മാലിന്യമുക്തകേരളം

മാലിന്യമുക്തകേരളം

malinyam മാലിന്യമുക്തകേരളം
കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും പേരിലുള്ള വിവിധ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും കണ്ടു. രണ്ടുനില വീടുകളാണധികവും. എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം! ഇടയ്ക്കൊക്കെ നല്ല ശീതളിമ തോന്നിക്കുന്ന തൊടികളും അമ്പലങ്ങളും അമ്പലകുളങ്ങളും ഉണ്ട്. വടക്കൻ പറവൂരിൽ നിന്നും എറണാകുളം വരെയുള്ള യാത്ര ഏറെ സുഖം പകരുന്നതുതന്നെ. ഇവിടെ ബാംഗ്ലൂരിൽ മൂന്നു നാലുവർഷം സഹമുറിയനായി ഉണ്ടായിരുന്ന റോണീ ജോർജിന്റെ വിവാഹമായിരുന്നു. പറവൂരിനടുത്ത്, ചേന്ദമംഗലം ജങ്ഷനടുത്തുള്ള സിസി ടവർ (hotel cee cee tower) ഹോട്ടലിലായിരുന്നു താമസം. തൊട്ടടുത്തുള്ള St. Joseph Cottolengo Church -ഇൽ വെച്ചാണു കല്യാണം.

മഴയൊന്നുമില്ലാത്ത തെളിഞ്ഞ ഞായറാഴ്ചയിൽ ഹോട്ടൽ വിട്ട് നടക്കാനിറങ്ങിയതായിരുന്നു. വെറുതേ പള്ളിവരെ പോയി വരാമെന്നുകരുതി നടന്നു. പോകുന്നവഴിയിൽ ചെറിയൊരു തോടു കുറുകെ കടക്കണമായിരുന്നു. പാലത്തിനു മുകളിലൂടെ നടക്കുമ്പോളാണു ശ്രദ്ധിച്ചത് താഴെ തോട്ടിൽ രണ്ടുപേർ കുറേ പ്ലാസ്റ്റിങ് കാര്യേജുകളിൽ ഇറച്ചിയുടെ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് വെള്ളത്തിലേക്കു തള്ളുന്നത്. മഴക്കാലമായതിനാൽ വെള്ളമുണ്ട് തോട്ടിൽ; ചെറിയതോതിൽ ഒഴുകുന്നു. തൊട്ടടുത്തുതന്നെ രണ്ടുമൂന്നു താൽകാലിക ഷെഡുകളിലായിരുന്നു ഈ ഇറച്ചിവെട്ടുകാർ പോത്തിനേയും ആടിനേയും മറ്റും കൊന്ന് വില്പന നടത്തുന്നത്. ഏകദേശം 10:30 ഓടെ തന്നെ വിൽപ്പന കഴിഞ്ഞു. ബാക്കിവന്ന് അവശിഷ്ടങ്ങൾ നിരവധി പാത്രങ്ങളിലാക്കി ഈ തോട്ടിൽ ഒഴുക്കിവിടുന്നു.

തൊട്ടടുത്ത സ്ഥലങ്ങളയാ വെടിമറയിലും ചേന്ദമംഗലം ജംങഷനിലും ഒക്കെ വഴിയോരങ്ങളിൽ മാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കണം എന്നും അത് കൃഷിക്ക് വളമായി ഉപയോഗിക്കണം എന്നും മറ്റുമുള്ള പോസ്റ്ററുകൾ ഒട്ടിച്ചുവെച്ചത് തലേന്നാൾ ശ്രദ്ധിച്ചിരുന്നു! അത്തരം പോസ്റ്ററുകൾ കണ്ടപ്പോൾ ആ നാട്ടുകാരോടുള്ള ബഹുമാനം അല്പം കൂടിയിരുന്നു. മരങ്ങളെല്ലാം തന്നെ വേലികെട്ടി സംരക്ഷിച്ചിരുന്നു. അവയ്ക്കൊരോന്നിനും പേരുകൾ നൽകി, അതിന്റെ ഗുണഗണങ്ങൾ അതിൽ തന്നെ എഴുതിവെച്ചതായും കണ്ടിരുന്നു… ആ നാട്ടിലാണ് ദിവസേന ഇങ്ങനെയൊരു പരാക്രമം ആരാലും ശ്രദ്ധിക്കാതെ പോയത്! ആ കുഞ്ഞുതോടിൽ ദിവസേന ഇവർ ഇതുപോലെ ഇറച്ചിയുടെ അവശിഷ്ടങ്ങൾ തള്ളുന്നുണ്ടാവില്ലേ!! ചിത്രങ്ങൾ കാണുക.
മാലിന്യമുക്ത കേരളം
ഇതാണു പറവൂർ ചേന്ദമംഗലത്തെ ഇറച്ചിവെട്ടു കട. എട്ടുവർഷത്തോളമായത്രേ ഇതിവിടെ തുടങ്ങിയിട്ട്!! ഇവിടെ ഉണ്ടാവുന്ന വേസ്‌റ്റൊക്കെ എന്തുചെയ്യുന്നുവെന്ന് അധികാരികൾ അന്വേഷിച്ചിരുന്നോ?!
മാലിന്യമുക്ത കേരളം
തോട്ടിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ. ഒഴുകിനീങ്ങുന്ന ഇറച്ചികഷ്ണങ്ങൾ കാണാം! ചെറുതുവല്ലതുമൊക്കെ തടഞ്ഞാൽ കൊത്തിയെടുത്തു പറക്കാൻ തക്കം പാത്തിരിക്കുന്ന പ്രകൃതിയുടെ ശുചിത്വസേനാംഗമായ കാക്കച്ചിയേയും കാണാം.

മാലിന്യമുക്ത കേരളം
ഇറച്ചിയുടെ അവശിഷ്ടങ്ങൾ തോട്ടിലേക്ക് തള്ളിവിടുന്നതിന്റെ മറ്റൊരു ദൃശ്യം.

മാലിന്യമുക്ത കേരളംകയ്യിലൊരു എല്ലിൻകൂടുമായി ഒരാൾ തോട്ടിലേക്ക്…!
മാലിന്യം യഥാവിധം സംസ്കരിക്കാനുള്ള ഉപാധിയില്ലാതെ അനതികൃതമായി പ്രവർത്തിക്കുന്ന എത്രയെത്ര ഇറച്ചിവിൽപ്പനശാലകൾ കേരളത്തിൽ ഉണ്ടാവും!!

സിവിക് ചന്ദ്രന്റെ വരികൾ കടം കൊള്ളുന്നു:
“നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍… ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ.”

4 thoughts on “മാലിന്യമുക്തകേരളം

Leave a Reply

Your email address will not be published. Required fields are marked *