വിശ്വേശ്വരയ്യ

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശ്വരയ്യ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേശ്വരയ്യ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജന്മദിനം എഞ്ചിനിയേർസ് ദിനമായി (Engineers day) ഇന്ത്യയിൽ ആചരിക്കുന്നു. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം. 1861 സെപ്തംബര്‍ 15ന് സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോകറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

M Visvesvaraya
വിശ്വേശ്വരയ്യ
കോളാറിലെ ചിക്കാബെല്ലാപൂർ ടൗണിലാണ് സ്കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.

അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. മൈസൂര്‍ ദിവാനും ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറും ഭാരത രത്ന നേതാവുമായ വിശ്വേശ്വരയ്യയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. സിവിൽ എഞ്ചിനീയർ, ഡാം നിർമ്മാതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ, രാഷ്ട്ര നിർമ്മാണം എന്നീ മേഖലകളിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. എം. വിശ്വേശ്വരയ്യയുടെ ഓർമ്മയ്ക്കായാണ് സെപ്റ്റംബർ 15ന് എഞ്ചനീയേഴ്സ് ദിനം ആചരിച്ചു പോരുന്നത്. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു.

1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. അന്നത്തെ ബോംബെ സർക്കാർ അദ്ദേഹത്തെ നാസിക്കിലെ അസിസ്ററൻറ് എൻജിനീയറായി നിയമിച്ചു. തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എൻജിനീയറുടെ പക്വതയാർന്ന രൂപകല്പന ഇദ്ദേഹത്തിന് കുറഞ്ഞകാലയളവിൽ തന്നെ സിന്ധ് പ്രവിശ്യയിലെ (ഇപ്പോൾ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങൾ നിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന് അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ് പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്പനയ്ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എൻജിനീയറുടെ പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂർ, ബൽഗാം, ധർവാർ, ബീജാപൂർ, അഹമ്മദാബാദ്, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങൾ എന്നിവ ഡിസൈൻ ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്ദ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്പന, നിർമ്മാണം, തുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി. 1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.എൻജിനീയറിംഗ് രംഗത്തെ അക്ഷീണ പ്രയത്നങ്ങളെല്ലാം ബ്രട്ടീഷ് കോളനി വാഴ്ചക്കാലത്താണ് നടത്തിയതെന്നോർക്കണം. അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു.

ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1912-ൽ മൈസൂരിന്റെ ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ചന്ദനതൈലം, സോപ്പുൽപ്പനങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. കൃഷ്ണരാജസാഗർ അണക്കെട്ട്, വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1952-ൽ പട്‌നയിൽ ഗംഗനദിയുടെ കുറുകെ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലം വിശ്വേശ്വരയ്യ സന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുർഘടമായ പാതയും യാത്രതടസപ്പെടുത്തി. ചില ഭാഗങ്ങളിൽ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു കസേരയിൽ പല്ലക്ക് മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച് കാൽനടയായി പദ്ധതി പ്രദേശം സന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത് ഓർക്കണം.

കൃഷ്‌ണരാജ സാഗർ അണക്കെട്ടിന്റെയും വൃന്ദാവൻ ഗാർഡൻന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്പിയായി പില്ക്കാലത്ത് വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത് മൈസൂരിലെ ദിവാൻ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക് തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാൻ പദവി. റിപ്പോർട്ട് ചെയ്യേണ്ടത് മഹാരാജാവിനോട് മാത്രമെന്നത് നവംനവങ്ങളായ പദ്ധതികൾ നടപ്പിൽവരുത്തുന്നതിന് ഇദ്ദേഹത്തിന് കരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകൾ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വർദ്ധിപ്പാകാനുളള ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് അറിഞ്ഞ ഉടൻതന്നെ നിരസിക്കുകയും ശമ്പളവർദ്ധവേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ്‌ സയൻസ്ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്ത്രത്തിലും പ്രയുക്ത ശാസ്ത്രത്തിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയാകാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീൽ ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവിൽ സ്റ്റീൽ ഉല്പ്പാദനം നടത്തിയിരുന്നെന്ന് മാത്രമല്ല അമേരിക്കയിലേക്ക് പിഗ് അയൺ കയറ്റുമതി ചെയ്യുകയും ചെയ്തു. വ്യോമയാനരംഗത്തും ഒരു ഫാക്ടറി ആരംഭിച്ചു പിൽക്കാലത്ത് ഇത് ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത് ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരിൽ ഒരു പോളിടെക്നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന് ലോകപ്രസിദ്ധമായ മൈസൂർ സോപ്പ്‌ ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എൻജിനീയർ ഉയർത്തിപിടിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

ദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടറേറ്റ് ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. പണ്ഡിറ്റ് ജവഹർലാൽനെഹ്റുവിനും ഇദ്ദേഹത്തോടൊപ്പമാണ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്. 1904 – ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിൽ അംഗത്വം, 1915 – ബ്രിട്ടീഷ് സർക്കാരിന്റെ സർ പദവി, 1953 – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സിൽ നിന്നും ഫെല്ലോഷിപ്പ്, 1955 – ഭാരതരത്നപുരസ്കാരം, 1959 – ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫെല്ലോഷിപ്പ് തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ എട്ടു സർവ്വകലാശലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

101 വർഷവും 6 മാസവും നീണ്ട ജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിച്ചിരുന്നു.

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു… നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ – പണിക്കൂലി വേറെയും ഉണ്ടത്രേ… താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ… 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം 🙁 സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു – ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

Thali maala, താലിമാല, മംഗല്യസൂത്രം HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ… അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ… ഇങ്ങനെയൊക്കെ ആയിപ്പോയി… ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ…

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

മൊബൈൽ ഫോൺ കൊണ്ടുവരുന്ന ചതിക്കുഴികൾ!!രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു കുന്നായ്‌മകളുമായി നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഉല്പന്നം ഇതല്ലാതെ മറ്റെന്താവാന്‍. അതു വിട്; പയ്യൻസിന് റാൻഡം ബെയ്‌സിൽ മൊബൈൽ നമ്പർ ഡയൽ ചെയ്തു കിട്ടിയ ഇരയാണത്രേ പെണ്ണ്. ചുമ്മാ 10 നമ്പര്‍ അടിച്ച് ഡയല്‍ചെയ്തപ്പോള്‍ അങ്ങേത്തലയ്‌ക്കലെ കിളിശബ്‌ദം കേട്ട് ആകൃഷ്‌ടനായതാണ്. പിന്നെ മെസേജിങിലൂടെ അതു വളര്‍ന്നു പന്തലിച്ചു. ചൂടുള്ള വികാരവിചാരങ്ങള്‍ അവര്‍ പച്ചയായി കൈമാറ്റം ചെയ്തു. അതിര്‍‌വരമ്പുകളില്ലാത്ത ലോകത്തേക്കവര്‍ ക്രമേണ വിലയം പ്രാപിച്ചു.

പെൺകുട്ടികൾ അസ്വസ്തരാവുന്നതെന്തു കൊണ്ട്?പെണ്ണിനു വയസ് 14 ആണ്. സുന്ദരിയാണത്രേ! നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍‌തരി. അച്ഛന്‍ പൊലീസില്‍ എസ്.പി. ആണത്രേ! ഒന്നിനും ഒരു കുറവുമില്ലെന്ന് സാരം. അല്ലെങ്കില്‍ അവളുടെ കുറവു തിരിച്ചറിയാന്‍ എസ്.പി. സാറിനും ഭാര്യയ്‌ക്കും പറ്റാതെ പോയി. എന്തായാലും പെണ്ണു ചാടി. പെണ്ണ് ചാടിയതറിഞ്ഞ ഉടനേ പൊലീസും ചാടിപ്പുറപ്പെട്ടു. എറണാകുളത്തേക്കു പോകും വഴി തൃശ്ശൂരിൽ നിന്നും മിഥുനങ്ങളെ പിടികൂടി. അവിടെതന്നെ ജയിലിട്ടു സത്കരിച്ചു. എസ്.പി.യുടെ മകളായിരുന്നല്ലോ പെണ്ണ് പൊലീസുകാർ അറിഞ്ഞുതന്നെ പയ്യൻസിനെ സത്കരിച്ചിരിക്കണം. തിരിച്ചു വന്ന പയ്യന്‍സ് ആകെ ക്ഷീണിതനായിരുന്നു. വീട്ടുകാർ പോയിട്ടുമാത്രമേ പയ്യന്‍സിനെ വിടൂ എന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്തായാലും അമ്മാവനും അളിയനും പോയി പയ്യൻസിനെ ഇറക്കിക്കൊണ്ടു വന്നു.

നിങ്ങളുടെ കുട്ടികളുടെ മൊബൈൽ നിങ്ങൾ പരിശോദനാ വിധേയമാക്കാറുണ്ടോ?പൊലീസുകാരന്റ് മകളായതിനാൽ പത്രക്കാരിൽ എത്താതെ, കേസില്ലാതെ പയ്യൻസ് രക്ഷപ്പെട്ടു. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും സംഗതി അങ്ങനെയൊക്കെയാണല്ലോ. 2 വർഷഞ്ഞളോളം ആയത്രേ ഇവർ തമ്മിൽ ലൗ. ഇടയ്‌ക്കെപ്പോഴോ പയ്യൻസ് അവളെ പോയി കണ്ടിട്ടും ഉണ്ടത്രേ… നാട്ടുകാരെല്ലാവരും പയ്യൻസിനെ കുറ്റപ്പെടുത്തുന്നു… “ആ ചെക്കനതു പോരാ..” എന്നതാണു പൊതുവേ ഉള്ള അഭിപ്രായം… ഇവിടെ കുറ്റം പയ്യന്‍‌സിനു മാത്രം ചാര്‍ത്താവുന്നതാണോ? പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ഒഴിഞ്ഞുമാറാനാവുന്നതാണോ ഈ കുറ്റത്തില്‍ നിന്നും?

ഇതുപോലെ എത്രയെത്ര റാൻഡം നമ്പറുകൾ നമുക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടാവും?
ശരീരവളർച കണ്ട് ഞാനൊരു പെണ്ണായല്ലോ എന്നാഹ്ലാദിച്ച് എത്രയെത്ര 14 വയസ്സുകാരികൾ വീണടിയുന്നുണ്ടാവും!!
വാശിപ്പുറത്ത് ചോദിക്കുന്നതൊക്കെ ലോഭം കൂടാതെ കൊടുക്കുന്ന എത്ര പിതാക്കള്‍ കണ്ണീരുണങ്ങാതെ ഇരിക്കുന്നുണ്ടാവും?

നല്ല ബന്ധങ്ങൾക്കു മൊബൈൽ ഒരു വിനയായി മാറുന്നില്ലേ?ഇവിടെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. കുട്ടികൾക്ക് മൊബൈൽ ഏൽപ്പിക്കുമ്പോൾ ദിവസേന അതിലെ കോൾ ലിസ്റ്റും മെസേജസും പരിശോദിച്ചാൽ തന്നെ ഇത്തരത്തിലുള്ള പകുതി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടാവും. രാത്രി 9 മണിക്കു ശേഷം കുട്ടികളിൽ (ആണായാലും പെണ്ണായാലും) നിന്നും അതു വാങ്ങിച്ച് ഒരു കോമൺസ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതു തന്നെ. കിടപ്പറയിലേക്കുള്ള ജാരസഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം പറ്റിയേക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അഴുക്കുചാലില്‍ വീണടിയാനാവും കുരുന്നുകളുടെ യോഗം.

ശലഭജീവിതം

ചതിക്കുഴിയിൽ വീഴുന്ന കൗമാരംപ്രേമവും ലൈഗീകതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. മൊബൈലും ഇന്റെർനെറ്റും വഴി ഏതു പാതിരാത്രിക്കും പ്രണയിതാവിന്റെ മുറിയിലേക്കു കടന്നുചെല്ലാമെന്നിരിക്കേ ഇങ്ങനെയൊരു വാക്യത്തിന്റെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. പ്രണയിതാവിനെ കുറിച്ചുള്ള ലൈഗീകചിന്തകൾ കിടപ്പുമുറിയുടെ അരണ്ടവെളിച്ചത്തിൽ സടകുടഞ്ഞെണീക്കുമ്പോൾ, ഒരു മിസ്സ്‌ഡ് കോളായി അതു പരിണമിച്ച് പ്രണയിതാവിനെ തേടിയെത്തുമ്പോൾ, പിന്നെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സല്ലാപത്തിനൊടുവിൽ തളർന്നുറങ്ങുമ്പോൾ അവരറിയുന്നുണ്ടാവില്ല മൂന്നാമനായി നിൽക്കുന്ന മൊബൈലും ഇന്റെർനെറ്റും തന്നെ നാളെ തങ്ങളുടെ സ്വൈരജീവിതത്തിനിടയിൽ വില്ലനായും കടെന്നെത്തിയേക്കാം എന്ന കാര്യം.

സദാചാരപ്പൊലീസുകാർ നാടുചുറ്റും നടക്കുന്നുണ്ടെങ്കിലും നടക്കാനുള്ളതൊക്കെ കാലാകാലങ്ങളായി മുറപോലെ നടന്നു വരുന്നുണ്ട്. പ്രേമവും പ്രേമനൈരാശ്യവും ഒക്കെ അന്നെന്നപോലെ ഇന്നും ഉണ്ട് – എന്നും ഉണ്ടാവുകയും ചെയ്യും. പ്രേമിക്കാതെയും അല്ലാതെയും ലൈംഗീകബന്ധങ്ങളും നിർബാധം നടക്കുന്നുണ്ട്. പ്രേമത്തെ ദിവ്യമായും ഉദാത്തമായും ചിലർ കാണുമ്പോൾ മറ്റു ചിലർ അത് സെ‌ക്‌സിനുള്ള ഉപാധിയായി ഉപയോഗിക്കുന്നു. ആണായാലും പെണ്ണായാലും ഈ മോഹവലയത്തില്‍ വീണുപോവുക എന്നത് തികച്ചും സാധാരണമാണ്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ കള്ളപ്രൊഫൈലുകളുണ്ടാക്കി പേരുമാറ്റി, മതം മാറ്റി, ജാതിമാറ്റി പെൺചിന്തകളെ തൊട്ടറിഞ്ഞ് അവർക്കുവേണ്ടരീതിയിൽ അപ്‌ഡേറ്റ് ചെയ്ത് വലവിരിച്ചിരിക്കുന്ന കാപാലികരുണ്ട് നെറ്റിൽ. രാത്രിയുടെ നിശബ്‌ദതയിൽ ഇക്കൂട്ടർ പെൺമനം ഭേദിച്ചകത്തുകടക്കുന്നു. മുറിയിലെ ലൈറ്റണച്ചാൽ ബോധമണ്ഡലത്തിലേക്കുള്ള പകുതിവെളിച്ചം പോയികിട്ടും. പിന്നെ നെയ്തെടുക്കുന്ന കാമനകൾ അതിരുകളില്ലാത്തതാവും; പറയുന്ന വാകുകൾക്ക് പരിധികളില്ലാതാവുന്നു. എന്തുപറയണം എന്തു പറയരുത് എന്നുപോലും മറക്കുന്ന ഇവർ ആ സ്വർഗം വിട്ട് ചിന്തിക്കാൻ കൂടി മടിക്കുന്നു.

കണ്ണീരുണങ്ങാത്ത രാത്രികളാവരുത് പ്രണയത്തിനു പ്രതിഫലംപരസ്പരം അറിയുക എന്നത് ചെറിയ കാര്യമല്ല. ഒരാളുടെ സംസാരത്തിലൂടെ, പ്രവൃത്തിയിലൂടെ അതു കണ്ടെത്തി അതിനനുസരിച്ച് ബന്ധം രൂപപ്പെടുത്തിയെടുക്കാനുള്ള മാനസികനിലയും അറിവും പലപ്പോഴും കാലക്രമത്തില്‍ വന്നുചേരേണ്ട ഒരു ഗുണമാണ്. അതിനുമുന്നേ പ്രേമം മനസില്‍ പെയ്‌തിറങ്ങുന്നു. പ്രേമോന്മത്തരായാല്‍ അവര്‍ക്ക് അവരുടേതായ പ്രപഞ്ചമാണ്. പ്രജകളില്ലാത്ത ആ രജ്യത്തെ രാജാവും രാജ്ഞിയുമായി അവരങ്ങനെ വാഴും. തെറ്റും ശരിയും ഒക്കെ അവര്‍ നിര്‍ണയിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കവിടെ യാതൊരു വിലയും കിട്ടുകയില്ല – തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാനെത്തുന്ന ഏഴാം‌കൂലികളായെ അവരതിനെ കാണൂ – അത്തരം ശബ്‌ദങ്ങളെ അവർ തള്ളിക്കളയും ചെയ്യും. കാമുകൻ വിളിക്കുന്നിടത്ത് സകലപ്രതിബന്ധങ്ങളേയും മറികടന്നവർ എത്തിച്ചേരുന്നു.

പ്രേമം മൂത്തു തലയ്ക്കു പിടിച്ചാൽ പലതും തോന്നിപ്പോയേക്കും; കാമുകന്റെ സ്പർശം ദേവസ്പർശമായും കാമകന്റെ വാക്കുകൾ വേദവാക്യമായും തോന്നിയേക്കാം… കാമുകകരവലയത്തിൽ വിരിഞ്ഞമർന്നില്ലാതാകുകയാണെന്റെ ജന്മലക്ഷ്യം എന്നൊക്കെ ഒരു നിമിഷം തോന്നിയേക്കാം… തോന്നലുകൾ തോന്നലുകൾ മാത്രമായി അവശേഷിക്കുകയും ഒരുനാൾ കാമുകവേഷം വെടിഞ്ഞ് കൂടെ കിടന്നവൻ പോവുകയും ചെയ്താൽ അതു താങ്ങാനാവാതെ നിരാശയിലും മോഹഭംഗത്തിലകപ്പെട്ട് സകലതിനേയും വെറുത്ത്, വെറുപ്പിച്ച് ജീവിതം ആര്‍ക്കും വേണ്ടാത്ത ഒന്നായി തീര്‍ക്കുന്നവരാണു പലരും. അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു ചിലര്‍. ഒരുനിമിഷത്തെ ചിന്തമതിയാവും ചിലപ്പോൾ ഒരു വലിയ വിപത്തിൽ നിന്നും രക്ഷപെടാൻ. പക്ഷേ, ആ ഒരുനിമിഷം എന്നത് ഇക്കൂട്ടർക്ക് ഒരു യുഗമാണെന്നതാണു പരമാർത്ഥം.

പ്രണയം അനുഭവിച്ചു തന്നെ അറിയേണ്ട വികാരമാണ് - അതു കണ്ണീരില് കുതിർക്കതിരിക്കൻ ഒരല്പം ശ്രദ്ധമതിയ്യാവുംപ്രേമം പ്രേമത്തിന്റെ വഴിക്കുപോകട്ടെ. പക്ഷേ. പാവാടക്കെട്ടഴിക്കും മുമ്പ് പലതും ചിന്തിക്കേണ്ടതുണ്ട്. സെക്സിനെ പാപമായും ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ള എന്തോ അമൂല്യവസ്തുവായും കാണുന്നവര്‍ കുറവല്ല; അതെന്തുമാവട്ടെ – മാനസികനിലവാരവും സംസ്‌കാരവും ജീവിതപരിചയവും കൊണ്ട് ഓരോരുത്തരും എന്താണോ അതിനെപ്പറ്റി കരുതി വെച്ചിരിക്കുന്നത് അതുതന്നെ ചിന്തിച്ചിറുപ്പിക്കുക. നിങ്ങള്‍ എന്തു വിശ്വസിച്ചുറപ്പിച്ചുവെച്ചിരിക്കുന്നുവോ അതു തന്നെ ശരിയെന്നു കരുതി പോകാവുന്നതാണ്‌. പ്രായപൂര്‍ത്തിയായാല്‍ രണ്ടുപേരുടെ ബന്ധത്തെ ഇവിടെയാര്‍ക്കുംതന്നെ തടയാനുള്ള നിയമവ്യവസ്ഥയൊന്നുമില്ല. മാത്രമല്ല, അങ്ങനെ തടയുന്നവരുടെ മെക്കിട്ട്കേറാന്‍ കേരളത്തിലെ ബുദ്ധിജീവിസമൂഹം എന്നും കൂടെ ഉണ്ടാവുകയും ചെയ്യും. സെക്സ് പാപമോ കൊടിയ തെറ്റോ അല്ല എന്നു കരുതുന്നവർ അങ്ങനെ തന്ന് കരുതട്ടെ – ഇനി അതല്ല അതു ദിവ്യമായ ഒന്നാണ്; ഷെയർ ചെയ്യാൻ പറ്റാത്ത അമൂല്യമായ എന്തെങ്കിലുമൊക്കെയാണ് എന്നു കരുതുന്നവർ അങ്ങനെ കരുതട്ടെ… ആ വിശ്വാസം തെറ്റാണെന്ന് ആരും പറഞ്ഞു വരില്ല. നിങ്ങൾക്കത് ശരിയാണെന്നു തോന്നുന്നിടത്തോളം നിങ്ങളുടെ വിശ്വാസം നിലനിർത്താൻ ശ്രമിക്കണം. തെറ്റ് ചെയ്യാതിരിക്കാനും ശ്രമിക്കണം. പിന്നീട് കുറ്റബോധത്തിൽ അകപ്പെട്ട് നീറിപ്പുകയാതിരിക്കാനെങ്കിലും ആ വിശ്വാസം ഉപകരിക്കും.

സെക്സിനെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ ഭാഗമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുമാരീകുമാരന്മാർ നിരവധിയാണ്. ഇത്തരക്കാർക്കിടയിൽ, കൊടിപാറിച്ച പ്രേമത്തിനിടയില്‍ വന്നു ചേരുന്ന ക്യാമറകളും മൊബൈലുകളും ഇന്നു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍ മുങ്കൂട്ടി കാണേണ്ടതുണ്ട്. അവിടെയാണു പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ഒരു രസത്തിനുവേണ്ടി പകര്‍ത്തുന്ന മുഹുര്‍‌ത്തങ്ങള്‍ വഴിതെറ്റിയോ അല്ലാതെയോ മറ്റുള്ളവരുടെ കയ്യിലേക്കും അവിടുന്ന് നെറ്റിലേക്കും എത്തി കമ്പ്യൂട്ടര്‍ വൈറസിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിനുള്ള കരുതല്‍ എടുക്കാന്‍ പ്രാപ്തരായിരിക്കണം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന പെണ്‍‌കുട്ടികള്‍. അതു പെൺകുട്ടികളുടെ കടമ തന്നെയായിരിക്കണം. അതല്ലാതെ കാമുകന്റെ മധുരവാഗ്‌ചാതുരിയില്‍ മയങ്ങി എല്ലാം പകര്‍ത്തി സായൂജ്യമടയുവാനാണു പ്ലാനെങ്കില്‍ തുടര്‍ന്നു വരുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ കൂടിയുള്ള മനശക്തി സമാഹരിച്ചു കൊള്ളുക. ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധതന്നെ വേണ്ടതുണ്ട്. പിന്നീട് വിലപിച്ചതു കൊണ്ടൊന്നും നേടാനില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്നു തുറന്നു പറയാനുള്ള ആർജവം ഉണ്ടാവേണ്ടതാണ്.

ഇനി ഒരു വീഡിയോ കാണുക…
തമിഴിലാണെങ്കിലും തമിഴറിയാത്തവർക്കുകൂടി ഇതിലെ ആ ഫീലിംങ് മനസ്സിലാക്കാനാവുന്നതാണ്. അല്പമെങ്കിലും തമിഴ് അറിയുന്നവര്‍ ഇതൊന്നു രാണ്ടാവര്‍ത്തിയെങ്കിലും കേട്ടുനോക്കുക… ഒരു പ്രണയനൈരാശ്യമല്ല ഇത്. നുണകൾ പറഞ്ഞ് പർസ്‌പരം പങ്കുവെക്കുകയും അവസാനം എല്ലാം ഇട്ടെറിഞ്ഞുപോയ ഒരു കാമുകനെ ഇതിൽ കാണാം. സകല പരിശുദ്ധിയോടും കൂടി ഉള്ളതെല്ലാം സമർപ്പിച്ച് വിശ്വസിച്ച് സ്നേഹിച്ച ഒരു പെൺകുട്ടിയാണിത്. അവസാനം ഒരു മനോരോഗിയെപോലെ വിലപിക്കുന്നതു കണ്ടില്ലേ! ഇവൾക്ക് തെറ്റിയതെവിടെയാവും? അവൾ ചെയ്യുന്ന പ്രവൃത്തി നോക്കൂ… എങ്ങനെ ന്യായീകരിക്കും ഇതിനെ നമ്മൾ!!

നിവർത്തന പ്രക്ഷോഭം

നിവർത്തന പ്രക്ഷോഭം (1932): ആധുനിക തിരുവിതാംകൂറിന്റെ രാഷ്ട്രീയ പരിവർത്തനം

1932-ൽ തിരുവിതാംകൂറിൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭം (Abstention Movement) കേരളീയ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും വിപ്ലവാത്മകവുമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയും അന്നത്തെ ദിവാൻ ഓസ്റ്റിൻ സ്റ്റാഞ്ചും ചേർന്ന് പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്കാരങ്ങളിലെ ജനവിരുദ്ധമായ വോട്ടവകാശ വ്യവസ്ഥകൾക്കെതിരെയാണ് ഈ സമരം പൊട്ടിപ്പുറപ്പെട്ടത്. ജനസംഖ്യയിൽ ഭൂരിപക്ഷമുണ്ടായിട്ടും സാമ്പത്തികവും ജാതീയവുമായ കാരണങ്ങളാൽ നിയമസഭകളിൽ മതിയായ പ്രതിനിധ്യം ലഭിക്കാതിരുന്ന ഈഴവ, മുസ്ലിം, ക്രൈസ്തവ ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി ഒന്നിച്ച് അണിനിരന്ന ഈ പ്രക്ഷോഭം, കേവലം ഒരു സമുദായ സമരമെന്നതിനപ്പുറം തിരുവിതാംകൂറിനെ ആധുനിക ജനാധിപത്യ പ്രക്രിയയിലേക്ക് നയിച്ച ഒരു ജനകീയ രാഷ്ട്രീയ മുന്നേറ്റമായി മാറി.¹ ‘നിവർത്തനം’ (Abstention) എന്നാൽ മാറിനിൽക്കൽ എന്നാണ് അർത്ഥം; തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പരിഷ്കരിച്ച നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുക എന്ന സമരതന്ത്രമാണ് പ്രക്ഷോഭകാരികൾ സ്വീകരിച്ചത്.

ചരിത്രപരമായ പശ്ചാത്തലവും 1932-ലെ ഭരണഘടനാ പരിഷ്കാരവും

തിരുവിതാംകൂറിൽ 1888-ൽ നിലവിൽ വന്ന ശ്രീമൂലം പ്രജാസഭയും പിൽക്കാലത്ത് രൂപീകരിച്ച ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലും ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനപ്രതിനിധി സഭകളായിരുന്നെങ്കിലും, അവയിലെ വോട്ടവകാശം അങ്ങേയറ്റം പരിമിതമായിരുന്നു. ഒരു വ്യക്തിക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ അയാൾ ഒരു നിശ്ചിത തുക ഭൂനികുതിയോ തൊഴിൽ നികുതിയോ ഒടുക്കുന്നവനായിരിക്കണം എന്നതായിരുന്നു പ്രധാന നിയമം.² ഈ വ്യവസ്ഥ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തി.

1932 ഒക്ടോബർ 28-ന് ദിവാൻ ഓസ്റ്റിൻ സ്റ്റാഞ്ച് പുതിയ ഭരണഘടനാ പരിഷ്കാരം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇരുസഭകളിലെയും (ശ്രീമൂലം അസംബ്ലിയും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലും) സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും വോട്ടവകാശത്തിനുള്ള യോഗ്യത മുൻപത്തെപ്പോലെ ഭൂനികുതിയായിത്തന്നെ നിലനിർത്തി. ഈ പരിഷ്കാരം ജനസംഖ്യയിൽ 70 ശതമാനത്തോളം വരുന്ന ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് കനത്ത തിരിച്ചടിയായി. കാരണം, തിരുവിതാംകൂറിലെ ഭൂരിപക്ഷം ഭൂസ്വത്തുക്കളും നികുതിദായകരും ന്യൂനപക്ഷമായ സവർണ്ണ ഹിന്ദുക്കളായിരുന്നു (പ്രത്യേകിച്ച് നായർ സമുദായം). തന്മൂലം, പുതിയ പരിഷ്കാരം നടപ്പിലായാൽ നിയമസഭകളിലെ ഭൂരിപക്ഷം സീറ്റുകളും സവർണ്ണ വിഭാഗങ്ങൾക്ക് മാത്രമേ ലഭിക്കൂ എന്ന് വ്യക്തമായി. ഈ അനീതിയോടുള്ള പ്രതിഷേധമാണ് നിവർത്തന പ്രക്ഷോഭത്തിന് വഴിയൊരുക്കിയത്.³

പ്രക്ഷോഭത്തിന്റെ പ്രധാന കാരണങ്ങൾ

നിവർത്തന പ്രക്ഷോഭം പെട്ടെന്നുണ്ടായ ഒരു പ്രതികരണമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി തിരുവിതാംകൂർ സമൂഹത്തിൽ പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തിയുടെ ബഹിർസ്ഫുരണമായിരുന്നു. അതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

  1. അസമത്വ പൂർണ്ണമായ വോട്ടവകാശം: ജനസംഖ്യാടിസ്ഥാനത്തിലല്ലാതെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം നിർണ്ണയിച്ചപ്പോൾ ഭൂരിപക്ഷ ജനവിഭാഗങ്ങൾ പുറന്തള്ളപ്പെട്ടു.

  2. സർക്കാർ ഉദ്യോഗങ്ങളിലെ അവഗണന: ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് ഉയർന്ന സർക്കാർ ഉദ്യോഗങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് ക്രൈസ്തവർക്കും ഈ അവഗണന നേരിടേണ്ടി വന്നു.⁴

  3. രാഷ്ട്രീയമായ പാർശ്വവൽക്കരണം: രാജ്യത്തിന്റെ വികസനത്തിലും നികുതിയിനത്തിലും വലിയ സംഭാവന നൽകിയിട്ടും നയരൂപീകരണ സഭകളിൽ തങ്ങൾക്ക് ശബ്ദമില്ലെന്ന ബോധം ഈ മൂന്ന് സമുദായങ്ങളിലും ശക്തമായി.

“‘നിവർത്തനം’ എന്നാൽ കേവലം തിരഞ്ഞെടുപ്പ് ബഹിഷ്കരണമല്ല, മറിച്ച് പൗരാവകാശങ്ങൾ നിഷേധിക്കുന്ന ഒരു ഭരണകൂട സംവിധാനത്തോടുള്ള നിസ്സഹകരണമാണ്.”

— ഐ. സി. ചാക്കോ (പ്രക്ഷോഭത്തിന്റെ നയരൂപീകരണ വേളയിൽ)

സംയുക്ത രാഷ്ട്രീയ കോൺഗ്രസിന്റെ (Joint Political Congress) രൂപീകരണം

ഭരണഘടനാ പരിഷ്കാരത്തിനെതിരെ ഒറ്റക്കൊറ്റയ്ക്ക് സമരം ചെയ്യുന്നതിനേക്കാൾ ഒന്നിച്ച് പോരാടുന്നതാണ് നല്ലതെന്ന് മൂന്ന് സമുദായങ്ങളുടെയും നേതാക്കൾ മനസ്സിലാക്കി. ഇതിന്റെ ഫലമായി 1932 ഡിസംബർ 17-ന് തിരുവനന്തപുരത്തെ എൽ.എം.എസ് ഹാളിൽ വെച്ച് ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായ നേതാക്കളുടെ ഒരു ചരിത്രപ്രധാനമായ യോഗം ചേർന്നു. ഈ യോഗത്തിലാണ് ‘സംയുക്ത രാഷ്ട്രീയ സമിതി’ (Joint Political Congress) രൂപീകരിക്കപ്പെട്ടത്.⁵

ഇ. ജെ. ജോൺ ആയിരുന്നു ഇതിന്റെ ആദ്യ പ്രസിഡന്റ്. പിൽക്കാലത്ത് ടി. എം. വർഗ്ഗീസ്, എൻ. വി. ജോസഫ്, സി. കേശവൻ, പി. കെ. കുഞ്ഞ് തുടങ്ങിയ യുവനേതാക്കൾ ഈ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വന്നു. ‘നിവർത്തനം’ (Abstention) എന്ന വാക്ക് ഈ സമരത്തിനായി നിർദ്ദേശിച്ചത് പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും സമുദായ നേതാവുമായ ഐ. സി. ചാക്കോ ആയിരുന്നു. ഭരണഘടന പരിഷ്കരിച്ച് തങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുന്നത് വരെ തിരഞ്ഞെടുപ്പുകളിൽ നിന്ന് ‘നിവർത്തിക്കുക’ (മാറിനിൽക്കുക) എന്നതായിരുന്നു ഇവരുടെ പ്രധാന തന്ത്രം.

സമരത്തിന്റെ വികാസവും കോഴഞ്ചേരി പ്രസംഗവും

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള ബഹുജന പങ്കാളിത്തമാണ് നിവർത്തന പ്രക്ഷോഭത്തിന് ലഭിച്ചത്. താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സംയുക്ത രാഷ്ട്രീയ സമിതിയുടെ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജാതി-മത ചിന്തകൾക്കപ്പുറത്ത് സാധാരണ ജനങ്ങൾ ഈ സമരത്തെ ഏറ്റെടുത്തു.

ഈ പ്രക്ഷോഭത്തിലെ ഏറ്റവും ജ്വലിക്കുന്ന അധ്യായമായിരുന്നു 1935 മെയ് 11-ന് കോഴഞ്ചേരിയിൽ വെച്ച് നടന്ന സംയുക്ത രാഷ്ട്രീയ സമിതിയുടെ സമ്മേളനം. ഈ സമ്മേളനത്തിൽ വെച്ച് സി. കേശവൻ നടത്തിയ പ്രസംഗം തിരുവിതാംകൂർ ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു. തിരുവിതാംകൂറിലെ അന്നത്തെ കമ്മീഷണറായിരുന്ന സർ സി. പി. രാമസ്വാമി അയ്യരെയും രാജഭരണത്തെയും അദ്ദേഹം കഠിനമായി വിമർശിച്ചു.

“സർ സി. പി. രാമസ്വാമി അയ്യർ എന്ന ജന്തു തിരുവിതാംകൂറിലേക്ക് വണ്ടി കയറുന്നതിന് മുൻപ് ഈ നാട്ടിൽ ജാതിവൈര്യം ഇല്ലായിരുന്നു… നമുക്ക് പ്രാതിനിധ്യം തരാത്ത നിയമസഭകൾ നമുക്ക് വേണ്ട.”

— സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന്

ഈ വിപ്ലവകരമായ പ്രസംഗത്തെത്തുടർന്ന് ഭരണകൂടം സി. കേശവനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.⁶ സി. കേശവന്റെ അറസ്റ്റ് സമരത്തെ കൂടുതൽ തീവ്രമാക്കുകയാണ് ചെയ്തത്. അദ്ദേഹം ജനങ്ങളുടെ കണ്ണിൽ ഒരു വീരനായകനായി മാറി.

ഭരണകൂടത്തിന്റെ പ്രതികരണവും അനുരഞ്ജന നടപടികളും

തുടക്കത്തിൽ കടുത്ത മർദ്ദനമുറകളിലൂടെ സമരത്തെ അടിച്ചമർത്താനാണ് തിരുവിതാംകൂർ സർക്കാർ ശ്രമിച്ചത്. പൊതുയോഗങ്ങൾ നിരോധിക്കുകയും പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ സമരം ശക്തമായി തുടർന്നതോടെ സർക്കാരിന് വഴങ്ങേണ്ടി വന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരണം പൂർണ്ണമായ വിജയമായതോടെ നിയമസഭകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി.

ഈ സാഹചര്യത്തിൽ ദിവാൻ ഓസ്റ്റിൻ സ്റ്റാഞ്ച് മാറി പകരം സർ മുഹമ്മദ് ഹബീബുള്ള പുതിയ ദിവാനായി ചാർജെടുത്തു. അദ്ദേഹം പ്രക്ഷോഭകാരികളുമായി ചർച്ച നടത്താൻ തയ്യാറായി. സമരക്കാരുടെ ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ ‘ഹബീബുള്ള കമ്മിറ്റി’യെ നിയോഗിച്ചു.⁷ ഹബീബുള്ള കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ താഴെ പറയുന്ന പ്രധാന വിട്ടുവീഴ്ചകൾ ചെയ്തു:

  1. വോട്ടവകാശ പരിഷ്കാരം: വോട്ടവകാശത്തിനുള്ള യോഗ്യതയായ ഭൂനികുതി തുക ഗണ്യമായി കുറച്ചു. ഇത് മൂലം പതിനായിരക്കണക്കിന് സാധാരണക്കാർക്ക് പുതുതായി വോട്ടവകാശ ലബ്ധിയുണ്ടായി.

  2. ഉദ്യോഗ സംവരണം: സർക്കാർ ഉദ്യോഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണം ഏർപ്പെടുത്താനായി ഒരു ‘പബ്ലിക് സർവീസ് കമ്മീഷണറെ’ (ഡോ. ജി. ഡി. നോക്സ്) നിയമിച്ചു.

  3. സീറ്റ് സംവരണം: നിയമസഭകളിൽ ഈഴവർക്ക് 8 സീറ്റുകളും, മുസ്ലിങ്ങൾക്ക് 3 സീറ്റുകളും, ലാറ്റിൻ കത്തോലിക്കർക്ക് 3 സീറ്റുകളും സംവരണം ചെയ്തു.⁸

പ്രക്ഷോഭത്തിന്റെ വിജയവും 1937-ലെ തിരഞ്ഞെടുപ്പും

ഭരണകൂടം ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചതോടെ സംയുക്ത രാഷ്ട്രീയ സമിതി തങ്ങളുടെ നിവർത്തന സമരം അവസാനിപ്പിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1937-ൽ പരിഷ്കരിച്ച നിയമപ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് വൻ വിജയം നേടി.

ഈ തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമസഭയിൽ ഭൂരിപക്ഷമായി. ടി. എം. വർഗ്ഗീസ് ശ്രീമൂലം അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു (അന്ന് പ്രസിഡന്റ് ദിവാനായിരുന്നു). ജയിലിൽ നിന്നും മോചിതനായ സി. കേശവന് വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.⁹

സാമൂഹിക-രാഷ്ട്രീയ സ്വാധീനവും വിലയിരുത്തലും

നിവർത്തന പ്രക്ഷോഭം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ സുപ്രധാനമാണ്:

  • മതേതര രാഷ്ട്രീയത്തിന്റെ തുടക്കം: ജാതിക്കും മതത്തിനുമപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങൾക്കായി വ്യത്യസ്ത സമുദായങ്ങൾ ഒന്നിച്ചു പോരാടാം എന്ന് ഈ സമരം തെളിയിച്ചു. ഇത് പിൽക്കാല മതേതര രാഷ്ട്രീയത്തിന് അടിത്തറയിട്ടു.

  • ഉത്തരവാദ ഭരണത്തിലേക്കുള്ള വഴിത്താര: രാജാവിന്റെ പരമാധികാരത്തിന് മേൽ ജനഹിതത്തിന് സ്വാധീനമുണ്ടെന്ന് ഈ സമരം ബോധ്യപ്പെടുത്തി. ഇതാണ് പിന്നീട് ‘തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്’ രൂപീകരണത്തിലേക്കും ഉത്തരവാദ ഭരണത്തിനായുള്ള (Responsible Government) സമരങ്ങളിലേക്കും നയിച്ചത്.¹⁰

  • പിന്നാക്ക വിഭാഗങ്ങളുടെ ഉത്ഥാനം: നൂറ്റാണ്ടുകളായി സാമൂഹികമായും രാഷ്ട്രീയമായും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭരണസംവിധാനത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ഈ സമരത്തിലൂടെ സാധിച്ചു.

ഉപസംഹാരം

ചുരുക്കത്തിൽ, 1932-ലെ നിവർത്തന പ്രക്ഷോഭം എന്നത് കേവലമൊരു ഉദ്യോഗാർത്ഥി സമരമോ വർഗ്ഗീയ ലഹളയോ ആയിരുന്നില്ല. അത് തിരുവിതാംകൂറിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മനുഷ്യർ പൗരാവകാശങ്ങൾക്കായി നടത്തിയ ജനാധിപത്യപരമായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് ആവശ്യമായ രാഷ്ട്രീയ പ്രബുദ്ധതയും സംഘടനാ ശേഷിയും ജനങ്ങൾക്ക് പകർന്നുനൽകിയതിൽ ഈ പ്രക്ഷോഭത്തിനുള്ള പങ്ക് സമാനതകളില്ലാത്തതാണ്.

അനുബന്ധം (Appendices)

അനുബന്ധം 1: തിരുവിതാംകൂറിലെ പ്രധാന രാഷ്ട്രീയ/പൗരാവകാശ പ്രക്ഷോഭങ്ങൾ

വർഷം പ്രക്ഷോഭം/മുന്നേറ്റം പ്രധാന ലക്ഷ്യം ഫലം/പ്രാധാന്യം
1891 മലയാളി മെമ്മോറിയൽ തിരുവിതാംകൂർ സർക്കാർ ഉദ്യോഗങ്ങൾ തദ്ദേശീയർക്ക് നൽകുക പരദേശി ബ്രാഹ്മണരുടെ ഉദ്യോഗ കുത്തകയ്ക്ക് ഇളക്കം തട്ടി.
1896 ഈഴവ മെമ്മോറിയൽ ഈഴവർക്ക് വിദ്യഭ്യാസവും സർക്കാർ ഉദ്യോഗവും നൽകുക ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ബഹുജന ഒപ്പുശേഖരണം നടത്തി.
1924 വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികളിൽ സഞ്ചാര സ്വാതന്ത്ര്യം പിന്നാക്ക വിഭാഗങ്ങൾക്ക് വഴി നടക്കാനുള്ള അവകാശം സ്ഥാപിച്ചു.
1932 നിവർത്തന പ്രക്ഷോഭം ഭരണഘടനാ പരിഷ്കാരത്തിലെ അനീതിക്കെതിരെ പ്രാതിനിധ്യം ഉറപ്പാക്കൽ ഉദ്യോഗ സംവരണവും വോട്ടവകാശ വ്യാപ്തിയും സാധ്യമാക്കി.
1938 ഉത്തരവാദ ഭരണ സമരം പ്രായപൂർത്തി വോട്ടവകാശവും ജനകീയ സർക്കാരും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരം.

അനുബന്ധം 2: പ്രക്ഷോഭത്തിലെ പ്രധാന നായകർ

  • ടി. എം. വർഗ്ഗീസ് (1886-1961): സംയുക്ത രാഷ്ട്രീയ കോൺഗ്രസിന്റെ മുൻനിര നേതാവ്. പ്രക്ഷോഭത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. പിൽക്കാലത്ത് തിരുക്കൊച്ചിയിലെ മന്ത്രിയുമായി.

  • സി. കേശവൻ (1891-1969): പ്രക്ഷോഭത്തിന്റെ അഗ്നിശരമായിരുന്ന നേതാവ്. ഇദ്ദേഹത്തിന്റെ കോഴഞ്ചേരി പ്രസംഗം സമര ചരിത്രത്തിലെ നിർണ്ണായക സംഭവമാണ്. പിൽക്കാലത്ത് തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.

  • എൻ. വി. ജോസഫ്: ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള തീപ്പൊരി നേതാവ്. സമരകാലത്ത് ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ വൈഭവം പുലർത്തി.

  • പി. കെ. കുഞ്ഞ് (1906-1979): മുസ്ലിം വിഭാഗത്തെ സമരത്തിലേക്ക് ആനയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പിൽക്കാലത്ത് കേരളത്തിന്റെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

  • ഇ. ജെ. ജോൺ: സംയുക്ത രാഷ്ട്രീയ സമിതിയുടെ ആദ്യകാല അധ്യക്ഷൻ. പ്രായമേറിയ നേതാവായിരുന്നിട്ടും സമരത്തിന് നിയമപരവും തത്വശാസ്ത്രപരവുമായ മാർഗ്ഗനിർദ്ദേശം നൽകി.

അവലംബം (References/Bibliography)

  1. Sreedhara Menon, A. (1967). A Survey of Kerala History. Kottayam: Sahitya Pravarthaka Co-operative Society. (തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള സമഗ്ര പഠനം).¹

  2. Jeffrey, Robin. (1976). The Decline of Nayar Dominance: Society and Politics in Travancore, 1847-1908. London: Sussex University Press. (തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും ഭൂവുടമസ്ഥതയും രാഷ്ട്രീയ പ്രാതിനിധ്യവും തമ്മിലുള്ള ബന്ധം).²

  3. Menon, P. K. K. (1972). The History of Freedom Movement in Kerala (Volume II). Trivandrum: Government of Kerala. (1932-ലെ ഭരണഘടനാ പരിഷ്കാരത്തിന്റെ ഔദ്യോഗിക രേഖകളും ജനരോഷവും).³

  4. Kusuman, K. K. (1976). The Abstention Movement in Kerala. Trivandrum: Kerala Historical Society. (നിവർത്തന പ്രക്ഷോഭത്തിന്റെ കാരണങ്ങളും അതിന്റെ വികാസവും സംബന്ധിച്ച ഏകവിഷയക പഠനഗ്രന്ഥം).⁴

  5. Pillai, C. Narayana. (1972). Thiruvithamkoor Swathanthriya Samara Charithram (History of Freedom Struggle in Travancore). Trivandrum: Deshabhimani Book Stall. (സംയുക്ത രാഷ്ട്രീയ കോൺഗ്രസിന്റെ രൂപീകരണവും നേതാക്കളുടെ പങ്കും).⁵

  6. Kesavan, C. (1953). Jeevitha Samaram (Life Struggle – Autobiography). Kottayam: National Book Stall. (കോഴഞ്ചേരി പ്രസംഗത്തിന്റെ പശ്ചാത്തലവും ജയിൽവാസവും വിവരിക്കുന്ന സി. കേശവന്റെ ആത്മകഥ).⁶

  7. Ramakrishnan, T. K. (1985). Modern Kerala: Social and Political Movements. Ernakulam: Progressive Publishers. (ഹബീബുള്ള കമ്മിറ്റി റിപ്പോർട്ടും തിരുവിതാംകൂർ രാഷ്ട്രീയത്തിലെ മാറ്റങ്ങളും).⁷

  8. Rao, M. S. A. (1979). Social Movements and Social Transformation: A Study of Two Backward Classes Movements in India. New Delhi: Manohar. (ഈഴവ സമുദായത്തിന്റെ രാഷ്ട്രീയ ഉത്ഥാനവും നിവർത്തന സമര വിജയവും).⁸

  9. Wood, Robin. (1990). State and Society in Princely India. Cambridge: Cambridge University Press. (1937-ലെ തിരുവിതാംകൂർ തിരഞ്ഞെടുപ്പ് വിശകലനം).⁹

  10. Mathew, Joseph. (1986). Ideology, Protest, and Social Mobility: Case Study of Mahars and Ezhavas. New Delhi: Inter-India Publications. (ഉത്തരവാദ ഭരണ സമരത്തിലേക്ക് നിവർത്തന പ്രക്ഷോഭം നയിച്ച വഴി).¹⁰

പെരുമഴക്കാലം

thick rainy season , പെരുമഴ വൗ… മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും… മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ… ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു…
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു… നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ… ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ… മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

മഴയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്… ചുട്ടുപൊള്ളുന്ന വേനലിൽ, വരണ്ട ഭൂമിയിലേക്ക് ആദ്യത്തെ മഴത്തുള്ളികൾ വീഴുമ്പോൾ ഉയരുന്ന ആ മണ്ണുവാട! അതിനെ വെല്ലാൻ ലോകത്തൊരു സുഗന്ധദ്രവ്യത്തിനും കഴിയില്ല. ആ ഗന്ധം നമ്മളെ ഒറ്റയടിക്ക് കൂട്ടിക്കൊണ്ടുപോകുന്നത് തൊടിയിലെ നനഞ്ഞൊട്ടിയ ഇലച്ചാർത്തുകൾക്കിടയിലേക്കും ഇടവഴികളിലെ ചേറിലേക്കുമാണ്. അവിടത്തെ ഓരോ മൺതരികൾക്കും പറയാനുണ്ടാകും നാം പണ്ട് ഓടിക്കളിച്ചതിന്റെയും തെന്നിവീണതിന്റെയും ആയിരം കഥകൾ.

ഓടിട്ട മേൽക്കൂരകളിൽ പെയ്യുന്ന മഴയ്ക്ക് ഒരു പ്രത്യേക താളമാണ്. രാത്രിയുടെ നിശ്ശബ്ദതയിൽ ആ താളം കേട്ട് ഉറങ്ങാൻ കിടക്കുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയാണ്. ഇടയ്ക്ക് ഇടിമിന്നൽ ആകാശത്തെ കീറിമുറിക്കുമ്പോൾ, കമ്പിളിപ്പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടിയിരുന്ന ആ പഴയ രാത്രികൾ. അപ്പോൾ അടുക്കളയിൽ നിന്നുവരുന്ന ചൂടുള്ള ചുക്കുകാപ്പിയുടെ ഗന്ധമോ, മുറ്റത്തെ തുളസിത്തറയിൽ വീണുതെറിക്കുന്ന മഴത്തുള്ളികളുടെ താളമോ മനസ്സിലേക്ക് ഇരച്ചുകയറും.

കാലം എത്ര കഴിഞ്ഞാലും, ജീവിതം നമ്മെ എത്ര ദൂരങ്ങളിലേക്ക് പറിച്ചുനട്ടാലും, ഉള്ളിലെ ആ കുട്ടിക്കാലത്തെ മഴ ഒരിക്കലും തോരുന്നില്ല. മഴവെള്ളപ്പാച്ചിലിൽ കടലാസുവഞ്ചികൾ ഉണ്ടാക്കി ഒഴുക്കിവിട്ട ആ ചെറിയ കൈകളിൽ, ഇന്ന് ജീവിതത്തിന്റെ വലിയ ഭാരങ്ങളുണ്ടാകാം. ഉത്തരവാദിത്തങ്ങളുടെ നെട്ടോട്ടങ്ങളാകാം. എങ്കിലും, നഗരത്തിലെ ഏതെങ്കിലുമൊരു ഫ്ലാറ്റിന്റെ ജനാലപ്പടിയിലിരുന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കുമ്പോൾ, നാമറിയാതെ തന്നെ ആ പഴയ കടലാസുവഞ്ചികൾ നമ്മുടെ ഓർമ്മകളുടെ ചാലിലൂടെ വീണ്ടും ഒഴുകിത്തുടങ്ങും.

മഴ ചിലപ്പോൾ നമ്മെ വല്ലാതെ ഏകാകിയാക്കും. ഉള്ളിലെ സങ്കടങ്ങളെയും നമ്മൾ എവിടെയോ ഒളിപ്പിച്ചുവെച്ച നഷ്ടബോധങ്ങളെയും അത് പതിയെ തൊട്ടുണർത്തും. പാതിവഴിയിൽ അകന്നുപോയ സൗഹൃദങ്ങളും, പറയാതെ പോയ പ്രണയങ്ങളും, കണ്ടുമുട്ടാൻ കൊതിക്കുന്ന മുഖങ്ങളും മഴത്തുള്ളികളായി ഓർമ്മകളുടെ ചില്ലുകളിൽ വന്നിടിക്കും. എന്നാൽ അത് നമ്മെ തളർത്താനല്ല, മറിച്ച് ഉള്ളിലെ ഭാരങ്ങളെ മുഴുവൻ കഴുകിക്കളഞ്ഞ് നമ്മെ കൂടുതൽ ശാന്തരാക്കാനാണ്. മഴ ഒരു വലിയ ആശ്വാസമാണ്; ആരും കാണാതെ കുറച്ചുനേരം കരയാൻ, അല്ലെങ്കിൽ ഭൂതകാലത്തിന്റെ മടിത്തട്ടിൽ കുറച്ചുനേരം തലചായ്ച്ചു കിടക്കാൻ മഴയോളം മികച്ച മറ്റൊരു കൂട്ടില്ല.

അതുകൊണ്ട് ഈ മഴ ഇനിയും പെയ്യട്ടെ… യാന്ത്രികമായ ഈ പാച്ചിലുകൾക്കിടയിൽ എവിടെയോ വെച്ച് നമ്മിൽ നിന്നും ചോർന്നുപോയ യഥാർത്ഥ നമ്മളെ തിരികെ നൽകാൻ ഈ മഴയ്ക്ക് കഴിഞ്ഞേക്കും. വരണ്ട ഭൂമിയെ എന്നപോലെ, വിണ്ടുകീറിയ മനുഷ്യ മനസ്സുകളെയും ഈ മഴത്തുള്ളികൾ ആഴത്തിൽ കുളിർപ്പിക്കട്ടെ. നമ്മളിലെ ആ പഴയ കുട്ടിയെ, കുസൃതികളെ, ആ പഴയ ഗ്രാമത്തിന്റെ നന്മകളെ ഈ മഴ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കട്ടെ… പെയ്യട്ടെ, ഹൃദയം നിറഞ്ഞ് കവിഞ്ഞൊഴുകുവോളം ഈ മഴ ഇങ്ങനെ പെയ്തുകൊണ്ടേയിരിക്കട്ടെ!!

ഗോവ പറയുന്നത്!

Goaതൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്‌. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു Continue reading →

ഇഡു

കാസർ‌ഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽ‌പ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
Idu ഇഡു
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽ‌വേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽ‌പ്പറമ്പിനടുത്ത് ആലിൻ‌കീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻ‌കുന്ന് മുതലായ പ്രദേശങ്ങളിലാണ്‌ ഇന്നും ഇഡു നിലനിൽ‌ക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ്‌ ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.

ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർ‌പ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻ‌പണിക്കരെ ഏൽ‌പ്പിക്കണം. മലയൻ‌പണിക്കരാണ്‌ ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർ‌ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.

ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.

ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർ‌ശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർ‌ശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർ‌ന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർ‌ദ്ധവൃത്താകൃതിയിലുള്ള ഒരു മൺ‌തിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർ‌ക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺ‌തിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർ‌ന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർ‌മ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.

പുരാവൃത്തങ്ങൾ

വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.

ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ

Vishnu Moorthi Theyyam
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്‌. ഹിരണ്യവധാർ‌ത്ഥം സ്ഥംഭം പിളർ‌ന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽ‌ക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …

ബാണാസുരനുമായി ബന്ധപ്പെട്ട കഥ

ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽ‌ക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ്‌ ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.

കുടുംബകലഹം സ്പെഷ്യല്‍

കുടുംബകലഹം സ്പെഷ്യല്‍അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍‌കുട്ടി എണീറ്റുപോയി. നാഷണല്‍‌ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്‌. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന്‌ ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.

ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍‌ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍‌ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍‌ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍‌കെ തന്നെ വെച്ചു, ഇനി വയസ്സന്‍‌മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍‌ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…

ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍‌ക്കിറങ്ങാന്‍ പാകത്തിന്‌ സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍‌ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ്‌ ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.

ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്‌. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന്‌ വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ്‌ ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍‌മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!

ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍‌ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍‌ഷ്യയോടെ അയാളെ ഒന്നമര്‍‌ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍‌ക്കവിടെ നില്‍‌ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍‌വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.

“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…

തോലൻ

പത്താം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഹാസ്യ കവിയാണ്‌ തോലൻ . തോലന്റെ ജീവിതത്തെ പറ്റി ആധികാരികമായി പറയാൻ തെളിവുകളില്ല. കൊടുങ്ങല്ലൂരിനടുത്ത് അടൂർ എന്ന സ്ഥലത്ത് ‘കൊണ്ടൊഴിഞ്ഞാറ്’ എന്ന പ്രദേശത്തുള്ള ഒരു ഇല്ലത്തിലാണ്‌ അദ്ദേഹം ജനിച്ചത് എന്നൊരു ശ്രുതിയുണ്ട്. നീലകണ്ഠൻ എന്നായിരുന്നു പേര്‌. തോലൻ എന്ന പേര്‌ നാട്ടുകാർ നൽകിയതാണ്‌. കേരളപ്പെരുമാക്കന്മാരിൽ അവസാനത്തെ ആളായ ഭാസ്കരരവിവർമയുടെ സദസ്യനായിരുന്നു തോലൻ എന്ന് കരുതപ്പെടുന്നു. കേരളീയ കലകളായ കൂത്തിനും കൂടിയാട്ടത്തിനും വേണ്ട ചടങ്ങുകൾ, വേഷം, കൈമുദ്രകൾ, അഭിനയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ചിട്ടപ്പെടുത്തി ‘ആട്ടപ്രകാരം’ , ‘ക്രമദീപിക’ എന്നീ രണ്ട് ഗ്രന്ഥങ്ങൾ തോലൻ രചിച്ചിട്ടുണ്ട്. അദ്ദേഹം നടപ്പിലാക്കിയ രീതിക്ക് ഇന്നും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ‘മഹോദയപുരേശചരിതം’ എന്നൊരു മഹാകാവ്യവും തോലൻ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

വീട്ടുവേലക്കാരിയായ ചക്കിയെ പ്രകീർത്തിച്ച് തോലൻ എഴുതിയ മണിപ്രവാളശ്ലോകം ഇതാണ്.
അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ തിലപുഷ്പ മൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയന ദ്വയത്തീ…
(അരയന്ന നടയുള്ളവളേ, കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ, എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ…)

കവിതയിലെ കഥാനായിക ചക്കിക്ക് പക്ഷേ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ തുടങ്ങിയ വിളികൾ ഇഷ്ടപ്പെട്ടില്ലാത്രേ!! തോലൻ അതു കേട്ടപാടെ സംസ്കൃതശ്ലോകം ഉണ്ടാക്കിക്കൊടുത്തു. പാഠഭേദങ്ങൾ നിരവധിയുണ്ട്. എഴുതപ്പെട്ട അവലംബങ്ങൾ ഒന്നുമില്ലല്ലോ. ഇത് ചക്കിയെ അല്ല രാജ്ഞിയെ ആണ് വര്‍ണ്ണിച്ചത് എന്നും രാജ്ഞി തന്നെ ആഢ്യത്വം കാണിക്കാനായി മലയാളം പോരാ സംസ്കൃതം തന്നെ വേണം എന്നു പറഞ്ഞുവെന്നും കഥയുണ്ട്. രാജ്ഞി പിന്നീട് സംസ്കൃതസ്ലോകത്തിന്റെ ശ്ലോകത്തിന്റെ അര്‍ത്ഥം ഏഷണിക്കാര്‍ പറഞ്ഞുകൊടുത്താണത്രേ അറിഞ്ഞത്, അതോടെ രാജ്ഞി തോലന്റെ ശത്രുവായി എന്നും ഒരു പാഠഭേദം കേട്ടിട്ടുണ്ട്.

മറ്റൊരു മറുപക്ഷം പറയാം. ബ്രാഹ്മണർക്ക് ചെറുപ്പത്തിൽ ഉപനയനം (പൂണുൽ ഇടുക) കഴിഞ്ഞ് അതോടൊപ്പം ഇട്ട മൃഗത്തോൽ മാറ്റുക, ബ്രഹ്മചര്യത്തോടെ കഴിഞ്ഞതിനു ശേഷമാണ്. നീലകണ്‌ഠന്റെ കാര്യത്തിൽ അതിന് അവസരം ഉണ്ടായില്ല. കാരണം മേൽപ്പറഞ്ഞ വീട്ടുവേലക്കാരിയായ ചക്കി തന്റെ മോഷണങ്ങൾക്ക് സാക്ഷിയും തടസ്സവും ആയ നമ്മുടെ കുമാരനായ കഥാനായകനെ വശത്താക്കിയെന്നും ചക്കി കുമാരന്റെ കുതിരശക്തിയിൽ സംതൃപ്തയായെന്നും ഒരു പക്ഷമുണ്ട്. അതിനു ശേഷമാണ് മേൽപ്പറഞ്ഞ ശ്ലോകം ഉണ്ടാക്കിയതും. പക്ഷെ, നിരക്ഷരകുക്ഷിയായ ചക്കിയ്ക്ക് പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്ന സരസപ്രയോഗങ്ങൾ ഇഷ്ടപ്പെട്ടില്ലത്രേ! ഉടൻ തോലൻ ഒരു സംസ്കൃതശ്ലോകം ചമച്ചു. അതാണു ശേഷമുണ്ടായ സംസ്കൃതശ്ലോകം എന്നും പറഞ്ഞു വരുന്നു. ശ്ലോകമിതാണ്.

അർക്ക ശുഷ്കഫലകോമള സ്തനീ
ശർക്കരാ സദൃശ ചാരു ഭാഷിണീ
തന്ത്രിണീ ദല സമാന ലോചനേ
സിന്ധുരേന്ദ്ര രുചിരാ മലർദ്യുതേ!!

അതിസുന്ദരിയായി ചക്കിയെ ശുദ്ധ സംസ്കൃതത്തിൽ തോലൻ വർണിച്ചത് അവൾക്ക് അത്യധികം ഇഷ്ടപ്പെട്ടുവത്രേ! നമുക്കിവിടെ ചക്കിയെയെ രാജ്ഞിയായും എടുക്കാവുന്നതാണ്. വെയിലേറ്റു വാടിത്തളന്ന മുലകൾ ഉള്ളവളേ എന്നൊക്കൊ അർത്ഥം പറയേണ്ടി വരും ഇതിന് 🙂

തോലൻ ധാരാളം തമാശ കവിതകൾ എഴുതിയിട്ടുണ്ട്. പരമ ശിവനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഒരു കവിതാശകലം തോലനെ ഏറെ പ്രശസ്തനാക്കി.
പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടര പ്രിയാ
കോണച്ചേട്ടാഭിധനസ്യ
അർദ്ധാർദ്ധം പ്രണതോസ്മ്യഹം

വരി 1) ദന്തി എന്നാൽ ആന. ദന്തം ഉള്ളതുകൊണ്ടാണല്ലോ ദന്തി എന്ന പേര് വന്നത്. അതിനാൽ പല്ലി എന്നാലും ആന തന്നെ.
വരി 2) പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ഇവിടെ ആറ് എന്നാൽ ഗംഗയാർ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
വരി 3) കോണ് എന്ന വാക്കിന് മുക്ക് എന്നൊരു അർഥം കൽപ്പിക്കാം. ചേട്ടനെ അണ്ണൻ എന്നും പറയാം. അപ്പോൾ കോണച്ചേട്ടൻ എന്നു പറഞ്ഞാൽ മുക്ക് + അണ്ണൻ = മുക്കണ്ണൻ. ഇത് ശിവന്റെ ഒരു പര്യായമാണ്.
വരി 4) അർദ്ധം എന്നാൽ പകുതി. അർദ്ധാർദ്ധം എന്നാൽ പകുതിയുടെ പകുതി. അതായത് കാൽ . ഇവിടെ കാൽപാദം എന്നു അർദ്ധം കല്പിക്കാം.

എല്ലാം ചേർത്തു വായിക്കുകയാണെങ്കിൽ ആനയുടെ തോൽ ഉടുത്തവനും ഗംഗയോടു പ്രിയമുള്ളവനും മുക്കണ്ണൻ എന്നു പേരോട് കൂടിയവനും ആയവന്റെ കാൽ പാദത്തെ ഞാൻ വന്ദിക്കുന്നു എന്ന് അർത്ഥം വരും.

തോലനെ കേന്ദ്രീകരിച്ച് പല കഥകളും വാമൊഴികളായി കേരളത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ഹാസ്യവും ആക്ഷേപവും കൊണ്ട് രസകരങ്ങളായ ഇത്തരം കഥകൾ പലപ്പോഴും തെറ്റായ സാമൂഹികവ്യവസ്ഥിതികൾക്കെതിരെയുള്ള നിശിതമായ വിമർശനമായിരുന്നു. അത്തരം കഥകളിൽ ചിലത് ചുവടെ.

1) തോലനെ കേന്ദ്രീകരിച്ചുള്ള കഥകളിൽ ഏറ്റവും പ്രസിദ്ധമായ കഥയാണിത്. തോലൻ ചെറിയകുട്ടിയായിരിക്കെ നടന്നു എന്നു പറയപ്പെടുന്ന ഈ കഥക്കാധാരം, ഭക്ഷണസമയത്തെ സംസാരം സംസ്കൃതഭാഷയിലായിരിക്കണം എന്ന നിയമമായിരുന്നു. ഒരിക്കൽ തോലൻ ഭക്ഷണം കഴിച്ചുകോണ്ടിരിക്കെ ചക്കി എന്നു പേരായ സ്ത്രീ പത്തായത്തിൽ നിന്ന് നെല്ല് മോഷ്ടിക്കാൻ തുനിയുകയും ഇത് മനസ്സിലാക്കിയ തോലൻ “പനസി ദശായാം പാശി” എന്നു പറഞ്ഞത്രേ.. (പനസം = ചക്ക ; പനസി = ചക്കി , ദശം = പത്ത് ; ദശായാം=പത്തായത്തിൽ , പാശം= കയർ; പാശി=കയറി) , ചെറുപ്പത്തിൽ തന്നെ തോലനിലുണ്ടായിരുന്ന നർമചിന്തക്ക് ഉദാഹരണമായി ഈ കഥ പറയപ്പെടുന്നു.

2) കേരളത്തിൽ കുറ്റം തെളിയിക്കാൻ വിചിത്രമായ പല മാർഗങ്ങളും മുൻപു സ്വീകരിച്ചിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിക്കുക , മുതലയുള്ള കടവിൽ നീന്തിക്കുക , വിഷപ്പാമ്പിനെ അടച്ചിട്ടുള്ള കുടത്തിൽ കൈയിടുവിക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്‌.കുറ്റക്കാരനല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈ പൊള്ളുകയില്ല,മുതല പിടിക്കുകയില്ല,പാമ്പ് കടിക്കുകയില്ല എന്നൊക്കെയായിരുന്നു വിശ്വാസം. ഒരിക്കൽ രാജാവിന്റെ മോതിരം കാണാതായി, കുളക്കടവിൽ മറന്നുവെച്ച മോതിരം തോലൻ എടുത്ത് രാജാവിന്റെ വാളുറയിൽ ഇട്ടിരുന്നു. തോലൻ മോതിരം കട്ടു എന്ന ഒരു വാദത്തിനെതിരെ തിളച്ച എണ്ണയിൽ കൈ മുക്കി നിരപരാധിത്വം തെളിയിക്കുവാൻ രാജാവ് പറഞ്ഞുവത്രേ. ഇതിനു സമ്മതിച്ച തോലൻ നിറഞ്ഞ സദസിൽ തിളച്ച എണ്ണയുടെ പാത്രം പച്ചയില കൊണ്ട് വക്ക് മൂടിയ ശേഷം എടുത്ത്കൊണ്ടുവന്ന വൈദികനെ ചൂണ്ടിക്കാണിച്ച് “ഇയാളാണ്‌ മോതിരം മോഷ്ടിച്ചത് , കണ്ടില്ലേ കൈ പൊള്ളാതിരിക്കാനായി ഇലകൂട്ടി പാത്രം എടുത്തുകൊണ്ടുവരുന്നു അതിനാൽ ഇതാ കുറ്റം തെളിഞ്ഞിരിക്കുന്നു ഇനി ഞാൻ കൈ മുക്കേണ്ടതില്ല ” എന്നു പറഞ്ഞു. ആ അനാചാരത്തിന്റെ അർത്ഥമില്ലായ്‌മ തുറന്നു കാട്ടിയ തോലനെ രാജാവ് കുറ്റവിമുക്തനാക്കി.

ചക്കി കാരണമാണ് തോലനു ഭ്രഷ്ട് വന്നതെന്നു പിന്നീട് ചക്കിയെ തോലൻ ജീവിതപങ്കാളി ആക്കുകയുമായിരുന്നു എന്നും കഥകളുണ്ട്. പുരുഷാർത്ഥക്കൂത്തിൽ പലയിടത്തും ചക്കിയെ “ചെറുമി” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. നാം അറിയുന്ന ജാതി വ്യവസ്ഥയിൽ നമ്പൂതിരിമാരോ ചാക്യാന്മാരോ ചെറുമ സ്ത്രീകളെ വിവാഹം കഴിക്കാറില്ല. ഇന്നത്തെ രൂപത്തിലുള്ള ജാതി വ്യവസ്ഥ രൂപപ്പെടുന്നതിനു മുൻപ് ഇങ്ങനെയൊക്കെയായിരുന്നു എന്നൂഹിക്കാം. നായർ, നമ്പൂതിരി, ചാക്യാർ എന്നീ ജാതിപ്പേരുകൾ പുരുഷാർത്ഥക്കൂത്തിൽ ഒരിടത്തും കാണുന്നില്ല. എന്നാൽ പൊതുവാൾ, വാര്യർ എന്നിവരെക്കുറിച്ച് പറയുന്നുണ്ടുതാനും. ഐതിഹ്യങ്ങളിൽ രാജാവ് ബൗദ്ധനായിരുന്നു എന്നും സൂചനയുണ്ട്. (പള്ളിബാണപ്പെരുമാൾ തന്നെ ആണ് ഇത് എന്നും).

കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല എന്നു കാണാം. ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ട്) മുതൽ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു. 12 ആം നൂറ്റാണ്ടോടു കൂടി ഇത് ശക്തമായി. തോലൻ 10 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന പറയുമ്പോൾ ഇവയ്ക്കിടയിൽ പോലും ശക്തമായ ബുദ്ധമതസ്വാധീനത്താലോ മറ്റോ ജാതിയത അത്രമേൽ ശക്തമല്ലെന്നു കാണാം.
ഉഡു രാജ മുഖി മൃഗ രാജ കടി; ഗജ രാജ വിലാസിത മന്ദ ഗതി; യതി സാ യുവതി ഹൃദയേ വസതി; ക്വ ജപ ക്വ തപ ക്വ സമാധി വിധി