യുദ്ധം കഴിഞ്ഞു
കബന്ധങ്ങൾ ഉന്മാദനൃത്തം
ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ
കാൽ തെറ്റി വീണു നിഴലുകൾ
ധൂമില സംഗ്രാമ രംഗങ്ങളിൽ
വിഷ ധൂളികൾ വീശും ശരപഞ്ചയങ്ങളിൽ
തെന്നൽ മരണം മണം പിടിയ്ക്കും പോലെ
തെന്നി നടന്നു പടകുടീരങ്ങളിൽ
ആ യുദ്ധ ഭൂവിൽ നിലം പതിച്ചു
രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ
കൃഷ്ണമണികൾ മറിയും മിഴികളിൽ
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ
കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ
അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു മനോഞ്ജയാം മൈഥിലി
ഓർമ്മകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കും പിന്നെയും മൈഥലി
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടു നടന്ന മദാലസ യൗവ്വനം
അന്നാദ്യമെത്തിപിടിച്ചു കസക്കിയ മന്ദാരപുഷ്പത്തെ
ഓർത്തുപോയ് രാവണൻ
വേദവതിയെ മലർശരസായകം വേദനിപ്പിയ്ക്കാത്ത പൂജാ മലരിനെ
അന്നാക്രമിച്ചു തളച്ചിടാവാനാത്ത തൻ അഭിലാഷം മദകജം മാതിരി
അന്നവളുഗ്രപ്രതികാരവന്നിയായ് തൻ മുന്നിൽ നിന്ന് ജ്വലിച്ചടങ്ങീടവെ
അഗ്നിയെ സാക്ഷി നിർത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങീദശാനനൻ
രക്തഫണങ്ങൾ വിതർത്തുലുഞ്ഞാടുന്നു മൃത്യുവിൻ തേരിൽ ആക്രുദ്ധശാപോക്തികൾ
എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ
നീ മരിയ്ക്കും നിനക്കെന്നിൽ ജനിയ്ക്കും പെൺകിടാവിനാൽ
അന്നേ മനസ്സിൻ ചിറകിന് കൊണ്ടതാണ്
അമ്പുകൾ പോൽ മുനയുള്ള വാക്കുകൾ
മാറിൽ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം വലിച്ചെടുത്തീടവേ
കണ്ണു നിറഞ്ഞു പോയ് രാവണന്
ആ കാട്ടുപെണ്ണീൽ പിറന്ന മകളാണ് മൈഥിലി
പെറ്റുവീണപ്പോഴെ തൻ മണികുഞ്ഞിനെ
പെട്ടിയിലാക്കിയൊഴുക്കീ ജലധിയിൽ
തന്റെ മനസ്സിൻ തിരകളിൽ പൊനങ്ങിയും തങ്ങിയും
ആ പൈതൽ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും, പിതൃത്വവും ജീവിതവീണ വലിച്ചു പൊട്ടിച്ച നാൾ
എന്തൊരന്തർദാഹം എന്താത്മ വേദന
എന്തായിരുന്നു മനസ്സിലാ സംഭവം
നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ
ചന്ദ്രിക ചന്ദനം കൊണ്ടു വന്നീടിലും
പൊന്നശോകങ്ങൾ വിരിഞ്ഞു വന്നീടിലും
ഇങ്കു ചോദിച്ചു മണിതൊട്ടിലിൽ കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും
ശ്ലഷ്ണ ശിലാ മണി ഹർമ്മ്യത്തിൽ
മാദകസ്വപ്നമയ ഹംസ തൂലികാശയ്യയിൽ
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ്
മണ്ഡോദരി വന്നടുങ്ങിക്കിടക്കിലും
കണ്ണൊന്നടച്ചാൽ കരളിന്നകത്ത്
ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക
ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി
നടന്നു ചിരിയ്ക്കും കുമാരിക
ഓമനേ ഭീരുവാണച്ഛൻ
അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ
നീ മരിച്ചില്ല.. ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ
പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ഛനിപ്പ-
ട്ടണത്തിലിറങ്ങിയ നാൾ മുതൽ
നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ
എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ
എല്ലാം സഹിച്ചു മനശാന്തി നേടുവാൻ
യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്
വേദന ജീവനിൽ മൃത്യുവിൻ വാൾ വീണ വേദനകൊണ്ടു പുളഞ്ഞു പോയ് രാവണൻ
ചുറ്റും ചിറകടിച്ചാർക്കുകയാണ് ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
ലങ്ക ശിരസ്സുമുയർത്തി ലോകാന്തര ഭംഗി നുകരും തൃകൂഡ ശൈലങ്ങളിൽ
പ്രേത പറമ്പിൽ കരിന്തിരി കത്തിച്ച മാതിരി നിന്നതിഷുസ്സ ശുക്ര താരകം
ദാശരഥിതൻ പടപ്പാളയങ്ങളിൽ വീശിയടിച്ചു ജയോന്മാദ ശംഖൊലി
മന്ത്ര പടഹ ധ്വനിമുഴങ്ങി മന്ത്രമണ്ടപം തന്നിലെഴുന്നുള്ളി രാഘവൻ മാരുതി ചോദിച്ചു
മൈഥിലിയെ കൊണ്ടു പോരുവാൻ വൈകി വിടതരൂ പോട്ടെ ഞാൻ
സീതയെ ശുദ്ധീകരിയ്ക്കുവാൻ കാട്ടുതീ ഊതി പിടിപ്പിച്ചു വാനര സേനകൾ