ആരോട് തീർക്കും ഈ ആത്മരോഷം!!

ആരോട് തീർക്കും ഈ ആത്മരോഷം!!

എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്‌ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം.

അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല.

ഒരു ഇരുപതു സെന്റ് സ്ഥലമുണ്ട് അങ്ങ് നാട്ടിൽ. വീട്ടിപ്പോയപ്പോൾ അമ്മ “നികുതിയടച്ച കടലാസ്” – റെസിപ്റ്റ്- എടുത്തു തന്നിട്ടു പറഞ്ഞു പോയി നികുതി അടച്ചു വാ എന്ന്! ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്‌ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ ആവശ്യത്തിനായി ഇറങ്ങിത്തിരിക്കും.

പുല്ലൂർ പെരിയ പഞ്ചായത്തിൽ വില്ലേജാപ്പിസ് കിടക്കുന്നത് ബസ്സ് ഗതാഗതമില്ലാത്ത ഒരു സ്ഥലത്താണ്. മാവുങ്കാലേക്ക് ബസ്സിനു പോയി. അവിടുന്ന് മറ്റൊരു ബസ്സിന് പുല്ലൂരിൽ ഇറങ്ങി… പിന്നെ അവിടുന്ന് ഒരു ഓട്ടോ പിടിച്ച് വില്ലേജാപ്പീസിൽ എത്തി. (അങ്ങോട്ടും ഇങ്ങോട്ടും കൂടി 100 രൂപ ചെലവ്)!! 8 രൂപയാണു സ്ഥലത്തിന്റെ നികുതിയെന്നോർക്കണം!

ഞാൻ ഓഫീസിലെത്തി അവിടെ ഒരു തിരോന്തരം കാരി ഇരുന്നു സംസാരിക്കുന്നു. വേറാരും ഇല്ല!! എന്നെ കണ്ട ഭാവമേ പുള്ളിക്കാരിക്കില്ല. തടിച്ചിപ്പാറു മൊബൈലിൽ വെച്ചു കീറുകയാണ്. ഞാൻ പരുങ്ങിപ്പതുങ്ങി ആ കൺവെട്ടത്ത് വരാനായി ശ്രമിച്ചോണ്ടിരുന്നു. ഇടയ്ക്ക് അതിരൂക്ഷമായ ഒരു നോട്ടം വന്നപ്പോൾ ഞാൻ പതുക്കെ സൈഡായി! 13 മിനിട്ട്സ് ഞാനാ ഫോൺ വിളികേട്ട് നിന്നു. പരയുന്നത് ഈ അട്ടപ്പാടിയിൽ നിന്നും ട്രാൻസ്ഫർ വാങ്ങിക്കാനായി ഭർത്താവദ്ദേഹം മന്ത്രിമാരുടെ പടിക്കൽ നിരങ്ങുന്ന കാര്യവും മറ്റുമാണ്. നാട്ടുകാരനായ ഒരാൾക്ക് കേട്ടു നിൽക്കാൻ വിഷമം തോന്നുന്നു സംസാരം!

കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വെച്ച് പുള്ളിക്കാരി ഒരു അലമാരയ്ക്കേ നേരെ തിരിഞ്ഞ് എന്തോ തപ്പാൻ തുടങ്ങി! ഞാൻ മേശയ്ക്കടുത്തേക്ക് മാറി നിന്നു മെല്ലെയൊന്നു മുരടനക്കി. മേഡം എന്നൊക്കെ വിളിക്കാൻ ഒരു ചമ്മൽ, ഇവിടെ ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ ഒരു ചമ്മലുമില്ലാതെ വിളിച്ചേനെ! പുള്ളിക്കാരി തിരിഞ്ഞ് നിന്ന് ഒരുചോദ്യം “ഒരു സർക്കാരോഫീസിൽ വരുന്ന വേഷമാണോ ഇത്” എന്ന്!! ങേ!! ഞാൻ അമ്പരന്നു പോയി! 1300 രൂപയോളം വിലയുള്ള നല്ല കിടിലൻ ഷർട്ട്, ഉള്ളിൽ പളുപളാ വെളുത്ത ബനിയൻ! വാങ്ങിച്ചിട്ട് അങ്ങനെ അധികമൊന്നുമാവാത്ത ഖാദിയുടെ കാവി മുണ്ട്, അതിനകത്ത് തോട്ടയൊന്നും തന്നെ വീഴാത്ത അങ്ങനെ പഴയതല്ലാത്ത ജെട്ടി, നല്ല സ്ട്രാപ്പൊക്കെയുള്ള 650 രൂപയുടെ അടിപൊളി ചെരിപ്പ്! ബാംഗ്ലൂരിൽ നിന്നും പോകുമ്പോൾ ഷേവ് ചെയ്തതാ, കുറ്റിത്താടി തടവി നോക്കിയാലേ കണ്ടുപിടിക്കാനാവൂ! എന്റെ മനസ്സിലേക്ക് ഓരോന്നായി വന്നു നിന്നു! ഇതിലേതിനാവും പ്രശ്നം!!

ഞാൻ മറുത്തൊന്നും പറയാതെ ഒരു ചിരിചിരിച്ചു. എന്നിട്ടു പറഞ്ഞു നികുതി അടക്കണമായിരുന്നു. അവർ വിശദീകരണം നൽകുകയാണ്, സർക്കാരോഫീസിൽ വരുമ്പോൾ മാന്യമായ വേഷത്തിൽ വരണം. ഞാൻ ചോദിച്ചു “മനസ്സിലായില്ല, എന്താണിപ്പോൾ കുഴപ്പം” എന്ന്. ലുങ്കി ഉടുത്തിട്ടൊക്കെയാണോ ഒരു ഓഫീസിലേക്ക് വരിക! ഞാനൊന്നും മിണ്ടിയില്ല. റസിപ്റ്റ് അവർക്കു നേരെ നീട്ടി.

ഇന്നിവിടെ നികുതി എടുക്കില്ല!
പിന്നെ എവിടെ എടുക്കും?
അവർ വീണ്ടും രൂക്ഷമായൊന്നു നോക്കി…

ഇവിടെ ആളില്ലാത്തതു കാണുന്നില്ലേ! ഇന്നു വ്യാഴാഴ്ച; ഇവിടെ നികുതി എടുക്കില്ല,
എല്ലാവരും തഹസിൽദാറുടെ അടുത്തോ മുനിസിപ്പാലിറ്റിയിലോ മറ്റോ പോയിരിക്കുകയാണത്രേ! ആഴ്ചയിൽ ഒരു ദിവസം ഇതു പതിവുള്ളതാണത്രേ! കൃത്യം ആ വ്യാഴാഴ്ച നോക്കി ഞാനങ്ങ് ചെന്നു! മനസ്സു മടുത്ത് ഇറങ്ങുമ്പോൾ നാളെ ആദ്യേ വന്ന് ഈ പെണ്ണൂമ്പിള്ളയുടെ മോന്തായം കാണണമല്ലോ എന്ന ചിന്ത കുറച്ചൊന്നുമല്ല അലട്ടിയത്. 8 രൂപ അടക്കാനായി, പിറ്റേന്ന് വെള്ളിയാഴ്ച വീണ്ടും വന്നു, ഇതേ വേഷം, ഇതേ റസിപ്റ്റ്, ഇതേ പെണ്ണുമ്പിള്ള..! എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. നികുതിയടച്ചു റസിപ്റ്റും തന്നു. തിരിഞ്ഞു നിന്ന് നല്ല നാലു വർത്താനം പറഞ്ഞാലോ എന്നൊന്ന് ആലോചിച്ചു… ആ മൈര് പോട്ടെന്നു വെച്ച് പിന്നെ ഇറങ്ങി നടന്നു! ഇതു പോലെ എത്ര പട്ടികൾ വഴിയരികിൽ ഇരുന്നു കുരയ്ക്കും! എന്നാലും എന്റെ മനസ്സിനെ കലക്കി മറിച്ച് ആ പെണ്ണുമ്പിള്ള ദിവസങ്ങളോളം സ്വൈര്യം കെടുത്തിയിരുന്നു!

ഈ എട്ടുരൂപ ഓൺലൈനായി അടക്കാനുള്ള ഒരു പണി ഈ ഗവണ്മെന്റ് ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചിരുന്നെങ്കിൽ അടുത്തുള്ള കഫേയിൽ കയറി കാര്യം സാധിച്ചിങ്ങു പോരാമായിരുന്നു; ഇത്തരം വൃത്തികെട്ട ജന്മങ്ങളുടെ ദുർമുഖം കാണേണ്ടതുമില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *