരക്തമായി മാറുമോ? ഇപ്പോൾ അനുഭവിക്കുന്ന തീവ്രമായ മാനസ്സിക സംഘർഷങ്ങൾ നാളെ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ഒന്നുമല്ലാതെ ആവിയായി പോവുമെന്ന ചിന്തമാത്രം മതിയാവും ഒരു പക്ഷേ, ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ! പക്ഷേ, കൃത്യസമയത്ത് അതോർമ്മിപ്പിക്കുവാൻ ഒരാൾ അടുത്തില്ലാതെ പോവുന്നതാണ് പലപ്പോഴും വിനയാവുന്നത്. അടുത്തിരിക്കുമ്പോഴും അകലായാവുകയാണോ നമ്മൾ ഓരോരുത്തരും? പങ്കാളിയെ, കൂട്ടുകാരനെ തിരിച്ചറിയാതെ വരുന്നത് മറ്റൊരു മരണം തന്നെയാണ്. അവരുടെ ചിന്തകളിൽ മൂളിപ്പറക്കുന്ന കരിവണ്ടിനെ യഥാസമയം മനസ്സിലാക്കാതെ, പുറം വാക്കുകളിൽ മാത്രം രമിച്ചിരുന്ന് ഞാനവന്റെ സുഹൃത്താണെന്നു പറയുന്ന മൂഢത്തരത്തിൽ ലജ്ജിക്കാതെ വകയില്ല. എംടിയുടെ മഞ്ഞിൽ എവിടെയോ സർദ്ദാർജി പറയുന്ന ഒരു വാക്യമുണ്ട്. “മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ” എന്ന്. എവിടേക്ക് എപ്പോൾ കയറി വരണമെന്ന് ആ കോമാളിക്കറിയില്ല! ആ കോമാളിക്കളിയിൽ നിന്നും നാളെ നമുക്കും രക്ഷയില്ല എന്നത് ഇപ്പോൾ ശരിക്കും എന്നെ പേടിപ്പിക്കുന്നുണ്ട്… മരണത്തെ ഞാനിപ്പോൾ ഭയക്കുന്നുണ്ട്!! എനിക്കു വേണ്ടപ്പെട്ടവരിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ അസമയത്തെത്തുന്ന മരണമെങ്കിലും ഒന്നു മാറി നിന്നിരുന്നെങ്കിൽ!!

അനുബന്ധങ്ങൾ

1) 7th നവംബർ 2014 നു മലയാളം വാരികയിൽ രാഹുലിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ.
2) രാഹുലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത ഇവിടെ
3) ഇതേ സൈറ്റിൽ രാഹുൽ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights