Skip to main content

ചേലിയക്കാരന്റെ പ്രേതം

ചേലിയക്കാരന്റെ പ്രേതം

ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും‍, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും‍, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടും‌വര്‍‌ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍‌ എതിര്‍‌ക്കുന്നില്ല.

ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍‌ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്‌. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും – പഴയ ഒരു ഹിന്ദു ഭവനം.

പ്രതികാരദാഹിയായ ചേലിയക്കാരന്‍

പണ്ടേതോ ചേലിയക്കാരന്‍‌മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍‌ത്തെണീറ്റു… കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍‌മാരുടെ പ്രേതത്തിന്‌ കാഠിന്യമേറുമത്രേ! അങ്ങനെ ആ സ്ഥലവും വീടും ഒറ്റപ്പെട്ടു. നാട്ടുകൂട്ടങ്ങളാലോചിച്ചു. കണ്ണൂരിലെ‌ പിലാത്തറയില്‍ നിന്നും സുള്യത്തുനിന്നും ഉപ്പളയില്‍നിന്നും മംഗലാപുരത്തു നിന്നും മന്ത്രവാദികള്‍ വന്നു. പഠിച്ച വിദ്യകളൊക്കെ നോക്കിയിട്ടും പരേതാത്മാവു വഴങ്ങിയില്ല. പൂജകള്‍ പലതു കഴിഞ്ഞു. ഹവ്യഗ്രവ്യങ്ങളാല്‍ പ്രേതം പൂര്‍‌വാധികം ശക്തനായി മാറി. രാത്രിഞ്ചരന്‍‌മാരെ ഉപദ്രവിക്കാന്‍ കൂടി തുടങ്ങിയപ്പോള്‍ രാത്രി സഞ്ചാരം എന്നെന്നേക്കുമായി നിലച്ചു. ആരോ പറഞ്ഞതറിഞ്ഞ് കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്നും ഒരു ഉഗ്രന്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൊണ്ടു വന്നു. ഉഗ്രപ്രതാപിയായി ആ മന്ത്രവാദി മരണം നടന്ന ഈ വീട്ടില്‍ താമസമാക്കി. മാന്ത്രിക കളങ്ങള്‍ തലങ്ങും വിലങ്ങും വരച്ചു. മൂന്നു ദിവസത്തെ ഉഗ്രമായ ഉച്ചാടനത്തിനൊടുവില്‍ പ്രേതം മാന്ത്രികന്റെ കാല്‍‌ക്കീഴിലമര്‍ന്നു. അദ്ദേഹം അതിനെ ഒരു കുഞ്ഞു കുടത്തിലേക്കാവാഹിച്ചു, ചുവന്ന പട്ടിട്ടു മൂടി. കരിമ്പടം കീറിമുറിച്ച് ഭദ്രമായി കെട്ടി. മൂന്നാം നാള്‍ പുലര്‍ച്ചെ ആദ്യയാമത്തില്‍ ചെമ്പരിക്ക കടല്‍ത്തീരത്തേക്കു പോയി, മന്ത്രധ്വനികളോടെ കടലില്‍ നിമഗ്നം ചെയ്തു. കടുത്തപ്രയോഗങ്ങള്‍ നടത്തിയ മാന്ത്രികന്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നാടുകാര്‍ ബഹുമാനാദരങ്ങള്‍ നല്‍കി അദ്ദേഹത്തെ യാത്രയാക്കി. മൂന്നാം നാള്‍ ആ മഹാമന്ത്രികന്‍ തന്റെ മാന്ത്രികകളത്തില്‍ മരിച്ചു വീണു… ഉത്തരം കിട്ടാത്ത ചോദ്യമായി അതവിടെ കിടക്കട്ടെ, എന്തായാലും ചേലിയക്കാരന്റെ ശല്യം പിന്നീട് ദേളീ നിവാസികള്‍‌ക്കുണ്ടായിട്ടില്ല.

സുരസുന്ദരിയായ പതിനേഴുകാരി

വര്‍ഷങ്ങള്‍ കടന്നു. കഥകള്‍ കടങ്കഥകളായി തലമുറകള്‍ കൈമാറി. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പലരിലൂടെയും കൈമറിഞ്ഞു. ഈ കഥ നടക്കുമ്പോള്‍ അവിടെ സുന്ദരിയായൊരു മധുരപതിനേഴുകാരിയുണ്ട്. പ്രഭാതപൂജയ്‌ക്കു ശേഷം നടയിറങ്ങിവരുന്ന ലക്ഷ്‌മീദേവിയെ പോലെയുള്ള അവളുടെ പ്രസരിപ്പില്‍ വിശാലമായ ആ പുരയിടം കോരിത്തരിച്ചു. ചെറുവാല്യക്കാര്‍ മനക്കോട്ടകളില്‍ അവളെ ചേര്‍ത്തുവെച്ചൊരു ജീവിതക്രമം ത്വരിതപ്പെടുത്തി. അവരുടെ സങ്കല്പഭോഗങ്ങളിലെ നിത്യ സന്ദര്‍‌ശകയായി ആ സുരസുന്ദരി.Lady Ghost കടക്കണ്ണേറിനാല്‍ അവളെല്ലാവരെയും സന്തോഷിപ്പിച്ചു വന്നു. ഒരു നാള്‍ നാടിനെ നടുക്കിക്കൊണ്ടവള്‍ ആ വീടിന്റെ പടിഞ്ഞാറേ മുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നു! എന്തോ നിസാരമായ മോഹഭംഗമെന്ന് വീട്ടുകാര്‍. ദുര്‍നിമിത്തങ്ങളുടെ അകമ്പടിയില്‍ ആ കുടുംബം വീടും പറമ്പും വിറ്റെങ്ങോ പോയി.

പുതിയ താമസക്കാര്‍

ആരേയും കാത്തുനില്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നേയും കടന്നു. സ്ഥലം കോളേജിന്റെ കൈയിലായി; ഞങ്ങളവിടുത്തെ താമസക്കാരായി! ഭൂതപ്രേതാദികളിലൊന്നും തീരെ വിശ്വാസമില്ലാത്തയാളായിരുന്നു ജിജി ജോര്‍ജും. അവന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാനും ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ അവനും തനിച്ചായി. യാതൊരുവിധ ശല്യങ്ങളും ഞങ്ങളെ തേടിയെത്തിയിരുന്നില്ല. അങ്ങനെയിരിക്കെ ജിജി സി.പി.സി.ആര്‍. ഐ-ലേക്കു മാറി. താമസം അവിടെ ക്വാര്‍‌ട്ടേസിലായി; ഞാനിവിടെ തനിച്ചു. പിന്നെ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകനായി ജിജി. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒത്തിരി സമയം വര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായിരുന്നു. ജിജി പോയപ്പോള്‍ അവന്റെ റൂമിലേക്ക് ഞാന്‍ ഷിഫ്‌റ്റ് ചെയ്തിരുന്നു. എന്റെ റൂമിലെ കട്ടിലും അതേ റൂമില്‍ തന്നെ എടുത്തു വെച്ച് വളരെ വിശാലമായിട്ടായിരുന്നു എന്റെ ശയനം.

രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അഹമ്മദിക്ക ചോദിക്കും “സാറേ, അവിടെ ഇപ്പോ ശല്യങ്ങളൊന്നുമില്ലല്ലോ? അല്ലാ, ഒറ്റയ്‌ക്കല്ലേ താമസം!”. ചായക്കടക്കാരന്‍ അഹമ്മദിക്കയില്‍ നിന്നുമാണ്‌ മുകളിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. ചൊവ്വയും വ്യാഴവുമാണത്രേ പ്രേതങ്ങളുടെ വിഹാരരാവുകള്‍‌ (കാസര്‍ഗോഡ് മുസ്ലീങ്ങള്‍‌ക്കിടയില്‍ പ്രേതമിറങ്ങുന്നത് വ്യാഴാഴ്‌ച രാത്രിയാണ്‌!)‍. ഞാനവിടെ ഒറ്റയ്‌ക്കു താമസിക്കുന്നതില്‍ വലിയ വേവലാതിയായിരുന്നു മൂപ്പര്‍ക്ക്.

മ്യൂട്ടേഷന്‍

ഒരുനാള്‍ ബയോടെക്‌നോളജിയിലെ പുതിയ അദ്ധ്യാപകനായി ജിജിയുടെ ക്ലാസ്‌മേറ്റ് മുസ്തഫ വരികയുണ്ടായി. അണുമാത്രജീവാംശങ്ങളെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു പഠിച്ചിരിക്കുന്ന മുസ്തഫ ഒരു കൊച്ചു പുലിയാണെന്നു ജിജി വിളിച്ചു പറഞ്ഞു. കണ്ണൂരില്‍ നിന്നും എന്നും ട്രൈനില്‍ വരുന്ന അദ്ദേഹത്തോട് എന്റെ കൂടെ താമസിക്കുന്നെങ്കില്‍ താമസിച്ചോളൂ എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂപ്പര്‍ എന്റെ കൂടെ കൂടാനുള്ള തയ്യാറെടുപ്പോടെ ഒരു നാള്‍ വന്നു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ വീടിനെ കുറിച്ച് ചെറിയൊരു ചിത്രം നല്‍കിയിരുന്നു. മുസ്തഫ പക്ഷേ വാചാലനായി, ബാഗ്ലൂരില്‍ ആദ്യത്തെ പ്രോജക്‌റ്റ് ചെയ്യാന്‍ പോയപ്പോള്‍ താമസിച്ച വീട്ടിലെ ഭീകരാന്തരീക്ഷവും ഫൈനല്‍ പ്രോജക്‌റ്റിന്‌ തിരുവനന്തപുരത്ത് പോയപ്പോള്‍ താമസിച്ചവീട്ടിലെ അഭൗമപ്രതിഭാസത്തെ പറ്റിയും അവിടെ പത്തിവിടര്‍‌ത്തിയാടിയ പാമ്പിനേ പറ്റിയും അവന്‍ പറഞ്ഞു. പറഞ്ഞതു കേട്ടപ്പോള്‍ അത്രയ്‌ക്കു ഭീകരതയോ സംഭവബഹുലതയോ ഒന്നും അവകാശപ്പെടാനില്ലാത്ത വീടായിരുന്നു ഇത്.

എന്റെ റൂമില്‍ നിന്നും ഒരു കട്ടില്‍ പിടിച്ച് മറ്റേ റൂമില്‍ കൊണ്ടുപോയിട്ടു. റൂമൊക്കെ ഒന്നു വൃത്തിയാക്കിയെടുത്തു. വൈകുന്നേരം ഞങ്ങള്‍ അഹമ്മദിക്കയുടെ ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോയി. മുസ്തഫയെ കണ്ട അഹമ്മദിക്ക പണ്ടേത്തെ കഥകള്‍ ആവര്‍ത്തിച്ചു. എന്റെ ധൈര്യത്തെ പ്രകീര്‍‌ത്തിച്ചു. എനിക്കൊരു കൂട്ടുകിട്ടിയതില്‍ ആ പാവം മനുഷ്യന്‍ ആശ്വാസം കൊണ്ടു. ശാത്രത്തിന്റെയും മനഃശാസ്‌ത്രത്തിന്റേയും കൂട്ടു പിടിച്ച് മുസ്തഫയും തകര്‍ത്തു കയറി. രണ്ടുപേരുടേയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ മുസ്തഫ വീടിന്റെ എല്ലാ മൂലയും നടന്നു കണ്ടു. പുറത്തിറങ്ങി ചുറ്റുപാടുകളൊക്കെ നോക്കി. കിണറും അടുത്തുള്ള കുളവും കണ്ടു. തട്ടിന്‍‌പുറത്തു കേറിയപ്പോള്‍ എലികള്‍ നാലുപാടും ചിതറി ഓടുന്നതുകണ്ട് തിരിച്ചിറങ്ങി. രാത്രിയില്‍ മൂപ്പനെന്റെ അടുത്തു വന്നു:

“മാഷേ, മാഷിന്റെ കയ്യില്‍ പായയുണ്ടോ?”

ഞാന്‍: “പായയോ, കട്ടിലുമുണ്ട്, ബഡ്ഡുമുണ്ട് എന്തിനാണു പായ?” – പായ ഒന്നെന്റെ കൈയിലുണ്ടായിരുന്നു, എങ്കിലും ആവശ്യമറിയണമല്ലോ.

മുസ്തഫ: “അല്ല, ഞാനും മാഷിനോടൊപ്പം ഈ മുറിയില്‍ കിടന്നോളാം… താഴെ നിലത്ത്”

എനിക്കു ചിരിവന്നു, ആ കട്ടില്‍ തന്നെ എടുത്തുകൊണ്ടുവരാമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വൈകുന്നേരം അങ്ങോട്ടു മാറ്റിയ കട്ടില്‍ തിരിച്ചു കൊണ്ടുവെച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുസ്തഫ വല്ലാതെ അസ്വസ്തനായിരുന്നു. ഞാന്‍ കാര്യങ്ങളതേപടി ജിജിയോടു പറഞ്ഞു; സത്താര്‍ജിയോടു പറഞ്ഞു.

ഒരിക്കല്‍ ജിജി വന്നപ്പോള്‍ രാത്രിയില്‍, ഞങ്ങള്‍ തമ്മിലുള്ള സാധരണ സംഭാഷണമെന്ന നിലയില്‍ അവിടെ നടന്നതെന്ന രീതിയില്‍ ഒരു പ്രേതകഥ അതീവ തന്മയത്വത്തോടെ പറയുകയുണ്ടായി. സിറ്റൗട്ടിലിരുന്നു പിറ്റേ ദിവസത്തേക്കു പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. ഞങ്ങളുടെ കഥ പറച്ചില്‍ പുരോഗമിച്ചു. പണ്ട് ജിജിയുടെ കഴുത്തില്‍ കുരിശുമാലയുണ്ടായതു കൊണ്ടാണ്‌ ശല്യമുണ്ടാവാതിരുന്നത് എന്നും, എന്റെ കൈയിലുള്ള ആദ്ധ്യാത്മരാമായണവും ഭഗവത്‌ഗീതയും കിടക്കുമ്പോള്‍ സമീപത്തു തന്നെ വെക്കണമെന്നും ജിജി ഉപദേശിച്ചു. അല്പം കഴിഞ്ഞ് മുസ്തഫ വന്നപ്പോള്‍ ഞങ്ങള്‍ കഥ പറച്ചില്‍ നിര്‍‌ത്തി. പിന്നെ ഇതിന്റെ റിസള്‍‌ട്ടറിയാന്‍ ജിജി എന്നെ എന്നും വിളിക്കുമായിരുന്നു. പ്രത്യേകിച്ചൊന്നുമുണ്ടാവാതെ മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം വളരെ യാദൃശ്ചികമായി മുസ്തഫ അതിനേപറ്റി ചോദിച്ചു. ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാനാ കള്ളക്കഥ വീണ്ടും ആവര്‍ത്തിച്ചു.

പരിസമാപ്തി

അന്നു തന്നെ മുസ്തഫ കോളേജിന്റെ സമീപത്ത് അല്പം അകലെയായി മറ്റൊരു വീടു കണ്ടെത്തി. അങ്ങോട്ട് മാറാമെന്ന് എന്നെ ഒത്തിരി നിര്‍‌ബന്ധിച്ചു. ഞാന്‍ പോയില്ല. പക്ഷേ, മുസ്തഫ ഒരു കടുംങ്കൈ ചെയ്തു. അവന്‍‌ അന്നു തന്നെ കട്ടയും പടവും മടക്കി. പിന്നെ എന്നും രാവിലെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് വരെ ട്രൈനില്‍ വരും വൈകുന്നേരം തിരിച്ചു പോവും. രണ്ടുമൂന്നു മാസം ഇങ്ങനെ പോയിവന്ന മുസ്തഫ അവസാനം ആ പരിപാടിയങ്ങ് ഉപേക്ഷിച്ചു. ജിജിയുടെ വിവാഹം കഴിഞ്ഞു – മുസ്തഫയുടേയും വിവാഹം കഴിഞ്ഞു, വിവാഹത്തിന്‌ ജിജിയും സബിതയും പോയിരുന്നുവത്രേ. ഈ കഥയൊക്കെ അറിയുന്ന മറ്റൊരാള്‍ ഇപ്പോള്‍ അമേരിക്കയിലുള്ള സത്താര്‍‌ജിയാണ്‌.

മുസ്തഫയാണ്‌ എന്നോട് ഓജോബോര്‍ഡിനെ പറ്റിയും അതിന്റെ നിര്‍മ്മാണം പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ആദ്യമായി പറഞ്ഞത്! പക്ഷേ, അതൊന്നു പരീക്ഷിച്ചു നോക്കാനും മരിച്ചുപോയ ആ പതിനേഴുകാരിയോട് സംസാരിക്കാനുമായി ഞാനവന്റെ കാലുപിടിച്ചതായിരുന്നു. സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഓജോ ബോര്‍ഡിനെ അടുത്തറിഞ്ഞു – അതങ്ങ് ഏറ്റുമാനൂരില്‍ നിന്ന്! അക്കഥ ദാ ഇവിടെ കൊടുത്തിരിക്കുന്നു.!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights