ആരാധനാലയങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ ഒരു കൂട്ടായ്മയുടെ മഹത്വമാണു കാണിക്കുന്നത്. സമീപവാസികൾക്ക് ഒത്തൊരുമിക്കാനും, ആരാധന നടത്താനും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും, വിവിധ കലാമേളകൾ ആസ്വദിക്കാനും മറ്റുമായി ഒരുവേദി എന്ന നിലയിൽ ഇതിനു പലതുണ്ട് പ്രത്യേകതകൾ. വർഷത്തിൽ ഒരിക്കലെന്ന തോതിൽ അതു നടന്നു വന്നിരുന്നുണ്ട്. ഒരു നാട്ടിൽ ഒരു ആരാധനാലയം ധാരാളം മതിയാവും; സമീപദേശത്തുള്ള ഉത്സവങ്ങളിൽ പങ്കുചേരാനും ഇക്കാലത്ത് വിഷമമൊന്നും ഇല്ലല്ലോ! വിവിധ ജാതിമതസ്ഥർ ഒരുമിച്ചാഘോഷിക്കുന്ന ഇത്തരം ഉത്സവങ്ങൾ എന്തുകൊണ്ടും നല്ലതുതന്നെയാണ്.
ഇന്നുപക്ഷേ, ആരാധനാലയങ്ങൾ ഒരു വ്യവസായ സ്ഥാപനം പോലെ വളരാൻ കൊതിക്കുന്നുണ്ടെന്നു തോന്നുന്നു. മുക്കിനു മുക്കിനു പുതിയവ പൊങ്ങിവരുന്നു. ഒരിടത്തുതന്നെ വർഷത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ എണ്ണം കൂടിവരുന്നു! പിരിവെടുക്കാനായി പലവഴി ആളുകൾ നെട്ടോട്ടമോടുന്നു. കാശ് മുടക്കാനും സ്പോൺസർ ചെയ്യാനും മറ്റുമായി ഗൾഫ് പോലുള്ള വിദേശരാജ്യങ്ങളിൽ തന്നെ അതാത് ദേവാലയങ്ങളുടെ പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കും. ചെലവുകൾ ഒക്കെയും അവർ സ്പോൺസർ ചെയ്യും. സമാനമായ പിരിവ് നാട്ടിലും നടക്കും, മാതൃസമിതി, ഭർത്തൃസമിതി, ഭാര്യസമിതി എന്നൊക്കെ പേരിട്ട് പലപല കമ്മിറ്റികളും ഉണ്ട്. അവരൊക്കെ ആ ആരാധനാലയത്തിൻ്റെ ചുറ്റുവട്ടത്തു മാത്രമല്ല, എത്രദൂരം അവർക്ക് ഒരുദിനം എത്തിച്ചേരാൻ പറ്റുമോ അത്രയും ദൂരം വരെ കവർ ചെയ്തു കാശ് പിരിക്കുന്നു! ഭീകരമാണിവിടെ ഇത്തരം പിരിവുകളുടെ എണ്ണം!
ആരാധനാലയത്തിൽ കാര്യങ്ങൾ നടത്തുന്ന സംഘടനയിൽ ഒരാശയക്കുഴപ്പമോ വാക്കുതർക്കമോ വന്നാൽ അപ്പോൾ തന്നെ അവർ ജ്യോത്സ്യരെ കാണുകയാണു പതിവ്, ഉടനേ അവർ സ്വർണപ്രശ്നം വെയ്ക്കുന്നു, ദൈവം കോപിഷ്ടനാണെന്നു ജ്യോത്സ്യർ വിധിക്കുന്നു. അല്ലെങ്കിൽ സമാനമായ മറ്റൊന്നായിരിക്കും പറയുക. ദൈവത്തെ സമന്വയിപ്പിക്കാൻ ഉടനെ തന്ത്രിയെ വിളിച്ച് ദീപാർച്ചന നടത്തണം! ലക്ഷംദീപാർച്ചന, പന്തീരായിരം ദീപാർച്ചന എന്നിങ്ങനെ പലപേരുകളിൽ അതറിയപ്പെടുന്നു!
പിരിവിനായി ആളുകൾ ഓടുന്നു, ആഘോഷക്കമ്മിറ്റി രൂപീകരിക്കുന്നു, കാശിനായവർ പലവഴി ഓടുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു? പരിപാടിക്ക് മണിയടിക്കുന്നവനു വരെ വരവേൽപ്പെന്നും ഫേർവെൽ എന്നും ഒക്കെ പറഞ്ഞ് കെട്ടുകണക്കിന് 500 രൂപകൾ ആണു പ്രതിഫലം കൊടുക്കുന്നത്! ഒരുപക്ഷേ, ചെറിയൊരു കമ്മീഷൻ ഇതിനു കാരണഭൂതരായ ജ്യോത്സർമാർക്കും അവർ കൊടുക്കുന്നുണ്ടവണം. പണിയെടുത്തവർക്ക് കൂലി കൊടുക്കണം എന്നതു മര്യാദ, അതു മണിയടിക്കലോ പൂജ ചെയ്യലോ മാലകോർക്കലോ എന്തോ ആവട്ട്; പക്ഷേ, നടക്കുന്നതൊക്കെയും അതിനും അപ്പുറമാണ്.
പല പ്രോഗ്രാമുകളും സ്പോൺസർ ചെയ്യുന്നത് വിദേശകൂട്ടായ്മകളാണെങ്കിൽകൂടി, അതിനു തുല്യമായി നാട്ടിൽ നിന്നും പിരിക്കുന്ന കാശിവർ എന്തു ചെയ്യുന്നു? കൃത്യമായ വേരിഫിക്കേഷൻ ഗവണ്മെൻ്റ് തന്നെ നടത്തി ടാക്സിങ്ങ് പരിധിയിൽ കൊണ്ടുവരേണ്ടതാണിതൊക്കെ. ദീപാർച്ചനയാണെങ്കിൽ, ഒരു ദീപം, 10 ദീപം, 100 ദീപം 1000 ദീപം എന്ന തോതിലാണവർ കൂപ്പണിൽ വില വെച്ചിരിക്കുന്നത്! കാശുകൊടുക്കുന്നവൻ ഒരു ദീപമാണു തെളിക്കുന്നതെങ്കിൽ 100 രൂപ കൊടുത്താൽ മതി!
ഇത്തരം പൊറാട്ടുനാടകങ്ങൾ ഒക്കെയും ഒരുനല്ല കൂട്ടായ്മയെ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ; ഇത്തരം ആരാധനാലയങ്ങളൊക്കെയും വഴിയാധാരാമാവുന്ന നാൾ ഇനി വിദൂരമല്ല. ഇത്തരം പൊറാട്ടുനാടകങ്ങൾ നടക്കുന്ന സമയത്ത് അവിടെ കലാപരിപാടികളോ, എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണക്രമങ്ങളോ ഒന്നുമുണ്ടാവാറില്ല. കാശിറക്കി കാശ് സ്വരൂപിക്കുന്ന കേവലമൊരു വ്യവസായം മാത്രമായി ആരാധനാലയങ്ങൾ അധഃപതിക്കുന്നു! ഏറ്റവും കൂടുതൽ കാശ് കൊടുത്തവർക്ക് ഒരുപക്ഷേ, പാരിതോഷികവും കൊടുത്തേക്കും ഇവർ; അല്ലെങ്കിൽ പൂജാരി ഒരു സ്പെഷ്യൽ പൂജ അയാൾക്കായി ചെയ്യാനും മതി!!