ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.
കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ് വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.
പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.
പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.