Skip to main content

കാവേരിക്കുളം

kaverikkulam, കാസർഗോഡ്ഒരു ദിവസം കെ.എസ്.ഇ.ബി.യിൽ നിന്നും മൊബൈലിലേക്ക് മെസേജു വന്നു. നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ കരണ്ടുണ്ടാവില്ല. മാവുങ്കാൽ മുതൽ ഒടയഞ്ചാൽ വരെയോ മറ്റോ റോഡ് സൈഡിലുള്ള കാടും മരക്കൊമ്പും ഒക്കെ വെട്ടി വൃത്തിയാക്കുകയാണ് എന്നും മറ്റും പറഞ്ഞ്. നോർമ്മൽ സമയങ്ങളിൽ തന്നെ പലപ്പോഴും പവർക്കട്ടാണിവിടം. ലാപ്ടോപ്പിന്റെ പവർ ബാക്കപ്പ് പ്രകാരം പിടിച്ചു നിൽക്കുന്നു എന്നു മാത്രം. ഔദ്യോഗിമായി അവർ അറിയിച്ചതിനാൽ ഞാൻ ലീവെടുത്തു, രാജേഷിനേയും ഗണേശനേയും വിളിച്ച് കാവേരിക്കുളം മല കയറാൻ തീരുമാനിച്ചു. പക്ഷേ, സത്യത്തിൽ അന്നേ ദിവസം കരണ്ടു പോയതേ ഇല്ലായിരുന്നു. ഒരു ലീവ് മല കൊണ്ടുപോയി എന്നു മാത്രം.

മുമ്പ് വീടുണ്ടായിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂർ കയറ്റം കയറിയാൽ എത്തുന്ന സ്ഥലമാണിത്. ഫോറസ്റ്റിലൂടെ അവിടെ എത്താനുള്ള വഴിയൊക്കെ മനഃപാഠമാണ്. കാവേരിക്കുളം ഈയടുത്ത കാലത്ത് പ്രതിസന്ധിയുടെ വക്കിലായിരുന്നു. മൂന്നുവർഷം മുമ്പ് അവിടെ കരിങ്കൽ ക്വാറി നടത്തുന്നവരിലെ പണിയാളർ എന്നെ അങ്ങോട്ടു പോകാൻ അനുവദിച്ചിരുന്നില്ല. നല്ല ക്യാമറയുമായുള്ള പോക്കിൽ അവർ എന്തോ പന്തികേടു മണത്തതാവണം കാരണം. എന്തായാലും നാട്ടുകാരുടെ കൂട്ടം ചേർന്നുള്ള സമരങ്ങളിൽ അവരിപ്പോൾ അല്പം സ്തംഭിച്ചിരിപ്പാണ്. കാട്ടിലൂടെ കേറിയാൽ ആരും പറയാൻ വരില്ലെന്ന ധൈര്യത്തിലായിരുന്നു പോയത്, മൊത്തം കാടു പിടിച്ചു കിടപ്പായിരുന്നു.

കാവേരിക്കുളം

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌.

പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.

സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ കരസ്ഥമാക്കി വമ്പിച്ച രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവരുന്നുണ്ട്. ഇതോടൊപ്പം കരിങ്കൽ ഖനനം നല്ലരീതിയിൽ നടക്കുന്നതിനാൽ, പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങളെ പ്രദേശവാസികൾ കൂട്ടുചേർന്ന് എതിരിക്കുന്നുണ്ട്. ഇപ്പോൾ ആകെ കാടുമൂടി വന്യമായ അവസ്ഥയിലാണുള്ളത്. ഒരുപക്ഷേ, പ്രദേശവാസികൾ വിജയിച്ചാൽ കരിങ്കൽ ക്വാറികൾ വരാതെ, കാവേരിക്കുളം സംരക്ഷിപ്പെടാനാണു സധ്യത.

ഒരു തിരുവനന്തപുരം യാത്ര


2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.

ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.

ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌ ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന്‌ തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.

മൃഗശാല

ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.

ശംഖുമുഖം കടൽത്തീരം

തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.

പൂവാർ ബീച്ച്

കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.

എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി

പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.

കോവളം

പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…

സഹ്യപർവ്വതസാനുക്കളിലൂടെ

തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.

യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.

മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.

ആത്മികയുടെ ജന്മദിനം

aatmika rajesh, Aatmika
Aatmika

ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.

നേപ്പിയർ മ്യൂസിയം

ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.

ത്രിഡി ദിനോസർ ഷോ

സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.

കേക്ക് മുറിക്കൽ, മടക്കം

അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.

ചരിത്രം മണലെടുത്ത തലക്കാട്

ശിവനസമുദ്ര വെള്ളച്ചാട്ടംപഞ്ചലിംഗദർശനത്തിനു പേരുകേട്ട നാടാണ് കർണാടകയിലെ തലക്കാട്. കാവേരി നദിയോടു ചേർന്ന് ഭൂതകാലത്തിലെന്നോ പ്രൗഡിയോടെ വരമരുളിയ ഒരു കൂട്ടം ദൈവങ്ങളുടെ നാട്. അജ്ഞാതമായ ഏതോ കാരണത്താൽ മണൽ വന്നു മൂടി മണ്ണിനടിയിലേക്ക് ആഴ്ന്നുപോയ നിരവധി അമ്പലങ്ങൾ! (more…)

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

madayipara മാടായിപ്പാറ

മനോഹരമാണു മാടായിപ്പാറ. മഴക്കാലത്ത് അതിന്റെ സൗന്ദര്യത്തിന് ചാരുത ഏറെയാണു താനും. 45° ചെരിവിലായി മഴനൂലുകൾ പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്. സൗഹൃദത്തിന്റെ ചിരപരിചിത മുഖങ്ങൾക്കൊപ്പം പ്രകൃതിയ ആരാധിക്കുന്ന; അതിന്റെ ആത്മാവിനെ സ്വന്തം ആത്മാവിനോട് ചേർത്തു പിടിച്ച പ്രകൃതിസ്നേഹികൾ കൂടിയായപ്പോൾ അവിസ്മരണീയമാവുകയായിരുന്നു ആ രണ്ടു ദിവസങ്ങൾ! (more…)

മൈസൂർ യാത്ര

ആത്മിക മൈസൂർ വിസിറ്റിങ്ബാംഗ്ലൂരിൽ വന്നശേഷവും അല്ലതെയും പലപ്രാവശ്യം പോയ സ്ഥലമായിരുന്നു മൈസൂർ. എന്നാൽ ഇപ്രാവശ്യം വീട്ടുകാരോടൊപ്പം പോയി എന്നത് ഏറെ സന്തോഷകരമായി തോന്നി. കഴിഞ്ഞപ്രാവശ്യം അവർ ബാംഗ്ലൂരിൽ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു മൈസൂരിൽ പോയി വരിക എന്നത്! (more…)

ഒരു ആലപ്പുഴ യാത്ര

വിക്കിപീഡിയ എന്ന സ്വതന്ത്ര്യസർവ്വവിജ്ഞാനകോശത്തെ ആലപ്പുഴയിലെ സാധാരണക്കാരിലേക്ക് എത്തിച്ച പ്രവർത്തകസംഗമമായിരുന്നു ഇപ്രാവശ്യത്തെ വിക്കിസംഗമോത്സവം. എടുത്തു പറയാൻ ഏറെ പുതുമകൾ ഇതിനുണ്ട്. സംഘാടനം തന്നെയാണിതിൽ മുന്നിട്ട് നിൽക്കുന്നത്. എത്രമാത്രം കാര്യക്ഷമമായി ഒരു പരിപാടി സംഘടിപ്പിക്കാമോ അതിന്റെ അവസാനപരിധിയോട് ഏറെ ചേർന്നു നിൽക്കുന്നു ആലപ്പുഴയിലെ സംഘാടകസമിതിയുടെ പ്രവർത്തനം. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ മികവുറ്റ സംഘാടചാതുരിക്ക് ആദ്യമേ നമസ്കാരം.

ലളിതവും സുന്ദരവുമായ ഭക്ഷണങ്ങൾ ഏറെ ഇഷ്ടമായെങ്കിലും 21 നു വൈകുന്നേരം കിട്ടിയ ചിക്കൻകറിയും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചായയും കൊള്ളില്ലായിരുന്നു. ഇത് പക്ഷേ, ചിരട്ടപ്പുട്ടിന്റേയും അവൽ മിക്സിന്റേയും വൈകുന്നേരത്തെ കഞ്ഞിയുടേയും (ഹോ! എന്താ സ്വാദ് അതിന്!) ഒക്കെ മുന്നിൽ ഒരു കുറവേ ആവുന്നില്ല! ചുമ്മാ ഒന്ന് കുറ്റം പറഞ്ഞെന്നു മാത്രം!  21 ലെ ഉച്ചയ്ക്കുള്ള ഭക്ഷണം മിസ്സായതിലുള്ള സങ്കടം സംഘാടക സമിതിയെ അറിയിക്കുന്നു.

ഏറെ ഇഷ്ടമായ മറ്റൊരു സംഗതി അഷ്ടമുടിയെന്ന ഹോം സ്റ്റേയിലെ ചേച്ചിയുടേയും ചേട്ടന്റേയും പെരുമാറ്റമായിരുന്നു. കുഞ്ഞുമായെത്തിയ ഞങ്ങൾക്ക് ഏറെ സഹായകരമായിരുന്നു ആ വീട്ടിലെ താമസം. ആമീസിന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രാനുഭവം കൂടിയായിരുന്നു ഇത്. ആവശ്യത്തിനു ചൂടുവെള്ളം ലഭ്യമാക്കാനും, അത്യാവശ്യസഹായങ്ങൾക്കും അവർ യാതൊരു ലോഭവും വരുത്തിയില്ല. ഒരു ഹൗസ് ബോട്ടിലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ സജ്ജീകരണങ്ങൾ ഉള്ള വിശാലസുന്ദരമായ മുറികൾ ഉള്ള നല്ലൊരു വീട്.  തിരിച്ചു വരുമ്പോൾ ഞങ്ങളുടെ ലഗേജുകളുമായി ഞങ്ങളെ അനുഗമിച്ച ചേച്ചിയുടെ ആതിഥ്യമര്യാദയെ അഭിനന്ദിച്ചേ മതിയാവൂ. ആലപ്പുഴയിൽ ഒന്നോ രണ്ടോ ദിവസം താമസ്സത്തിനെത്തുന്നവർക്ക് അഭിമാനപൂർവ്വം ഞങ്ങളീസ്ഥലം റഫർ ചെയ്യാൻ തയ്യാറാണ്.

വിക്കിപീഡിയയേയും സ്വതന്ത്ര്യസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും മനസാ വരിച്ച ഒട്ടേറെപേരെ കാണുക എന്നതായിരുന്നു എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഏറെക്കുറെ അത് ഫലപ്രാപ്തി കണ്ടെങ്കിലും, ഇനി ഒരു കൂടിക്കാഴ്ചകൂടി വേണ്ടിവരും മുഖങ്ങൾ ഒക്കെയങ്ങ് മനസ്സിൽ നന്നായി ഉറയ്ക്കാൻ എന്നു തോന്നുന്നു. ഓൺലൈനിൽ കണ്ടുപരിചരിയപ്പെട്ട മറ്റുചില സുഹൃത്തുക്കളെ കൂടെ അവിടെ കാണാനായത് സന്തോഷത്തിന്റെ ഇരട്ടിമധുരം തന്നു. മഞ്ജുവും കുഞ്ഞും കൂടെ ഉണ്ടായതിനാൽ കൈയ്യും കാലും കെട്ടിയ ഒരു അവസ്ഥ തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അവരോടൊപ്പമുള്ള അഷ്ടമുടിയിലെ താമസത്തിന് ഒരു സുഖമുണ്ടായിരുന്നു. കൂടെ ലാലുവും ഭാര്യ ജ്യോതിയും വാവയും വിശ്വേട്ടനും കുടുംബവും, അച്ചുകുളങ്ങരയും  ഒക്കെയായി അവിടെ രസകരമായിരുന്നു.

 

നന്ദിഹിൽസ്

കര്‍‌ണാടകയുടെ തലസ്ഥാനമായ ബാഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദിഹില്‍സ്. ടിപ്പുസുൽത്താൻ തന്റെ വേനൽകാലവസതിയായി നന്ദിഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നുവത്രേ. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദിഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എന്‍ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു.  മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.

ഗതാഗത സൗകര്യം
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദിഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദിഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും  യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

Badami, Pattadakal | ചാലൂക്യസാമ്രാജ്യം

തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ്‌ ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോൾ ആയിരുന്നു. പുലികേശി ഒന്നാമനാണ്‌ തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു.

ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു.

കൂടുതൽ വിക്കിപീഡിയയിൽ…

ചിത്രങ്ങൾ: https://picasaweb.google.com/112432274380423845966/Badami

Hampi, Karnataka | ഹംപിയിലേക്കൊരു യാത്ര!!

ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹം‌പി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌; ഒരു അത്ഭുതമാണ്‌! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ!

ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ.

രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി തോന്നും ഏതൊരുവനും. കൃഷ്ണദേവരായരുടെ വരവും പ്രതീക്ഷിച്ച് ആകുലചിത്തരായി നടന്ന സുരസുന്ദരിമാരായ രാജ്ഞിമാരെ നമ്മൾ അറിയാതെ തേടിയലഞ്ഞുപോവും!

ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

ദേവദാസികൾ അവരുടെ മാദാലസയാമങ്ങളെ പുളകം വിരിയിച്ച വഴിയോരവാണിഭശാലകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു കാണാം ആ ക്ഷേത്രനഗരിയിൽ. പൊന്നും വൈരക്കല്ലുകളും പറകണക്കിന് അളന്നു നൽകിയ വഴിയോരവാണിഭകേന്ദ്രങ്ങൾ കരിങ്കൽതൂണുകളായ് അവശേഷിച്ച് ഏതോ കഥനകഥ നിശബ്ദം പറയുന്നതായി തോന്നി! കൃഷ്ണദേവരായർ തന്റെ തൂക്കത്തിന് സ്വർണം ക്ഷേത്രങ്ങൾക്ക് സംഭാവനനൽകാനായി പണിത ഭീമൻ തുലാസ് അനാഥമായി അമ്പലപരിസരത്ത് കാണാം! ഹനുമാൻ ജനിച്ച പർവ്വതം ഇന്നും തലയുയർത്തി ഏതോ അസുലഭ അഹങ്കാരത്താൽ വിലസുന്നു. ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകചലം സുഗ്രീവസ്മൃതിയിൽ തിളങ്ങുന്നു. സീതാന്വേഷണത്തിനു പോയ ഹനുമാൻ തിരിച്ചുവന്ന് മറ്റു വാനരന്മാരോടൊപ്പം ആനന്ദനൃത്തമാടിയ ആ കദളിവാഴത്തോട്ടത്തിനു സമമായ വാഴത്തോട്ടങ്ങൾ ഹമ്പിക്കുചുറ്റും ഭംഗി വിതയ്ക്കുന്നു. അങ്ങനെ ഒരു വാഴത്തോപ്പിലാണ്, ഏതോ ഒരു വയസ്സായ സ്ത്രീ തന്റെ ദാരിദ്ര്യമകറ്റാനായി ശിവപൂജയ്ക്കുവേണ്ടി തീർത്ത ഒറ്റക്കൽ ശിവലിംഗമിരിക്കുന്നത്!

നിരവധി ക്ഷേത്രങ്ങളുണ്ട് ഹമ്പിയിൽ; അതുപോലെ കൽമണ്ഡപങ്ങളും, കൊട്ടാരങ്ങളും. വിശദീകരണത്തിൽ ഒതുങ്ങുന്നവയല്ല അവയൊന്നും തന്നെ. കണ്ടുതന്നെ അറിയേണ്ട പുണ്യമാണു ഹംപി. ഏതൊരു യാത്രികനേയും ആശ്ചര്യത്തിന്റെ നെറുകയിലെത്തിക്കുന്ന ദൃശ്യവിസ്മയമാണത്. എങ്കിലും പറയാം. ഹമ്പിയിലെത്തിയാൽ നിങ്ങൾ പ്രധാനമായും കാണേണ്ടതിവയൊക്കെയാണ് :
വീരുപാക്ഷാ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, മന്മദ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്ര നരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹാൽ, എലിഫന്റ് സ്റ്റേബിൾ, തുംഗഭദ്ര നദീതടം, വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയ ത്രാസ്, നവമി മണ്ഡപവും പരിസരവും അവിടുത്തെ കുളവും, രഹസ്യയോഗം ചേരാനുള്ള ഭൂഗർഭാറകൾ, രാജ്ഞിമാർ കുളിക്കുന്ന കുളിമുറി, വിവിധ മാർക്കറ്റുകൾ, പിന്നെ അവിടവിടങ്ങളിലായ് തകർന്നു കാണുന്ന മറ്റു ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും കൽപ്രതിമകളും. രണ്ടു ദിവസം മെനക്കെട്ടിരുന്നു കാണാനുള്ള കാഴ്ചകൾ ഉണ്ട് ഹമ്പിയിൽ; അടുത്തുള്ള തുംഗഭദ്രാ അനക്കെട്ടും കണ്ട് പ്രൗഢഗംഭീരമായ നമ്മുടെ ചരിത്രവിസ്മയത്തെ മനസാ ആവാഹിച്ച് നിങ്ങൾക്കു തിരിച്ചുവരാം!
ചിത്രങ്ങൾ കാണാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുമല്ലോ!
ഹംപിയിലെ ശിലാ‌സ്മാരകങ്ങളെ ഇവിടെ കാണാം..
വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.

നന്ദി ഹിൽസും ശിവഗംഗയും

ഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി.
ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ ആ മഴയ്‌ക്കു കഴിഞ്ഞു. ബാംഗ്ലൂരിന്റെ 50 കി.മി. ചുറ്റളവിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇത്രകണ്ട് മനോഹരങ്ങളാവും ഇവയെന്നു നിനച്ചതല്ല. ഒരാഴ്ചയെങ്കിലും ബാംഗ്ലൂരിൽ ചെലവഴിക്കാൻ വരുന്ന ഏവരും (നിർബന്ധമായും) കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളാണിവ.
1) നന്ദി ഹിൽസ് | Nandi Hills
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH – 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല.  NH – 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH – 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.
2) ശിവഗംഗ | Sivaganga
sivaganga - ശിവഗംഗനേരെ വിട്ടത് ശിവഗംഗയിലേക്കാണ്.  പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല…ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH – 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH – 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത്  NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി  NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights