ഇന്ന് കുഞ്ചൻ നമ്പ്യാരുടെ ഓർമ്മദിനം
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിച്ചുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ (1705 – നും 1770 – നും ഇടയിൽ) മലയാളത്തിലെ ആദ്യത്തെ ജനകീയ കവിയും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നത്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തും പിന്നീട് കുടമാളൂരും അമ്പലപ്പുഴയിലുമായി അദ്ദേഹം ജീവിച്ചു. 1748-ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുകയും ആദ്യം മാർത്താണ്ഡവർമ്മയുടെയും പിന്നീട് കാർത്തിക തിരുന്നാൾ രാമവർമ്മയുടെയും സദസ്സിലെ അംഗമായി അദ്ദേഹം. ഹാസ്യരചനയുടെ തുടക്കം അവിടെനിന്നാണെന്ന് പറയാം.
നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയം എന്നറിയപ്പെടുന്ന മൂന്നുപേർ. രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഒരു സ്ഥിരീകരണം അതിനിന്നും കണ്ടെത്താനായിട്ടില്ല.
കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. ഇത്രയധികം പഴഞ്ചൊല്ലുകളും പദശൈലികളും തന്‍റെ രചനകളിലുടനീളം സമർത്ഥവും സരസവുമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു കവിയോ, സാഹിത്യക്കാരനോ വേറെ ഉണ്ടാവാൻ തരമില്ല. നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.
ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ
പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടുകയായിരുന്നു തൊഴില്‍. മിഴാവു കൊട്ടുന്നതിനിടയില്‍ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചുവെന്നും അതിനു പകരംവീട്ടാനായി പിറ്റേന്ന് സന്ധ്യയ്ക്ക് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് തുള്ളലവതരിപ്പിച്ച് കൂത്തിന്റെ കാണികളെ ആകര്‍ഷിച്ചു എന്നുമാണ് തുള്ളലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം. ദേഷ്യം തീർക്കാൻ കണ്ടുപിടിച്ച ഒരു മാർഗമായിരുന്നു തുള്ളൽ എങ്കിലും പിന്നീട് ആ കലാരൂപത്തിന്റെ മാധുര്യം എല്ലാരുടെയും ശ്രദ്ധയാകർഷിച്ചു. ഓട്ടൻ തുള്ളൽ 21 ഉം ശീതങ്കൻ തുള്ളൽ 11 ഉം പറയൻ തുള്ളൽ 9 ഉം വീതം നാല്പത്തൊന്ന് തുള്ളൽ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികം, ഘോഷയാത്ര, സ്യമന്തകം, കിരാതം, സന്താനഗോപാലം, പത്രചരിതം, കാർത്ത്യാവീര്യാർജ്ജുനവിജയം, ബകവധം, ഹരിണീസ്വയംവരം, ത്രിപുരദഹനം, സഭാപ്രവേശം മുതലായവയാണ് പ്രധാന തുള്ളൽ കൃതികൾ. പാണ്ഡിത്യത്തിലല്ല, രചനയുടെ ലാളിത്യത്തിലാണ് നമ്പ്യാർ ശ്രദ്ധ കൊടുത്തത്. എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാക്കാനാവുന്നതും ഒപ്പം രസകരവുമായതും ആയ രീതിയിലാണ് അദ്ദേഹം ഓരോ കാര്യവും പറഞ്ഞു വന്നത്.തന്റെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹം മുഖം നോക്കാതെ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയിരുന്നു. തുള്ളല്‍ക്കവിതകളില്‍ അക്കാലത്തെ സാമുദായിക ദൂഷ്യങ്ങള്‍ക്കു നേരെയുള്ള കവിയുടെ വാക്ശരങ്ങളുടെ പ്രയോഗങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. പഴഞ്ചൊല്ലുകളോട് നമ്പ്യാര്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു. സാരോപദേശങ്ങള്‍ തേനില്‍ ചാലിച്ച് അനുവാചകര്‍ക്ക് അദ്ദേഹം പഴഞ്ചൊല്‍രൂപത്തിലാക്കി വിളമ്പിക്കൊടുത്തു.
നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.
ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ “കരി കലക്കിയ കുളം” എന്നും നമ്പ്യാർ “കളഭം കലക്കിയ കുളം” എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ “കാതിലോല?” (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ “നല്ലതാളി” (നല്ലത് ആളി – തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
ഒരിക്കൽ ഇരുവരും ഒന്നിച്ച് ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ഉണ്ണായിവാര്യര്‍ എഴുന്നേറ്റു നടന്നപ്പോള്‍ നമ്പ്യാരെ അറിയാതെ ചവിട്ടിപ്പോയി.
“അറിയാതെ ചവിട്ടിയതാണ്. ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം.“
ഉടനെ നമ്പ്യാരുടെ മറുപടി, “വല്ലതും കിട്ടിയാല്‍ അതു ഗുരുദക്ഷിണയായി കരുതിക്കൊള്ളണം.“ സന്ദര്‍ഭത്തിനനുസരിച്ച് ഫലിതം പറയാനുള്ള നമ്പ്യാരുടെ കഴിവ് അസാമാന്യം തന്നെയായിരുന്നു എന്ന് പ്രചാരത്തിലുള്ള ഇതുപോലെ പലകഥകളും വ്യക്തമാക്കുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-
“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”
കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനംപ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-
“ രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും. ”
ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചന്‍ നമ്പ്യാരോട് നമ്പി ഇങ്ങനെ ചോദിച്ചു.
ശാന്തി: “ആരാ..?”
നമ്പ്യാർ: “നമ്പ്യാരാ..”
ശാന്തിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പ്യാരിങ്ങനെപറഞ്ഞു:
“നമ്പിയാരെന്നു ചോദിച്ചു, നമ്പ്യാരെന്ന് ചൊല്ലിനേന്‍.
നമ്പി കേട്ടത കോപിച്ചു. തമ്പുരാനേ പൊറുക്കണം.”
കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
ആശാനക്ഷരമൊന്നു പിഴച്ചാൽ, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്
കപ്പലകത്തൊരു കള്ളനിരുന്നാൽ, എപ്പൊഴുമില്ലൊരു സുഖമറിയേണം
തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും
ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ, അമ്പലവാസികളൊക്കെ കക്കും
പടനായകനൊരു പടയിൽ തോറ്റാൽ, ഭടജനമെല്ലാമോടിയൊളിക്കും
താളക്കാരനു മാത്ര പിഴച്ചാൽ, തകിലറിയുന്നവൻ അവതാളത്തിൽ
അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും
കാര്യക്കാരൻ കളവുതുടർന്നാൽ, കരമേലുള്ളവർ കട്ടുമുടിക്കും
ഓതിക്കോനൊരു മന്ത്രമിളച്ചാൽ, ഒരു പന്തിക്കാരൊക്കെയിളയ്ക്കും
അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയോടപ്രിയം എന്നതുപോലെ
ലക്ഷം കുറുനരി കൂടുകിലും, ഒരു ചെറുപുലിയോടു അടുക്കില്ലേതും
ലക്ഷം മാനുഷ്യർ കൂടും സഭയിൽ, ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
വിക്കിപീഡിയയിൽ: കുഞ്ചൻനമ്പ്യാർ