Skip to main content

മന്നനാർ രാജവംശം

Mannanar, Thiyyar dynasty

തീയ്യ രാജവംശം

കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്.

വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്.

മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു കോലക്കാരന്, കോലം കെട്ടാൻ അനുമതി കൊടുക്കുവാൻ കോയ്മ (നാടുവാഴി) പോലും ആവശ്യപ്പെടുകയില്ല. കലശക്കാരൻ അഥവാ ജമ്മാരി എന്ന തീയ്യനാണ് തെയ്യാട്ടത്തിലെ യഥാർത്ഥ നിയന്താവ്. ഇത് തെയ്യാട്ടത്തിൽ തീയ്യർക്കുള്ള പൗരാണിക സ്വാധീനം വെളിവാക്കുന്നു. തെയ്യത്തിന്റെ ഉത്ഭവം ഉത്തര മലബാറിലേക്കുള്ള തീയ്യരുടെ വരവോടെയാണുണ്ടായതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീയ്യൻ മുത്താൽ തെയ്യം തുടങ്ങിയ പഴഞ്ചൊല്ല് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരളത്തിൽ മറ്റെങ്ങും തീയ്യർക്ക് കലാപരമായോ, അനുഷ്ഠാന പരമായോ ഇത്തരത്തിൽ മേൽക്കെ ഇല്ല. അതിനാൽ ആ അധികാരം അഥവാ അവകാശം അവർക്ക് പുരാതന രാജപരമ്പരയിൽ നിന്നും ലഭിച്ചതാകാനെ വഴിയുളളു. – കാസർകോട് ജില്ലയിലെ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് ക്ഷണിക്കപ്പെടേണ്ടതായി വളപട്ടണം പുഴക്കും ചന്ദ്രഗിരിപ്പുഴക്കുമിടയിൽ 65 സ്ഥാനങ്ങളാണ് പണ്ടുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 110 ആയി ഉയർന്നിട്ടുണ്ട്. 45 സ്ഥാനങ്ങൾ കുടി പുതുതായി രൂപം കൊള്ളുകയാണുണ്ടായതെന്ന് വ്യക്തം. ജന സംഖ്യ വർദ്ധനവും, സാമ്പത്തിക രംഗത്ത് വന്ന പുരോഗതിയും വടക്കെ മലബാറിൽ സ്ഥാനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഇതിൽ നിന്നും അനുമാനിക്കാം. ഇങ്ങിനെ ക്ഷണിക്കപ്പെട്ട സ്ഥാനങ്ങളുടെ കൂട്ടത്തിൽ തീയ്യരുടെ മാത്രമല്ല, മണിയാണിമാർ, വാണിയർ, ചാലിയർ, മുകയർ, മുക്കുവർ എന്നീ സമുദായക്കാരുടെ സ്ഥാനങ്ങളും ഉൾപ്പെട്ടിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ കമ്മാള സമുദായക്കാരുടെ സ്ഥാനങ്ങളും ക്ഷണ പട്ടികയിൽപ്പെടുന്നു. ഇങ്ങിനെ പെരുങ്കളിയാട്ടത്തിന് വന്നുചേരുന്ന സ്ഥാനങ്ങളുടെ പ്രതിനിധികൾ പാരിതോഷികങ്ങൾ സമർപ്പിക്കുന്ന പതിവുണ്ട്. ഇത് സ്വർണ്ണാഭരണമായോ, പണമായോ മറ്റു രൂപത്തിലോ ആവാം. മറ്റിതര സമുദായങ്ങളിലെ സ്ഥാനങ്ങളിൽ കളിയാട്ടം നടക്കുമ്പോൾ ഈ കഴകത്തിൽ നിന്ന് അങ്ങോട്ടും ഇത്തരം ഉപചാരങ്ങൾ ചെയ്യണ്ടതുണ്ട്. തെയ്യം എന്ന ആരാധനാ സമ്പ്രദായവും, അതിനോടനുബന്ധിച്ചുള്ള ഉത്സവങ്ങളും ഈ പ്രദേശത്തെ വിവിധ സമുദായങ്ങളുടെ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും എത്രമാത്രം അടിസ്ഥാനമായി വർത്തിക്കുന്നുവെന്നതിന് ഇതൊരു തെളിവാണ്. (പേജ് 15 ആര്യ-ദ്രാവിഡ ഘടകങ്ങൾ മലബാറിലെ നാടൻ കലയിൽ. ഡോ. കെ. കെ. എൻ. കുറുപ്പ്)

പുരാതനകാലത്ത് ഭ്രദമായ അടിത്തറയുള്ള ഒരു സമൂഹത്തിനു മാത്രമേ ഇത്തരം സങ്കീർണ്ണവും വിപുലവുമായ ആരാധനാ ക്രമത്തിന് രൂപം നൽകാൻ സാധിക്കുകയുള്ളൂ. – പരശുരാമൻ കേരളത്തിനു വടക്കുളള കർണാടക രാജ്യത്തു നിന്നും ബ്രാഹ്മണരുമായി കടന്നു വന്നത് സ്വാഭാവികമായും കേരളത്തിന്റെ വടക്കെ അറ്റം വഴിയാണ്. അദ്ദേഹം ബ്രാഹ്മണരെ ആദ്യമായി കുടിയിരുത്തിയ സ്ഥലം കേരളത്തിന്റെ വടക്കു ഭാഗത്തുള്ള തളിപ്പറമ്പാണ്. തളിപ്പറമ്പിലേക്കുള്ള കുടിയേറ്റക്കാലത്ത്, അന്നവിടം ഭരിച്ചിരുന്ന വരുണ രാജാവിനെ യുദ്ധം ചെയ്തതോ, മറ്റേതെങ്കിലും വിധത്തിലോ തോൽപിച്ചിരുന്നതിനെയാണ് വരുണനിൽ നിന്നും വീണ്ടെടുത്ത കേരളം എന്നു ചരിത്രകാരന്മാരും ബ്രാഹ്മണ ശ്രേഷ്ഠരും പറയുന്നത് എന്നു കരുതുന്നതിൽ തെറ്റില്ല. അത്തരത്തിൽ ഒതുക്കപ്പെടുകയോ, തോറ്റോടി, കിഴക്കൻ മലകളിൽ രക്ഷ പ്പെടുകയോ ചെയ്ത ഒരു വരുണരാജനും അദ്ദേഹത്തിന്റെതായ തീയ്യ രാജവംശവും കണ്ണൂർ ജില്ലയിൽ നിലനിന്നിരുന്നു. – ഉത്തര കേരളത്തിൽ വളരെ പുരാതനമായ തീയ്യ രാജവംശം നാടു ഭരിച്ചിരുന്നതായി കാണുന്നു. മന്നനാർ എന്നാണ് പ്രസ്തുത രാജാവ് അറിയപ്പെട്ടിരുന്നത്. അവർണ്ണനായ തീയ്യൻ രാജാവാകുക പോയിട്ട് ഭൂപ്രഭുവാകുന്നതു പോലും ആധുനിക സവർണർ സമ്മതിക്കാനിടയുള്ള കാര്യമല്ല. ബ്രാഹ്മണാധിപത്യം ഉറച്ചശേഷം പുതുതായി അത്തരമൊരു രാജവംശത്തിന്റെ ഭരണം അനുവദിക്കാനുമിടയില്ല. അതിനാൽ ബ്രാഹ്മണാധിനിവേശം തുടങ്ങുന്നതിനു മുമ്പായിരിക്കണം മന്നനാർ രാജവംശത്തിന്റെ ഉല്പത്തിയും, ഭരണവും എന്നുവേണം കരുതാൻ. — ഏഴാം ശതകം വരെ തൊഴിൽ അടിസ്ഥാനമാക്കിയ ഗണങ്ങളാണ് തെക്കെ ഇന്ത്യയിൽ ആകമാനം ഉണ്ടായിരുന്നത്. തുടിയൻ (തുടി കൊട്ടുന്നവൻ) പറയൻ (പറ കൊട്ടുന്നവൻ) പാണൻ(കൊട്ടി പ്പാടുന്നവൻ) വലയർ (മീൻ പിടുത്തക്കാരൻ) വണികർ (കച്ചവ ടക്കാർ) ഉഴവർ (കൃഷിക്കാർ) എന്നീ ഏഴുതരം തൊഴിൽ വിഭാഗ ങ്ങളാണുണ്ടായിരുന്നതെന്ന് ഇളംകുളം കുഞ്ഞൻപിള്ള പുറനാനൂറ്, പത്തുപാട്ട് എന്നീ തമിഴ് കൃതികളെ ആധാരമാക്കി ചുണ്ടിക്കാട്ടിയിട്ടുണ്ട്. (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ – ഇളംകുളം കുഞ്ഞൻപിള്ള)

കിർഗിസ്ഥാനിലെ തിയാസ് താഴവരക്കടുത്തുള്ള തീയൻഷാൻ മലനിരകളിൽ നിന്നും ഏഴായിരം വർഷം മുമ്പ്, ഹാപ്ലോഗുള് (എൽ) എന്നു നരവംശ ശാസ്ത്രജ്ഞന്മാർ നാമകരണം ചെയ്തി ട്ടുള്ള ഒരു സംഘം ജനത ഇന്ത്യയിലേക്കു യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയവരിൽ ഒരു വിഭാഗം തെക്കു പടിഞ്ഞാറു സഞ്ചരിച്ച് സിന്ധു നദീതടത്തിലെ പഞ്ചാബിലെത്തി. ഇവർ സേകോൻ എന്ന പേരു സ്വീകരിച്ചു. രാജസ്ഥാനിലെത്തിയവർ കവർ എന്നാണ് അറിയ പ്പെട്ടത്. ബംഗാൾ, മണിപ്പൂർ, കൊറിയ എന്നിവിടങ്ങളിലേക്കും ഈ സമൂഹം കുടിയേറിയിട്ടുണ്ട്. ഇവരിൽ ചില വിഭാഗം പേരിനോടൊപ്പം തിയ്യം എന്നു ചേർത്തു തുടങ്ങി (തീയൻഷാൻ എന്ന ആരുഡനാമം). (ആദിമ ഇന്ത്യക്കാർ – നമ്മുടെ പൂർവ്വികരുടെ കഥ; നമ്മൾ എവിടെ നിന്നും വന്നുവെന്ന കഥ – ടോണി ജോസഫ് (വിവർത്തനം: പ്രസന്ന കെ വർമ്മ) (https://www.google.co.in/books/edition/Early_Indians_Malayalam/rngYEAAAQBAJ?hl=en&gbpv=0&kptab=overview)

ഒരു വലിയ വിഭാഗം കർണാടകയിലെ കുടകിലും, തമിഴ്നാട്ടിലെ നീലഗിരിയിലും താവളമുറപ്പിച്ചു. അവിടെ നിന്നും വീണ്ടും തെക്കു പടിഞ്ഞാറേക്കു നീങ്ങിയവരാണ് മലബാറിലെ തീയ്യ സമൂഹം. കർണ്ണാടകയുടെ അതിർത്തി മുതൽ കോരപ്പുഴയുടെ തീരം വരെ യാണ് തീയ്യദേശം. മലബാറിലെ ഏറ്റവും പഴക്കമുള്ള ജന സമൂഹ മാണിവർ. സിന്ധുനദീതട സംസ്കാരത്തിന്റെ കാലത്ത് ഈ ‘ഇന്തോ -ആര്യൻ സമൂഹം മലബാറിൽ ഉണ്ടായിരുന്നു. (ഡോ. എൻ.സി ശ്യാമളൻ – മലയാള മനോരമ ദിനപ്പത്രം. 2011 ഡിസം. 18)

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനു വടക്ക് കിഴക്കായി ഏരുവശ്ശി എന്ന പ്രദേശത്ത് കേന്ദ്രീകരിച്ചായിരുന്നു ഇന്നറിയപ്പെടുന്ന മന്നനാർ രാജാക്കന്മാർ നാട് ഭരിച്ചിരുന്നത്. മന്നനാർ രാജവംശം തീയ്യരുടെതായിരുന്നു. മന്നനാർമാരെ അഞ്ചരമനക്കൽ വാഴുന്നവരെന്നായിരുന്നു പറഞ്ഞിരുന്നത്. മുത്തേടത്തരമന, ഇളയെടത്തരമന, പുത്തൻ അരമന, പുതിയെടത്തരമന, മുണ്ടായ അരമന എന്നിങ്ങനെ അഞ്ച് അരമനകൾ ഈ രാജവംശത്തിന്റെതായിട്ടുണ്ടായിരുന്നു. അവിടെ അന്നത്തെ വയക്രമം അനുസരിച്ച് അഞ്ച് കുറുവാഴ്ചയായിട്ടായിരുന്നു കുടുംബങ്ങൾ താമസിച്ചിരുന്നത്.

നാട്ടുകാർ യോഗം ചേർന്നു അരിയിട്ടു വാഴിച്ചിട്ടാണ് മന്നനാർ അധികാരമേൽക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആൾക്കു മാത്രമേ മന്നനാർ എന്ന പദവി ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, അരിയിട്ടു വാഴ്ച കഴിഞ്ഞശേഷം മന്നത്തി എന്ന സ്ഥാനം നൽകുന്നു. കുടുംബത്തിലെ മൂത്ത സ്ത്രീക്ക് അമ്മച്ചിയാർ എന്നായിരുന്നു സ്ഥാനപ്പേർ. ഇത് പിന്നീട് ലോപിച്ച് മച്ചിയാർ എന്നായി മാറിയിരുന്നു. മന്നനാർ വംശക്കാർ മറ്റിതര വർഗ്ഗത്തെപ്പോലെ മരുമക്കത്തായക്കാരായിരുന്നു. അതിനാൽ മന്നത്തിക്കും മക്കൾക്കും അരമനയിലെ സ്വത്തിന് അവകാശമില്ലായിരുന്നു. മന്നനാർ എഴുന്നെളളുമ്പോൾ നായർ പടയാളികൾ വാളും പരിചയുമായി അകമ്പടിയായി നടക്കുമായിരുന്നു.

എരുവശ്ശിയിലെ പാടിക്കുറ്റി ക്ഷേത്രമാണ് മന്നനാർ വംശത്തിന്റെ പരദേവതാക്ഷേത്രവും കുലദൈവവും. അവിടെ നടക്കുന്ന അരിയിട്ടു വാഴ്ചയിലാണ് പുതിയ മന്നനാരെ മന്നനായി അവരോധിക്കുന്നത്. മുത്തപ്പൻ ദൈവത്തിന്റെ വളർത്തമ്മയായ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്ന ഏക ക്ഷേത്രമാണ് പാടിക്കുറ്റിക്ഷേത്രം.

ചിറക്കൽ കോലത്തിരി രാജാവുപോലും മന്നനാരെ ബഹുമാനിച്ചാദരിച്ചിരുന്നു. മന്നനാർ ചിറക്കൽ കോവിലകത്തു നിന്നും അമൃതേത്തു കഴിക്കുകയാണെങ്കിൽ, തളിരില മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും, പ്രത്യേകം പാകം ചെയ്ത് ചോറു മാത്രമേ വിളമ്പാവു എന്നും ചിറക്കൽ കോവിലകത്തെ പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തളിരിലക്ക് പട്ടില എന്നു പറയുന്നു. ക്ഷത്രിയർക്കു ചോറു വിളമ്പുമ്പോൾ ഇലവാട്ടി വെച്ചു, സമ്മാനിച്ച് വിളമ്പണമെന്നും, പ്രത്യേകമായി വെച്ച ചോറു മാത്രമേ വിളമ്പാവു എന്നും കേരളോല്പത്തിയിൽ നിശ്ചയിച്ചു കാണുന്നു. മന്നനാർ തീയ്യനാണെങ്കിലും, രാജാവാകയാൽ ക്ഷതിയ പദവിക്കുചിതമായ വിധത്തിൽ എന്ന നിലയിലായിരിക്കാം ഇപ്രകാരം ആചാരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ – 1981 നവംബർ – കേരള സാഹിത്യ അക്കാദമി)

ചിറക്കൽ കോവിലകത്ത് ഏർപ്പെടുത്തിയിട്ടുള്ള വിശിഷ്ട ആതിഥ്യവും, മന്നനാർ ശബ്ദശൈലിയും, അരമനയെന്ന രാജധാനിയും, പല്ലക്ക് മുതലായ അക്കാലത്തെ രാജചിഹ്നങ്ങളും, അരിയിട്ടു വാഴ്ചയും, അഞ്ചുകുറും എല്ലാം കൂടി ചേർത്തുവെച്ചു നോക്കുമ്പോൾ കേരളത്തിലെ പുരാതനമായ രാജവംശമാണിതെന്നു കാണാവുന്നതാണ്. കോട്ട, കൊട്ടാരം, കൊട്ടിൽ, കൊട്ടുമ്പുറം, അര മന എന്നീ അഞ്ചു സ്ഥാപനങ്ങൾക്കും അധിപതിയായിരുന്നു മന്നനാർ.

ഏരുവശ്ശിയിലെ മുയിപ്ര എന്ന സ്ഥലത്തുളള മുത്തേടത്ത് അരമനയാണ് ശ്രീ മുത്തപ്പന്റെ ആരൂഢസ്ഥാനമെന്നു കരുതപ്പെടുന്നു. എരുവശ്ശിപ്പുഴയിലെ തിരുവഞ്ചിറയിൽ കുളിക്കുമ്പോൾ പാടിക്കുറ്റിയമ്മ എന്ന പാർവ്വതിക്കുട്ടിയമ്മയുടെ കൈകളിൽ വന്നു പെട്ട അജ്ഞാത ആൺശിശു പിന്നീട് വളർന്ന് വീരനാവുകയും, അധഃസ്ഥിതരുടെ നായകനായ ദൈവക്കരുവായി മാറുകയും ചെയ്തുവെന്നാണ് മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യം. മുത്തപ്പൻ വടക്കെ മലബാറിലെ ജനകീയ ദൈവമാണിപ്പോഴും. വടക്കെ മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രിയ ദേവ സങ്കല്പമാണ് ശ്രീമുത്തപ്പൻ. ജനസമൂഹത്തിന്റെ പ്രഥമരക്ഷാ പുരുഷനാണ് സഞ്ചാരദൈവമെന്നറിയപ്പെടുന്ന മുത്തപ്പൻ. മുത്തപ്പന്റെ ജൈത്രയാത്രയെ “ദേശം ചവിട്ടിമാടൽ’ എന്നാണു പറയുന്നത്. അതുപോലെ തന്നെ സുപ്രസിദ്ധനായ കതിവന്നൂർ വീരൻ തെയ്യവുമായും മുത്തേടത്തരമന ബന്ധപ്പെട്ടിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കതിവന്നൂർ വീരനായി മാറിയ മാങ്ങാട് മന്ദപ്പൻ കല്ല്യാശ്ശേരിയിൽ നിന്നും പുറപ്പെട്ട് വേട്ടയ്ക്കായി മലയിലേക്കു പോകുമ്പോൾ കാവുമ്പായി കഴിഞ്ഞ് എത്തിച്ചേർന്നത് എരുവശ്ശിയിലാണ്. എരുവശ്ശിയിലെ മുത്തേടത്തരമനയിൽ ചെന്ന മന്ദപ്പനെ രാജാവായ മന്നനാർ വരവേറ്റു. “ഏഴിനും മീത്തൽ പോകേണ്ട നീ മന്ദപ്പാ, എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പാ’ എന്ന് മന്നനാർ പറയുന്നതായി കതിവന്നൂർ വീരൻ തെയ്യത്തിന്റെ തോറ്റത്തിലുണ്ട്.

ഗോത്ര കാലഘട്ടത്തിൽ കന്നുകാലി വളർത്തലും, കൃഷിയുമായിരുന്നു മുഖ്യതൊഴിൽ. കന്നുകാലികളെ തളയ്ക്കുന്ന സ്ഥലം മൻറം എന്നറിയപ്പെട്ടിരുന്നു. ഇത് തമിഴ് പദമാണ്. സാർവ്വത്രികമായ രാജ വാഴ്ചയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ്, നാട്ടുകൂട്ടങ്ങളും മൻറം എന്നറിയപ്പെട്ടിരുന്നു. ഗോത്രത്തിലെ പ്രായപൂർത്തിയായവരെല്ലാം മൻറത്തിലെ അംഗങ്ങളായിരുന്നു. ആദിചേര രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 100-400)പ്രായപൂർത്തിയായ നാട്ടുകാർ മൻറത്തിൽ ഒത്തുചേർന്നു നാട്ടിലെ തർക്കങ്ങൾക്കു തീർപ്പു കല്പിച്ചിരുന്നു. മൻറം സമ്മേളിക്കുന്ന സ്ഥലം പിന്നീട് “മന്ന’മായി അറിയപ്പെട്ടു, മൻറത്തിന്റെ നാഥൻ മന്നനുമായി. മരച്ചുവട്ടിലായിരുന്നു സാധാരണയായി മൻറം സമ്മേളിച്ചിരുന്നത്. ഓരോ ഗോത്രത്തിനും ഇത്തരത്തിൽ ഓരോ പ്രത്യേക മരച്ചുവടുണ്ടാവുകയും, ആ മരം അവരുടെ ഗോത്രവൃക്ഷമായിത്തീരുകയും ചെയ്തു. കടമ്പും, വേപ്പും, വേങ്ങയും, പാലയും, ആലും, അരയാലും, പനയും ഇപ്രകാരം അവരുടെ ഗണചിഹ്നം അഥവാ കാവൽവൃക്ഷമായി മാറി. കാവൽവൃക്ഷം മുറിക്കുക എന്നാൽ ശത്രുവിനെ കീഴ്പ്പെടുത്തുക എന്നാണർത്ഥം. ചേരരുടെ കാവൽവൃക്ഷം പനയായിരുന്നു. തെങ്ങുകൃഷി വ്യാപിക്കുന്നതു വരെ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പനകളുണ്ടായിരുന്നുവെന്ന കാര്യം ഓർക്കുക.

തമിഴ് വാക്കായ മൻറമാണ് മന്നമായത്. മന്നത്തിന്റെ അധിപൻ മന്നനുമായി എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. എരുവശ്ശിയിലെ മന്നനെ ബഹുമാന സൂചകമായി ആർ എന്ന പൂജക ബഹുവചനം ചേർത്തു മന്നനാർ ആയിട്ടാണ് സംബോധന ചെയ്യുന്നത് (വൈദ്യർ, ജ്യോത്സ്യർ തുടങ്ങിയവ പോലെ) അതുപോലെ മന്നന്റെ ഭാര്യയെ അമ്മച്ചിയാർ എന്നു പറയുന്നതും പുജക സംജ്ഞയാണ്. മന്നൻ, മന്നവൻ എന്നീ പദങ്ങൾക്ക് രാജാവെന്നാണ് ഡോ. ഹെർമൻ ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ളത്. വാച്യാർത്ഥം പരിഗണിച്ചാൽ ശ്രഷ്ഠനായ രാജാവായതിനാലാണ് എരുവശ്ശിയിലെ മുത്തേടത്തര മനയിൽ വാണ രാജാവിനെ മന്നനാർ എന്നു വിളിച്ചിരുന്നതെന്നു കരുതാം. കേരളത്തിൽ ആകെ രണ്ടിടത്തു മാത്രമേ അരമനയുള്ളതായി ചരിത്രത്തിൽ കാണുന്നുള്ളൂ. അതിൽ ഒന്ന് തളിപ്പറമ്പ് എരുവശ്ശിയിലെ മന്നനാർക്കും മറ്റൊന്ന് ബ്രാഹ്മണ ഗുരുവായറിയപ്പെടുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കും. ഇതിൽ നിന്നും മന്നനാരുടെ അക്കാലത്തെ രാജപ്രൗഢി എന്തായിരുന്നുവെന്നു കണക്കാക്കാവുന്നതേയുള്ളൂ.

മന്നനാർ രാജവംശത്തെപ്പറ്റി ആദ്യമായി വിശദമാക്കിയിട്ടുള്ളത് മലയാളിപോലുമല്ലാത്ത വില്യം ലോഗനാണ്. ചിറക്കൽ താലൂക്കിലെ മുത്തേടത്ത് അരമനയ്ക്കൽ എന്ന ഈ സ്ഥാപനത്തിന് വിസ്തൃതമായ വനഭൂമികൾ നീക്കികൊടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ മൂപ്പിൽ സ്ഥാനത്തിരിക്കുന്ന ആൾ പുരുഷനാണെങ്കിൽ മന്നനാർ എന്നും സ്ത്രീയാണെങ്കിൽ മക്കച്ചിയാർ എന്നും വിളിക്കുന്നു. ഇവർക്ക് ഇടവക പ്രഭുക്കന്മാരുടെ പദവിയും അധികാരാവകാശങ്ങളുമുണ്ട്. ഇവർ നടത്തുന്ന സ്ഥാപനവും ഇടവകകൾ പോലെ സ്വതന്ത്രപദവി അനുഭവിച്ചിരുന്നു. മന്നനാർ ഇടവക കാര്യങ്ങളുടെ നോക്കി നടത്തിപ്പിനായി പഴയ കാലത്തു പുറത്തേക്കു പോകുമ്പോൾ ഇടവക്കുട്ടി കുലത്തിൽപെട്ട 200 നായന്മാർ അകമ്പടി സേവിച്ചിരുന്നുവത്രെ. മൂത്തേടത്ത് അരമനക്കൽ നടത്തിപ്പ് തീയ്യ സമുദായത്തിൽ (കള്ളുചെത്ത് തൊഴിലായി സ്വീകരിച്ചവർ) പെട്ടവരുടെതാണ്. മക്കച്ചിമാരുടെ ആൺമക്കളാണ് പിന്നീട് മന്നനാർ (മന്നൻ = പ്രഭു) മാരാവുന്നത് അരമനയ്ക്കലെ സ്ത്രീകൾ ഭർത്താക്കന്മാരെ എടുക്കുന്നത് തീയ്യ സമുദായത്തിൽ നിന്നുള്ളവരായിരിക്കണം. തീയ്യ സമുദായത്തിലോ, അതിലും ഉയർന്ന ഒരു സമുദായത്തിലോ പെട്ട പുരുഷന്മാരുമായി ജാരസമ്പർക്കം പുലർത്തിയതിന് സ്മാർത്ത വിചാരത്തിൽ ശിക്ഷിക്കപ്പെട്ട് സ്വസമുദായം പുറംതള്ളുന്ന പ്രതി (ബാഹ്മണസ്ത്രീ) യാണ് ഈ സ്ഥാപനത്തിൽ എത്തുന്നതും അവിടുത്തെ അന്തേവാസിയായിത്തീരുന്നതും. തീയ്യരിലും താണ് ജാതിക്കാരുമായുള്ള വേഴ്ചയിൽ സമുദായ ഭ്രഷ്ടിന്നിരയാവുന്ന പ്രതിയായ സ്ത്രീയെ സ്വീകരിക്കുവാൻ ഇവിടുന്നു കിഴക്കുമാറി പശ്ചിമഘട്ട നിരകൾക്കു കീഴെ വനാന്തരങ്ങളിൽ കുതിരമല എന്ന മറ്റൊരു സ്ഥലവുമുണ്ട് (മലബാർ മാന്വൽ. പേജ് 128-129 ജൂലൈ 2004 പതിപ്പ്) ഇത് മലബാർ മാന്വൽ എഴുതിയ 1887 ലെ സ്ഥിതിയാണ്. മുൻകാല ചരിത്രം ലോഗൻ വിട്ടുകളഞ്ഞതായിരിക്കാം. – ബാഹ്മണമതവും അതിന്റെ ഉപോല്പന്നങ്ങളായ ചാതുർവർണ്ണ്യവും ഉച്ചനീചത്വങ്ങളും ആവിർഭവിച്ചതോടെ, നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന മന്നനാർ രാജവംശത്തിന്റെ ഉത്ഭവത്തെയും, നിലനിൽപ്പിനെയും കുറിച്ച് നിരവധി സവർണ്ണ ചിന്തകൾ ഐതിഹ്യ കഥകളായി ഉത്ഭവിക്കുകയുണ്ടായി.

ചില ഐതിഹ്യ കഥകൾ

ചിറക്കൽ കോവിലകത്തെ അടിച്ചുതളിക്കാരിയായ തീയ്യ യുവതിയിൽ, കാമാതുരനായ കോലത്തിരി രാജാവിന് അനുരാഗമുദിച്ചു. എങ്ങനെയും അവളെ പ്രാപിക്കാനുളള രാജാവിന്റെ വെപ്രാളം മനസ്സിലാക്കിയ കെട്ടിലമ്മ ഇന്നുരാത്രി പത്തായപുരയിൽ വന്നു കൊള്ളാൻ പറയുക – അവളെ ഞാൻ അയച്ചുകൊള്ളാം എന്ന് ഭ്യത്യന്മാരെ ചട്ടം കെട്ടി. ഏറെ നാളായി കൊതിച്ചിരുന്ന തീയ്യത്തിയെ ഇരുട്ടിന്റെ മറവിൽ അനുഭവിച്ച് തമ്പുരാൻ തൃപ്തനായി. പക്ഷെ, പത്ത് മാസത്തിനകം രാജ്ഞി പ്രസവിച്ചു. ഒരാൺകുഞ്ഞ്, കുട്ടി വളർന്നു വന്നതോടെ കോവിലകത്തെ കാര്യങ്ങൾ തലകീഴായി മറിഞ്ഞതു പോലായി. ആയുധ വിദ്യയും അക്ഷരവിദ്യയും പഠി ക്കുന്നതിനു പകരം കുട്ടി തെങ്ങിൽ ചാടി കയറുകയും കള്ള് ചെത്തിക്കളിക്കുകയും ചെയ്യാൻ തുടങ്ങി. എവിടെയോ ചതി പറ്റിയെന്നു മനസ്സിലാക്കിയ രാജാവ് പത്നിയെ വിളിച്ച് ആക്രോശിച്ചു “ഇപ്പോൾ പറയണം ആരാണെന്നെ ചതിച്ചത് ? കൊന്നുകളയും ഞാൻ സർവ്വതിനെയും! “ ആര്യപുത്രൻ ഒരു രാത്രി നമ്മെ വഞ്ചിച്ച് അടിച്ചു തളി ക്കാരിയോടൊപ്പം ഉറങ്ങി യ തോർക്കുന്നില്ലേ? കാര്യക്കാരനെ വിളിക്കൂ അയാൾക്ക് നിജസ്ഥിതി അറിയാം. അന്ന് പത്തായപ്പുരയിൽ അടിച്ചു തളിക്കാരിയുടെ വേഷത്തിൽ എത്തിയത് നാമായിരുന്നു. കാമാവേശത്താൽ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിൽ മുഴുവൻ അടിച്ചു തളിക്കാരിയായ തീയ്യത്തിയുടെ വിചാരമായതിനാൽ അന്നുണ്ടായ പുത്രനും അതേ ഗുണം കിട്ടിയതാകണം.” രാജാവ് ലജ്ജിച്ചു സ്ഥലം വിട്ടു. താനും തന്റെ വംശവും അകപ്പെട്ട ദുഃസ്ഥിതിയിൽ നിന്നും കരകയറുവാൻ രാജാവ് ഒന്നേ വഴി കണ്ടുള്ളു. രാജ്ഞിയെയും മകനേയും നാടുകടത്തുക. അവരെ കിഴക്കൻ മലയോര മേഖലയായ എരുവശ്ശിയിലേക്ക് നാടുകടത്തുകയും, അവിടെ വളക്കൈ പാലത്തിനക്കരെയുള്ള നാട് അവർക്ക് ജീവിക്കാനായി പതിച്ചു നൽകുകയും ചെയ്തു. ആ കുട്ടിയാണ് പിന്നീട് മന്നനാർ ആയതെന്നാണ് പുതുതായി പിറന്ന ഒരെതിഹ്യം.

മറ്റൊരു കഥ

മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായ ഏഴിമലയിലെ മാടായിക്കടുത്ത്, ചെങ്ങൽ കോവിലകത്തെ ഒരു യുവതി പുഴയിൽ കുളിക്കുമ്പോൾ പെട്ടെന്ന് ചുഴിയിൽപെട്ട അവൾക്ക് നീന്തിക്കയറാനായില്ല. ഈ കാഴ്ച കണ്ട് തോഴിമാർ അലമുറയിട്ടു കരയുന്നതിനിടെ, പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിൽ നിന്നും കള്ളുചെത്തുകയായിരുന്ന ഒരു തീയ്യൻ പുഴയിലേക്കെടുത്തു ചാടി, കുമാരിയെ രക്ഷിച്ച് കരയിലെത്തിച്ചു. കുമാരിയുടെ പാണിഗ്രഹണം ഒരു തീയ്യൻ നടത്തിയതിനാൽ അവളെ ഭ്രഷ്ടയാക്കാതെ തരമില്ലായിരുന്നു അക്കാലത്ത്, ജീവകാരുണ്യ പ്രവർത്തനമായതിനാൽ ചെത്തുകാരനായ തീയ്യനെ ശിക്ഷിക്കാനും പറ്റില്ല. അതിനാൽ രണ്ടു പേരെയും നാടുകടത്തി- മലയോരമായ എരുവശ്ശിയിലേക്ക്. മലയും അടിവാരവുമായി വലിയൊരു ദേശം അവർക്കു പതിച്ചു കൊടുത്തു. അവിടുത്തെ ഭരണാവകാശവും നൽകി. ആ ദമ്പതികൾക്കുണ്ടായ പുത്രനാണ് ആദ്യത്തെ മന്നനാർ.

പരശുരാമനുമായി ബന്ധപ്പെട്ട കഥ

പരശുരാമനുമായി ബന്ധപ്പെടുത്തിയും ഒരെതിഹ്യം പ്രചാരത്തിലുണ്ട്. വിധവയായ ഒരു നമ്പൂതിരി യുവതി പുനർവിവാഹത്തിന് സമ്മതിക്കണമെന്ന് പരശുരാമനോടപേക്ഷിക്കുന്നു (അന്നു നമ്പൂതിരി സ്ത്രീകൾക്ക് വിധവാ വിവാഹം നിഷിദ്ധമായിരുന്നു). പരശുരാമൻ അവളുടെ അഭ്യർത്ഥന സ്വീകരിക്കുകയും അവളെ ഒരു തീയ്യനെക്കൊണ്ട് വേളി കഴിപ്പിക്കുകയും ചെയ്തു. അവരെ എരുവശ്ശി നാട്ടിൽ താമസിപ്പിക്കുകയും, അവിടുത്തെ രാജ്യഭരണാധികാരം നൽകുകയും, ഭരണ കേന്ദ്രമായി എരുവശ്ശിക്കോട്ട നിർമ്മിച്ചു നൽകുകയും ചെയ്തുവത്രേ !

വേറൊരു കഥ

ചിറക്കൽ കോവിലകത്തെ ഒരു കന്യക ജാര സംസർഗ്ഗത്തിൽ ഗർഭിണിയായി. കോവിലകാംഗമായതിനാൽ തള്ളാനും കൊള്ളാനും വയ്യാതെ രാജാവ് വിഷമിച്ചു. ഒടുവിൽ അഭ്യാസിയായ ഒരു തീയ്യപമുഖന് രാജാവ് കന്യകയെ ദാനം നൽകി. അവർക്ക് ജീവിക്കാനാവശ്യമായ വസ്തു വകകളും കിഴക്കൻ മലയോരത്ത് നൽകി. ഈ തീയ്യ യുവാവിന് ആ നാട് ഭരിക്കാനുള്ള അധികാരവും, കോട്ടയും, കുടുംബക്ഷേത്രവും പണിതു നൽകിയത്. മന്നനാരുടെ ആരംഭം ഇപ്രകാരമായിരുന്നുവെന്നും പറയപ്പെടുന്നു.

ഭാർഗവ രാമായണം എന്ന കാവ്യത്തിൽ മന്നനാർ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പക്ഷെ ഈ കൃതി ഇപ്പോൾ പ്രചാരത്തിലില്ല. ഈ കഥകളുടെയൊക്കെ ഉദ്ദേശ്യം മന്നനാർ രാജവംശത്തിന്റെ ഉത്ഭവം ചിറക്കൽ കോലത്തിരി രാജാവിന്റേതോ, പരശുരാമന്റേതോ സംഭാവനയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്ന് മനസ്സിലാക്കുവാൻ പ്രയാസമില്ല. (തെരഞ്ഞെടുത്ത പ്രബ്ന്ധങ്ങൾ – ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ)

മന്നനാർ രാജവംശം അഥവാ മുത്തേടത്തരമന, സ്മാർത്ത വിചാരം നടത്തി ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങളുടെ സങ്കേതമാണെന്ന കഥ, മന്നനാർ വംശത്തിന്റെ പുരാതനത്വത്തെ ഇല്ലാതാക്കാൻ മനഃപൂർവ്വം പ്രചരിപ്പിക്കപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ അരമനയിൽ സന്തതിയില്ലാത്ത കാലത്ത്, ഒരു ബ്രാഹ്മണ സ്ത്രീയെ ദത്തെടുത്തിരിക്കാമെന്നും, അതാണ് ഈ വിധം പൊടിപ്പും തൊങ്ങലും ചേർത്ത ഐതിഹ്യമാക്കി പ്രചരി പ്പിക്കുന്നതെന്നും കരുതപ്പെടുന്നു. അവസാനത്തെ രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാരുടെ മരണാനന്തരം, ഭ്രഷ്ടയായ ഒരു ബ്രാഹ്മണ സ്ത്രീ മന്നനാർ കോട്ട തനിക്ക് പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ്സു കൊടുത്തെങ്കിലും, പ്രസ്തുത ബ്രാഹ്മണ സ്ത്രീയെ മന്നനാർ ആചാരപ്രകാരം ദത്തടുത്തിട്ടില്ലെന്ന് ചിറക്കൽ കോലത്തിരി തമ്പുരാൻ കോടതിയിൽ വാദിച്ചതു മുലം പ്രസ്തുത കേസ് തള്ളിപ്പോയ സംഭവം മേൽ വിവരിച്ച ദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. – എരുവശ്ശിയിലെയും പരിസര പ്രദേശങ്ങളിലേയും ഭൂസ്വത്തുക്കൾ അടുത്ത കാലം വരെയും മന്നനാർ ഭൂമിയായിരുന്നു. ഇപ്പോഴും പല പട്ടയങ്ങളിലും രേഖകളിലും മന്നനാർ ഭൂമി എന്നു രേഖപ്പെടുത്താറുണ്ട്. മന്നനാരുടെ അരമന ഉൾക്കൊണ്ടിരുന്ന സ്ഥലമായ മുത്തേടത്തരമന ഇപ്പോൾ പാടിക്കുറ്റി ക്ഷേത്രം വക സ്ഥലമായിട്ടാണ് കാണപ്പെടുന്നത്.

മലബാറിലെ ബ്രിട്ടീഷ് സ്പെഷൽ സെറ്റിൽമെന്റ് ഓഫീസറായിരുന്ന സി. എ .ഇന്നസ്. 30-3-1905 ന് കോഴിക്കോട് നിന്നും പ്രസിദ്ധപ്പെടുത്തിയ മലയാം ജില്ല ചിറക്കൽ താലുക്ക് 83-ാം നമ്പർ എരുവശ്ശി ദേശത്തിന്റെ സർവ്വ സൈറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം മുത്തടത്ത് അരമനക്കൽ കേളപ്പൻ മന്നനാർക്ക് എരുവശ്ശി ദേശത്ത് അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു. അതിൽ 23 മലകൾ പ്രത്യേകം പട്ടികയിൽ കാണിച്ചിട്ടുണ്ട്. അരീക്കൽ മല, കരിങ്കണ്യാമല, ചെറമ്പാത്താൻ മല, മൊട്ടുമല, മുണ്ടൻ വിലങ്ങമല, വഞ്ചിയറമല, ആടാപ്പറ്റമല, വെള്ളാട്ടം, പാറമല, കറു മ്പത്ത് പാറമല, കള്ളങ്കച്ചേരി മല, എളമ്പനം മല, പള്ളിയമ്പമല, അരിയിടും കളമല, കിളിയാട്ടുപാറമല, കുനായൻപുഴമല, ഒറ്റപ്പുനം മല, വലിയ എളമ്പാലമല, കൊടകൻ കൊറണ്ടിമല, തൊണ്ടൻ കല്ലു മല, വിലങ്ങമല, തരന്നെൻമാവുമല, പുല്ലളത്ത് രണ്ടു ക്ഷേത്രക്കാട് പയ്തൽമല, കിഴക്കേക്കാട് കൊട്ടൻ പിലാവുമല തുടങ്ങി പശ്ചിമ ഘട്ടത്തിന്റെ കിഴക്കെ കർണ്ണാടക അതിർത്തിവരെ വ്യാപിച്ചിരുന്ന ഈ മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറാണ്. ഇതിനു പുറമെ അരമനകളും മറ്റും സ്ഥിതി ചെയ്തിരുന്ന അരമനപറമ്പ്, കോട്ടമുള്ളപറമ്പ്, മുണ്ടായ അരമനപറമ്പ്, മുണ്ടായ തുണ്ടി, മുണ്ടായ പറമ്പ, അടുക്കളക്കുന്ന് മല, പുനക്കണ്ടിപറമ്പ്, വള്ളിയമ്പമല പറമ്പ്, പുഴയരുവത്ത് പറമ്പ്, പടിക്കുതാഴെകരി, അര മനക്കണ്ടി പറമ്പ്, അടുക്കളകുന്ന് പറമ്പ്, പുതിയടത്ത് പറമ്പ്, മലയന്റെ പറമ്പ്, കരുവെള്ളരി കിഴക്കെകര പറമ്പ്, വെളയമ്പമല പറമ്പ് തുടങ്ങി നിരവധി സർവ്വേനമ്പറുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത് അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

രാജവംശത്തിന്റെ പതനം

ജന്മി-കുടിയാൻ വ്യവസ്ഥ നിലവിൽ വന്നശേഷം 1905 ലാണ് മുകളിൽ കാണിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണകുടം സെറ്റിൽമെന്റ് രജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അക്കാലത്തും ഭാരിച്ച ഭൂസ്വത്തുള്ള ഒരു വൻകിട ജന്മിയായിരുന്നു ഒടുവിലത്തെ മന്നനാർ എന്നുകാണാനാവും. ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടെ ഭൂമിയുടെ നിയന്ത്രണം ഇടപ്രഭുക്കന്മാർക്ക് ലഭിച്ചു. അതനുസരിച്ച് എരുവശ്ശിയുടെ നിയന്ത്രണം മുണ്ടോടൻ, മുതുകുറ്റി, എടവന, പാപ്പിനിശ്ശേരി എന്നീ പേരിലറിയപ്പെടുന്ന തറവാട്ടുകാരുടെ കയ്യിൽ എത്തിച്ചേർന്നു. ഇവർ നമ്പ്യാർ-നായർ വർഗ്ഗത്തിൽപ്പെട്ട സവർണ്ണരായിരുന്നു. എടക്ലവൻ കുടുംബക്കാരാണ് എരുവശ്ശിയിൽ അധികാരിമാരായെത്തിയത്. അക്കാലത്ത് വില്ലേജിലെ എല്ലാത്തരം അധികാരവുമുള്ള ആളായിരുന്നു അധികാരി. തന്റെ ഗ്രാമത്തിലെ തീയ്യനായ മന്നനാരെ വണങ്ങുന്നത് അധികാരിക്ക് അപമാനമായിത്തോന്നി. ജാതികൾ തമ്മിലുള്ള ഉച്ചനീചത്വം അന്ന് പരമകാഷ്ഠയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ തീയ്യന് അകമ്പടിക്കാരായി നായന്മാർ നടക്കുന്നതും, അവർക്കു കുറച്ചിലായിത്തോന്നിയിരിക്കാം. തീയ്യരാജാവായ മന്നനാരെ ഓടിക്കേണ്ടത് സവർണരുടെ ഒരാവശ്യമായിരുന്നു. അതിനായി അവർ ഗൂഢാലോചനനടത്തി. കുറേ – വെള്ളന്മാരെ കടത്തനാടു നിന്നും ഇറക്കുമതി ചെയ്ത് അവരെക്കൊണ്ട് മൂത്തേടത്തര മന കൊള്ളയടിപ്പിച്ചു. മന്നനാർ ഓടി രക്ഷപ്പെട്ടു. കുറേക്കാലത്തിനു ശേഷം മന്നനാർ തിരിച്ചു വന്ന് തന്റെ ഭൂമി മുഴുവനും സർക്കാറിന് (അന്നത്തെ ബ്രിട്ടീഷ് സർക്കാർ) സ്വമേധയാ എഴുതിക്കൊടുക്കുകയാണുണ്ടായത് എന്നാണ് പറയപ്പെടുന്നത്.

ഒടുവിലത്തെ മന്നനാർ കൊല്ലപ്പെടുകയാണുണ്ടായതെന്നു പഴമക്കാർ പറയാറുണ്ട്. കുഞ്ഞിക്കേളപ്പൻ മന്നനാർ ആണ് ഒടുവിലത്തെ രാജാവ്. നുച്ചിയാട്ട് അമ്പലത്തിലെ കണക്ക് പരിശോധന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർക്കൊപ്പം അഞ്ച് അകമ്പടിക്കാരുമുണ്ടായിരുന്നു. സന്ധ്യയോടെ വയത്തൂർ ചേലക്കണ്ടത്തിലെത്തിയപ്പോൾ, അജ്ഞാതർ വളഞ്ഞുവെച്ച് കുഞ്ഞിക്കേളപ്പൻ മന്നനാരെ കഠാരകൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 1902 മാർച്ച് 27 ന് കുഞ്ഞിക്കേളപ്പൻ മന്നനാർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് റിക്കാർഡുകൾ കാണിക്കുന്നത്. – 1822 ൽ ബ്രിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവശ്ശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത് കരക്കാട്ടിടം നായനാർ എന്ന ജന്മിക്കാണ്. നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ, നായനാർമാർ മന്നനാർ സ്വത്ത് കൈക്കലാക്കാനാരംഭിച്ചു. നികുതി ചുമത്തപ്പെട്ട സ്ഥലം, ആരുടെ പേരിലാണോ നികുതി ചുമത്തിയത്, അയാൾക്ക് സ്വയമേവ അർഹതപ്പെട്ടതായിത്തീരുമെന്നാണ് അക്കാലത്തെ വ്യവസ്ഥ. പോരാത്തതിന് ചിറക്കൽ കോവിലകവും മന്നനാർക്കെതിരും, കരക്കാട്ടിടത്തിന് അനുകൂലവുമായിരുന്നു. കോവിലകത്തിന്റെ പിൻബലം കുടി ലഭിച്ചതോടെ നായനാർമാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. 1902 ൽ എരുവേശ്ശിയിൽ വെച്ച് കൊല ചെയ്യപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാരെ സംസ്കരിച്ചത് എവിടെയാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. എന്നാൽ എരുവേശ്ശി പുഴയിൽ പാടിക്കുറ്റി ക്ഷേത്രത്തിനു നേരെ കിഴക്കുവശത്തായി അത്തിക്കുണ്ട് എന്ന ഒരു കടവുണ്ട്. മന്നനാരുടെ അസ്ഥി (ചിതാഭ സ്മം) ഒഴുക്കിയ സ്ഥലമായതിനാലാണത്രേ ഇവിടം അസ്ഥിക്കുണ്ട് എന്ന് അറിയപ്പെടുന്നത്. ക്രമേണ അത് നാട്ടുഭാഷയിൽ അത്തി ക്കുണ്ട് ആയി ലോപിച്ചതാണെന്ന് പറയപ്പെടുന്നു.

അതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കോടതിയിലും, പയ്യന്നുർ തുക്കിപ്പിടി (തുക്കിടി) മജിസ്ട്രേറ്റ് കോടതിയിലും വ്യവഹാരം നടന്നിരുന്നു. പയ്യന്നൂർ കോടതിയിൽ 1859 ൽ രജിസ്റ്റർ ചെയ്ത 307-ാം നമ്പർ കേസ്, മന്നനാർ വംശചരിത്രത്തിലെ ജീവനുള്ള ഒരേടാണ്. — 1902 ൽ തീപ്പെട്ട കുഞ്ഞിക്കേളപ്പൻ മന്നനാർക്ക് സഹോദരനോ, സഹോദരിയോ, മറ്റനന്തരാവകാശികളോ ഉണ്ടായിരുന്നില്ല. മന്നനാരുടെ ഭാര്യയായ മന്നത്തി പിന്നീട് മരണപ്പെട്ടു. മന്നനാരുടെ രണ്ട് സന്താനങ്ങൾ- ഒരു പുത്രനും, പുതിയും – 1930 വരെ ജീവി ച്ചിരുന്നതായി ശ്രീ കാമ്പിൽ അനന്തൻ “കേരള ചരിത്ര നിരുപണ’ത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വ്യാപാരം

മുഷിക വംശത്തിലെ അവസാന രാജാക്കന്മാരിലൊരാളായ ശ്രീകണ്ഠൻ സ്ഥാപിച്ച ശ്രീകണ്ഠപുരം പ്രശസ്തമായ കച്ചവട കേന്ദമായിരുന്നുവെന്നു പല വിദേശ സഞ്ചാരികളുടെയും വിവരണങ്ങളിൽ കാണാം. അക്കാലത്തെ വർത്തക പ്രമാണിമാരുടെ സംഘമായിരുന്ന ജൂതന്മാരും ശ്രീകണ്ഠപുരത്ത് കുടിയേറി പാർത്തിരുന്നു എന്നുള്ളത് ഇവിടുത്തെ വ്യാപാര പ്രാധാന്യത്തെ ചൂണ്ടി കാട്ടുന്നു. സറഫത്തൺ എന്നും ജാർഫത്തൻ എന്നും വിദേശ സഞ്ചാരികൾ പേരു നൽകിയ ശ്രീകണ്ഠപുരം പ്രമുഖ വ്യാപാര കേന്ദ്രമായതിനാലാകണം, ഇസ്ലാംമത പ്രചരണത്തിനായി ആദ്യമെത്തിയ മാലിക് ഇബ്നുദീനാർ ശ്രീകണ്ഠാപുരത്ത് ഒരു മുസ്ലീം പള്ളി പണിയാൻ തീരുമാനിച്ചത്. കേരളോൽപത്തിയിൽ ശിരഖ് പട്ടണം എന്നും, അറബികൾ ഓർഫട്ടാൻ എന്നുമാണ് ശ്രീകണ്ഠപുരത്തെ വിളിച്ചിരുന്നത്. ഏലം, കുരുമുളക്, മഞ്ഞൾ തുടങ്ങിയ മലഞ്ചരക്കുകളുടെ വിളഭൂമിയായിരുന്നു മന്നനാരുടെ രാജ്യം. ഏലമായിരുന്നു. ഇവിടുത്തെ സുപ്രധാനവിള. ഉത്പന്നങ്ങളുടെ വിൽപ്പന കുത്തക രാജാവിനായിരുന്നു. മന്നനാർ രാജവംശത്തിന്റെ പ്രധാന വിപണന കേന്ദ്രമായിരുന്നു എരുവശ്ശിക്കു തൊട്ടടുത്തുള്ള ശ്രീകണ്ഠപുരം പട്ടണം.

നാണയം

മന്നനാർമാർ ബാർട്ടർ സമ്പ്രദായത്തിലാണ് ഉല്പന്നങ്ങൾ കയ വിക്രയം ചെയ്തിരുന്നത്. എന്നാൽ 10-ാം നൂറ്റാണ്ടോടു കൂടി വിദേശ വ്യാപാരം വൻതോതിലായിത്തീർന്നു. തന്റെ രാജ്യത്തെ പ്രധാന വിളയായ ഏലം അത്യധികമായി ഉൽപാദിപ്പിക്കപ്പെടുകയും, ഏലത്തിന് വിദേശത്തു നിന്നുള്ള ഡിമാന്റ് വർദ്ധിക്കുകയും ചെയ്തതോടെ, ഏലം സംഭരണം പ്രതിസന്ധിയിലായി. അത് മറികടക്കാനായി അന്നത്തെ മന്നനാർ സ്വന്തമായി നാണയമടിച്ച് പ്രചരിപ്പിച്ചു. ഇരുമ്പിൽ തീർത്ത ഈ നാണയത്തിന് ചതുരാകൃതിയാണുണ്ടായിരുന്നത്. ഒരു കോണിൽ ഒരു ദ്വാരവും ഉണ്ടായിരുന്നുവത്രെ. ഇരുമ്പായതിനാൽ തുരുമ്പിച്ചു നശിച്ചുപോകാൻ എളുപ്പമായതിനാൽ, ഇവ കണ്ടെടുക്കുവാൻ സാധിച്ചിട്ടില്ലെന്ന് പ്രമുഖ നാണയശേഖര വിദഗ്ദ്ധന്മാർ പറയുന്നു.

മന്നനാർ വംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞി കേളപ്പൻ മന്നനാരുടെ ഭാര്യ ചീരു മന്നത്തിയായിരുന്നു. അവർക്ക് പാർവ്വതി, കരുണാകരൻ എന്നീ രണ്ടുമക്കളുണ്ടായി. പാർവ്വതിയെ കല്ല്യാണം കഴിച്ചത് തലശ്ശേരി പൊന്ന്യത്തെ പൊന്നമ്പത്ത് കണാരനായിരുന്നു. തലശ്ശേരിയിലെ ആദ്യത്തെ ബേക്കറിയുടെ ഉടമസ്ഥനായിരുന്നു കണാരൻ. “കണാരന്റെ അപ്പുക്കുട്’ എന്നാണ് പ്രസ്തുത ബേക്കറി അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമ്മിച്ചത് ഈ “കണാരന്റെ അപ്പക്കൂട്’ അഥവാ ബേക്കറിയിൽ വെച്ചായിരുന്നത്. കണാരൻ-പാർവ്വതി ദമ്പതികൾക്ക് 5 സന്തതി കൾ; മുന്നാണും, രണ്ടു പെണ്ണും. അതിൽ മുത്തമകളായ പാലക്കീൽ ലക്ഷ്മി കേളാണ്ടി കണാരൻ മാസ്റ്റർ ദമ്പതികൾക്ക് അഞ്ചുമക്കളുണ്ടായി. അതിൽ ഏറ്റവും ഇളയ മകൻ പി.കെ. ജയരാജനാണ് ഇപ്പോൾ പൊന്ന്യത്തെ തറവാടുവീട്ടിൽ താമസിക്കുന്നത്. ഈ തറവാടിനോട് ചേർന്ന് ചീരു മന്നത്തിയുടെ ശവകുടീരം, പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ, ഇപ്പോഴും നിലനിൽക്കുന്നു.

കുടിയാടിച്ചികളും കുടിയാൻ മലയും

കുടിയിൽ നിന്നും ആട്ടിയിറക്കിയവർ ആണ് കുടിയാട്ടിയവർ ആയി അറിയപ്പെടുന്നത്. അവർ പിന്നീട് ഒരു സമുദായം പോലെ രൂപപ്പെടുകയും, അത് കുടിയാടികൾ അല്ലെങ്കിൽ കുടിയാടിച്ചികൾ എന്നപേരിൽ അറിയപ്പെടുകയും ചെയ്തുവെന്നു കരുതാം. കുട യാന്മലയിലെ നിരവധി തീയ്യ കുടുംബങ്ങൾക്ക് കുടിയാട്ടിൽ, കുടിയാട്ട് വളപ്പിൽ എന്നീ വീട്ടുപേരുകൾ ഇന്നും നിലവിലുണ്ട്. ഇത് കുടിയാടി ഐതിഹ്യത്തിന്റെ പ്രത്യക്ഷ തെളിവുകളിലൊന്നാണ്. ഭ്രഷ്ടായി അരമനയിലെത്തിച്ചേരുന്ന ബ്രാഹ്മണ സ്ത്രീ, പൂമുഖത്തു കൂടിയാണ് കൊട്ടാരത്തിൽ കടക്കുന്നുവെങ്കിൽ മന്നനാരുടെ ഭാര്യയാകുമെന്നും, പിന്നിലുടെയാണ് കടക്കുന്നുവെങ്കിൽ സഹോദ രിയാകുമെന്നുമാണ് അനുമാനം. നമ്പൂതിരിമാരുടെ കുടിവെയ്പ് സമ്പ്രദായത്തിന്റെ ഒരു അനുകരണമാണ് ഈ ആചാരമെന്നും കരുതാം. മന്നനാർ ഭാര്യയായി സ്വീകരിക്കുന്നവർ മക്കച്ചിയാർ അഥവാ മച്ച്യാർ എന്നറിയപ്പെടുന്നു. അവസാനത്തെ മച്ച്യാർ സരസ്വതി മച്ച്യാരാണത്. മന്നനാർ ഇത്തരത്തിൽ ഭ്രഷായ നമ്പൂതിരി സ്ത്രീകളെ അരമനയിൽ സ്വീകരിക്കാറില്ലെന്നും ഒരഭിപ്രായമുണ്ട്. ഓരോ കാലത്ത് ഭ്രഷ്ട് കല്പിക്കപ്പെട്ട് എത്തിച്ചേരുന്ന ഇത്തരം ബ്രാഹ്മണികളെയും മറ്റും എരുവശ്ശിക്ക് ഏതാനും കിലോമീറ്റർ കിഴക്കായുള്ള കുടിയാൻ മലയിലേക്കാണ് അയക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടെ അവർ തീയ്യ സമുദായത്തിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് കുടുംബമായി ജീവിതം തുടരും. നിരവധി നൂറ്റാണ്ടുകൾ തുടർന്നു വന്ന ഈ സമ്പ്രദായത്താലാണ് കുടിയാടികൾ അഥവാ കുടിയാടിച്ചികൾ എന്ന സമുദായം അവിടെ ഉദയം ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുടിയാടിച്ചികളുടെ നാടിന് കുടിയാൻ മല എന്ന പേരുവന്നത്, ഈ ആചാരത്തിന്റെ സജീവ ദൃഷ്ടാന്തമാണ്.

സ്ത്രീസുരക്ഷ

ചിറക്കൽ കോലത്തിരി രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പിഴച്ചവളെ ആദ്യം കൊണ്ടുവരുന്നത് ഇടയില്ലം അരമനയിലേക്കാണ്. ഈ അരമന ഇളയിടത്തരമന എന്നും അറിയപ്പെടുന്നു. അവിടെ വെച്ച് മത്സ്യ-മാംസാദികൾ ഭക്ഷിക്കുന്നതോടെ നടതള്ളപ്പെട്ട ബ്രാഹ്മണസ്ത്രീ യാഥാസ്ഥികയായി മാറുന്നു. തുടർന്ന് അവരെ കുടിയാന്മലയിലേക്കു മാറ്റുകയും, അവിടെ വെച്ച് ഏതെങ്കിലും തീയ്യ യുവാവുമായി കല്ല്യാണം നടത്തി കുടുംബജീവിതം തുടരുകയും ചെയ്യും. ഇത്തരത്തിൽ രൂപീകൃതമാവുന്നതാണ് കുടിയാന്മലയിലെ “കുടിയാടി’ കുടുംബക്കാർ.

പരശുരാമൻ ഏർപ്പെടുത്തിയെന്നു പറയുന്ന 64 ആചാരങ്ങളിൽ, ബ്രാഹ്മണികൾക്ക് വിധവാ വിവാഹം പാടില്ലെന്നു പറയുന്നു. അതിനാൽ ഭർത്താവ് മരണപ്പെട്ട ബ്രാഹ്മണ വിധവ, കുടുംബത്തിന് എക്കാലത്തേക്കും ഒരു ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനായി ബ്രാഹ്മണ കുടുംബക്കാർ അവളിൽ പരപുരുഷ ബന്ധം ആരോപിക്കുകയും, കഠോരമായ സ്മാർത്തവിചാരം എന്ന പീഡനത്താൽ അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ഇല്ലത്തു നിന്നും നടതള്ളുകയും ചെയ്യുന്ന ഏർപ്പാട് വ്യാപകമായ ഒരു കാലത്ത്, അത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഒരു സ്ത്രീക്ക്, അവൾ നമ്പൂതിരിയോ, നായരോ, പറയിയോ ആരുമാകട്ടെ, ഒരു സ്ത്രീയെന്ന പരിഗണന ഞങ്ങൾ നൽകും എന്നുപറഞ്ഞ് മുന്നോട്ടുവന്ന ഒരു നാട്ടുരാജ്യവും, അതിന്റെ രാജാവുമാണ് മന്നനാർ രാജവംശത്തിന്റെ കഥയുടെ ആകെത്തുക. സ്ത്രീയാണ് സമൂഹത്തെ നിലനിർത്തുന്നത്, സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീത്വം നിസ്സംഗമായി നടതള്ളാനുള്ളതല്ല എന്ന് മന്നനാർ രാജവംശം അന്നേ തെളിയിച്ചു കാട്ടിയിട്ടുണ്ട് എന്നും കാണാൻ പ്രയാസമില്ല.

മുടിചൂടാമന്നൻ

നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം എ.ഡി. 4-ാം നൂറ്റാണ്ടിലാണെന്ന കാര്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എ.ഡി. 340-370 കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്ന മയൂരവർമ്മൻ എന്ന കദംബ രാജാവാണ് അവരെ കേരളത്തിലേക്ക് അയച്ചു കൊടുത്തത് എന്നും പറയപ്പെടുന്നു. അങ്ങനെണെങ്കിൽ മന്നനാർ രാജഭരണം അതിനും മുമ്പ് ആരംഭിച്ചിരിക്കണം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബാഹ്മണനോടൊപ്പം നിലവിൽ വന്ന ജാത്യാചാരങ്ങളുടെ തള്ളിച്ചയിൽ, ഒരു തീയ്യരാജവംശം രൂപം കൊള്ളുക സങ്കല്പത്തിനതീതമായ കാര്യമാണ്. അത്രയും പുരാതന കാലത്തെ കേരളത്തിലെ രാജവംശങ്ങളെ പരിശോധിച്ചാൽ അവയിൽ ഒട്ടുമിക്കതും മലമുകളിൽ കേന്ദ്രീകൃതമായി ഭരണം നടത്തിയിരുന്നതായി കാണാവുന്നതാണ്. കുതിരമലയിലെ അതിയമാൻ, പെരിയമലയിലെ ആയ്, ഏഴിമലയിലെ നന്നൻ, ഓലിമലയിലെ ഓരി, പഴശ്ശിരാജവംശ സ്ഥാപകനായറിയപ്പെടുന്ന ഹരിശ്ചന്ദ്ര രാജാവിന്റെ പുരളിമലയിലെ ഹരിശ്ചന്ദ്രൻ കോട്ട, പൊതിയിൽ മലയിലെ ആയ് രാജാവ് തിതിയൻ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. രാജാധികാരത്തിന് വിധേയരാകാതെ സ്വതന്ത്ര ഭരണം നടത്തിയിരുന്ന ഇവരെ ചരിത്രത്തിൽ ചിറ്റരചന്മാരെന്നാണ് നിർവ്വചിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ മലയോരം കേന്ദമാക്കി നാടുവാണതാവാം മന്നനാർ വംശവും എന്നു കരുതാം. ഈ പുരാതന നാടുവാഴികളെയാണ് മുടിചൂടാമന്നൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്. മുടി എന്നാൽ തലയിൽ ധരിക്കുന്ന കീരിടമാണ്. കിരീടവും ചെങ്കോലും അക്കാലത്ത് നിലവിലില്ലാത്തതിനാൽ, അവർ യഥാർത്ഥ മുടിചൂടാമന്നനായിരുന്നിരിക്കണം. ചെങ്കോലും കീരിടവും ബ്രാഹ്മണാധിപത്യത്തിനു ശേഷം നിലവിൽ വന്ന രാജമുദ്രകളാണ്.

എരുവശ്ശി ഗ്രാമത്തിന്റെ പൂർവ്വനാമം പാവരുനാട് എന്നായിരുന്നു. പാവരുനാട് എന്നാൽ പാവങ്ങളുടെ നാടെന്നാണ് വിവക്ഷയെന്ന് കരുതാം. ഇടത്തരക്കാരായ ജനങ്ങളുടെ കേന്ദ്രമായതിനാലവണം പാവരുനാട് എന്ന ദേശനാമം വന്നത്. മന്നനാർ വംശത്തിന്റെ ആവിർഭാവത്തോടെയായിരിക്കണം അത് എരുവശ്ശിയെന്നറിയപ്പെടാൻ തുടങ്ങിയത്. ഭരണം തീയ്യരുടെ പ്രമാണിയുടെതാണെങ്കിലും ഈ പ്രദേശത്ത് ചാലിയർ, വാണിയർ, നമ്പ്യാർ എന്നീ വിഭാഗക്കാരും, കൂടാതെ കരിമ്പാലൻ തുടങ്ങിയ ആദിവാസികളും ജീവിച്ചിരുന്നതായി കാണാം, അവരുടേതായ നിരവധി ക്ഷേത്രങ്ങൾ ഇന്നും ഇവിടെ നിലകൊള്ളുന്നതിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാം.

കുലത്തൊഴിൽ ചെയ്യുന്നതിൽ വിദഗ്ധരായവർക്ക് മന്നനാർ ആചാരപ്പേരു നൽകി അംഗീകരിക്കുന്ന പതിവുണ്ടായിരുന്നു. ഗണകന്മാർ അഥവാ കണിയാന്മാരിൽ പ്രധാനിയെ “നോക്കണി’യെന്നും മലയൻ പണിക്കരിലെ പ്രധാനിയെ “വാക്ക’ എന്നും ആചാരപ്പേരു നൽകി ആദരിക്കാറുണ്ട്. കൃഷി കുലത്തൊഴിലായ പുലയരുടെ മുഖ്യന് “പൊള്ള’ എന്ന പദവിയും നൽകിയിരുന്നു. കാവുമ്പായി പുലയകോട്ടത്തിനടുത്തുള്ള പുന്നത്തിരിയൻ മൊട്ടൻ എന്ന പുലയ നേതാവിനെ “കാവുമ്പായിപൊള്ള’ എന്ന ആചാരപ്പേരു നൽകി ആദരിച്ചത് അവസാനത്തെ മന്നനാരുടെ കാലത്താണെന്ന് കരുതുന്നു. –

മഹാശിലായുഗ സ്മാരകങ്ങൾ

പ്രാചീനകാലത്തു തന്നെ മനുഷ്യർ കണ്ണൂരിലും പരിസരത്തും ഇന്നത്തെ കാസർഗോഡ് ജില്ലയോടു ചേർന്നും അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് ഇവിടെനിന്നും അങ്ങിങ്ങായി കണ്ടെടുത്ത മഹാശിലായുഗ സ്മാരകങ്ങൾ. ഇവ നിർമ്മലഗിരി, പാനുണ്ട, കരിവെള്ളൂർ, പെരുവമ്പ, ചെറുതാഴം, വെളിച്ചത്തോട്, കുഞ്ഞിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൽമഴുകൊണ്ട് വരച്ച ചെങ്കല്ല് പ്രതല ചിത്രങ്ങൾ കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എരമം കുറ്റൂർ പഞ്ചായത്തിലെ ഉള്ളിയുരിലെ ചോതിക്കളം എന്ന സ്ഥലത്തെ ജ്യാമിതീയ വൃത്തങ്ങളും ഇവിടുത്തെ മനുഷ്യ ജീവിതത്തിന്റെ പ്രാചീനത തെളിയിക്കുന്നു. (പേജ് 17 ഭാഷാഭേദം – ഡോ. അനുപമ. എം)

മഹാശിലായുഗ കാലഘട്ടത്തിൽ ആധുനിക കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ജനവാസമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1822 ൽ ജെ. ബബിംഗ്ടൺ എന്ന ബ്രിട്ടീഷ് പണ്ഡിതൻ കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ വളപട്ടണം മൊട്ടപ്പറമ്പ് ബംഗ്ലാവിൽ നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ടു കല്ലറകൾ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം വിപുലമായ പഠനം നടത്തുകയും, മലബാറിലെ പാണ്ഡകൂലികളെക്കുറിച്ചുള്ള വിവരണം (Description of the Pandoo Coolies in Malabar) എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കുകയു മുണ്ടായി. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണതേ കണ്ണൂർ ജില്ലയിൽ ബബിംഗ്ടൺ തുടങ്ങിവെച്ചത് (പാണ്ഡവൻ കുഴി എന്ന മലയാള പ്രയോഗമാണ് സായിപ്പ് പാണ്ഡകുലിയാക്കിയത്.) ബബിംഗത്തെ തുടർന്ന് വില്യം ലോഗൻ, എ. റിയ തുടങ്ങി നിരവധി പേർ സമാനമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇവിടുത്തെ മാതമംഗലം, പെരിങ്ങോം, കല്യാട്, കരിവെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, നടുവിൽ, ചിറ്റാരി, ചെറുകുന്ന്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ഇരിക്കുർ, മാങ്ങാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങി ധാരാളം തെളിവുകൾ ഇക്കാര്യത്തിൽ കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആധുനിക സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഭൂവിഭാഗം മഹാശിലായുഗ മനുഷ്യരുടെ ആവാസ കേന്ദ്രമായിരുന്നു എന്ന വസ്തുത അർത്ഥശങ്കക്കിടയി ല്ലാത്ത വിധം തെളിയിക്കുന്നതാണ്. (കണ്ണൂർ കാലത്തിലുടെ സുവനീർ – Dr. T. M. വിജയൻ-കണ്ണൂർ കാലത്തിലൂടെ സുവനീർ Dr. T. പവിത്രൻ ) ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ച് പാറയിൽ കൊത്തിയ ചിത്രങ്ങൾ കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുമുടുക്ക യെന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ചിത്രങ്ങൾ ഇവിടെയുണ്ട്. കേരളത്തിലെവിടെയും ഇത്തരം മേൽ പാറ ചിത്രങ്ങൾ കണ്ടുകിട്ടിയിട്ടില്ല. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T. പവിത്രൻ) –

1891 ൽ കണ്ണൂരിലെ കൂത്തുപറമ്പിനടുത്ത് കോട്ടയം പ്രദേശത്തു നടത്തിയ ഖനനത്തിൽ, അഞ്ചു ചുമടോളം വരുന്ന അത്രയും ഭാരിച്ച എണ്ണം സ്വർണ്ണ നാണയങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിലാദ്യമായാണ് ഇത്രയും റോമൻ സ്വർണ്ണനാണയങ്ങൾ കണ്ടെത്തുന്നത്. ക്രിസ്തു വർഷത്തിന്റെ ആരംഭഘട്ടങ്ങളിൽ അതായത് ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ് ചക്രവർത്തി പുറത്തിറക്കിയ നാണയം മുതൽ എ.ഡി അഞ്ചാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ് ചക്രവർത്തിയുടെ സ്വർണ്ണ നാണയങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഇത് പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ വ്യാപാര വൈപുല്യം എത്രമാത്രം പ്രസക്തമാണ് എന്നു സൂചിപ്പിക്കുന്നു. (കണ്ണൂർ കാലത്തിലുടെ സുവനീർ Dr. T.M. വിജയൻ )

കണ്ണൂർ ജില്ലയിലെ ചിതഹാരിയെന്ന ചിത്രാരിയിൽ മഹാശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ പതിനഞ്ച് ഗുഹാ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരങ്ങൾ സൂക്ഷിക്കാൻ ചെങ്കൽപ്പാറ തുരന്നുണ്ടാക്കിയവയാണ് ഗുഹാശ്മശാനങ്ങൾ. ചരിത്രഗവേഷകരായ ഡോ. ജോൺ ഓച്ചന്തുരുത്ത്, ഡോ. എം. ആർ. രാഘവവാര്യർ എന്നിവർ ചിത്രാരിയിൽ ക്യാമ്പുചെയ്ത് ഗുഹാ ശ്മശാനങ്ങളെപ്പറ്റി പഠനം നടത്തുകയുണ്ടായി.

വിപുലവും, സമ്പന്നവും സമ്പുഷ്ടവുമായ ഒരു ഭൂതകാലം കൈമുതലായുള്ള ഭൂവിഭാഗമാണ് ഇന്നത്തെ ദേശം എന്നു മേൽ കാണിച്ച സുചകങ്ങളിൽ നിന്നും കണ്ടെത്താൻ പ്രയാസമില്ല. അത്തരം ഒരു പ്രദേശത്തെ ആദിമ ജനത തങ്ങളുടെ ഗണനായകരെ തിരഞ്ഞടുക്കുന്നതിലും, ഭരണഭാരമല്പിക്കുന്നതിലും ശുഷ്കാന്തി കാണിച്ചിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനവകാശവുമില്ല. അത്തരം ഒരു ജനകീയ ഭരണാധികാരി തന്റെ പ്രജകളുടെ താല്പര്യത്തോടൊപ്പം, സമൂഹം നിർദ്ദയം ഉപേക്ഷിക്കുന്ന സ്ത്രീത്വത്തോടും, തികഞ്ഞ ആദരവും ഔദാര്യവും പ്രകടിപ്പിച്ചത് സ്വാഭാവികം മാത്രം. അത്തരം ഒരു കീഴ്‌വഴക്കം സാമൂഹ്യപരമായോ, മത പരമായോ മറ്റേതെങ്കിലും വിധത്തിലോ അക്കാലത്ത് രാജ്യത്തെവിടെയും നിലനിന്നിരുന്നില്ല എന്നത് ഈ ദൃശ്യ ജീവകാരുണ്യ ചെയ്തികളുടെ മാറ്റു വർദ്ധിപ്പിക്കുന്നു.

പിൻകുറിപ്പ്

ഏഴിമലയിൽ പുരാതന കാലത്തെ പ്രഥമകേരള രാജകുമാരനെ പ്രസവിക്കുന്നതിനു മുമ്പെ, കോലത്തിരി രാജാക്കന്മാരും, ബ്രാഹ്മണ സമുഹവും അവരുടെ മേധാവിത്വം രൂപപ്പെടുന്നതിനു മുമ്പ് വടക്കൻ മലബാറിൽ ഭരണം നടത്തിയിരുന്ന പ്രബല നാട്ടുകൂട്ടത്തിന്റെ മന്നൻ ആയിരിക്കാം മന്നനാർ ആയിത്തീർന്നത്. ബ്രാഹ്മണ സംസ്കാരത്തിന്റെ വേലിയേറ്റത്തിൽ നിൽക്കക്കള്ളിയില്ലാതെ മലയോരത്തേക്കു രക്ഷപ്പെട്ട് അവിടെ തങ്ങളുടെ പുത്തൻ സാമാജ്യം സ്ഥാപിച്ചതായിരിക്കാം എരുവശ്ശിയിലെ മന്നനാർ എന്ന തീയ്യ രാജവംശം. ഈ രാജവംശത്തിന്റെ ഉത്ഭവം, കടമ, ഖ്യാതി എന്നിവയ്ക്കു മീതെ പിന്നീടു വന്ന സവർണ്ണ ചരിത്രകാരന്മാർ കരിതേച്ചു വികൃതമാക്കുകയാണുണ്ടായതെന്നു പറയാൻ തെളിവുകൾ ഏറെയാണ്.

ബാഹ്മണധർമ്മത്തിൽ സ്ത്രീകൾ അങ്ങേയറ്റം അവഗണിക്കപ്പെട്ടിരുന്നു. അവരുടെ ആൺകുട്ടികൾക്ക് ഉപനയനം നിർബന്ധമാണ്. പെൺമക്കൾക്ക് അത് തീരെ വേണ്ട. സ്ത്രീകൾക്ക് വേദപാരായണം അനുവദനീയമല്ലായിരുന്നു. പിതാവിന്റെ സ്വത്ത് മകനു കിട്ടും. മകൾക്കില്ല. മകളെ വിവാഹം ചെയ്തുകൊടുക്കുകയല്ല, പിന്നെയോ ദാനം ചെയ്യുകയാണ് (കന്യാദാനം). അവളുടെ ഭർത്താവ് എന്തുതരം സ്വഭാവക്കാരനായാലും എല്ലാം സഹിച്ച് ഇല്ലത്ത് ജീവിച്ചുകൊള്ളണം. ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ഒപ്പം ചാടണം. കാരണം പുനർവിവാഹം അനുവദിച്ചിരുന്നില്ല. ബ്രാഹ്മണ കുടുംബങ്ങളിൽ ഈ വക കടുത്ത സാമൂഹ്യ നിയമങ്ങൾ പാലിച്ചുപോന്നതിനാൽ, ബ്രാഹ്മണികൾ ശുദ്ര സ്ത്രീകൾക്കു തുല്യരായിരുന്നു പ്രായോഗിക ദൃഷ്ട്യാ എന്നു ശ്രീ. കെ. പി. ചോൻ നിരീക്ഷിക്കുന്നു. (“നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും. (പേജ് 265) ഈ കാഴ്ച പ്പാടിലൂടെ പരിശോധിച്ചാൽ കുടിയാട്ടപ്പെട്ട ഒരു ബ്രാഹ്മണ സ്ത്രീ തികച്ചും തനി ശുദ്രയായി മാറുന്നുവെന്നും കാണാവുന്നതാണ്.

മുൻകാലത്ത് തീയ്യരായിരുന്ന പ്രജകളെ നമ്പൂതിരിയാക്കി ജനുസ്സ് മാറ്റിയ ശേഷം, വീണ്ടും ആട്ടിയകറ്റുന്ന കിരാതമായ കുടിയാട്ടു സമ്പദായത്തെ സുധീരം വെല്ലുവിളിക്കത്തക്ക് തന്റേടം കാണിച്ച് ഈ മന്നനാർ എന്ന തീയ്യരാജാക്കന്മാർ കേരളചരിത്രത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വീരപുരുഷന്മാരാണ്. – ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ കാലത്തിന്റെ മഹാപ്രവാഹത്തിൽപ്പെട്ട് അലിഞ്ഞു തീരുന്നതിനു മുന്നെ, ചരിത്രത്തിലിടം പിടിച്ച മന്നനാർ രാജവംശത്തിന്റെ യഥാർത്ഥ ചിത്രം സമഗ്രമായ അന്വേഷണത്തിലൂടെ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights