സിനിമാനിരൂപണം നടത്തി പരിചയമൊന്നുമില്ലാത്ത ആളാണു ഞാന്‍. സിനിമയെ കീറി മുറിച്ചുകൊണ്ടുള്ള വലിയ വലിയ നിരൂപണങ്ങള്‍ വായിച്ച് പലപ്പോഴും “ഹോ! അത്രയ്‍ക്കു വേണ്ടായിരുന്നു..” എന്നു പറഞ്ഞിട്ടുള്ളൊരു വ്യക്തിയുമാണ്. എങ്കിലും പറയാതെ വയ്യ. പഴശ്ശിരാജ എന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമാരംഗത്തെ മുടിചൂടാമന്നന്‍മാര്‍ ഒന്നിച്ചുനിന്നെന്നു കരുതി അത്ഭുതങ്ങള്‍ കാണാമെന്നു കരുതിയ ഞാനൊരു മണ്ടന്‍!
അഭിനയത്തികവില്‍ അഗ്രഗണ്യരായ ഒരുപാടു നടന്‍മാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മുഖം കാണിച്ചുപോകുന്നുണ്ട് പഴശ്ശിരാജ എന്ന ചിത്രത്തില്‍. തിലകനും നെടുമുടിവേണുവും ക്യാപ്‍റ്റന്‍ രാജുവും ലാലു അലക്‌സും ഒക്കെ ഇതില്‍പെടും. മമ്മൂട്ടിയുടെ ആവശ്യം തന്നെയില്ലാത്ത ഒരു ചിത്രമായിരുന്നു പഴശ്ശിരാജ. വെറുതേ നടക്കാനും മറ്റുമായി ഒരു രാജാവ്! മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. നന്നായി അഭിനയിക്കാനുള്ള നല്ലൊരു മുഹൂര്‍ത്തം പോലും മഹാനടനായ മമ്മൂട്ടിക്കൊത്തുവന്നില്ല. അഭിനയമെന്നു പറയാനാവില്ല; പ്രകടനം കൊണ്ട്, മനസ്സില്‍ തങ്ങിനില്‍ക്കുന്നതു ശരത്‍കുമാറിന്റെ എടച്ചെന കുങ്കനും മനോജ്‍ കെ ജയന്റെ തലക്കല്‍ ചന്തുവും പത്മപ്രിയയുടെ നീലിയും മാത്രമാണ്. അതില്‍ തന്നെ പത്മപ്രിയയുടെ നീലി അവസാനം എവിടെപോയി മറഞ്ഞുവോ എന്തോ! വെട്ടേറ്റു വീണു കിടക്കുന്ന ശവശരീരങ്ങളില്‍, ആ സീന്‍ മറയുവോളം ഞാന്‍ പരതിനോക്കി കണ്ടില്ല. അവളുടെ ഉശിരോടെയുള്ള ചെറുത്തുനില്‍പ്പുകണ്ടപ്പോള്‍ അധികനേരം അങ്ങനെ നില്‍ക്കുമെന്നു തോന്നിയില്ല.
വേഷവിധാനങ്ങളൊക്കെ കൊള്ളാം. പണ്ട് കാലാപാനിയിലും ഏതാണ്ടിതുപോലെയൊക്കെ പഴയകാലത്തെ കൊണ്ടുവന്നതോര്‍ത്തുപോയി. ഓസ്‍ക്കാര്‍ ജേതാവ് റസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ദ്സന്നിവേശവും എന്നെ ആകര്‍ഷിച്ചിട്ടില്ല. സംഘട്ടനങ്ങളിലൊക്കെ പതിവു സിനിമകളിലേതു പോലെ കര്‍ണകഠോര ശബ്ദങ്ങള്‍ തന്നെ. പിന്നണിസംഗീതവും കൊള്ളില്ല. ഇടിമുഴക്കത്തിനും വെടിയൊച്ചകള്‍ക്കും ഒരു പ്രത്യേകത തോന്നി.
പഴശ്ശിയുടെ ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള അറിവുകളൊക്കെ എനിക്കന്യമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ നാടിനെ കമ്പനിയുടെ അടിമത്തത്തില്‍ നിന്നും രക്ഷിക്കുമെന്ന് പരദേവതയായ മുഴക്കുന്നില്‍ ശ്രീപോര്‍ക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നുള്ളൊരു കഥയും കേട്ടിട്ടുണ്ട്. ചരിത്രരേഖകളിലെവിടെയെങ്കിലുമൊക്കെ തപ്പി അതിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലുമൊക്കെ സിനിമയില്‍ കാണിക്കുമായിരിക്കുമെന്നു പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അന്നത്തെ രാഷ്‌ട്രീയ സാമൂഹിക പരിതസ്ഥിതിയെന്താണെന്നു വിശദീകരിക്കുന്നതിലും ഈ സിനിമ പരാചയപ്പെട്ടു. കമ്പനിക്കെതിരേ പടനയിച്ച ആദ്യത്തെ നാട്ടുരാജാവായ പഴശ്ശിത്തമ്പുരാന്റെ കഥ ഇത്ര ലാഘവത്തോടെ പറഞ്ഞുവെച്ചതു എന്തിനാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
മുസ്ലീം സമുദായത്തിന്റെ എക്കാലത്തേയും വല്യ ശത്രുവായിട്ടാണ് വില്യം ലോഗന്‍ മലബാര്‍ മന്വലില്‍ വരച്ചുവെച്ചിട്ടുള്ളത്. താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെയും മറ്റു പലരേയും പഴശ്ശിരാജാവ് ചതിച്ചുകൊന്നതിനേപ്പറ്റിയും അനേകം പള്ളികള്‍ തകര്‍ത്തതിനേപ്പറ്റിയും ഒക്കെ മലബാര്‍ മന്വലില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഇതിനേപ്പറ്റി ആരാഞ്ഞ കമ്പനിയോട് ഇതൊക്കെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നു മറുപടി പറഞ്ഞതിനേപ്പറ്റിയും ലോഗന്‍ വിശദീകരിക്കുന്നു. പഴശ്ശിത്തമ്പുരാന്‍ ടിപ്പു സുല്‍ത്താനുമായി ആയുധകൈമാറ്റം ചെയ്‌തിരുന്നു എന്ന്‍ കമ്പനി സംശയിച്ചിരുന്നു. ചരിത്രരേഖയായ മലബാര്‍ മന്വലിനെ മറികടന്ന് മുസ്ലീം സമുദായത്തിന്റെ പ്രിയപ്പെട്ടവനായി തമ്പുരാനെ എം.ടി. വായിച്ചെടുത്തതെവിടെ നിന്നായിരിക്കും?
കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന സാഹിത്യവിദ്യാര്‍ത്ഥികള്‍ ഒറ്റശ്ലോകമെന്ന പേരില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ കവിത്വത്തെ തൊട്ടറിയുന്നു. തന്റെ പ്രിയതമയായ കൈതേരി മാക്കത്തെ കുറിച്ച് ഒളിവില്‍ താമസിക്കുന്ന പഴശ്ശിരാജാവ് വിരഹതാപത്താല്‍ എഴുതിയതാണത്രേ അത്. അത്തരം കാര്യങ്ങളൊന്നും തന്നെ സിനിമയില്‍ സൂചിതമാവുന്നില്ല. എവിടെനിന്നും സംഘടിപ്പിച്ചു എം.ടി ഈ പഴശ്ശിയെ? ഈ സിനിമ ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ഇത് എം.ടി യുടെ പഴശ്ശിയാണ്. ഇനിയുമുണ്ട് എം.ടിക്കു തൊട്ടശുദ്ധമാക്കാന്‍ ചരിത്രപുരുഷന്‍മാര്‍ ഏറെ. കുഞ്ഞാലിമരയ്‌ക്കാറും വേലുത്തമ്പിദളവയും അങ്ങനെയങ്ങനെ ഒത്തിരിപ്പേര്‍. വഴിപോലെ നമുക്കു കണ്ടറിയാം.
യാതൊരുവിധ ആവശ്യവുമില്ലാതെ കുറേ പാട്ടുകളും ഉണ്ട്. സിനിമയാവുമ്പോള്‍ പിന്നെ പാട്ട് വേണമല്ലോ എന്നു നിനച്ചുകാണും അണിയറക്കാര്‍. വയനാടിന്റെ സൌന്ദര്യമെങ്കിലും കാണാമെന്നു കരുതി; അതും കിട്ടിയില്ല.
എം ടി സാറിന് പൊതുവേ വിശ്വസിക്കുന്ന കഥകളെ മാറ്റി എഴുതുക എന്നുള്ളതൊരു ത്രില്ലാണെന്നു തോന്നുന്നു. പണ്ട് ചതിയന്‍ ചന്തുവിനെ മമ്മൂട്ടിയിലൂടെ തന്നെ വിശുദ്ധിയുടെ കച്ചകെട്ടിച്ച് അനശ്വരനാക്കി; വടക്കന്റെ ഓമനയായ ഉണ്ണിയാര്‍ച്ചയെ ഒരു നാലാംകിട തേവിടിശ്ശിയാക്കി. തെക്കന്മാരതു വിശ്വാസിച്ചാലും വടക്കന്റെ മനസ്സില്‍ ഇന്നും ചന്തു ചതിയന്‍ തന്നെയാണ്. ആരോമല്‍ ചേകവരെ അങ്ങനെയൊരു അഹങ്കാരിയായി കാണാനും അല്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. ഇവിടെയും ഉണ്ട് പഠഭേദം. പണ്ടുനമ്മളൊക്കെ പഠിച്ചതും പിന്നീട് കേട്ടറിഞ്ഞതും പുല്‍പ്പള്ളി കാട്ടില്‍ മാവിലാന്‍തോടിന്റെ കരയിലുള്ള അമ്പലത്തില്‍ ഒളിച്ചുതാമസ്സിച്ചു വന്ന പഴശ്ശിയെ അടുത്ത ചിലരുതന്നെ ഒറ്റികൊടുത്തതുമൂലം കമ്പനി പട്ടാളം വളയുകയും അവരുടെ വെടിയുണ്ട ദേഹത്തു പതിക്കും മുമ്പേതന്നെ വിരലിലണിഞ്ഞ വജ്രമോതിരം വിഴുങ്ങി അദ്ദേഹം ആത്മഹത്യചെയ്തുവെന്നും ആയിരുന്നു. മരണവേദനയോടെ പിടയുന്ന അദ്ദേഹം കമ്പനിപ്പട്ടാളത്തോടക്രോശിച്ചിതും നാട്ടില്‍ പാട്ടാണ്; “എന്റെ നാട്ടിനേയും എന്റെ ശരീരത്തേയും തൊട്ടശുദ്ധമാക്കാതെ കടന്നുപോകൂ.” എന്ന്.
ആത്മഹത്യ ചെയ്താല്‍ സിനിമയിലെ വീരപുരുഷന്‍ ഒരു ഭീരുവായിപ്പോകുമെന്നു കരുതിയോ ആവോ? ഹേയ്! അതാവില്ല. മുമ്പുതന്നെ പഴശ്ശിയുടെ സര്‍വ്വസൈന്യാധിപനായ ശരത്‍കുമാറിന്റെ എടച്ചെന കുങ്കനെ ഒരു തോടിന്റെ വക്കില്‍വെച്ച് ആത്മഹത്യ ചെയ്യിപ്പിച്ചതുമൂലം സിനിമയുടെ ക്ലൈമാക്‍സും അങ്ങനെയൊരു ആത്മഹത്യയിലൂടെ തീര്‍ക്കുന്നതിന്റെ ഔചിത്യമോര്‍ത്തോ മറ്റോ ആയിരിക്കും കമ്പനിപ്പട്ടാളത്തിന്റെ മുമ്പില്‍പോയി “ഇന്നാ വെച്ചോ വെടി..!” എന്നു പറയാന്‍ എം ടി സാറിന്റെ പഴശ്ശിയെ പ്രേരിപ്പിച്ചത്. ഇവിടെ ഇങ്ങനെ ഒരു തിരുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല. പഴശ്ശിത്തമ്പുരാന്‍ വെടിയേറ്റു മരിച്ചു എന്നതിനേക്കാള്‍ പ്രചാരമുള്ള കഥ ആത്മഹത്യ ചെയ്തു എന്നുള്ളതിനു തന്നെയാണ്. ചന്തുവിന്റെ കഥ തിരുത്തിയതിലൂടെ എം ടി ചെയ്തത് എം ടിയുടേതായ പുതിയൊരു ചന്തുവിനെ സൃഷ്‍ടിക്കുകയായിരുന്നു; പുതിയൊരു വീരഗാഥ രചിക്കുകയായിരുന്നു. അന്നതെല്ലാവരും അകമഴിഞ്ഞു സ്വീകരിച്ചുകൊടുത്തതിന്റെ ദൂഷ്യഫലമാണോ ഇതെന്ന സംശയം ബക്കി നില്‍ക്കുന്നു. ഈ സിനിമയിനി ഹിന്ദിക്കാരും തമിഴന്‍മാരും തെലുങ്കന്‍മാരുമൊക്കെ കാണുമല്ലോ എന്നോര്‍ക്കുമ്പോള്‍ നന്നേ വിഷമമുണ്ട്. മലയാളത്തില്‍ വിരിഞ്ഞ ഓസ്‍കാര്‍ ചിത്രത്തിന്റെ ഒരു ഗതി!.
ഇരുപത്തേഴു കോടി മുടക്കിയ ഗോകുലം ഗോപാലേട്ടനോട് സഹതാപമുണ്ടു കേട്ടോ. മൂപ്പരോട്‍ ഒരു അപേക്ഷ കൂടിയുണ്ട്, മലയാളത്തില്‍ നിന്നു തന്നെ ആ തുക പിരിഞ്ഞു കിട്ടുകയാണെങ്കില്‍ ദയവുചെയ്‍ത് ഈ സിനിമ മറ്റു ഭാഷകാരെ കാണിക്കാതിരിക്കുക. “ഓ ഇത്രേ ഉള്ളോ പഴശ്ശിരജാവെന്ന ധീരയോദ്ധാവ്!” എന്നവര്‍ വിധി എഴുതും.
എങ്കിലും എല്ലാ മലയാളികളും ഈ സിനിമ കാണട്ടേ. ഗോകുലം ഗോപാലേട്ടന്റെ കമ്പനി പൂട്ടിച്ചേക്കരുത് ഈ സിനിമ. മൂപ്പര്‍ക്കിനി നടേശ്ശന്‍സാറിനെതിരെ പട നയിക്കാനുള്ളതാണ്.
ഫാന്‍സുകാര്‍ ഒരു മാറാശാപമായി മാറിയിരിക്കുന്നു. എന്തൊരു തോന്ന്യവാസമാണിക്കൂട്ടര്‍ തീയറ്ററിനുള്ളില്‍ കാട്ടിക്കൂട്ടിയത്! കേരളത്തിന്റെ ക്ഷുഭിതയൌവനം ഇത്രയും അധ:പതിച്ചുപോയല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. മമ്മൂട്ടിയുടെ ഫോട്ടോയില്‍ പാലഭിഷേകം നടത്തിയത്രേ വങ്കന്‍മാര്‍. മോഹന്‍ലാലിന്റെ ശബ്ദം തീയറ്ററില്‍ മുഴങ്ങിഅയപ്പോള്‍ തന്നെ ഒരു ഭാഗത്തു നിന്നും ലാലേട്ടനു ജയ്‍വിളികളും ആര്‍പ്പുവിളികളും തുടങ്ങി. ഉടനേ വന്നു പൂരത്തെറിയും കൂക്കിവിളികളും മറുഭാഗത്തുനിന്നും. എന്തോ ഭാഗ്യത്തിന്, ലാല്‍ പറയുന്നതൊക്കെ സ്‍ക്രീനില്‍ എഴുതിക്കാണിച്ചിരുന്നതിനാല്‍ മൂപ്പരെന്താ പറഞ്ഞെന്നു മനസ്സിലാക്കാനായി. അതും ഒരു വിരോധാഭാസമായി തോന്നി. ലാല്‍ പറയുന്നതൊക്കെ ഇംഗ്ലീഷില്‍ എഴുതിക്കാണിക്കുമ്പോള്‍ ഞാന്‍ കരുതി സിനിമയില്‍ അവസാനം വരെ ഇങ്ങനെ എഴുതിക്കാണിക്കും എന്ന്. എവിടെ! അതവിടം കൊണ്ടി നിര്‍ത്തിക്കളഞ്ഞു. ലാലിന്റെ ശബ്‍ദം കേള്‍ക്കുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ തെറിപ്പാട്ടുപാടുമെന്നും അപ്പോളതു കേള്‍ക്കാനാവില്ലെന്നും അതുകൊണ്ട് അത്രയും ഭാഗം എഴുതിക്കാണിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നും കരുതിക്കാണുമായിരിക്കും. പൂക്കുട്ടി ശബ്ദമിശ്രണത്തില്‍ പകുതിയും ഫാന്‍സുകാരെന്ന ഈ ശാപജന്മങ്ങളുടെ ജയ്‍വിളികളില്‍ മുങ്ങിപ്പോവുകയും ചെയ്തു.
കേരളത്തില്‍ വളര്‍ന്നു വരുന്ന അരാഷ്‍ട്രീയവത്‍കരണമാണെന്നു തോന്നുന്നു ഇത്തരം വൃത്തികെട്ട കൂട്ടായ്‍മകളുണ്ടാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ദിനംപ്രതി ദുഷിച്ചുനാറുന്ന രാഷ്‍ട്രീയപാര്‍ട്ടികള്‍ക്കെവിടെ സമയം അവരുടെ യുവാക്കളെ നയിക്കാന്‍. പണ്ടു പാലഭിഷേകവും എഴുന്നെള്ളിപ്പും അമ്പലം കെട്ടലുമൊക്കെ തമിഴന്റെ കുത്തകയായിരുന്നു. സമീപഭാവിയില്‍ നമുക്കും കേള്‍ക്കാമെന്നു തോന്നുന്നു മമ്മൂട്ടിക്ക് അമ്പലം പണിഞ്ഞു, മോഹന്‍ലാലിന്റെ അമ്പലം പണി നടക്കുന്നു എന്നൊക്കെ. ഫാന്‍സിന്റെ അഴിഞ്ഞാട്ടങ്ങളെ അതാതു നടന്‍മാര്‍ പ്രോത്സാഹിപ്പിചു വിടുന്നുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ. എന്തായാലും ഇതവര്‍ക്കും ഗുണം ചെയ്യുമെന്നു തോന്നുന്നില്ല. അവരുടെ പരാക്രമങ്ങള്‍ കണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.