May 17, 2017 - Rajesh Odayanchal

ശുഭം അശുഭം

change your way of thinkingനമ്മളൊക്കെ ഉപകരണം മാത്രമാണ്; ഓരോരോ ഉപകരണങ്ങൾ – അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!!
ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ… അങ്ങനെയങ്ങനെ…
ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!!

ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു – പിന്നെ നശീച്ചു പോകുന്നു…

നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ പഴയ ഓർമ്മകൾ കാണും. ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചുകാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു… ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേതന്നെ ആസ്വദിക്കാമായിരുന്നു… നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം – ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല..
അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു… എന്നെന്നേയ്ക്കുമായിട്ട്!!

ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, … എല്ലാത്തിന്റെ കാര്യവും ഇതുതന്നെ…

നമ്മളും ഇതുപോലെ തന്നെയല്ലേ…

നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞുപാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ… ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്… മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!! നമ്മുടെ യഥാർത്ഥ പിതക്കാൾ അന്ന് ഇല്ലായിരുന്നെങ്കിൽ, ഏതെങ്കിലും മൃഗങ്ങളുടെ വായ്ക്കിരയായിരുന്നുവെങ്കിൽ ഇന്ന് നമ്മളും കാണില്ലായിരുന്നു!! ഒരുപക്ഷേ, നമ്മുടെയൊക്കെ പൂർവ്വപിതക്കൾ ഒന്നുതന്നെയാവാണം!! ജാതിയും മതവും രാഷ്ട്രീയവും ദൈവങ്ങളും ഒക്കെ പിന്നീട് വന്ന് നമ്മളെ വേർപ്പെടുത്തിയതാണ് ഇന്ന് ഇങ്ങനെയൊക്കെയാവാൻ ഇടവന്നതു തന്നെ.

നാളെ, നമ്മളുടെ കാര്യവും ഇതുപോലെയല്ലേ!! നമ്മളിലൂടെ ഒരു സമൂഹം ഉടലെടുക്കേണ്ടതല്ലേ! നമുക്ക് ഒന്നോ രണ്ടോ കുട്ടികൾ, അവർക്ക് വീണ്ടും ഒന്നോ രണ്ടോ എണ്ണം… അത് പെരുകിപ്പെരുകി നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഒരു ഗ്രാമം മൊത്തമോ ജില്ല മൊത്തമോ ആയി മാറിയേക്കും!! അവിടെ നമ്മൾ ആരാണ്?? അച്ഛനല്ല; അമ്മയല്ല; ദൈവമല്ല – ആരുമല്ല!! ഒരു ഫോട്ടോ ആയിട്ടെങ്കിലും അവശേഷിച്ചാൽ ഭാഗ്യമെന്നു പറയാം! നമ്മൾ കേവലം ഒരു തുണ്ട് പേപ്പറിൽ ഒതുങ്ങുന്ന ചിത്രമായി ഭാവിയിൽ കണ്ടേക്കാം എന്ന വിചാരം തന്നെ മനസ്സിനെ കലുഷമാക്കുന്നുണ്ടല്ലേ! ഇവിടെ നിന്നാവണം നമ്മളാരാണ് എന്ന ചിന്ത മുളപൊട്ടിക്കേണ്ടത്.

നമ്മൾ ഇന്നിന്റെ ഉപകരണം മാത്രം! ഇന്നിനെ മനോഹരമാക്കാൻ, കൂടിച്ചേർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാൻ, കണ്ണീരു തുടച്ചു നീക്കാൻ, അവരുടെ സന്തോഷത്തിൽ കൂടെ ചേരാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ മനസ്സ് അത്രമേൽ വിശാലമാക്കണം. കൂടെ നിൽക്കുന്നവർ നമ്മളെക്കുറിച്ചോർത്ത് സന്തോഷിക്കട്ടെ; അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, വികാരവിചാരങ്ങൾ ഒക്കെ ഏറ്റെടുക്കാനും പൂർണ്ണത കൈവരിക്കാനും വേണ്ട സഹായം അവർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ നമുക്കും കഴിയണം. അത്രേ ഉള്ളൂ ജീവിതം. നമ്മുടെ ജനനം ലോകാരംഭവും മരണം ലോകാവസാനവും ആണ്. അതിനപ്പുറം ചിന്തകൾക്കൊന്നും പ്രസക്തിയില്ല. അതിന്റെ ആവശ്യവും ഇല്ല. മനോഹരമായൊരു വിനോദയാത്രപോലെയാവണം ഇത്. എന്നും സുഖദമാവണം യാത്ര.

അശൂഭ ചിന്തകൾക്ക് സ്ഥാനം ഒന്നുമില്ല. ഒന്നിനും നമ്മെ ഒന്നും ചെയ്യാൻ പറ്റരുത്. ഒരു സുന്ദരമായ യാത്രയ്ക്ക് നമ്മൾ തന്നെ ഒരുങ്ങേണ്ടതുണ്ട്… ആർക്കും ശല്യമാവാതെ, ആരേയും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതെ മനോഹരമായി സഞ്ചരിക്കാൻ നമുക്കാവണം. സെക്സ്, ദൈവം, രാഷ്ട്രീയം ഇങ്ങനെ പലതിന്റെ പേരിൽ പലർക്കും ഭയചിന്തകൾ മാത്രമാണു മുതൽക്കൂട്ട്!! എന്തിനു വേണ്ടിയാണിതൊക്കെ? ആർക്കെങ്കിലും ഉപദ്രവമാവുന്നുണ്ട് എന്നു തോന്നുമ്പോൾ മൗനിയായി മാറി നടക്കാൻ പറ്റേണ്ടത് നമുക്കു മാത്രമാണ്. ദുഷ്ചിന്തകളുമായി നമ്മളെ സമീപിക്കുന്നവർ പലതാവും. ഒക്കെ കണ്ടറീയാൻ പര്യാപ്തമായ അറിവ് നമ്മൾ ഉണ്ടാക്കിയെടുക്കണം – നമ്മുടെ പിന്മുറയ്ക്ക് ശേഖരിച്ചുവെച്ച അറിവിന്റെ ആ ഭണ്ഡാരം കൈമാറാനും പറ്റണം.

Personal / Stories / story cast / god / politics / way of thinking / ചിന്തകൾ / ജാതി / ദൈവം / മതം / രാഷ്ട്രീയം /

Leave a Reply

Your email address will not be published. Required fields are marked *