Skip to main content

ഞാറ്റ്യേല ശ്രീധരൻ

ഞാറ്റ്യേല ശ്രീധരൻ
ശ്രീധരേട്ടനും ഞാനും

നാലു പതിറ്റാണ്ടുകാലം പ്രമുഖ ദ്രാവിഡഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളോടൊപ്പം ഏകാകിയായി നടന്നൊരു മനുഷ്യനുണ്ട് ഇങ്ങു തലശ്ശേരിയിൽ. 85 വയസു കഴിഞ്ഞിരിക്കുന്ന ഞാറ്റ്യേല ശ്രീധരൻ എന്ന വ്യക്തിയാണിത്. അകമഴിഞ്ഞ ഭാഷാപ്രണയം കൊണ്ട്, തൻ്റെ ജീവിതവീഥിയിലൂടെ കൂടെ നടക്കാൻ ഇദ്ദേഹം ഭാഷകളേയും കൂട്ടുപിടിച്ചെന്നു പറയാം. അക്കാദമിക്ക് തലത്തിൽ മുൻപന്തിയിലായിരുന്നെങ്കിൽ ഇന്നേറെ പ്രസിദ്ധമായേനെ ഒരുപക്ഷേ ഇദ്ദേഹത്തിൻ്റെ പ്രയത്നം. പഴയ നാലാം ക്ലാസ് ജീവിതമേ സ്കൂൾ ജീവിതമായി ഇദ്ദേഹത്തിനുള്ളൂ. പിന്നീടു തുല്യതാപരീക്ഷയിലൂടെ 7 ക്ലാസ് സർട്ടിഫിക്കേഷനും നേടുകയുണ്ടായി. നാലു ദ്രാവിഡഭാഷകളെ നന്നായി പഠിച്ച്, ഇവയ്ക്കൊക്കെയും പര്യാപ്തമായ ചതുർഭാഷാ നിഘണ്ടു സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

അമ്മ കൂലിപ്പണിയെടുത്തായിരുന്നു ഇദ്ദേഹത്തെ വളർത്തിയത്. നാലാം ക്ലാസിൽ തോറ്റുപോയ ശ്രീ ശ്രീധരൻ, നേരെ ബീഡിപ്പണിയെടുക്കാനായി പോയി. കൂടെ ബാലസംഘം പോലുള്ള സംഘടനകളിലൂടെ സാക്ഷരതാ മിഷനിലും മറ്റും പങ്കെടുത്ത് സംഘടനാതലത്തിൽ ജനസമ്മതനായി തീർന്നു. അന്ന് അക്ഷരം പഠിക്കാനായി വന്നു ചേർന്നവരിൽ വിവിധ പണികൾക്കായി എത്തിയിരുന്ന തമിഴ്, കന്നഡികരും ഉണ്ടായിരുന്നു. പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ നടന്ന് ഇദ്ദേഹമന്ന് അക്ഷരം പഠിപ്പിച്ചു, ഒരുപക്ഷേ, ഇദ്ദേഹത്തിൽ അക്ഷരസ്നേഹം ഉടലെടുത്തത് അങ്ങനെയാവും. തന്നേക്കാൾമുതിർന്നവർടെ ടീച്ചറായീന്നിദ്ദേഹമ്മാറി. വിവിധ ഭാഷക്കാരായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്, അവരിലൂടെ ദ്രാവിഡഭാഷകളെ കുറിച്ച് പഠിക്കാനുള്ള പ്രതലം സൃഷിട്ടിച്ചത് ഈ കാലംതന്നെയായിരുന്നു. ബീഡിപ്പണിയെടുക്കുമ്പോൾ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലവും ഉണ്ടായതും വിശാലമായ ഭാഷാലോകത്തേക്കുള്ള പടിവാതിലായി മാറി. എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം അടക്കം വിവിധ പുസ്തകങ്ങൾ ശ്രീധരേട്ടനന്നേ ഹൃദിസ്ഥമാക്കി. പ്രമുഖ വ്യാകരണപണ്ഡിതൻ, കോഴിക്കോടുകാരനായിരുന്ന മാധവ ശേഷഗിരി പ്രഭുവിൻ്റെ പുസ്തകങ്ങൾ അടക്കം ശേഖരിച്ചു പഠിച്ചെടുക്കാൻ അന്ന് അദ്ദേഹത്തിനും സാധിച്ചു.

സമകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റുമെഴുതുന്ന ശീലവും അന്നുണ്ടായിരുന്നു. റേഡിയോ ആയിരുന്നല്ലോ അന്നത്തെ പ്രധാനപ്പെട്ട മാധ്യമം. കമ്മ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ എന്നരീതിയിൽ റേഡിയോയിൽ പ്രേക്ഷണം ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് കൾ പ്രത്യയം മലയാളം വാക്കുകൾ അല്ലാത്ത മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പദങ്ങളോടു ചേർക്കുന്നു എന്നു ചോദിച്ച് എഴുത്തെഴുതി. സ്ത്രീകൾ, തൊഴിലാളികൾ, ഗുരുക്കൾ, മരങ്ങൾ, വീടുകൾ, നിങ്ങൾ, താങ്കൾ, നമ്മൾ, ഞങ്ങൾ, പെങ്ങൾ തുടങ്ങി കൾ പ്രത്യയം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നും വിശദീകരിച്ച് എഴുത്തുകൾ എഴുതി. അവരത് ഒഴിവാക്കിയപ്പോൾ ഇദ്ദേഹം ഇതൊക്കെ സമകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.

അന്നു ബീഡിക്കമ്പനിയിൽ സുള്ള്യ സ്വദേശിയായ ഗോവിന്ദ് നായ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സഹായത്തോടെ ആയിരുന്നു കന്നഡഭാഷാപഠനത്തിൻ്റെ തുടക്കം. കന്നഡ എഴുത്തുകാരൻ ശ്രീ നിരഞ്ജൻ്റെ പുസ്തകങ്ങൾ പരിഭാഷ പെടുത്തുന്ന കാസർഗോഡുള്ള സി രാഘവൻ എന്ന വ്യക്തിയെ ആ വഴിയിലൂടെ പരിചയപ്പെടാൻ ഇടവന്നു. രാവിലെ ട്രൈൻ വഴി കാസർഗോഡുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തി കന്നഡ പഠനം നടത്തുകയായിരുന്നു അന്നു പതിവ്. പക്ഷേ, സംസാരിക്കാനും വായിക്കാനും അതുപോരെന്നു മനസ്സിലാക്കിയ ഇദ്ദേഹം, മൈസൂരിലും മാംഗ്ലൂരിലും താമസിച്ചുകൊണ്ടുതന്നെ ഈ കഴിവുകൾ വശപ്പെടുത്തിയെടുത്തു.

കരിമ്പത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആന്ധ്രക്കാരനായ ഒരാൾ ഉണ്ടെന്നറിഞ്ഞ ഇദ്ദേഹം, എന്നാൽ പിന്നെ തെലുങ്കും കൂടി പഠിച്ചേക്കാം എന്ന ബോധത്തോടെ അദ്ദേഹത്തെ സമീപിച്ചു. ഈശ്വരപ്രസാദ റാവുവിനന്നു ചെറിയപ്രായമേ ഉണ്ടായിരുന്നുള്ളു, വിവാഹിതനായിരുന്നു. അദ്ദേഹവും അയാളുടെ ഭാര്യ സീതമ്മയും കൂടിയാണ് തെലുങ്കു പഠനത്തിൽ അടിത്തറയിട്ടത്. തുടർന്ന് വെല്ലൂരിൽ പലവട്ടം പോയി മാസങ്ങളോളം താമസിച്ചു പഠിച്ച് സംസാരിക്കാനുള്ള കഴിവും നേടിയെടുത്തു. തിരികെ വീട്ടിലേക്കു വരുമ്പോൾ, അന്നവിടെ ഇറങ്ങിയിരുന്ന ദിനപത്രങ്ങളുടേയും മഗസിനുകളുടേയും ഓരോ വലിയ കെട്ടുകൾ കരുതുമായിരുന്നു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളും പത്രങ്ങളും സ്ഥിരമായി വായിച്ചു തുടങ്ങിയതിലൂടെ ഭഷാപ്രതലം ശുദ്ധവും വ്യക്തവും ആയി ഇദ്ദേഹത്തിൽ ഉറച്ചുകഴിഞ്ഞിരുന്നു.

സാമ്പത്തികവും മാനസ്സികവുമായ ഒട്ടേറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇദ്ദേഹം ഈ ചതുർഭാഷാ നിഘണ്ടു റെഡിയാക്കിയെടുത്തത്. പരിചയക്കാരധികവും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത മോഹത്തോടു കൂടി അദ്ദേഹം ആ പാതയിലൂടെ ചരിച്ചു. പരിചിതരായ മാധ്യമപ്രവർത്തകരുടെ പ്രോത്സാഹനം ഇദ്ദേഹത്തെ കർമ്മനിരതനാക്കി നിർത്തുന്നതിൽ ഒരു ഘടകമായിരുന്നു.

നിഘണ്ടു റെഡിയായെങ്കിലും അതു പ്രസിദ്ധീകരിച്ചാലല്ലേ, പൊതുവിടത്തിൽ ലഭ്യമാവുകയുള്ളൂ. ഇതു പ്രസിദ്ധീകരിക്കാനായിയുള്ള ശ്രമമായി പിന്നെ. കേവല വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്തതിൻ്റെ പേരിൽ പ്രമുഖ പ്രസിദ്ധീകരണക്കാരൊക്കെയും നിരസിച്ചിരുന്നു. കോട്ടയത്തുചേന്നു ഡീസി ബുക്സുമായി ചർച്ച ചെയതപ്പോൾ പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞതിൻ്റെ പ്രധാനകാരണം ഇതായിരുന്നു.

എങ്കിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം എന്നായി താല്പര്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ പി കെ പോക്കർ ആയിരുന്നു അന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തലപ്പത്ത് ഡയറക്റ്ററായി ഉണ്ടായിരുന്നത്. ശ്രീധരേട്ടനു ശ്രീ പോക്കർ സാറിനെ നേരിട്ടു പരിചയം ഇല്ലായിരുന്നെങ്കിലും ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾസമകാലികങ്ങളിൽ വായിച്ചറിഞ്ഞ ശ്രീ പോക്കർ സാറിദ്ദേഹത്തെ ഓർത്തുവെച്ചിരുന്നു. നിഘണ്ടു പരിശോദിച്ച്, റെഡിയാക്കാം എന്ന ഉറപ്പിൻ മേൽ ശ്രിധരേട്ടൻ സന്തോഷവാനായി. 11 മാസങ്ങളോളം എടുത്തു അവരത് പരിശോദിക്കുവാൻ, ഈ നാലു പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ ആവില്ല, കന്നഡ, തെലുങ്ക് നിഘണ്ടുക്കൾ ഒഴിവാക്കി മലയാളം തമിഴ് പ്രസിദ്ധീകരിക്കാം എന്നായി അവർ. പ്രസിദ്ധീകരിക്കാതെ മാറ്റിവെയ്ക്കാൻ പ്രധാന കാരണം, ഇദ്ദേഹത്തിൻ്റെ വിദ്യാഭ്യാസയോഗ്യതയായിരുന്നു. പേരിൻ്റെ കൂടി ബി. എ., എം. എ. എന്നോ പ്രൊഫസർ എന്നോ, ഡോക്റ്റർ എന്നോ ഉണ്ടായിരുന്നെങ്കിൽ പ്രസിദ്ധീകരിക്കാമായിരുന്നു എന്നു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകാർ വരെ പറഞ്ഞുവെന്നതാണു സത്യം. ഭാഷാഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാലും കൂടി ഒരൊറ്റ പുസ്തകമായി അച്ചടിക്കണമായിരുന്നു എന്നതായിരുന്നു ശ്രീധരേട്ടൻ്റെ ആഗ്രഹം. ഒരെണ്ണം പോലും അച്ചടിച്ചു വരാത്തതിലും ഭേദമാണല്ലോ രണ്ടുഭാഷയിൽ ഉള്ളതെങ്കിലും പ്രസിദ്ധീകരിക്കുന്നത് എന്നു കരുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി രണ്ടെണ്ണം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായി. അങ്ങനെ ദ്വിഭാഷാ നിഘണ്ടു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.

കന്നട-തെലുങ്കു നിഘണ്ടു പ്രസിദ്ധീകരിക്കാമെന്നു പിണ്ണീടവർ പറഞ്ഞപ്പോൾ വീണ്ടും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ കൈയ്യെഴുത്തു പ്രതികൾ ഏൽപ്പിച്ചു. ഭരണസമിതി മാറിയപ്പോൾ ആ കൈയ്യെഴുത്തുപ്രതികൾ പിന്നീടവിടെ നിന്നും അപ്രത്യക്ഷമായി എന്നായിരുന്നു അറിയിപ്പ്. അന്നത്തെ സാംസ്കാരിക വകുത്തു മന്ത്രി കെ. സി. ജോസഫ് വഴിയും, കൊടിയേരി ബാലകൃഷ്ണൻ വഴിയും ഒക്കെ പരാതി നിൽകിയിട്ടും അതു കിട്ടാതെ വന്നപ്പോൾ, അവരുമായുള്ള സംസാരം മൊബൈലിൽ റെക്കോഡ് ചെയ്തു വെയ്ക്കുകയും, പിന്നീട് വക്കീൽ നോട്ടീസ് നൽകുകയും ചെയ്തു. അങ്ങനെയാണു കൈയ്യെഴുത്തു പ്രതികൾ ലഭ്യമായത്.

ഇനിയും ഈ നെടിയ പരിശ്രമം എങ്ങനെയും പൂർണമായി വെളിച്ചം കാണിക്കേണ്ടതുണ്ടെന്ന ബോധം ഉള്ളതു കൊണ്ടും, ഈകൈയ്യെഴുത്തു പ്രതികൾ നഷ്ടമാവരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ഇവയുടെ കോപ്പി എടുത്തുവെയ്ക്കാൻ പ്രേരിതനായി. 3000 രൂപയിലധികം ചെലവിട്ട്, എല്ലാ പേപ്പറുകളും ഇദ്ദേഹം ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചു. ഇവയൊക്കെ ഡിജിറ്റലൈസ് ചെയ്യാനായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കൊടുത്തപ്പോൾ 2 പുസ്തകങ്ങൾക്കു തന്നെ ഒന്നേകാൽ ലക്ഷത്തോളം രൂപ അവർ വാങ്ങിച്ചു; പക്ഷേ, എഴുതിയവയിൽ മൊത്തം അക്ഷരത്തെറ്റുമായിരുന്നു. ചുരുക്കത്തിൽ ഇതേവരെയുള്ള യാത്ര അല്പം ദാരുണമായിരുന്നു എന്നു പറയാം.

ഔദ്യോഗികമായി നാലാംക്ലാസ് വിദ്യാഭ്യാസമേ ശ്രീധരേട്ടനുള്ളൂ, തുല്യതാ പരിക്ഷവഴി ഏഴാംക്ലാസ് സർട്ടിഫിക്കേറ്റും ഉണ്ട്. പി. ഡബ്ല്യു. ഡിയില്‍ ജീവനക്കാരനായിരുന്നു പിന്നീട് ശ്രീധരേട്ടൻ. ആ വഴി സീനിയർ സിറ്റിസൺ ഫോറം വഴി ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ, ഈ നാലു ഭാഷകൾ പ്രൂഫ് റീഡിങ്ങ് നടത്താനുള്ള വഴിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും തൻ്റെ കൂടെ നടന്ന സുഹൃത്തുക്കളുടെ നിരന്തരശ്രമം മൂലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ വർഷങ്ങളോളമുള്ള പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തി ‘ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്” എന്നപേരിൽ ഒരു ഡോക്ക്യുമെൻ്ററി ശ്രീ നന്ദൻ ചെയ്തിരുന്നു. 2021 ഇൽ ദേശീയ ചലചിത്രാവാർഡു പ്രഖ്യാപിച്ചപ്പോൾ ഈ ഡോക്ക്യുമെൻ്ററിയും പുരസ്കാരത്തിനർഹമായി വന്നു.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ലിപി വ്യവസ്ത നിലവിലെല്ലാം മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിയാൽ റഫറൻസ് തെരയുന്നവർക്കും പഠിതാക്കൾക്കും കിട്ടുന്നൊരു സൗഭാഗ്യം മറ്റൊന്നില്ലതന്നെ. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറാൻ എന്തുകൊണ്ടും യോഗ്യമാണ് ഈ ചതുർഭാഷാ നിഘണ്ടു.എത്രയും പെട്ടന്ന് ഇതു പൊതുവിടത്തിൽ എത്തുമെന്നു തന്നെ പ്രത്യാശിക്കാം.

മലയാളത്തിലെ താരാട്ടുപാട്ടുകൾ

Aatmika Rajesh
ആത്മിക
ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു. (more…)

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്. (more…)

വിരുന്നുകാരൻ

virunnikaaran | വിരുന്നുകാരൻ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/virunnukaran.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റു കവിതകൾ കാണുക

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. (more…)

സ്വല്പം ലിപി ചിന്തകൾ…

Introduction of Malayalam Writing System
ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. (more…)

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം

അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി
തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി

ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! 1999 നവംബർ 17 – നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. 2000 മുതല്‍ ഇതിനെ മാതൃഭാഷാദിനമായി ആചരിച്ചു പോരുന്നുണ്ട്. എങ്കിലും മലയാളത്തോട് മിക്കവർക്കും ഒരു പുച്ഛമാണെന്ന് പറയാതെ വയ്യ. മൊബൈലിലും മറ്റും കൃത്യമായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമെന്നിരിക്കിലും ഇംഗ്ലീഷു ചെറുതാക്കി വൃത്തികെട്ടരൂപത്തിൽ മലയാളം കൂട്ടിച്ചേർത്ത് മംഗ്ലീഷ് എന്ന മാറാവ്യാധിയിലാണു മിക്കവരും ചാറ്റിങ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകം തന്നെയാണു മാതൃഭാഷ. ഭാഷകൾ അനവധിയുണ്ടല്ലോ, കൂടുതൽ ഭാഷകളെ പഠിച്ചിരിക്കുന്നതും നല്ലതാണ്… അതാത് സംസ്കാരങ്ങൾ അവരുടേതായ രീതിയിൽ തിരിച്ചറിയാനുള്ള നല്ല മാർഗമാണത്. കേവലം ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും അറിയേണ്ടതാണ്.

മലയാളികളിൽ ഒരു വലിയ സമൂഹം മലയാളത്തെ വെറുപ്പോടു കൂടി കാണാൻ പഠിച്ചനാൾ, മലയാളം മരിക്കുന്നു എന്ന് ചില വൃദ്ധപുംഗവൻമാർ അലമുറയിട്ടുകരയുമ്പോൾ ഓൺലൈനിൽ മലയാളം വിപ്ലവം രചിക്കുകയാണ്. ഇവിടെ മലയാളം എഴുതാനറിയാത്തവരും സിസ്റ്റത്തിൽ മലയാളം കോൺഫിഗർ ചെയ്യാനറിയാത്തവരും ഇനിയും ധാരാളമുണ്ടെന്നറിയാം. ചിലർക്കൊക്കെ മലയാളം വായിക്കാൻ കഴിയുന്നു; പക്ഷേ എഴുതാനുള്ള സങ്കേതം എന്തെന്നറിയില്ല. ചിലരുടെ കമ്പ്യൂട്ടറിൽ മലയാളം ചില്ലക്ഷരങ്ങൾ വരുന്നില്ല; ചിലർക്ക് കൂട്ടക്ഷരങ്ങൾ വിഘടിച്ച് ചന്ദ്രക്കലയുമായി കാണുന്നു. ഇതൊക്കെ ഒരഞ്ചുമിനിറ്റു സമയം കൊണ്ട് മാറ്റി എടുക്കാനാവുമെന്ന് ഇനിയും അറിയാത്ത ഒട്ടനവധിപ്പേർ മലയാളത്തെ കുറ്റം പറഞ്ഞു നടക്കുന്നതും കാണാറുണ്ട്. “കഴിഞ്ഞ ആഴ്ച വാങ്ങിച്ച കമ്പ്യൂട്ടറാണ് പക്ഷേ, മലയാളം നേരേ ചൊവ്വേ വായിക്കാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യവുമില്ല” എന്നൊരു സുഹൃത്ത് ഈയിടെ പരാതി പറഞ്ഞിരുന്നു.
malayalam-Inscript-key-layout
യുണികോഡ് ഫോണ്ട്
മലയാളം വായിക്കാനും എഴുതാനും വേണ്ട പ്രാഥമിക കാര്യങ്ങൾ എന്തെന്നു നോക്കാം. ഓൺലൈനിൽ മലയാളം വായിക്കാൻ നമ്മുടെ സിസ്റ്റത്തിൽ യുണികോഡ് ഫോണ്ട് അത്യാവശ്യമാണ്. (ചില സൈറ്റുകൾ  വെബ്ഫോണ്ടായി കൊടുത്തിരിക്കുന്നതിനാൽ ഫോണ്ടില്ലാതെയും വായിക്കാൻ പറ്റുന്നവയാണ് – ചായില്യം കൗമുദി ഫോണ്ട് വെബ്ഫോണ്ടായി ഉപയോഗിക്കുന്നുണ്ട്). രണ്ടുതരം മലയാളം ഫോണ്ടുകൾ ഇന്നു ലഭ്യമാണ്, ഒന്ന് ആസ്കിഫോണ്ടുകൾ രണ്ട് യുണികോഡ് ഫോണ്ടുകൾ. അഞ്ജലിഓൾഡ്‌ലിപി, മീര, രചന, കൗമുദി, തുടങ്ങി നിരവധി യുണികോഡ് ഫോണ്ടുകൾ ലഭ്യമാണ്. (കേരളകൗമുദിയുടെ ജേർണലിസ്റ്റും വിഷ്വലൈസറുമായ രാഹുൽ വിജയ് വികസിപ്പിച്ചെടുത്ത കൗമുദി എന്ന യുണികോഡ് ഫോണ്ട് ഡൗൺലോഡ് ചെയ്യുക) സാധാരണഗതിയിൽ ഫോണ്ട് ഡബിൾക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്താൽ അതിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ബട്ടൻ കാണാവുന്നതാണ്. അതല്ലെങ്കിൽ ഫോണ്ട് സിസ്റ്റത്തിലെ C: ഡ്രൈവിൽ വിൻഡോസിൽ ഫോണ്ട്സ് എന്ന ഫോൾഡറിൽ (path: C:/windows/fonts/) കൊണ്ട് പോയി പേസ്റ്റ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനു തുല്യമാണിത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ കൗമുദി എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു എന്നു പറയാം.

ഇതുകൊണ്ടുമാത്രം ആയില്ല, നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ബ്രൗസറിന്റെ സെറ്റിങ്സിൽ ഒരല്പം മാറ്റം വരുത്തേണ്ടതുണ്ട്. പ്രധാനമായും മോസില്ല, ഗൂഗിൾ ക്രോം എന്നീ ബ്രൗസർ സെറ്റിങ്സിനെ പറ്റി പറയാം. ആദ്യം മോസില്ലയിൽ:

മോസില്ല
മോസില്ലയുടെ മെനുവിൽ ടൂൾസ് എന്നൊരു മെനുവുണ്ട്. അതിൽ Options എന്നൊരു മെനു(Menu: Tools-Options) ഐറ്റവും ഉണ്ട്. Alt + T പ്രസ് ചെയ്താൽ (ആൾട്ട് കീ അമർത്തിപിടിച്ച് T പ്രസ്സ് ചെയ്യുക – രണ്ടും ഒന്നിച്ച്) Tools മെനു ചാടിവിഴും അതിൽ മൗസ് കൊണ്ട്  Options ക്ലിക്ക് ചെയ്താൽ മതി. അപ്പോൾ ഓപ്ഷൻസ് വിൻഡോ തുറന്നു വരും. അതിൽ General, Tabs, Content, Aplications Privacy എന്നൊക്കെ പറഞ്ഞ് കുറേ ടാബുകൾ കാണും. മൂന്നാമത്തെ ടാബ്  Content ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്നിടത്ത് Font & Color എന്ന ബോക്സിൽ Default font: എന്നു കാണും. അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സിസ്റ്റത്തിൽ ഉള്ള ഫോണ്ട്സ് ഒക്കെ കാണാവുന്നതാണ്. ആ ബോക്സിൽ ക്ലിക്ക് ചെയ്ത് K പ്രസ്സ് ചെയ്താൽ നേരത്തെ ഇൻസ്റ്റാൾ ചെയ്ത കൗമുദി ഫോണ്ട് കാണാവുന്നതാണ്. അത് സെലക്റ്റ് ചെയ്യുക.

how-write-malayalam-in-facebook

ഇതുകൊണ്ടുമാത്രം ആയില്ല; തൊട്ടടുത്തുള്ള Advanced… എന്ന ബട്ടൻ കണ്ടില്ലേ. അതു ക്ലിക്ക് ചെയ്തിട്ട് അഡ്വാൻസ് ഓപ്ഷൻസ്സിലേക്കു പോവുക. അവിടെയും ഉണ്ട് ചിലമാറ്റങ്ങൾ. ആദ്യം തന്നെ Font for: എന്ന ഇടത്തിലെ വെസ്റ്റേൺ മാറ്റി മലയാളം എന്നതു സെലക്റ്റ് ചെയ്യുക. പിന്നെ താഴെ കാണുന്ന Serif: Sans-serif: Monospace: ഒക്കെ കൗമുദിയാക്കി മാറ്റുക. അത്രയും ചെയ്തിട്ട് താഴെ Caracter Encoding: എന്ന ഭാഗത്തു വന്നിട്ട് Unicode (UTF-8) എന്നാക്കി മാറ്റുക. ഇനി എല്ലാം OK ബട്ടൻ അമർത്തി ക്ലോസ് ചെയ്തിട്ട് നിങ്ങളുടെ ബ്രൗസറിലെ മലയാളം എങ്ങനെയുണ്ടെന്നു കാണുക! സുന്ദരമായില്ലേ? ഇല്ലെങ്കിൽ അറിയിക്കാൻ മടിക്കരുത്. സെറ്റിങ്സിന്റെ ചിത്രം കാണുക:how-write-malayalam-in-internet

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ സെറ്റിങ്സ് നോക്കാം ഇനി
ഇതിലെ സെറ്റിങ്സ് പലപ്പോഴും മാറി മറിഞ്ഞു വരാറുണ്ട്. എന്തായാലും എന്തൊക്കെ മാറ്റേണ്ടതുണ്ട് എന്ന ഐഡിയ മുകളിലെ മോസില്ല കോൺഫിഗറേഷനിൽ നിന്നും കിട്ടിയല്ലോ. how-write-malayalam-in-chrome ക്രോം ബ്രൗസറിന്റെ വലതുവശത്ത് മൂലയിലായി മുകളിൽ മൂന്നു വരപോലെ കാണുന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ താഴെ സെറ്റിങ്സ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതു ക്ലിക്ക് ചെയ്യുക. (ഇത് ക്രോമിൽ വായിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക chrome://settings/). ഇനി താഴോട്ട് സ്ക്രോൾ ചെയ്ത് ഏറ്റവും അടിയിലേക്ക് വരിക. അവിടെ Show advanced settings… എന്നൊരു ലിങ്ക് കാണും. അതു ക്ലിക്ക് ചെയ്യുക. ഇപ്പോൾ അതേ വിൻഡോ അല്പം താഴേക്ക് വളരും. അതിൽ Web content എന്നൊരു ചെറിയ ഹെഡിങ് കാണാവുന്നതാണ്. അതിൽ Customize എന്ന ബട്ടൻ അമർത്തുക. ഒരു പോപ്പ്അപ് വിൻഡോ തുറന്നുവരും. (മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യാത്തവർ ഈ ലിങ്ക് ക്ലിക്ക് chrome://settings/fonts ചെയ്താലും മതി – ഇത് ക്രോമിലാണു വായിക്കുന്നതെങ്കിൽ മാത്രമേ ക്ലിക്ക് ചെയ്യേണ്ടതുള്ളൂ). ഇപ്പോൾ തുറന്നു വന്ന വിൻഡോയിൽ Staandard font, Serif font, Sans-serif font, Fixed-width font എന്നൊക്കെയുള്ള എല്ലാ ഓപ്ഷൻസിലും Kaumudi ഫോണ്ട് തന്നെ സെലെക്റ്റ് ചെയ്തു കൊടുക്കുക. പിന്നെ താഴേക്ക് സ്ക്രോൾ ചെയ്തിട്ട് Encoding എന്ന ഭാഗത്ത് Unicode (UTF-8) എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്തു ഓക്കെ കൊടുക്കുക. ഇത്രേം ചെയ്താൽ മതിയാവും ക്രോമിൽ. ചിത്രം കാണുക:how-write-malayalam-in-mozilla-firefox

മലയാളം എഴുതാം
ഇനി മലയാളം എങ്ങനെ ഡയറക്റ്റായി gmail ലും ഫെയ്സ്ബുക്കിലും അതുപോലെ മറ്റ് സൈറ്റുകളിലും എഴുതാമെന്നുനോക്കാം. രണ്ട്  രീതിയിലുള്ള ടൈപ്പിങ് രീതികളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്നു മംഗ്ലീഷ് (മലയാളം ലിപിമാറ്റത്തിലൂടെ സാധ്യമാവുന്നത് – ഞാൻ ലേഖനം എഴുതുന്നത് ഈ മെതേഡിലൂടെയാണ്) രണ്ട് സ്റ്റാൻഡേർഡ് രീതിയായ മലയാളം ഇൻസ്ക്രിപ്റ്റ് രീതിയാണ്. ഇതല്പം പഠിക്കാനുണ്ട്.  ഒരാൾ അടുത്തിരുന്നു പറഞ്ഞുതന്നാൽ കേവലം 15 മിനിറ്റു കൊണ്ടിത് പഠിച്ചെടുക്കാനാവും. കീസ്ട്രോക്കുകൾ വളരെയധികം കുറവായതിനാൽ ഇത് പുതിയതായി പഠിക്കുന്നവർ ഇൻസ്ക്രിപ്റ്റ് രീതിതന്നെ ശീലിച്ചാൽ നല്ലതായിരിക്കും.

ഇടയ്ക്കൊന്നു പറഞ്ഞോട്ടെ: ഈ ആർട്ടിക്കിൾ ലക്ഷ്യമിടുന്നത് മലയാളം എങ്ങനെ കമ്പ്യൂട്ടറിൽ എനേബിൾ ചെയ്യാമെന്നറിയാതെ കൗതുകത്തോടെ ഉഴറിനടക്കുന്നവരെയാണ്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ബെയ്സ് ചെയ്തിട്ടാണ് ഈ ലേഖനം എഴുതിയത്. ചില ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ യുണിക്കോഡ് ഫോണ്ടുകൾ ഡിഫാൾട്ടായിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അതിൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യണം എന്നില്ല. ആപ്പിൾ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ രചനമാക് എന്ന യുണിക്കോഡ് ഫോണ്ട് ലഭ്യമാണ്.

എഴുത്തുപകരണം

നിലവിൽ എളുപ്പമായത് ഇൻകീ (InKey Mozhi) സോഫ്റ്റ്‌വെയറാണ്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ബസ്ക്ലീനർ ബെല്ലടിക്കുന്നതുപോലെ രണ്ടുപ്രാവശ്യം കണ്ട്രോൾ കീ അമർത്തിയാൽ, പിന്നീടു ടൈപ്പ് ചെയ്യുന്നത് മലയാളത്തിൽ ആവുന്നു; തിരിച്ച് ഇംഗ്ലീഷാക്കാനും കണ്ട്രോൾ കീ തന്നെയാണു വേണ്ടത്. സോഫ്റ്റ്‌വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. മറ്റുള്ളവയെക്കുറിച്ച് കൂടുതൽ അറിയാനായി താഴെയുള്ളതും വായിക്കാം.

എഴുതാൻ എന്തായാലും ഒരു സോഫ്റ്റ്‌വെയർ ആവശ്യമാണ്. Typeit, Varamozhi, തുടങ്ങി ചില സോഫ്റ്റ്‌വെയറുകൾ ഇന്റ്ർനെറ്റിൽ ഇതിനായി മുമ്പുതന്നെ ലഭ്യമാണുതാനും. ഇതൊന്നും കൂടാതെ ഗൂഗിൾ തന്നെ ഇറക്കിയ എഴുത്തുപകരണവും ഉണ്ട്. എങ്കിലും ഞാനിവിടെ വിശദീകരിക്കുന്നത് കീമാജിക് എന്ന സോഫ്റ്റ്‌വെയറിനേ പറ്റിയാണ്. മലയാളം വിക്കിപീഡിയയിൽ നാരായം എന്ന എഴുത്തുപകരണം ഘടിപ്പിച്ച ജുനൈദ് കസ്റ്റമൈസ് ചെയ്തെടുത്ത മലയാളം ടൈപ്പിങ് സോഫ്റ്റ്‌വെയറാണ് കീമാജിക്. ഇവിടെ നിന്നും ഡയറക്റ്റായോ, ജുനൈദിന്റെ സൈറ്റിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ജുനൈദിന്റെ സൈറ്റിൽ നിന്നും exe ഫയൽ ആണ് ഡുൺലോഡ് ചെയ്തതെങ്കിൽ അതിൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്തെടുക്കുക (Download – Right click on it – Extract). അപ്പോൾ കിട്ടുന്ന ഫോൾഡറിൽ keymagic എന്നൊരു ഫയൽ ഉണ്ട്, അത് ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. കാണാൻ പ്രതേകിച്ചൊന്നും ഉണ്ടാവില്ല. നിങ്ങളുടെ കമ്പ്യൂട്ടറിൽ വലതുവശത്തു താഴെയായി സിസ്റ്റം ട്രേയിൽ (ടാസ്ക് ബാർ) ചെറിയൊരു ഐക്കൺ ഇപ്പോൾ വന്നു കാണും . അതു ക്ലിക്ക് ചെയ്താൽ ചിത്രത്തിൽ കാണുന്നതുപോലെ കാണാനാവും. വലതു വശത്തെ ചിത്രം നോക്കുക. malayalam-typing-on-internetഅതവിടെ കിടക്കട്ടെ – ഒന്നും ചെയ്യേണ്ടതില്ല. ഇനി ഗൂഗിൾ എടുത്തിട്ട് Ctrl + M (കണ്ട്രോൾ കീയും M എന്ന ലെറ്ററും ഒന്നിച്ച്) പ്രസ്സ് ചെയ്ത ശേഷം എന്തെങ്കിലുമൊക്കെ മംഗ്ലീഷിൽ ടൈപ്പ് ചെയ്തു നോക്കൂ!! തിരിച്ച് ഇംഗ്ലീഷിലേക്ക് മാറ്റാനും Ctrl + M തന്നെ.  സിസ്റ്റം ഓൺ ചെയ്ത ഉടനേ ഡൗൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്തെടുത്ത ആ ഫോൾഡറിൽ പോയി KeyMagic ഓപ്പൺ ചെയ്തു വെയ്ക്കുക… Facebook, google, gmail തുടങ്ങിയുള്ള ഏത് സൈറ്റിലും അനായാസം മലയാളം ടൈപ്പ് ചെയ്യുക. ഇനി, ഇതൊന്നും സാധ്യമാവുന്നില്ല, പരീക്ഷിച്ചു പരീക്ഷിച്ച് മടുത്തുപോയെങ്കിൽ ഇതേ സൈറ്റിൽ ഒരു മലയാളം എഴുത്തുപകരണം കൊടുത്തിരിക്കുന്നതു കാണുക (https://chayilyam.com/stories/ml). ഇതിൽ ടൈപ്പുചെയ്ത ശേഷം കോപ്പിയെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് അതു പേസ്റ്റ് ചെയ്യാവുന്നതാണ്. മാതൃഭാഷാ ദിനത്തിൽ തന്നെയാവട്ടെ നിങ്ങളുടെ ഓൺലൈൻ വിദ്യാരംഭം!

മൊബൈലിൽ മലയാളം
ഇന്ത്യൻ ഭാഷകൾ കൃത്യമായി മൊബൈലിൽ ടൈപ്പുചെയ്യാൻ നല്ലത് ഇൻഡിക് കീബോർഡാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇത് കാണുക. മലയാളം ടൈപ്പിങ് റെഡിയാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കും. തുടക്കം ബുദ്ധിമുട്ടായി തോന്നിയാലും എളുപ്പം തന്നെയാണെന്നർത്ഥം. കാര്യങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വരും. ഇല്ലെങ്കിൽ മൊബൈൽ സെറ്റിങ്സിൽ language AND Input എന്ന ഓപ്ഷനിൽ പോയി ഡിഫാൾട്ട് ലാങ്വേജ് ഇൻഡിക് കീബോർഡ് ആക്കണം. മിക്ക ഇന്ത്യൻ ഭാഷകളും അതിൽ കാണാൻ പറ്റും. മലയാളത്തിന് മലയാളം ലിപ്യന്തരണം എന്ന ഓപ്ഷൻ ഏറ്റവും അടിയിലായി കാണാം. മുകളിലെ ഇംഗ്ലീഷും സെലെക്റ്റ് ചെയ്യാൻ മറക്കരുത്. ഇവ രണ്ടും മതിയാവും മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ.

വാട്സാപ്പിലോ മറ്റോ വന്ന് നോക്കിയാൽ കീബോർഡ് ഇംഗ്ലീഷിൽ തന്നെ കാണാം.. സ്പേസ്ബാറിന്റെ ലെഫ്റ്റ് സൈഡിൽ ഒരു ഗ്ലോബിന്റെ സിമ്പൽ കാണും. അത് ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷും മലയാളവും മാറിമാറി ഉപയോഗിക്കാനും ആവുന്നു. ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പറയാൻ മറക്കേണ്ട!

വിശ്വമലയാളം

മലയാളത്തെ ഉദ്ധരിക്കുന്ന സർക്കാർ പരിപാടിയുടെ വെബ് സൈറ്റ് ഇംഗ്ലീഷിൽ! ലോഗോ മാത്രമുണ്ട് മലയാളത്തിൽ. ഇതിന്റെ ഒരു മലയാളം വേർഷൻ കൂടി അതിൽ കൊടുക്കേണ്ടതായിരുന്നു. സൈറ്റ് തീരെ പോരാ. മെനുവിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നത് എറർ മെസ്സേജാണ്. ബാക്ക്ഗ്രൗണ്ട് ഇമേജ് ഫോട്ടോഷോപ്പിൽ സെലക്റ്റ് ചെയ്ത അടയാളം അതേപടി കിടപ്പുണ്ട്! ഇതൊക്കെ ഒന്നു ടെസ്റ്റ് ചെയ്തിട്ട് അപ്ലോഡ് ചെയ്താൽ പോരായിരുന്നോ എന്തോ!! വിശ്വമലയാളികളെ നാറ്റിച്ചേ അടങ്ങൂന്നാണോ? ലോഗോ കാണാൻ ഒരു എടുപ്പൊക്കെ ഉണ്ട്. ആ കളർ തീമെങ്കിലും സൈറ്റിൽ ഉപയോഗിക്കാമായിരുന്നു!
സൈറ്റ്: http://www.viswamalayalam.com/

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. (more…)

പാന്‍ഗ്രാം

Pangram പാൻഗ്രാംഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തെ പാന്‍ഗ്രാം എന്നു പറയുന്നു. മലയാളത്തിൽ അതിനെ എന്തു പറയാൻ പറ്റും? പൂർണവാചകമെന്നോ സമ്പൂർണവാക്യമെന്നോ ഒക്കെ വിളിക്കാമെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം കിട്ടുമോ എന്നറിയില്ല. കിഷോർ ശ്രമിച്ചിട്ടുണ്ടാക്കിയ മലയാളത്തിലെ ഒരു വാക്യമിതാണ്: “അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നർത്ഥം വരുന്ന പാൻഗ്രാമ എന്ന പദത്തിൽ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്.

ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം “The quick brown fox jumps over the lazy dog (43 അക്ഷരങ്ങൾ) ആണ്. അതുപോലെ ഈ വാക്യവും നോക്കുക: The five boxing wizards jump quickly (36 അക്ഷരങ്ങൾ) അല്പം സങ്കീർണമായ ഭാഷയാണു മലയാളം. ഏതെങ്കിലും ഒരു ഫോണ്ട് തുറന്നു നോക്കിയാൽ നമുക്ക് ഈ വാഖ്യം അതിൽ കാണാൻ സാധിക്കുന്നു. എല്ലാ അക്ഷരങ്ങളും ആ ഫോണ്ടിൽ എപ്രകാരം വരുന്നുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താൻ പറ്റുന്നു. കൃത്യമായ പദസഞ്ചയങ്ങളാൽ അർത്ഥപത്തായൊരു പാൻഗ്രാം ഉണ്ടാക്കി എടുക്കുക എന്നത് നല്ല മെനക്കെട്ട പണിയാണ്. അങ്ങനെ ഫോണ്ടു നിർമ്മാണം എന്നതും മാത്രം കണക്കിലെടുത്താൽ അക്ഷരങ്ങളുടെ അകല വ്യത്യാസം നീളം വീതി ഉയരം, കൂട്ടക്ഷരങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾ മലയാളത്തിൽ നോക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോണ്ടു നിർമ്മിതി എന്നകാര്യം മറക്കുന്നതാവും നല്ലത്.

വിക്കിപീഡിയനായ Ajifocus തത്തുല്യമായ മറ്റൊരു സഞ്ചയം ഉണ്ടാക്കിയതു കാണുക:
“ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.”

അക്ഷരസഞ്ചയത്തെ ഇങ്ങനെ ഒതുക്കി വെയ്ക്കുന്നു എന്നതു തന്നെ വലിയൊരു കാര്യമെന്നിരിക്കേ, ആവശ്യത്തിനായി (പുതിയ ഫോണ്ടുകൾ പരിശോദിക്കാനും മറ്റും) ഇവ ഉപയോഗിക്കുക എന്നതിലേ കാര്യമുള്ളൂ. കുറ്റം പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല, ഇതുപോലെ സങ്കീർണമായ ഒരു വാക്യം ഉണ്ടാക്കുക എന്നത്.

Hindi
ऋषियों को सताने वाले दुष्ट राक्षसों के राजा रावण का सर्वनाश करने वाले विष्णुवतार भगवान श्रीराम, अयोध्या के महाराज दशरथ के बड़े सपुत्र थे।

Sanskrit
कः खगौघाङचिच्छौजा झाञ्ज्ञोऽटौठीडडण्ढणः। तथोदधीन् पफर्बाभीर्मयोऽरिल्वाशिषां सहः।।

ഇംഗ്ലീഷ് ഭാഷയിലെ മറ്റു ചിലത്

  1. Bright vixens jump; dozy fowl quack. -34 അക്ഷരങ്ങൾ
  2. Waltz, nymph, for quick jigs vex bud. -34 അക്ഷരങ്ങൾ
  3. Sphinx of black quartz, judge my vow. -35 അക്ഷരങ്ങൾ
  4. Pack my box with five dozen liquor jugs. -39 അക്ഷരങ്ങൾ
  5. Win joker quiz by glimpse of cat video hoax. -43 അക്ഷരങ്ങൾ
  6. Jinxed wizards pluck ivy from the big quilt. -43 അക്ഷരങ്ങൾ
  7. Amazingly few discotheques provide jukeboxes. -44 അക്ഷരങ്ങൾ
  8. It’s bewildering difficulty is akin to being a very funky xenophobic judge trying to quiet a zoo. -96 അക്ഷരങ്ങൾ
  9. Inspired calligraphers can create pages of beauty using ink, quill, brush, pickaxe, buzzsaw, or even strawberry jam. -110 അക്ഷരങ്ങൾ
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights